മൂന്നാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുവിന് തോല്‍വി.
കരാര്‍വഴി മലബാര്‍ പ്രദേശങ്ങള്‍ ഇംഗ്ലീഷുകാര്‍ക്ക്.
ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവ്.
ഫ്രഞ്ച് വിപ്ലവം.
ലൂയി പതിനാറാമനെ വധിച്ചു.
മലബാര്‍ ഇംഗ്ലീഷുകാര്‍ നേരിട്ട് ഭരിക്കുന്നു.
പഴശ്ശി കലാപം, നെപ്പോളിയന്‍ ഹോളണ്ട് ആക്രമിക്കുന്നു.

1795
ഡച്ചുകാര്‍ വിടപറയുന്നു

ഇന്ത്യയില്‍ മൂന്നാം മൈസൂര്‍ യുദ്ധം തുടരുമ്പോള്‍ ഫ്രാന്‍സില്‍ 'ഫ്രഞ്ച് വിപ്ലവത്തിന്' അരങ്ങ് ഒരുങ്ങുകയായിരുന്നു. 'എനിക്കുശേഷം പ്രളയം' എന്ന് വീമ്പിളക്കിയിരുന്ന സേച്ഛാധിപധി ലൂയി പതിനഞ്ചാമന്റെ മരണത്തിന് (1774) ശേഷം അവിടെ അധികാരത്തില്‍ വന്ന ലൂയി പതിനാറാമനെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കണ്ടിരുന്നത്.

ലൂയി പതിനാറാമന്‍ (Louis XVI)

ഇന്ത്യയില്‍ മൂന്നാം മൈസൂര്‍ യുദ്ധം തുടരുമ്പോള്‍ ഫ്രാന്‍സില്‍ 'ഫ്രഞ്ച് വിപ്ലവത്തിന്' അരങ്ങ് ഒരുങ്ങുകയായിരുന്നു. 'എനിക്കുശേഷം പ്രളയം' എന്ന് വീമ്പിളക്കിയിരുന്ന സേച്ഛാധിപധി ലൂയി പതിനഞ്ചാമന്റെ മരണത്തിന് (1774) ശേഷം അവിടെ അധികാരത്തില്‍ വന്ന ലൂയി പതിനാറാമനെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കണ്ടിരുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവോ തന്റേടമോ അദ്ദേഹത്തിന് ഇല്ലാതെ പോയി. ആഡംബരപ്രിയയും സുന്ദരിയുമായ മേരി അന്‍റോണിറ്റയായിരുന്നു ഭാര്യ. അവര്‍ക്കുവേണ്ടി എന്തുംചെയ്യാന്‍ തയ്യാറായ ലൂയി പതിനാറാമന്റെ നിലപാട് ഭരണരംഗത്ത് അഴിമതിയും അരാചകത്വവും സൃഷ്ടിച്ചു. കൊലപാതകികളേയും കരിഞ്ചന്തക്കാരേയും കൊണ്ട് രാജ്യം നിറഞ്ഞു. കര്‍ഷകരും, യുവാക്കളും തൊഴിലാളികളും എല്ലാം ജീവിതഭാരം കൊണ്ട് വലഞ്ഞു. ലൂയി പതിനാറാമന്റെ മുന്‍ഗാമികള്‍ നടത്തിയ യുദ്ധവും ധൂര്‍ത്തും സാമ്പത്തികരംഗത്തെ താറുമാറാക്കിയിരുന്നു. ഇങ്ങനെ ദുരിതങ്ങളുടേയും, സാമ്പത്തിക പ്രതിസന്ധികളുടേയും നടുവില്‍പ്പെട്ട് നട്ടംതിരിഞ്ഞ ഫ്രാന്‍സിനെ മൊണ്‍ടെസ്ക്യു, വോള്‍ട്ടയര്‍, റൂസ്സോ, തുടങ്ങിയവരുടെ ആശയങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങി. ഇതെല്ലാം അവസാനം എത്തിച്ചേര്‍ന്നത് ആ രാജ്യത്തെ പിടിച്ചുകുലുക്കിയ വിപ്ലവത്തിലായിരുന്നു.

മൂന്നാം മൈസൂര്‍ യുദ്ധം തുടരുന്നു...

ശക്തന്‍ തമ്പുരാന്‍
(Shakthan Thampuran)

അതിനിടയിലാണ് കൊച്ചിയില്‍ ഭരണമാറ്റം. അവിടെ രാമവര്‍മ (ശക്തന്‍ തമ്പുരാന്‍) അധികാരം ഏറ്റു. സമയോചിത ബുദ്ധിയും, പ്രശ്നങ്ങള്‍ നേരിടാനുള്ള അസാധാരണ കഴിവുമുളള യുവാവായ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍. കൊച്ചിയിലെ ഡച്ചുകാരുടെ സ്വാധീനം ഏതാണ്ട് തകര്‍ന്ന സ്ഥിതിയിലാണ്. മൈസൂറിന്റെയും ഇംഗ്ലീഷുകാരുടേയും ഇടയില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ടിപ്പു സുല്‍ത്താന്റെ യുദ്ധസാമര്‍ഥ്യത്തിനു മുന്നില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പല പ്രാവശ്യവും പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി.

ശ്രീരംഗപട്ടണം (Srirangapatna)

മൂന്നാം മൈസൂര്‍ യുദ്ധം ജയിക്കേണ്ടത് തന്റെ കൂടി ആവശ്യമാണെന്ന് കരുതി കോണ്‍വാലിസ് പ്രഭു തന്നെ യുദ്ധരംഗത്തിറങ്ങി. ടിപ്പുവിനെ സ്ഥാനഭ്രഷ്ടനാക്കുക, ആക്രമണങ്ങളില്‍ നിന്നും രാജാക്കന്മാരെ രക്ഷിക്കുക, മൈസൂര്‍ രാജകുടുംബത്തിലെ അവകാശിയെ രാജാവായി അവരോധിക്കുക തുടങ്ങിയവയായിരുന്നു കോണ്‍വാലിസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ . മഴക്കാലമായതിനാല്‍ ഇടയ്ക്ക് യുദ്ധം നിര്‍ത്തിവച്ചു. ബോംബേയില്‍ നിന്നും ലഭിച്ച കൂടുതല്‍ സൈന്യത്തോടെ കോണ്‍വാലിസ് പ്രഭു ടിപ്പുവിന്റെ ആസ്ഥാനമായ ശ്രീരംഗപട്ടണം പിടിക്കാന്‍ പദ്ധതി തയ്യാറാക്കി. ഇതിനിടയില്‍ മലബാറില്‍ ടിപ്പു കൈക്കലാക്കിയ സ്ഥലങ്ങള്‍ തിരിച്ചുപിടിക്കാനും രാജാക്കന്മാരുമായി പുതിയ കരാറുകള്‍ ഉണ്ടാക്കാനും ഇംഗ്ലീഷുകാര്‍ ശ്രമം തുടങ്ങിയിരുന്നു. ശക്തന്‍ തമ്പുരാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് കൂറ് പ്രഖ്യാപിച്ചു. മദ്രാസിലെ ഇംഗ്ലീഷ് ഗവര്‍ണറും കമാണ്ടര്‍ഇന്‍ചീഫുമായ ജനറല്‍ മെഡോസ് കോയമ്പത്തൂരില്‍ വച്ച് കോഴിക്കോട് സാമൂതിരിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം അദ്ദേഹത്തിന്റെ അധികാരമുള്ള രാജ്യം കമ്പനിയുടെ സംരക്ഷണത്തിലായി. പാലക്കാട്, ചേറ്റുവാ, പൊന്നാനി തുടങ്ങിയ പ്രദേശങ്ങളും കമ്പനിയുടെ കീഴിലായി. അറയ്ക്കല്‍ ബിബി ആദ്യം എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇംഗ്ലീഷുകാര്‍ക്ക് കീഴടങ്ങി. കണ്ണൂര്‍ കീഴടക്കിയ ശേഷം അവിടത്തെ കോട്ട (സെന്‍റ് ആഞ്ചെലോ)യുടെ മുകളില്‍ ഇംഗ്ലീഷ് പതാക ഉയര്‍ത്തി. അങ്ങനെ ചാവക്കാട് മുതല്‍ കണ്ണൂര്‍ വരെയുള്ള പ്രദേശങ്ങള്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സംരക്ഷണത്തിലായി.

മേരി അന്റോണിറ്റ (Mary Antonito)

1792 ഫെബ്രുവരിയില്‍ ഇംഗ്ലീഷ് സൈന്യം ശ്രീരംഗപട്ടണത്ത് എത്തി. തന്ത്രപരമായ സാമര്‍ഥ്യം കൊണ്ട് പൂര്‍ണമായ വിനാശത്തില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ട ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷുകാരുമായി ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറായി. ശ്രീരംഗപട്ടണം സന്ധി പ്രകാരം (1792) മലബാര്‍, കുടക്, ദിണ്ടിക്കല്‍ പ്രദേശങ്ങള്‍ ടിപ്പു ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. സന്ധിപ്രകാരം വന്‍തുക ഇംഗ്ലീഷുകാര്‍ക്ക് നഷ്ടപരിഹാരം നല്കണമായിരുന്നു. അതുകൊടുത്തു തീര്‍ക്കുന്നതുവരെ തന്റെ രണ്ട് പുത്രന്മാരെ പണയമായി ടിപ്പു ഇംഗ്ലീഷുകാര്‍ക്ക് സമ്മാനിച്ചു. ടിപ്പു വിട്ടകൊടുത്ത സ്ഥലങ്ങളില്‍ കൃഷ്ണാനദി മുതല്‍ പെണ്ണാര്‍ നദിക്കപ്പുറം വരെയുള്ള സ്ഥലം നൈസാമിനും, മറ്റൊരംശം മറാഠികള്‍ക്കും, ഇംഗ്ലീഷുകാര്‍ നല്കി. തിരുവിതാംകൂറും, കൊച്ചിയും മലബാറും ഇംഗ്ലീഷുകാര്‍ക്ക് അധീനമായി.

ടിപ്പു സുല്‍ത്താനില്‍ നിന്നും ലഭിച്ച മലബാര്‍ പ്രദേശങ്ങളിലെ ഭരണം ചിട്ടപ്പെടുത്താനും, തിരുവിതാംകൂര്‍ കൊച്ചി രാജാക്കന്മാരുമായി പുതിയ ഉടമ്പടികള്‍ ഉണ്ടാക്കാനും ഇംഗ്ലീഷുകാര്‍ ആലോചന തുടങ്ങി. ഈ സമയത്താണ് തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയ്ക്ക് ഇംഗ്ലീഷ് കമ്പനിയുടെ തനിനിറം ബോധ്യമായത്. തിരുവിതാംകൂറിനെ രക്ഷിക്കാന്‍ ടിപ്പുവുമായി നടത്തിയ യുദ്ധത്തിന് ഭീമമായ തുകയാണ് നഷ്ടപരിഹാരമായി അവര്‍ ആവശ്യപ്പെട്ടത്. അത്രയും തുക നികുതിയായി ശേഖരിക്കാന്‍ ബുദ്ധിമുട്ടാകുമെന്നും അത് ജനങ്ങളെ ദ്രോഹിക്കലാകുമെന്നും മഹാരാജാവ് മനസ്സിലാക്കി. എന്നാല്‍ തുക കിട്ടിയേ പറ്റൂ എന്ന് കമ്പനി ശാഠ്യം പിടിച്ചു. ഒടുവില്‍ മാനസിക സംഘര്‍ഷത്തില്‍പ്പെട്ട മഹാരാജാവ് രോഗിയായി. ദിവാന്‍ കേശവപിള്ള (പില്‍ക്കാലത്ത് രാജ കേശവദാസ്)പരമാവധി ശ്രമിച്ച് ഏഴുലക്ഷം രൂപ കമ്പനിയ്ക്ക് നല്കി തല്‍ക്കാലം പ്രശ്നം പരിഹരിച്ചു. എന്നിട്ടും ഭീമമായ തുക ബാക്കി നിന്നു. രാമവര്‍മ്മ കാര്‍ത്തിക തിരുന്നാളിനേക്കാള്‍ കഷ്ടമായിരുന്നു മലബാറിലെ രാജാക്കന്മാരുടെ സ്ഥിതി.

മരണമടഞ്ഞ ടിപ്പുവിന്റെ ശരീരം
കണ്ടെത്തിയത് ഇവിടെയാണ്

ടിപ്പു കീഴടങ്ങിയാല്‍ തങ്ങള്‍ക്ക് അധികാരം കിട്ടുമെന്ന് കരുതിയിരുന്ന രാജാക്കന്മാര്‍ കമ്പനിയുടെ പുതിയ തീരുമാനം അറിഞ്ഞ് ഞെട്ടി. 1792 മാര്‍ച്ച് 23ന് മലബാറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബോംബേ ഗവര്‍ണര്‍ ആര്‍ബര്‍ ക്രോംബി നിയമിതനായി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മലബാറിന്റെ രാഷ്ട്രീയ, ഭരണകാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍ കമ്പനിയുടെ സീനിയര്‍ മര്‍ച്ചന്‍റായ വില്യം ഫാര്‍മറേയും, തലശ്ശേരി പട്ടാള കമാണ്ടര്‍ ആയ മേജര്‍ ഡൗവിനേയും കമ്മിഷണര്‍മാരായി നിയമിച്ചു. ഇവര്‍ മലബാറിലെ രാജാക്കന്മാരുമായി ചര്‍ച്ചകള്‍ നടത്താന്‍ തുടങ്ങി. 1792 അവസാനം ഗവര്‍ണര്‍ ജനറല്‍ കോണ്‍വാലിസ് പ്രഭു നേരിട്ട് ജൊനാഥന്‍ ഡങ്കന്‍, ചാള്‍സ് ബൊഡ്ഡാം എന്നീ കമ്മിഷണര്‍മാരെ കൂടി മലബാറില്‍ നിയമിച്ചു. ഈ 'ജോയിന്‍റ് കമ്മിഷണര്‍ 'മാര്‍ അവസാനം കൈക്കൊണ്ട തീരുമാനം മലബാര്‍ ബ്രിട്ടീഷുകാര്‍ നേരിട്ടു ഭരിക്കുകയും രാജ്യം നഷ്ടപ്പെടുന്ന രാജാക്കന്മാര്‍ക്കു് വന്‍തുക പെന്‍ഷനും, കരം ഒഴിവായ വസ്തുക്കളും സ്ഥാനമാനങ്ങളും, പദവിയും (മാലിഖാന്‍) നല്കാനുമാണ്. ഇംഗ്ലീഷ് ശക്തിയുടെ തീരുമാനം അനുസരിക്കുകയല്ലാതെ രാജാക്കന്മാര്‍ക്ക് മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ലായിരുന്നു. ജോയിന്‍റ് കമ്മിഷണര്‍മാര്‍ മലബാറില്‍ പുതിയ ഭരണസംവിധാനത്തിന് തുടക്കം കുറിച്ചു. കുരുമുളക് ഒഴികെ എല്ലാ ഉല്പന്നങ്ങള്‍ക്കും സ്വതന്ത്രവ്യാപാരം അനുവദിച്ചു. മലബാറിലെ അടിമവ്യാപാരം നിരോധിച്ചു. കോഴിക്കോട്ട് രണ്ട് നീതിന്യായ കോടതികള്‍ സ്ഥാപിച്ചു.

രാജാക്കന്മാരും പ്രഭുക്കന്മാരുമായി ജോയിന്‍റ് കമ്മിഷണര്‍മാര്‍ പുതിയ മലബാര്‍ ജില്ലാ രൂപീകരണത്തിന് ചര്‍ച്ച നടക്കുമ്പോള്‍ ഫ്രാന്‍സ് തിളച്ചുമറിയുകയായിരുന്നു. 'സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ആരംഭിച്ച ഫ്രഞ്ച് വിപ്ലവം അക്രമങ്ങളിലും കൊലപാതകങ്ങളിലും വഴുതിവീണു. ഭരണം താറുമാറായി. തെരുവുകളില്‍ ആയിരക്കണക്കിന് നിരപരാധികള്‍ വധിക്കപ്പെട്ടു. വിപ്ലവകാരികള്‍ തടവിലാക്കിയ ലൂയി പതിനാറാമനും, ഭാര്യ അന്റോണിറ്റയും രാജകുടുംബാംഗങ്ങളും വധിക്കപ്പെട്ട കൂട്ടത്തില്‍പ്പെടും. ഇതിനിടയില്‍ അക്രമങ്ങള്‍ അടിച്ചമര്‍ത്തി രാജ്യത്തെ രക്ഷിക്കാന്‍ ഒരു യുവാവ് എത്തി. അദ്ദേഹം ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി. അത് നെപ്പോളിയന്‍ ബോണപ്പാര്‍ട്ടായിരുന്നു.

ശ്രീരംഗപട്ടണത്തില്‍ ഒന്നാം വാര്‍ഷികദിനത്തിലാണ് 'ബ്രിട്ടീഷ് മലബാര്‍ 'ഉദ്ഘാടനം ചെയ്യാന്‍ ഇംഗ്ലീഷുകാര്‍ തീരുമാനിച്ചത്. 1793 മാര്‍ച്ച് 18ന് നടന്ന ഉദ്ഘാടനത്തിന് കമ്പനിയുടെ ബോംബേ ഗവര്‍ണര്‍ മേജര്‍ ജനറല്‍ ആബര്‍ ക്രോംബി തന്നെ നേരിട്ട് എത്തിയിരുന്നു. കോഴിക്കോട് ഗവണ്മെന്‍റ് ഹൗസിനു മുമ്പിലായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. മലബാര്‍ ജില്ലയെ സംബന്ധിച്ച രൂപരേഖ വായിക്കാന്‍ ആബര്‍ ക്രോംബി നിയുക്ത സൂപ്പര്‍വൈസര്‍ വില്യം ഗമൂള്‍ ഫാര്‍മറെ ക്ഷണിച്ചു. അതിനുശേഷം ആയിരുന്നു സത്യപ്രതിജ്ഞ. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ റവന്യൂ ഓഫീസര്‍ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം സത്യസന്ധമായി നിര്‍വഹിക്കുമെന്നും, ജില്ലയുടെ സൂപ്പര്‍വൈസര്‍ എന്ന നിലയില്‍ ആരില്‍ നിന്നും പണമോ സമ്മാനമോ സ്വീകരിക്കില്ലെന്നും ഫാര്‍മര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലയുടെ ചീഫ് മജിസ്ട്രേട്ടും അദ്ദേഹമായിരുന്നു. പിന്നീട് തെക്കന്‍ ജില്ലാ സൂപ്രണ്ടായി ജെയിംസ് സ്റ്റീവന്‍സനും, സൂപ്പര്‍വൈസറുടെ സീനിയര്‍ അസിസ്റ്റന്‍റായി അഗസ്റ്റസ് വില്യം ഹാന്‍ഡലേയും സത്യപ്രതിജ്ഞ എടുത്തു. മലബാര്‍ പ്രവിശ്യയുടെ ആസ്ഥാനം കോഴിക്കോട്ടായിരുന്നു. ഭരണസൗകര്യാര്‍ഥം തെക്കന്‍ വയനാട്, വടക്കന്‍ വയനാട് എന്നിങ്ങനെ രണ്ടായി ജില്ലയെ ഭാഗിച്ചു. തലശ്ശേരി, ചെര്‍പ്പുളശ്ശേരി എന്നിവിടങ്ങളായിരുന്നു ഇവയുടെ ആസ്ഥാനം. മലബാര്‍ ജില്ലാ രൂപീകരണത്തിനു മുമ്പുതന്നെ കോട്ടയം രാജകുടുംബത്തിലെ പടിഞ്ഞാറേ കോവിലകത്തെ ഇളംമുറ തമ്പുരാനായ 'പഴശ്ശിരാജ' ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി കലാപം തുടങ്ങിയിരുന്നു. ടിപ്പുവിന്റെ അക്രമകാലത്ത് മലബാറില്‍ നിന്നും രാജാക്കന്മാരും പ്രഭുക്കന്മാരും പേടിച്ച് തിരുവിതാംകൂറിലേയ്ക്ക് അഭയം പ്രാപിച്ചപ്പോള്‍ അവിടെ ഒളിപ്പോര്‍ നടത്തുകയും ഇംഗ്ലീഷുകാരെ സഹായിക്കുകയും ചെയ്ത രാജകുമാരനാണ് കേരളവര്‍മ്മ പഴശ്ശിരാജ. യുദ്ധം തുടരുന്നതിനിടയില്‍ കോട്ടയത്തെ കര്‍ഷകരെ സഹായിക്കാന്‍ പല പദ്ധതികളും അദ്ദേഹം നടപ്പിലാക്കി. ശ്രീരംഗപട്ടണം കരാര്‍ നിലവില്‍ വന്നപ്പോള്‍, പഴശ്ശിയുടെ മാതുലനായ കുറുമ്പനാട് രാജാവിനെ കോട്ടയത്തെ നികുതി പിരിക്കാന്‍ ഏല്പിച്ചതും, അമിതമായ നികുതി ഈടാക്കിയതുമാണ് പഴശ്ശിയുടെ സമരത്തിന് കാരണമായത്.

The old Dutch graveyard
in Kerala

ഡച്ചുകാര്‍ വിടപറയുന്നതിനുള്ള തയ്യാറെടുപ്പുകളി ലാണിപ്പോള്‍. മലബാറും കൊച്ചിയും തിരുവിതാംകൂറും എല്ലാം ഇപ്പോള്‍ ബ്രിട്ടീഷ് കൊടിക്കീഴിലായി. വയനാട്ടില്‍ പഴശ്ശിരാജ മാത്രമാണ് കമ്പനിയുമായി യുദ്ധം ചെയ്യുന്നത്. ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷുകാരുമായി അവസാന ഏറ്റുമുട്ടലിന് തയ്യാറെടുക്കുന്നുണ്ട്. അദ്ദേഹം പല വിദേശരാജ്യങ്ങളുടേയും സഹായം തേടിയിട്ടുണ്ട്. ഇതൊക്കെ ആണെങ്കിലും കേരളത്തില്‍ തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം ഡച്ചുകാര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. ഡച്ചുകാരുടെ വകയായി ഉണ്ടായിരുന്ന ഭൂവിഭാഗങ്ങളെ അവര്‍ കൊച്ചിരാജാവിന് വിലയ്ക്ക് നല്കി. ഇതിനിടയില്‍ ഫ്രഞ്ചുസൈന്യം ഹോളണ്ട് രാജ്യത്ത് കടന്നതായി വാര്‍ത്ത വന്നു. അവിടത്തെ ഭരണാധികാരി ഇംഗ്ലണ്ടില്‍ അഭയം പ്രാപിച്ചു. ഇതോടെ ഈസ്റ്റ് ഇന്‍ഡിസിലുള്ള എല്ലാ സ്ഥാപനങ്ങളും ഫ്രഞ്ചുകാരുടെ കൈയില്‍പ്പെടാതെ ഇംഗ്ലീഷുകാര്‍ക്ക് കൈമാറാന്‍ ഉത്തരവ് ഉണ്ടായി. ആ ഉത്തരവില്‍ ഇങ്ങനെ പറഞ്ഞിരുന്നു:

'നമ്മുടെ ഗവര്‍ണര്‍മാരും കമുദവന്മാരും (Governors and Commandeurs) അറിയേണ്ടുന്ന അവസ്ഥ: നമ്മുടെ വക പുറന്നാട്ടിലുള്ള കോട്ടകളില്‍ ബ്രിട്ടീഷ് മഹാരാജാവിന്റെ സൈന്യങ്ങളെ കടത്തി അവര്‍ക്കു അതുകളെ കൈവശം കൊടുത്തു അവരെ നമ്മുടെ ഒരു പ്രധാന ബന്ധുവിന്റെ സൈന്യമെന്ന നിലയില്‍ വിചാരിക്കണമെന്നു നാം നിങ്ങളെ എഴുതി അറിയിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. ഇപ്രകാരം ചെയ്യേണ്ടത് ആ കോട്ടകള്‍ക്കുനേരെ ഫ്രഞ്ചുപട്ടാളം വന്നു കോട്ടകളെ വിട്ടു ഒഴിവാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ മാത്രമാണ്...'

ഇംഗ്ലീഷുകാര്‍ ഏതുനിമിഷവും കോട്ട പിടിയ്ക്കാന്‍ വരുമെന്ന് അറിയാമായിരുന്ന ഡച്ച് ഗവര്‍ണര്‍ വാന്‍സ്പോള്‍ ഭക്ഷണസാധനങ്ങളും മറ്റും അവിടെ ശേഖരിച്ചിരുന്നു. ജൂലൈ 23ന് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മേജര്‍ പെററ്റി (Major Petrie) സൈന്യത്തോടെ കോഴിക്കോട്ടുനിന്നും കൊച്ചിയിലെത്തി, ഡച്ച്കോട്ട വളഞ്ഞു.

ദിവസങ്ങള്‍ക്കുശേഷം നടന്ന ചര്‍ച്ചയില്‍ കോട്ട ഒഴിയാന്‍ ഡച്ചുകാര്‍ തയ്യാറായി. പക്ഷെ പിന്നേയും താമസിച്ചപ്പോള്‍ ഇംഗ്ലീഷുകാര്‍ വെടിവയ്പ് തുടങ്ങി. ഉടന്‍ തന്നെ വെള്ളക്കൊടി ഉയര്‍ത്തി ഡച്ചുകാര്‍ കീഴടങ്ങി.

1795 ഒക്ടോബര്‍ 20ന് ഡച്ചുകാര്‍ എന്നെന്നേയ്ക്കുമായി കൊച്ചി കോട്ട ഒഴിഞ്ഞുകൊടുത്തു. കൊച്ചിയും ഡച്ചുകാരും തമ്മിലുള്ള ബന്ധത്തിന് നൂറ്റിമുപ്പത് വര്‍ഷം പഴക്കമുണ്ട്. അവിടെ ഉണ്ടായിരുന്ന പലരുടേയും പൂര്‍വ്വികര്‍ കൊച്ചിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇതുകാരണം കൊച്ചി വിടാനുള്ള വിഷമം ചിലര്‍ പ്രകടിപ്പിച്ചു. അങ്ങനെയുള്ളവര്‍ക്ക് കൊച്ചിയില്‍ താമസിക്കാന്‍ ഇംഗ്ലീഷുകാര്‍ അനുവാദം നല്കി. മറ്റുള്ളവര്‍ ബറ്റോവിയ (ഇന്‍ഡോനേഷ്യ)യിലേക്ക് പോകുന്നതിന് ബോംബേയിലേക്കുള്ള കപ്പലുകളില്‍ കയറി. അറബിക്കടലിലൂടെ അവര്‍ കൊച്ചിയോട് വിടപറയുമ്പോള്‍ കോട്ടയ്ക്കുമുകളില്‍ ഡച്ച് പതാകയ്ക്കുപകരം ബ്രിട്ടന്റെ യൂണിയന്‍ ജാക്ക് പറക്കുകയായിരുന്നു. പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച ഈ കോട്ടയില്‍ ഒരിക്കല്‍ പറന്നിരുന്നത് അവരുടെ കൊടിയായിരുന്നു. അത് മാറ്റിയാണ് ഡച്ച് കൊടി പാറിപ്പറന്നത്. ഇപ്പോള്‍ ഇംഗ്ലീഷ് കൊടിയായി. കാലം മാറുന്നു. ചരിത്ര ചതുരംഗപലകയിലെ കരുക്കള്‍ മാറിക്കൊണ്ടിരിക്കുന്നു. കാലം മാത്രം എല്ലാ സംഭവങ്ങള്‍ക്കും സാക്ഷിയായി നില്‍ക്കുന്നു.