ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഇന്നലെ ഇന്ന്

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്താണ് അമൂല്യനിധികളും സ്വര്‍ണങ്ങളും വജ്രക്കല്ലുകളും നിറഞ്ഞ കല്ലറകള്‍ വഴി ലോകപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ശ്രീപദ്മനാഭസ്വാമിക്ഷേത്രം
ഇന്നലെ ഇന്ന്




ശയനരൂപത്തിലാണ് ബിംബത്തിന്റെ പ്രതിഷ്ഠ. മൂന്നുവാതിലുകളിലൂടെ മാത്രമേ വിഗ്രഹം കാണാന്‍ കഴിയൂ. ശ്രീപദ്മനാഭന്റെ വലതുകരം ചിന്മുദ്രയോടുകൂടി അനന്തകല്പത്തിനു സമീപം നീട്ടി തൂക്കിയിരിക്കുന്നു. കരത്തിനുതാഴെ ശിവലിംഗം ഉണ്ട്. അനന്തന്റെ പത്തികൊണ്ട് മൂര്‍ദ്ധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയില്‍ നിന്നു പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം.


ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം -
ലക്ഷദീപം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ശ്രീപദ്മനാഭസ്വാമിക്ഷേത്രം

തുല്യദിനരാത്രകാലം - ശ്രീപദ്മനാഭസ്വാമിക്ഷേത്രം

തുല്യദിനരാത്രകാലം - ശ്രീപദ്മനാഭസ്വാമിക്ഷേത്രം

തുല്യദിനരാത്രകാലം - ശ്രീപദ്മനാഭസ്വാമിക്ഷേത്രം

തുല്യദിനരാത്രകാലം - ശ്രീപദ്മനാഭസ്വാമിക്ഷേത്രം

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരത്താണ് അമൂല്യനിധികളും സ്വര്‍ണങ്ങളും വജ്രക്കല്ലുകളും നിറഞ്ഞ കല്ലറകള്‍ വഴി ലോകപ്രസിദ്ധമായ ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്. എട്ട് ഏക്കറില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ ക്ഷേത്രസമുച്ചയം നൂറ്റാണ്ടുകളായി സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. പ്രധാന ക്ഷേത്രവും, ഗോപുരങ്ങളും അതിനെ സംരക്ഷിക്കുന്ന വിശാലമായ കോട്ടകളും കരിങ്കല്ലിലാണ് നിര്‍മിച്ചിട്ടുള്ളത്. കരിങ്കല്ലില്‍ തീര്‍ത്തിട്ടുള്ള കൊത്തുപണികളും ക്ഷേത്രത്തിനുള്ളിലെ വലിയ വിഗ്രഹവും ചുമര്‍ചിത്രങ്ങളും ആയിരക്കണക്കിനാളുകള്‍ക്ക് ഇരിക്കാവുന്ന വിശാലമായ അങ്കണങ്ങളും ആരേയും ആകര്‍ഷിക്കും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നഗരത്തില്‍നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള കിള്ളിയാറില്‍ അണകെട്ടി ഭൂമിക്കടിയിലൂടെ വെള്ളം കൊണ്ടുവന്ന ഇവിടത്തെ വലിയ ക്ഷേത്രക്കുളം ഇന്നും ഉണ്ട്. നഗരത്തെ ചുറ്റിയുള്ള വിശാലമായ കോട്ടവാതിലുകള്‍ക്കുള്ളിലൂടെയാണ് ക്ഷേത്രപരിസരത്ത് എത്തുന്നത്. അതിനകത്ത് പഴയ കൊട്ടാരങ്ങളും, പാരമ്പര്യ ആചാരപ്രകാരം ജീവിക്കുന്ന ജനങ്ങളുടെ വസതികളും കച്ചവടകേന്ദ്രങ്ങളും ഉണ്ട്. ക്ഷേത്രത്തിനുമുമ്പില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് സ്ഥാപിച്ചിട്ടുള്ള സമയം അറിയിക്കുന്ന മണി (മേത്തന്‍മണി) സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയാണ്. കോട്ടയ്ക്കകത്ത് ആര്‍ക്കും പ്രവേശിക്കാമെങ്കിലും ക്ഷേത്രത്തില്‍ ഹിന്ദുമതവിശ്വാസികള്‍ക്കായി നിജപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രത്തിനുള്ളിലെ ഫോട്ടോഗ്രാഫിയും നിരോധിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ കിഴക്കുവശത്ത് കൂടി എല്ലാ സഞ്ചാരികള്‍ക്കും ടിക്കറ്റ് എടുത്ത് പ്രവേശിക്കാന്‍ കഴിയുന്ന ഒരു വലിയ പുരാശേഖരമ്യൂസിയം ഉണ്ട്. രാജാക്കന്മാരുടെ സിംഹാസനങ്ങളും കിരീടങ്ങളും വിദേശികള്‍ സമ്മാനിച്ചിട്ടുള്ള സമ്മാനങ്ങളും ചിത്രങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ഈ മ്യൂസിയം ഗതകാലചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.

ഒരുകാലത്ത് ഇന്നത്തെ കേരളം പലപല നാട്ടുരാജ്യങ്ങളായിരുന്നു. ഇതേപ്പറ്റി എല്ലാം വിശ്വസഞ്ചാരിയായ മാര്‍ക്കോ പോളോ ഉള്‍പ്പെടെ പലരും രേഖപ്പെടുത്തിയിട്ടുണ്ട്. 1498ല്‍ യൂറോപ്പില്‍ നിന്നും ആദ്യമായി കടലിലൂടെ പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്കോഡി ഗാമ കേരളത്തിന്റെ വടക്കുഭാഗത്തുള്ള കോഴിക്കോട്ട് എത്തിയത് ലോകചരിത്രത്തിലെ പുതിയ അധ്യായമായിരുന്നു. അന്ന് വടക്കേ അറ്റം കോലത്തുനാടും (കോലത്തിരിയുടെ നാട്), കോഴിക്കോട്ടെ സാമൂതിരിനാട്, കൊച്ചിയിലെ പെരുമ്പടപ്പ്, തെക്കേ അറ്റത്തെ വേണാട് അല്ലെങ്കില്‍ തിരുവിതാംകൂര്‍ എന്നീ വലിയ രാജ്യങ്ങളും അനേകം ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളുമായി കേരളം ചിതറിക്കിടക്കുകയായിരുന്നു. ഇതില്‍ വേണാട് രാജാക്കന്മാരുടെ കുലദൈവത്തിന്റെതായിരുന്നു തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. എന്നാല്‍ സംഘകാല കൃതികളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് വേണാടിന്‍െറ ഉദയത്തിന് എത്രയോ മുമ്പ് തെക്കന്‍ കേരളം ഭരിച്ചിരുന്ന ആയ് രാജാക്കന്മാരുടെ വകയായിരുന്നു ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എന്നാണ്. എ.ഡി. പത്താം നൂറ്റാണ്ടോടുകൂടി ആയ്വംശം തകര്‍ന്നതോടെ വേണാട് എന്ന രാജ്യം ഉയര്‍ന്നുവന്നു. ആയ് (AY) രാജ്യത്തിന്റെ രണ്ടുശാഖകള്‍ വേണാട്ടില്‍ ലയിച്ചു. അതോടെയാണ് ക്ഷേത്രം വേണാട് രാജാക്കന്മാരുടേതായത്. ഇന്ത്യയിലെ വൈഷ്ണവക്ഷേത്രങ്ങളില്‍ പ്രധാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റി സ്കന്ദപുരാണം, ശ്രീമദ് ഭാഗവതം, പത്മപുരാണം, വരാഹപുരാണം, മത്സ്യപുരാണം, ബ്രഹ്മപുരാണം, ബ്രഹ്മാണ്ഡപുരാണം തുടങ്ങിയവയില്‍ പരാമര്‍ശം ഉണ്ട്. എ.ഡി. 13-ാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലുണ്ടായ ഉണ്ണിയച്ചീചരിതം 14-ാം നൂറ്റാണ്ടിലെ അനന്തപുരവര്‍ണന എന്നീ സാഹിത്യകൃതികളില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെപ്പറ്റിയുള്ള വിവരണങ്ങള്‍ ലഭിക്കുന്നുണ്ട്.

ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെപ്പറ്റി ധാരാളം ഐതിഹ്യകഥകള്‍ ആണ് പറഞ്ഞുകേള്‍ക്കുന്നത്. തുളു സന്ന്യാസിയായ ദിവാകരമുനിയേയും, മറ്റൊരു സന്ന്യാസിയായ വില്വമംഗലം സ്വാമിയുമായി ബന്ധപ്പെട്ട കഥകള്‍ക്കാണ് പ്രാധാന്യം. കൃഷ്ണഭക്തനായ ദിവാകര മുനിയെ സഹായിക്കാന്‍ ഒരു കൊച്ചുബാലന്‍ എത്തുക പതിവായിരുന്നു. തേജസ്വിയായ ആ ബാലനെ മുനി വളരെ അധികം ഇഷ്ടപ്പെട്ടു. എന്നാല്‍ ഒരിക്കല്‍ പൂജാസാധനങ്ങള്‍ തട്ടിമറിച്ച് വികൃതി കാട്ടിയ കുട്ടിയെ മുനി ശകാരിച്ചു. ഇനി എന്നെ കാണണമെങ്കില്‍ അനന്തന്‍കാട്ടില്‍ വരിക എന്നുപറഞ്ഞ് കുട്ടി അപ്രത്യക്ഷമായി. അപ്പോഴാണ് ആ കുട്ടി, ഉണ്ണിക്കണ്ണനാണെന്ന് മുനി അറിഞ്ഞത്. ദിവാകരമുനി അനന്തന്‍ കാട് അന്വേഷിച്ച് ധാരാളം സ്ഥലത്ത് പോയി. ഒരിടത്തും അങ്ങനെ ഒരു പേര് കാണുന്നില്ല. ഒടുവില്‍ ഒരു കാട്ടിനു സമീപത്ത് കുട്ടിയുടെ കരച്ചില്‍ കേട്ടു. ഒരു പുലയസ്ത്രീ കുട്ടി ഉറങ്ങാത്തതിനാല്‍ ശകാരം ചൊരിയുന്നത് കേട്ട അദ്ദേഹം അവിടേക്ക് പോയി. ഇനി നീ ഉറങ്ങിയില്ലെങ്കില്‍ അനന്തന്‍കാട്ടിലേക്ക് എറിയും എന്ന് ആ സ്ത്രീ കുട്ടിയെ നോക്കി പറയുന്നതുകേട്ട സ്വാമി അനന്തന്‍കാട് എവിടെ ആണെന്ന് ചോദിച്ചറിഞ്ഞ് അവിടെ എത്തി. തനിക്ക് ദര്‍ശനം നല്‍കണമെന്ന് അദ്ദേഹം മഹാവിഷ്ണുവിനോട് പ്രാര്‍ഥിച്ചു. അപ്പോള്‍ കാട്ടിലെ വന്‍മരം മറിഞ്ഞുവീഴുകയും അതില്‍ അനന്തശായിയായ മഹാവിഷ്ണുരൂപം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഭഗവാന്റെ തലയുടെ ഭാഗം നാലുമൈല്‍ അകലെയുള്ള തിരുവല്ലത്തും, മധ്യഭാഗം ദിവാകരമുനി നിന്ന സ്ഥലത്തും, പാദങ്ങള്‍ 8 മൈല്‍ അകലെയുള്ള തൃപ്പാദപുരത്തുമായിട്ടാണ് കണ്ടത്. ഇത്ര വലിയ രൂപം തനിക്ക് ദര്‍ശിക്കാന്‍ കഴിയുന്നില്ലെന്നും, ചെറുതായി ദര്‍ശനം നല്‍കണമെന്നും മുനി പ്രാര്‍ഥിച്ചു. അങ്ങനെയാണ് ദിവ്യരൂപം ചെറുതായത്. ദിവാകരമുനി കാട്ടില്‍നിന്നും പച്ചമാങ്ങ പറിച്ച് ചിരട്ടയില്‍ വച്ചാണ് ആദ്യനിവ്യേം നല്‍കിയത്. മഹാവിഷ്ണു, അനന്തന്‍ എന്ന സര്‍പ്പത്തിന്റെ പുറത്ത് കിടക്കുന്ന രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്. അനന്തന്‍ എന്നതില്‍ നിന്നാണ് തിരുവനന്തപുരം എന്ന പേര് ലഭിക്കാന്‍ കാരണമെന്ന് പറയുന്നു. തിരു ബഹുമാനസൂചകമായും പുരം എന്നത് പട്ടണമെന്നും വ്യാഖ്യാനിക്കുന്നു. ഈ കഥയുടെ സ്ഥാനത്ത് ദിവാകരമുനിക്കുപകരം വില്വമംഗലം സ്വാമിയുടെ പേരിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ കാലഘട്ടം നോക്കിയാല്‍ ദിവാകരമുനിക്കാണ് പ്രാധാന്യം.

ഇനി മറ്റൊരു കഥ കൂടി ഉണ്ട്. ഒരു പുലയസ്ത്രീ നെല്ല് അരിഞ്ഞുകൊണ്ടുനില്‍ക്കുമ്പോള്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. ഉടന്‍ ഒരു മരച്ചുവട്ടില്‍ ഒരു കുട്ടിയും അതിനുമകളില്‍ കുടപോലെ പത്തിവിടര്‍ത്തി നില്‍ക്കുന്ന വലിയ സര്‍പ്പവും ദൃശ്യമായി. പരിഭ്രാന്തി പൂണ്ട സ്ത്രീ ഉറക്കെ വിളിച്ചു. വിവരം നാടുവാഴിയെ അറിയിച്ചു. അദ്ദേഹവും സംഘവും എത്തി കുട്ടിയെ കണ്ട സ്ഥലത്ത് പൂജ നടത്തി അമ്പലം പണിതു. പുലയസ്ത്രീ കൊണ്ടുവന്ന ചിരട്ടയും നെല്ലും മാങ്ങയും ആണ് നിവേദ്യമായി നല്‍കിയത്. പുലയസ്ത്രീക്കുവേണ്ടി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലുള്ള വയല്‍ പതിച്ചുകൊടുത്തതായും ഇവിടത്തെ നെല്ല് പൂജയ്ക്ക് ഉപയോഗിച്ചുവന്നതായും പറയുന്നു. തിരുപുത്തരിക്കണ്ടം എന്നാണ് ഈ വയല്‍ അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷമാണ് ഈ പാടം നികത്തിയത്. ഇന്ന് നഗരസഭയുടെ വലിയ മൈതാനം ആണെങ്കിലും പുത്തരിക്കണ്ടം എന്ന പേര്‍ നിലനില്‍ക്കുന്നു. ആ നാമം നിലനിര്‍ത്താന്‍ ഒരു ചെറിയ ഭാഗത്ത് നഗരസഭ നെല്‍കൃഷി ഇപ്പോള്‍ നടത്തുന്നുമുണ്ട്. മന്ത്രിമാരും, നഗരസഭാ മേയറും, പൗരമുഖ്യന്മാരും അടങ്ങിയ, വലിയ സംഘത്തിന്റെ സാന്നിധ്യത്തില്‍ ആഘോഷത്തോടെയാണ് നെല്‍കൃഷി പുനരാരംഭിച്ചത്. ഇവിടെ വിളഞ്ഞ നെല്‍ ആചാരപ്രകാരം ശ്രീപദ്മനാഭസ്വാമിക്ക് നല്‍കുകയുണ്ടായി. രാജകുടുംബത്തിലെ ഇപ്പോഴത്തെ കാരണവരും ബ്രിട്ടീഷ് ഭരണകാലത്ത് യുവരാജാവുമായിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ഈ നെല്ല് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുവേണ്ടി ഏറ്റുവാങ്ങിയത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രചരിത്രം (1750 വരെ)

എ.ഡി. 10-ാം നൂറ്റാണ്ടില്‍ അസ്തമിച്ച ആയ് രാജ്യത്തില്‍ നിന്നും പിന്നീട് ഉയര്‍ന്നുവന്ന വേണാട് രാജ്യത്തിന് ലഭിച്ച ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് 14ാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകള്‍ ലഭ്യമാകുന്നുണ്ട്. ക്ഷേത്രത്തിന്റെ കൈവശമുള്ള ഈ രേഖകളെ മതിലകം രേഖകള്‍ എന്നുപറയുന്നു. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങളെ സാധാരണ മതിലകം എന്നാണ് വിളിച്ചിരുന്നത്. സംസ്ഥാന പുരാരേഖവകുപ്പിന്റെ കീഴിലുള്ള ലക്ഷക്കണക്കിനു പനയോല രേഖകള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്ക് അമൂല്യനിധിയാണ്. കൊല്ലവര്‍ഷം 550 (ഇംഗ്ലീഷ് വര്‍ഷം 1375) മുതല്‍ 903 (ഇ. വര്‍ഷം 1728) വരെയുള്ള രേഖകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ പ്രാചീനമായ രേഖ കൊല്ലവര്‍ഷം 511 (1336)ലേതാണ്. വേണാടിന്‍റേയും ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്‍റേയും സാമൂഹ്യരാഷ്ട്രീയകാര്യങ്ങള്‍ അറിയാന്‍ ഈ രേഖകള്‍ അല്ലാതെ മറ്റൊരു മാര്‍ഗമില്ല. മലയാഴ്മ, തമിഴ്, മലയാളം, മലയാളംതമിഴ് എന്നീ ഭാഷകളിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. മതിലകം രേഖകള്‍ അനുസരിച്ച് 14ാം നൂറ്റാണ്ടു മുതല്‍ തന്നെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സമ്പന്നമാണ്. ധാരാളം വസ്തുക്കള്‍ ക്ഷേത്രത്തിനുണ്ടായിരുന്നു. പിഴയായും വഴിപാടായും ധാരാളം സ്വത്തുക്കളും സ്വര്‍ണവസ്തുക്കളും ആനകളും ക്ഷേത്രത്തിന് ലഭിച്ചിരുന്നു. ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്ക് താമസിക്കാന്‍ മഠങ്ങള്‍ ഉണ്ടായിരുന്നു. വേണാട് എന്ന നാട്ടുരാജ്യം ചെറിയ ചെറിയ തായ്വഴികളായി പിരിഞ്ഞ് പരസ്പരം വഴക്കും വക്കാണവും തുടങ്ങി. ഇതിനിടയില്‍ കൊച്ചിയിലെ ഭരണം നിയന്ത്രിച്ചിരുന്ന ഡച്ചുകാര്‍ വേണാടിന്റെ താഴ്വഴികളും തെക്കുള്ള രാജ്യങ്ങളുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കി. അവരുടെ കച്ചവടവും ശക്തമാക്കി. മയ്യഴി പിടിച്ചെടുത്ത് മാഹി\'യാക്കിയ ഫ്രഞ്ചുകാരും കേരളം പിടിക്കാന്‍ കാത്തുകഴിയുകയായിരുന്നു. മലബാറിലെ തലശ്ശേരിയിലും തിരുവിതാംകൂറിലെ ആറ്റിങ്ങലിലും കോട്ടകെട്ടി വ്യാപാരം വ്യാപിപ്പിച്ചിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നീക്കം തന്ത്രപരമായിരുന്നു. വേണാട്ടില്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എട്ടരയോഗവും (എട്ട് പോറ്റിമാരും, രാജാവും ചേര്‍ന്ന സഭ) വസ്തുക്കള്‍ നോക്കിനടത്തിയിരുന്ന എട്ടുപിള്ളമാരും (എട്ടുവീട്ടില്‍ പിള്ളമാരും) ഒരുഭാഗത്തും രാജാവ് മറുഭാഗത്തുമായി രൂക്ഷമായ ആഭ്യന്തരകലഹം തുടങ്ങി. തര്‍ക്കം കാരണം പല പ്രാവശ്യവും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം അടച്ചിടേണ്ട സ്ഥിതിയും ഉണ്ടായി. എന്നാല്‍ 1729ല്‍ അധികാരമേറ്റ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ് ധീരനും, ശക്തനും, ഉരുക്ക് ഹൃദയവുമുള്ള രാജാവായിരുന്നു. ലക്ഷ്യത്തിനു മുമ്പില്‍ അദ്ദേഹത്തിന് ഭയമോ, ദയയോ ഇല്ലായിരുന്നു. സ്വന്തമായി പട്ടാളം ഉണ്ടാക്കിയും അയല്‍നാട്ടില്‍ നിന്നും പട്ടാളത്തെ കൊണ്ടുവന്നും മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ നിഷ്ക്കരുണം അടിച്ചമര്‍ത്തി. പോറ്റിമാരെ നാടുകടത്തിയും, പിള്ളമാരെ തൂക്കിലിട്ടും അവരുടെ സ്ത്രീകളെ മുക്കുവര്‍ക്ക് പിടിച്ചുകൊടുത്തും അവരുടെ വസ്തുക്കള്‍ കണ്ടുകെട്ടിയും മാര്‍ത്താണ്ഡവര്‍മ്മ ഭരണം തുടങ്ങി. വേണാടിന്റെ ശാഖകളായി മാറിനിന്ന നാട്ടുരാജ്യങ്ങളേയും വടക്കുള്ള രാജ്യങ്ങളേയും അദ്ദേഹം ആക്രമിക്കാന്‍ തുടങ്ങി. തങ്ങള്‍ക്ക് കുരുമുളകും, സുഗന്ധവ്യഞ്ജനങ്ങളും നല്‍കുന്ന രാജ്യങ്ങളെ പിടിച്ചെടുക്കുന്നതില്‍ ഡച്ചുകാര്‍ ക്ഷുഭിതരായി. അവര്‍ അദ്ദേഹവുമായി സംഭാഷണത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഡച്ചുകാര്‍ മാര്‍ത്താണ്ഡവര്‍മ്മയുമായി യുദ്ധത്തിനിറങ്ങി. 1741ല്‍ കുളച്ചല്‍ (ഇപ്പോള്‍ തമിഴ്നാട്) കടപ്പുറത്ത് നടന്ന യുദ്ധത്തില്‍ ഡച്ചുശക്തി പരാജയപ്പെട്ടു. ഇതോടെ മാര്‍ത്താണ്ഡവര്‍മ്മ കേരളത്തിലെ മറ്റ് രാജാക്കന്മാര്‍ക്ക് പേടിസ്വപ്നമായി. ഡച്ചുകാരില്‍ നിന്നും പിടിച്ചെടുത്തതും മുമ്പ് കീഴടങ്ങിയവരുമായ ഡിലനോയി ഉള്‍പ്പെടെയുള്ള പട്ടാളമേധാവികളെ ഉള്‍പ്പെടുത്തി പട്ടാളത്തെ യൂറോപ്യന്‍ മാതൃകയില്‍ പരിഷ്കരിച്ചും പീരങ്കിയും തോക്കും നിര്‍മിച്ചും, കോട്ട കെട്ടിയും മാര്‍ത്താണ്ഡവര്‍മ്മ ശക്തനായി. അയല്‍രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുത്ത് മുന്നേറുമ്പോള്‍, മാര്‍ത്താണ്ഡവര്‍മ്മ തന്റെ കുലദൈവമായ ശ്രീപദ്മനാഭ സ്വാമിക്ഷേത്രം പുതുക്കി പണിയാനും ചുറ്റും കോട്ടകെട്ടാനും, ക്ഷേത്രഗോപുരം പണിയാനും, നടപടി സ്വീകരിച്ചിരുന്നു. തിരുവനന്തപുരത്തെ തിരുമലയില്‍ നിന്നും വലിയ പാറവെട്ടിക്കൊണ്ടുവന്ന് ക്ഷേത്രത്തിലെ ഒറ്റക്കല്‍മണ്ഡപം പണിതു. കാക്കച്ചന്‍മല (ഇപ്പോള്‍ തമിഴ്നാട്) നിന്നും വലിയ തേക്കുമരം വെട്ടി കടലിലൂടെ കൊണ്ടുവന്ന് ക്ഷേത്രകൊടിമരം നിര്‍മിച്ചു. നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്നുകൊണ്ടുവന്ന സാളഗ്രാമങ്ങള്‍ ഉപയോഗിച്ച് കടുശര്‍ക്കര യോഗത്തില്‍ പതിനെട്ട് അടി നീളത്തില്‍ ശ്രീപദ്മനാഭന്റെ വിഗ്രഹം നിര്‍മിച്ചു. കരിങ്കല്ലുകൊണ്ട് നിര്‍മിക്കപ്പെട്ട ക്ഷേത്രത്തിലെ ശീവേലിപ്പുര ഇന്നും ആധുനിക എന്‍ജിനീയറിംഗ് വിദ്യയ്ക്കു പോലും അത്ഭുതമാണ്. പടിഞ്ഞാറ് 420 അടി നീളവും 20 അടി വീതിയും തെക്ക് 236 അര അടി നീളവും 23 അടി വീതിയും ഇതിനുണ്ട്. പരന്ന കരിങ്കല്‍ പലകകള്‍ കൊണ്ട് മുകള്‍വശം മൂടിയിരിക്കുന്നു. ചിത്രപ്പണികള്‍ ചെയ്ത കൂറ്റന്‍ കരിങ്കല്‍ തൂണുകളാണ് ഈ മേല്‍പാളികളെ താങ്ങി നിര്‍ത്തിയിരിക്കുന്നത്. ശീവേലിപ്പുരയ്ക്കും ക്ഷേത്രത്തിനും ഇടയ്ക്കുള്ള മണല്‍നിറഞ്ഞ വിശാലമായ സ്ഥലത്ത് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ഇരിക്കാന്‍ കഴിയും. ഈ ശീവേലിപ്പുര പണിയാന്‍ 4000 കല്‍പണിക്കാരും, 6000 കൂലിക്കാരും 100 ആനകളും ഉണ്ടായിരുന്നതായി രേഖകള്‍ തെളിയിക്കുന്നു. ക്ഷേത്രഗോപുരത്തിന്റെ അഞ്ചാം നിലവരെയുള്ള പണി പൂര്‍ത്തിയാക്കിയത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. 1750 ആയപ്പോഴേക്കും മാര്‍ത്താണ്ഡവര്‍മയുടെ വേണാട് എന്ന ചെറിയ രാജ്യത്തിന്റെ വിസ്തൃതി കൊച്ചിയുടെ പടിവാതിലോളം എത്തി. അതോടെ അതിനെ വിശാലമായ തിരുവിതാംകൂര്‍ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി.

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ഭക്തിയും തന്ത്രങ്ങളും നിറഞ്ഞ സംഭവമായിരുന്നു തൃപ്പടിദാനം. താന്‍ പടവെട്ടിപ്പിടിച്ച തിരുവിതാംകൂര്‍ എന്ന വിശാലരാജ്യത്തെ കുലദൈവമായ ശ്രീപദ്മനാഭന് സമര്‍പ്പിക്കുകയും, അദ്ദേഹത്തിന്റെ പ്രതിനിധിയായി രാജാവ് ശ്രീപദ്മനാഭദാസന്‍ ആയി മാറുകയും ചെയ്തതാണ് തൃപ്പടിദാനം. കൊല്ലവര്‍ഷം 925 മകരം 5ന് ഇംഗ്ലീഷ് വര്‍ഷം 1749 എന്നും 1750 എന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നുരാവിലെ ഉദ്യോഗസ്ഥന്മാരും പ്രഭുക്കന്മാരും എല്ലാം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്താന്‍ മഹാരാജാവ് കല്പിച്ചു. അവരുടെ സാന്നിധ്യത്തില്‍ മഹാരാജാവ് തന്റെ ഉടവാള്‍ ഒറ്റക്കല്‍ മണ്ഡപത്തിലര്‍പ്പിച്ചശേഷം തന്റെ രാജ്യം ശ്രീപദ്മനാഭന് നല്‍കുന്നതായും താനും തന്റെ അനന്തരഗാമികളായ രാജാക്കന്മാരും ശ്രീപദ്മനാഭദാസന്മാര്‍ എന്ന് അറിയപ്പെടുന്നുവെന്നും പ്രഖ്യാപിച്ചു. അതോടെ രാജ്യം പണ്ടാരവക (ദൈവവക)യായി. ഉദ്യോഗസ്ഥന്മാര്‍ പണ്ടാരക്കാര്യക്കാരായി. താലൂക്കുകള്‍ മണ്ഡപത്തിന്‍വാതിലുകളാക്കി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പുതിയ പുതിയ ഉത്സവങ്ങളും നേര്‍ച്ചകളും മാര്‍ത്താണ്ഡവര്‍മ്മ നടപ്പിലാക്കി. രാജ്യം ശ്രീപദ്മനാഭസ്വാമിയുടെ വകയായതോടെ, ആ ക്ഷേത്രം തിരുവിതാംകൂറിന്റെ ഭരണഘടന പോലെയായി. പിന്നീട് അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ വരെ ശ്രീപദ്മനാഭദാസനായി ജീവിച്ചു. ശ്രീപദ്മനാഭന് കാഴ്ചവച്ച കാണിക്കയില്‍ നിന്നും ഒരു പൈസ പോലും അവര്‍ എടുത്തില്ല.

ഹിരണ്യഗര്‍ഭവും മുറജപവും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ പല ഉത്സവങ്ങളും ചടങ്ങുകളും ഏര്‍പ്പെടുത്തി. അതില്‍ പ്രധാനം തുലാപുരുഷദാനവും, ഹിരണ്യഗര്‍ഭദാനവും മുറജപവും തുടങ്ങിയവ ഇതില്‍ ചിലതാണ്. തുലാപുരുഷദാനം എന്നത് ഒരു ത്രാസിന്റെ ഒരു ഭാഗത്ത് രാജാവും മറുഭാഗത്ത് അതേ തൂക്കത്തിലുള്ള സ്വര്‍ണവും തൂക്കി ചടങ്ങുകളോടെ പൂജാരിമാര്‍ക്കും ബ്രാഹ്മണര്‍ക്കും ദാനം കൊടുക്കുന്ന നടപടിയാണ്. കിരീടധാരണത്തോടനുബന്ധിച്ചാണ് ഹിരണ്യഗര്‍ഭം എന്ന ചടങ്ങ് നടത്തിയിരുന്നത്. ഹിരണ്യഗര്‍ഭം എന്നാല്‍ സ്വര്‍ണ ഗര്‍ഭപാത്രം എന്നാണ് അര്‍ഥം. രാജാവിന് ക്ഷത്രിയനാകാന്‍ വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും, സ്വര്‍ണം കൊണ്ട് ഒരു പശുവിനെ ഉണ്ടാക്കി അതിനകത്തു കൂടിയാണ് രാജാവ് പുറത്തുവരുന്നതെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പി. ശങ്കുണ്ണിമേനോനെപ്പോലുള്ള ചരിത്രകാരന്മാര്‍ പറയുന്നത് മറ്റൊരു വിധത്തിലാണ്. അതുപ്രകാരം പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള ഒരു സ്വര്‍ണപാത്രം നിര്‍മിക്കുന്നു. അടപ്പുള്ളതും താമരപ്പൂവിന്റെ ആകൃതിയിലുള്ളതുമായ ഈ പാത്രത്തിലെ പകുതിഭാഗം പാല്, വെള്ളം കലര്‍ത്തിയ നെയ്യ്, പഞ്ചഗവ്യം എന്നിവ നിറയ്ക്കുന്നു. വേദമേന്ത്രാച്ചാരണങ്ങള്‍ക്കിടയില്‍ രാജാവ് ഏണിപ്പടിയിലൂടെ പാത്രത്തില്‍ ഇറങ്ങുന്നു. പൂജാരികള്‍ അപ്പോള്‍, അടപ്പുകൊണ്ട് അടയ്ക്കും. പത്തുമിനിട്ടോളം അദ്ദേഹം പാത്രത്തില്‍ മുങ്ങിയിരിക്കും. പിന്നീട് അദ്ദേഹം പുറത്തേയ്ക്കുവന്ന് തന്റെ ഉടവാള്‍ ശ്രീപദ്മനാഭന്റെ മുമ്പില്‍വെച്ച് നമസ്കരിക്കും. ഈ സമയത്ത് പൂജാരികള്‍ കുലശേഖരപെരുമാള്‍ കിരീടം രാജാവിന്റെ തലയില്‍ വയ്ക്കുന്നു. ഇതോടെയാണ് രാജാവ് പൊന്നുതമ്പുരാന്‍ ആകുന്നത്. രാജ്യം ശ്രീപദ്മനാഭന്റെ വക ആയതിനാല്‍ രാജാവ് അപ്പോള്‍ മാത്രമേ കിരീടം തലയില്‍വയ്ക്കൂ. പിന്നീട് അത് അദ്ദേഹം മാറ്റും. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീമൂലം തിരുനാള്‍ (1924) വരെ ഉള്ള രാജാക്കന്മാരെല്ലാം ഹിരണ്യഗര്‍ഭം ചടങ്ങ് നടത്തിയിട്ടുണ്ട്. എന്നാല്‍ വന്‍തുക ചെലവാക്കേണ്ടെന്ന് കരുതി അവസാനത്തെ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ഈ ചടങ്ങ് നടത്തിയില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് മുറജപവും ലക്ഷദീപവും. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രധാന ചടങ്ങാണ് മുറജപം. മുറയ്ക്കുള്ള ജപം എന്നാണ് ഇതിന്റെ അര്‍ഥം. ആറുമാസം തോറും ഭദ്രദീപം കത്തിക്കുകയും പന്ത്രണ്ട് ഭദ്രദീപം കഴിയുമ്പോള്‍ മുറജപം നടത്തുകയുമാണ് പതിവ്. 56 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ കേരളത്തിനകത്ത് നിന്നും പുറത്തുനിന്നും ധാരാളം ബ്രാഹ്മണന്മാര്‍ എത്തും. രാവിലേയും വൈകുന്നേരവും പത്മതീര്‍ഥത്തിലിരുന്നാണ് വേദപാരായണവും ജപവും നടത്തിയിരുന്നത്. 56-ാം ദിവസമാണ് ലക്ഷദീപം. അന്ന് ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഒരു ലക്ഷം വിളക്കുകള്‍ കത്തിക്കുകയായിരുന്നു പതിവ്. ആര്‍ഭാടപൂര്‍വ്വം അല്ലെങ്കിലും ഇപ്പോഴും ക്ഷേത്രത്തില്‍ മുറജപവും ലക്ഷദീപവും നടക്കാറുണ്ട്. അതുപോലെ രണ്ട് ഉത്സവങ്ങളായ അല്പശി (തുലാം)യും, പൈങ്കുനി (മീനം)യും ഇപ്പോഴും ആര്‍ഭാടപൂര്‍വ്വം തുടരുന്നു. രണ്ട് ഉത്സവങ്ങളും ആറാട്ടോടുകൂടിയാണ് സമാപിക്കുന്നത്. അന്ന് ഉടവാള്‍ ഏന്തി ശ്രീപദ്മനാഭസ്വാമിക്ക് മഹാരാജാവ് നഗ്നപാദനായി അകമ്പടി സേവിക്കും. ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് അവസാനനിമിഷം വരെ ഈ ആഘോഷങ്ങളില്‍ പങ്കെടുത്തു. ആറാട്ട് തലേന്നാള്‍ നടക്കുന്ന പള്ളിവേട്ട യിലും മഹാരാജാവ് പങ്കെടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ കാലത്തിനുശേഷം രാജകുടുംബത്തിലെ കാരണവര്‍ ആയ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകരിച്ചിരുന്ന യുവരാജാവാണ് അദ്ദേഹം. അതുപോലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പദ്മനാഭപുരത്തുനിന്നും സരസ്വതീദേവിയേയും വേളിമലയില്‍ നിന്നും മുരുകനേയും, ശുചീന്ദ്രത്തുനിന്ന് മൂന്നൂറ്റിനങ്കയേയും കൊണ്ടുവരുന്ന വിഗ്രഹഘോഷയാത്രയും, നവരാത്രി പൂജയും ഇന്നും തുടരുന്നു. പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് കിഴക്കേനടയില്‍ പഞ്ചപാണ്ഡവരെ ഉയര്‍ത്തുന്ന ചടങ്ങ് തുടരുന്നുണ്ട്.

കടുശര്‍ക്കരയോഗം

കരിഞ്ഞാലി, ദേവതാരം, ചന്ദനം തുടങ്ങിയ ഉല്‍ക്കൃഷ്ട വൃക്ഷങ്ങള്‍ വളരുന്ന ഒരു സ്ഥലത്തുനിന്നു ഒരു നല്ലമരം തിരഞ്ഞെടുത്തു വെട്ടി കടുശര്‍ക്കരയോഗം നിര്‍മിക്കുന്നിടത്തേക്കു കൊണ്ടു പോകുകയാണു ആദ്യമായി ചെയ്യുന്നത്. പിന്നീടു രൂപപ്പെടുത്തേണ്ട വിഗ്രഹത്തെപ്പറ്റിയുള്ള സുവ്യക്ത നിര്‍ദേശങ്ങളനുസരിച്ചു ഒരു പാശദണ്ഡം ഉണ്ടാക്കുന്നു. അടുത്തപടി അരക്കെട്ടിന്റെയും മാറിടത്തിന്റെയും അളവുകള്‍ അതില്‍ അടയാളപ്പെടുത്തുക എന്നുള്ളതാണ്. അരക്കെട്ടില്‍ നിന്നു താഴോട്ടു വിരലുകള്‍ വരെയുള്ള അളവുകളും നെഞ്ചില്‍ നിന്നു കൈവിരലുകള്‍ വരെയുള്ള അളവുകളും എടുക്കുന്നു. ആ അളവുകള്‍ക്ക് എല്ലുകളുടെ സ്ഥാനം കൊടുക്കാം. ഇവയോടൊപ്പം പുറകുവശത്തിന്റെ മുഴുവന്‍ അളവുകളും എടുക്കേണ്ടതുണ്ട്. അടിസ്ഥാനപരമായ ഈ ചട്ടക്കൂടിനോടു ചെമ്പുതകിടുകള്‍ ഘടിപ്പിച്ചു കൈത്തലങ്ങള്‍; പാദങ്ങള്‍, ചെവി, മൂക്ക് ഇവയുടെ വിസ്താരം നിര്‍ണയിക്കുന്നു. ഇതു വിഗ്രഹത്തിന്റെ അസ്ഥിപഞ്ജരം എന്നാണ് അറിയപ്പെടുന്നത്.

നാലുപലം (1 പലം 34 ഗ്രാം 991 മില്ലീഗ്രാം) തിരുവട്ടപ്പശ, മൂന്നുപലം കുന്തിരിക്കം, അഞ്ചുപലം ഗുല്‍ഗുലു, ഒരുപലം ശര്‍ക്കര, എട്ടുപലം ചെഞ്ചല്യം, മൂന്നുപലം കാവിമണ്ണ് എന്നീ ഘടകവസ്തുക്കള്‍ നല്ലവണ്ണം പൊടിക്കുന്നു. പൊടി ഒരു മണ്‍കുടത്തിലിട്ട് എണ്ണയും നെയ്യും തുല്യ അളവില്‍ കലര്‍ത്തി ഭംഗിയായി കുഴയ്ക്കുന്നു. ഇങ്ങനെ കിട്ടുന്ന മിശ്രിതം, തേനിന്റെ പാകത്തില്‍ ആകുന്നതുവരെ അടുപ്പത്തുവച്ചു ചൂടാക്കുന്നു. പിന്നീട് അതു അടുപ്പില്‍നിന്നു മാറ്റി തണുക്കുന്നതിനുമുന്‍പ് വിഗ്രഹത്തിന്റെ അസ്ഥിപഞ്ജരത്തില്‍ ആസകലം പുരട്ടുന്നു. ഇങ്ങനെ ലേപനം കഴിഞ്ഞാല്‍ നാഡീബന്ധനം ആരംഭിക്കുകയായി. ചകിരിപ്പൊടി കളഞ്ഞു കഴുകി വൃത്തിയാക്കിയ ചകിരിനാരു മൂന്നിഴ ഇടത്തുനിന്നു വലത്തേക്കു പിരിച്ചു ഇതു അസ്ഥിപഞ്ജരത്തില്‍ കെട്ടുന്നു. ഈ ഇഴകള്‍ സുഷുമ്നാകാണ്ഡത്തിലെ ഇഡ, പിംഗളാ, സുഷുമ്ന എന്നീ സുപ്രധാന ഞരമ്പുകളെയാണു പ്രതിനിധാനം ചെയ്യുന്നത്. ഇവയും പൂഷ, യശസ്വിനി, ശംഖിനി, കുഹു എന്നീ നാഡീകേന്ദ്രങ്ങളും കൂടി സംയുക്തമായി സപ്തനാഡികളെന്നു പറയപ്പെടുന്നു.

ജാംഗലദേശത്തു (തരിശുഭൂമിയില്‍) നിന്നും അനൂപദേശത്തു (ചെളിപ്രദേശത്തു) നിന്നും സമതലത്തില്‍ നിന്നും പ്രത്യേകം പ്രത്യേകം മണല്‍ വാരിക്കൊണ്ടുവന്നു കഴുകി വൃത്തിയാക്കുന്നു. അടുത്തതായി മൂന്നുതരം കഷായം ഉണ്ടാക്കുന്നു. (1) കരിഞ്ഞാലിായും മരുതും തിളപ്പിച്ചു കുഴമ്പുപരുവത്തിലാക്കിയത് (2) നാല്‍പാമരം (അത്തി, ഇത്തി, അരയാല്‍, പേരാല്‍) തിളപ്പിച്ചെടുക്കുന്ന സത്ത് (3) കോലരക്കില്‍ നിന്നുണ്ടാക്കുന്ന ക്വാഥം അഥവാ കഷായം. ഈ കഷായങ്ങളില്‍ ഓരോന്നിലും മുകളില്‍ പറഞ്ഞ മണലിട്ടു പത്തുദിവസം സൂക്ഷിക്കുന്നു. ലായനികളെ മണല്‍ വലിച്ചെടുക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. പിന്നീടു മണലും കഷായവും കൂടി ഉണക്കുന്നു. തുടര്‍ന്ന് ത്രിഫലക്കഷായത്തിലിട്ട് പത്തുദിവസം വയ്ക്കുകയും വീണ്ടും ഉണക്കുകയും ചെയ്യുന്നു. ആറ്റുമണല്‍ നന്നായി പൊടിച്ച്, നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൂന്നുതരം മണലുകളുടെയും നാലില്‍ ഒരു ഭാഗം ആറ്റുമണല്‍പ്പൊടിയോടു ചേര്‍ക്കുന്നു. ഈ ഔഷധമണല്‍ മിശ്രിതം ത്രിഫലക്കഷായത്തിന്റെ സഹായത്തോടെ പൊടിച്ചു ഒരു കുഴമ്പാക്കുന്നു. യവം, ഗോതമ്പ്, കാശാവിന്റെ ഇലകള്‍ ഇവ പ്രത്യേകം പ്രത്യേകമായി പൊടിച്ച്, തയ്യാറാക്കിയ മണലിന്റെ എട്ടില്‍ ഒരു ഭാഗം ആ പൊടിയോടു ചേര്‍ക്കുന്നു. ഇതുവിളഞ്ഞ തേങ്ങയിലെ വെള്ളത്തില്‍ നല്ലവണ്ണം നനച്ച്, പത്തുദിവസം എന്നും ഇടിച്ചു മുദുപിണ്ഡമാക്കുന്നു. തുല്യ അളവില്‍ തിരുവട്ടപ്പശ, ഗുല്‍ഗുലു, കുന്തിരിക്കം, ചെഞ്ചല്യം എന്നിവ പ്രത്യേകം തയ്യാറാക്കിയ മണലിന്റെ പതിനാറില്‍ ഒരു ഭാഗത്തോടു കലര്‍ത്തി, തേനും ചേര്‍ത്തു കുഴയ്ക്കുന്നു. ഒരേ അളവില്‍ ചുക്ക്, കുരുമുളക്, മഞ്ഞള്‍, തൃപ്പലി ഇവ ഒന്നായി പൊടിച്ചു 24ല്‍ ഒരു ഭാഗം അതിനോടു ചേര്‍ക്കുകയും തേന്‍, പാല്‍, നെയ്യ് എന്നിവയുമായി കലര്‍ത്തി ഏകീകരിക്കുകയും ചെയ്യുന്നു. അടുത്ത പടിയായി, പ്ലാവിന്‍പശയും കൂവളത്തിന്‍ കായുടെ ഉള്ളിലെ മാംസളഭാഗവും തുല്യ അളവില്‍ എടുത്ത് ഇടിച്ച്, ഇതിന്റെ 15ല്‍ ഒരു ഭാഗം മണലിനോടു കലര്‍ത്തി അല്‍പ്പം എണ്ണയും ചേര്‍ത്ത് വീണ്ടും ഇടിക്കുന്നു. കുങ്കുമം, ചന്ദനം, അരിതാരം, കൊട്ടം, കര്‍പ്പൂരം, ഗോരോചന എന്നിവ പൊടിച്ച് മണലിന്റെ 32ല്‍ ഒരുഭാഗം ചേര്‍ത്ത് കാശാവില പിഴിഞ്ഞെടുത്ത നീരില്‍ ഇടിച്ചു പൊടിയാക്കുന്നു. സ്വര്‍ണം, വെള്ളി, ആറ്റുമണല്‍, ഞണ്ടിന്‍കുഴിയിലെ മണല്‍, സമുദ്രത്തിലെ മണല്‍, കൃഷിക്കാന്റെ കലപ്പയിലെ മണല്‍, ഉറുമ്പുപുറ്റിലെ മണ്ണ്, സസ്യങ്ങളുടെ മൂട്ടിലെ മണ്ണ്, കാളക്കുളമ്പില്‍ നിന്നും ആനക്കൊമ്പില്‍ നിന്നും തടവിയെടുക്കുന്ന മണ്ണ് എന്നിവ അല്‍പ്പം പൊടിച്ചുണ്ടാക്കുന്ന മിശ്രിതത്തോടു കസ്തൂരി ചേര്‍ത്ത് എല്ലാം കൂടി നേരത്തേ തയ്യാറാക്കിയ മണലുമായി കലര്‍ത്തുന്നു. ഇങ്ങനെ പാകപ്പെടുത്തുന്ന പദാര്‍ഥം ഇലിപ്പ മരപ്പശയില്‍ നിന്നുണ്ടാക്കുന്ന കഷായത്തില്‍ നിക്ഷേപിക്കുന്നു. ഇത് അഞ്ചുദിവസം തിളപ്പിച്ചശേഷം അരയ്ക്കുന്നു. ഈ മിശ്രിതത്തിന്റെ നാലില്‍ ഒരു ഭാഗം ചകിരി ചെറുകഷണങ്ങളായി മുറിച്ച് ഈ മണലിനോടു കലര്‍ത്തുന്നു. കൂവളപ്പശയും പ്ലാവിന്‍പശയും ചേര്‍ത്തു തയ്യാറാക്കിയ മണലാണിത്. ഇത് വീണ്ടും ഇടിച്ചിടിച്ചു പത്തുദിവസം കൊണ്ടു വിവിധാംശനിര്‍മിതമായ ഒരു പിണ്ഡമാക്കിത്തീര്‍ക്കുന്നു. ഇത് വിഗ്രഹത്തിന്റെ അസ്ഥിപഞ്ജരമായി പ്രവര്‍ത്തിക്കുന്ന ചട്ടക്കൂടിന്റെ വിവിധ ഭാഗങ്ങളില്‍ വേറെ വേറെയായി പൂശൂന്നു. ചട്ടക്കൂടിന്റെ നാഡീബന്ധനം നേരത്തേ നടത്തിയിട്ടുള്ളതാണ്. വിവിധ ഭാഗങ്ങളില്‍ ഈ മിശ്രിതം നന്നായി തിരുമ്മി പിടിപ്പിക്കുന്നു. കട്ടിയുള്ള പാളികളായി അതു പൂശാതെ, ചെളികൊണ്ടുള്ള കുഴമ്പിനുമേല്‍ ഒരു നേരിയ പൂച്ച് നല്‍കാനാണ് മുകളില്‍ പറഞ്ഞ പ്രത്യേക രീതി ഉപയോഗിക്കുന്നത്. ചട്ടക്കൂടിനെ ആവരണം ചെയ്യുന്ന ശരീരത്തിലേക്കു വിഗ്രഹത്തിനു ആവശ്യമുള്ള പ്രത്യേകതകള്‍ പകര്‍ത്താന്‍ ഇപ്പോള്‍ സമയമായി. ഇലപ്പശ പുരട്ടിയിട്ടുള്ള തനിപ്പട്ടുകൊണ്ട് ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ പൂര്‍ണമായി പൊതിയുന്നു. പൊടിയാക്കിയ ആറ്റുമണല്‍, കോഴിപ്പരല്‍, നദികളുടെ അടിത്തട്ടില്‍ കാണപ്പെടുന്ന കറുത്ത കല്ല് എന്നിവ തുല്യ അനുപാതങ്ങളില്‍ എടുത്ത്, ത്രിഫല, പ്ലാവിന്‍പന്‍, കൂവളപ്പശ എന്നിവയുടെ കഷായത്തിലിട്ട് ദിവസവും മര്‍ദിച്ചു ഒരു കുഴമ്പാക്കുന്നു. ഈ പ്രക്രിയ ഒരു മാസത്തേക്കു തുടരും. ഇതിന്റെ ഒരു നേരിയ പടലം മീതെ മുഴുവന്‍ ലേപനം ചെയ്തശേഷം വിഗ്രഹം ഉണക്കുന്നു. ശംഖുപൊടി തേച്ചു വിഗ്രഹത്തിനു വെണ്മ കൈവരുത്തുന്നു. വിഗ്രഹത്തിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കാനായി ആവശ്യമുള്ള അലങ്കാരപ്പണികള്‍ ചെയ്യുന്നത് ഈ ഘട്ടത്തിലാണ്.

വിഗ്രഹനിര്‍മാണത്തിനുള്ള കടുശര്‍ക്കര യോഗത്തില്‍ ഉപയോഗിക്കുന്ന ഘടക വസ്തുക്കളെല്ലാം ഔഷധമൂല്യമുള്ളവ യാണെന്നു ഇതില്‍ നിന്നു മനസ്സിലാക്കാവുന്ന താണല്ലോ. മനുഷ്യശരീരം പ്രകൃതിദത്തമായ ഒരു ഔഷധാവരണത്താല്‍ സംരക്ഷിക്ക പ്പെടുന്നതു പോലെയുള്ള സങ്കല്പം വിഗ്രഹത്തിലേക്കും വ്യാപിപ്പിച്ചിരിക്കുക യാണ്. ജീവനുള്ള രൂപമാണല്ലോ വിഗ്രഹത്തിനു നല്‍കപ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍ ഇതാണ് കടുശര്‍ക്കര യോഗ നിര്‍മാണ പ്രക്രിയ. ഭാഗികമായി അപര്യാപ്തമായ ഈ വിവരണത്തില്‍ നിന്നു തന്നെ കടുശര്‍ക്കര ബിംബം രൂപവല്‍ക്കരിക്കുന്നതിനുള്ള അതി സങ്കീര്‍ണമായ പ്രവര്‍ത്തന സമ്പ്രദായം ഊഹിക്കാവുന്നതാണ്. അതിനാല്‍ ഇത് കേരളത്തിന്റെ ഒരു പ്രത്യേക സംഭാവനയാണെങ്കിലും, അതിന്റെ ഉത്ഭവ സ്ഥലത്തുതന്നെ അത്തരം വിഗ്രഹങ്ങള്‍ വളരെ അപൂര്‍വമായിരിക്കുന്നതില്‍ അദ്ഭുതപ്പെടാനില്ല.

© അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായി എഴുതിയ ശ്രീപദ്മനാഭസ്വാമിക്ഷേത്രം എന്ന കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുസ്തകത്തില്‍ നിന്നും.

അരിയിട്ടുവാഴ്ചയും രാജാവിന്റെ അധികാരം ഏല്‍ക്കലും
ഹിരണ്യഗര്‍ഭം

തിരുവിതാംകൂറില്‍ "അരിയിട്ടുവാഴ്ച" എന്ന ചടങ്ങ് രാജവംശത്തിന്റെ കുടുംബത്തിനു വേണ്ടിയുള്ള ചടങ്ങാണ്. എന്നാല്‍ കോഴിക്കോട് ഇത് സാമൂതിരി അധികാരം ഏല്‍ക്കുന്ന ചടങ്ങാണ്. സാമൂതിരി എവിടെവച്ച് മരിച്ചുവോ അടുത്തായ അവിടെ വച്ചുവേണം അധികാരം ഏല്‍ക്കാന്‍. 15 ദിവസത്തെ പുലകുളി (ചടങ്ങുകള്‍) കഴിഞ്ഞാല്‍ നിയുക്ത സാമൂതിരി വലതുകാലില്‍ വീരശൃംഖല അണിയുന്നതോടെ ഒരുക്കങ്ങള്‍ ആരംഭിക്കും. ആഭരണങ്ങള്‍ അണിയുമെങ്കിലും കിരീടം ഉണ്ടാകില്ല. പിന്നീട് ധാരാളം ചടങ്ങുകള്‍ ഉണ്ട്. അവസാനം കുളികഴിഞ്ഞ് മാനാഞ്ചിറ കൊട്ടാരത്തിലെത്തും അപ്പോള്‍ സമുദായ നേതാക്കളും പൗരമുഖ്യന്മാരും അവിടെ മുഖം കാണിക്കാന്‍ എത്തും. പിറ്റേദിവസം തളി, തിരുവളയനാട്, ഗോവിന്ദപുരം ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു പോകണം. സാമൂതിരിയുടെ അരിയിട്ടുവാഴ്ചയോടൊപ്പം "ഉടവാള്‍ അണിയല്‍" എന്നൊരു ചടങ്ങ് കൂടിയുണ്ട്. പ്രധാന ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും അധികാരം നല്‍കുന്ന ചടങ്ങാണത്.

ശ്രീപദ്മനാഭസ്വാമി ഭക്തരുടെ ദൃഷ്ടിയില്‍

ശയനരൂപത്തിലാണ് ബിംബത്തിന്റെ പ്രതിഷ്ഠ. മൂന്നുവാതിലുകളിലൂടെ മാത്രമേ വിഗ്രഹം കാണാന്‍ കഴിയൂ. ശ്രീപദ്മനാഭന്റെ വലതുകരം ചിന്മുദ്രയോടുകൂടി അനന്തകല്പത്തിനു സമീപം നീട്ടി തൂക്കിയിരിക്കുന്നു. കരത്തിനുതാഴെ ശിവലിംഗം ഉണ്ട്. അനന്തന്റെ പത്തികൊണ്ട് മൂര്‍ദ്ധാവ് മൂടിയിരിക്കുന്നു. ശ്രീപദ്മനാഭന്റെ നാഭിയില്‍ നിന്നു പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവിന്റെ രൂപം കാണാം. മഹര്‍ഷിമാര്‍ ശ്രീപദ്മനാഭന്റെ സമീപത്ത് ആരാധിച്ചുനില്‍ക്കുന്നു. ഭഗവാന്റെ മാര്‍വിടത്തിനെതിരായി ഭഗവതിയേയും അല്പം അകലെ ഭൂമിദേവിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുസമീപം കൗണ്ഡില്യദിവാകര മഹര്‍ഷിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അനന്തശയനമൂര്‍ത്തിയുടെ പുരോഭാഗത്ത് ലക്ഷ്മിയുടേയും ഭൂമിയുടേയും നടുവിലായി ചതുര്‍ബാഹുവിഷ്ണുവിന്റെ അര്‍ച്ചനാവിഗ്രഹം കാണാം. മുഖമണ്ഡപത്തിനു മുന്‍വശത്തുള്ള ഒരു ചെറിയ മുറിയില്‍ ശ്രീരാമന്‍, സീത, ലക്ഷ്മണന്‍ എന്നീ വിഗ്രഹങ്ങള്‍ ഉണ്ട്. അവരുടെ മുമ്പില്‍ ഹനുമാന്‍ നില്‍ക്കുന്നുണ്ട്. കൂടാതെ വെള്ളിയിലെ ഗണപതിവിഗ്രഹവും. തെക്കേവാതില്‍ വഴി ഇറങ്ങുന്നിടത്ത് നരസിംഹമൂര്‍ത്തി പ്രതിഷ്ഠ ഉണ്ട്. ഈ ക്ഷേത്രത്തിന്റെ പുറകിലൂടെ പ്രദക്ഷിണമായി പോയാല്‍ വടക്കേ നാലമ്പലത്തിലുള്ള വേദവ്യാസക്ഷേത്രത്തിലെത്താം. ഇവിടെ വ്യാസനേയും അശ്വത്ഥാമാവിനേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കിഴക്കേ നടയില്‍ക്കൂടി വെളിയില്‍ വരുമ്പോള്‍ ധ്വജമണ്ഡപത്തിലെ കരിങ്കല്‍ത്തൂണില്‍ കൊത്തിയിട്ടുള്ള ഹനുമാന്റെ വിഗ്രഹം കാണാം. സ്വര്‍ണക്കൊടിമരം ചുറ്റി കിഴക്കും തെക്കും ഉള്ള ശ്രീബലിപ്പുരയില്‍ കൂടി പോകുമ്പോള്‍ തെക്കേ ശ്രീ ബലിപ്പുരയ്ക്കു തെക്കുഭാഗത്തായി കാണുന്നതാണ് ഭദ്രദീപപ്പുര. ഇവിടെയാണ് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കൊല്ലവര്‍ഷം 912ല്‍ ഭദ്രദീപപ്രതിഷ്ഠ നടത്തിച്ചത്. തെക്കേ ശ്രീബലിപ്പുരയില്‍ കൂടി പടിഞ്ഞാറു പോകുമ്പോള്‍ വലതുഭാഗത്തായി ശാസ്താവിന്റെ അമ്പലം കാണാം. ഈ ക്ഷേത്രം ചുറ്റി വിളക്കുമാടത്തിനു പടിഞ്ഞാറുവശത്തുകൂടി നേരെ വടക്കോട്ടുപോയാല്‍ ശ്രീകൃഷ്ണന്റെ തിരുവാമ്പാടി ക്ഷേത്രമായി. അവിടെ പ്രത്യേക കൊടിമരം ഉണ്ട്. തിരുവാമ്പാടിക്കു കിഴക്കായി ക്ഷേത്രപാലകന്റെ ഉപദേവാലയം സ്ഥിതിചെയ്യുന്നു.

പ്രശ്നങ്ങളും സ്വര്‍ണവജ്രശേഖരം കണ്ടെത്തലും

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണവജ്രനിക്ഷേപങ്ങളുള്ള സ്ഥാപനമായി ശ്രീപദ്മനാഭസ്വാമിക്ഷേത്രം ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ക്ഷേത്രത്തിനുള്ളിലെ അഞ്ച് കല്ലറകളേ തുറന്നിട്ടുള്ളൂ. ഇനി ഒരു കല്ലറ കൂടി തുറക്കാനുണ്ട്. അതുകൂടി തുറക്കുകയും കണക്കുകള്‍ തിട്ടപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ യഥാര്‍ഥം അറിയാന്‍ കഴിയൂ. എങ്കിലും ഇതിനകം കണ്ടെത്തിയ സ്വര്‍ണവജ്രങ്ങളുടെ കണക്ക് ഒരുലക്ഷം കോടി വരുമെന്നാണ് പറയുന്നത്. ഇതില്‍ ശ്രീപദ്മനാഭന്റെ ആഭരണങ്ങളും, സ്വര്‍ണ വാഹനങ്ങളും പൂജാ ഉപകരണങ്ങളുമാണ് നാല് കല്ലറകളില്‍ ഉള്ളത്. അത് കാലാകാലങ്ങളില്‍ പുറത്ത് എടുക്കാറുമുണ്ട്. രണ്ട് കല്ലറകളാണ് വര്‍ഷങ്ങളായി തുറക്കാതെ കിടക്കുന്നത്. അതില്‍ ഒന്നാണ് ഇപ്പോള്‍ തുറന്നത്. ഇതില്‍ വന്‍നിധിശേഖരം ഉണ്ടെന്നും രാജ്യത്തിന് ക്ഷാമം തുടങ്ങിയവ സംഭവിക്കുമ്പോള്‍ മാത്രമേ തുറക്കാവൂ എന്നും, അതല്ലെങ്കില്‍ അതിലൂടെ കടല്‍ കടന്നുവരുമെന്നുമുള്ള കഥകള്‍ മുത്തശ്ശിമാര്‍ പറയുമായിരുന്നു. 1880-1885 വരെ തിരുവിതാംകൂര്‍ ഭരിച്ച വിശാഖം തിരുനാള്‍ മഹാരാജാവ് ക്ഷാമം പരിഹരിക്കാന്‍ കല്ലറ തുറന്ന് അല്പം സ്വര്‍ണം എടുത്തുവെന്ന് പറയുന്നുണ്ടെങ്കിലും രേഖയില്ല.

ഇതിനകത്തുകണ്ട സ്വര്‍ണരത്നാഭരണങ്ങളും വിദേശ സ്വര്‍ണനാണയങ്ങളും, വിദേശത്തുള്ള രത്നക്കല്ലുകളും കിരീടങ്ങളും എല്ലാം പരിശോധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ഡച്ച്, പോര്‍ട്ടുഗീസ്, ഫ്രഞ്ച് സ്വര്‍ണ നാണയങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത കതിര്‍മണികളും രത്നക്കല്ലുകള്‍ പതിച്ച വിഗ്രഹങ്ങളും, കിരീടങ്ങളും കണ്ടെത്തിയിട്ടുള്ളതായി അറിയുന്നു. നിധികളെപ്പറ്റി അറിഞ്ഞതോടെ ക്ഷേത്രത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. കമാണ്ടോകളും, പ്രത്യേകം പരിശീലനം സിദ്ധിച്ച പോലീസും ക്ഷേത്രത്തിന്റെ കാവല്‍ ഏറ്റെടുത്തിട്ടുണ്ട്. ക്ഷേത്രത്തിലെത്തുന്നവരെ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും മാധ്യമങ്ങളുടെ വന്‍നിര തന്നെ തിരുവനന്തപുരത്ത് ഉണ്ട്. ലോകത്തെ പ്രധാന പത്രങ്ങളിലെല്ലാം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അളവറ്റ നിധിശേഖരത്തെപ്പറ്റി റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ നിധി എന്തുചെയ്യണമെന്നതിനെപ്പറ്റി വാര്‍ത്താമാധ്യമങ്ങളും, സാമൂഹ്യപ്രവര്‍ത്തകരും, ചരിത്രകാരന്മാരും ചര്‍ച്ച നടത്തുന്നുണ്ട്. നിധി സംബന്ധിച്ച് രാജകുടുംബവുമായി ആലോചിച്ച് എന്തുചെയ്യണമെന്ന് സുപ്രീംകോടതിയില്‍ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചിട്ടുണ്ട്. നിധി ശ്രീപദ്മനാഭന്‍റേതാണെന്നും, തങ്ങള്‍ക്ക് അവകാശമില്ലെന്നും രാജകുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ഇത്ര വലിയ സ്വര്‍ണ, രത്നക്കല്‍ നിക്ഷേപം കല്ലറയില്‍ വന്നതിനെപ്പറ്റി ചരിത്രകാരന്മാരുടെ അനുമാനം പലതാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പണ്ടുമുതലേ വലിയ സമ്പത്ത് ഉണ്ടായിരുന്നു. അത് ക്ഷേത്രത്തിന് നേര്‍ച്ചയായും, പിഴയായും, അന്യരാജ്യങ്ങളിലെ രാജാക്കന്മാര്‍ സംഭാവനയായും നല്‍കിയതും ആയിരിക്കും. 14ാം നൂറ്റാണ്ടുമുതല്‍ ക്ഷേത്രത്തില്‍ വന്‍ ആഭരണം ഉള്ളതായി രേഖയുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ പടയോട്ടത്തിനോടനുബന്ധിച്ച് മറ്റ് രാജ്യങ്ങള്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ ആ രാജ്യങ്ങളിലുള്ള നിധിനിക്ഷേപങ്ങള്‍ മുഴുവനും കൊണ്ടുവന്ന് തന്റെ കുലദൈവമായ ശ്രീപദ്മനാഭന് സമര്‍പ്പിച്ചതായിരിക്കാം. അന്ന് പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ഡെന്മാര്‍ക്കുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങിയവരുമായി കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളുമായി കച്ചവടം നടത്തിയിരുന്ന സമ്പന്നരാജ്യങ്ങളില്‍ പലതിനേയും മാര്‍ത്താണ്ഡവര്‍മ്മ ആക്രമിച്ച് കീഴ്പ്പെടുത്തിയതില്‍പ്പെടുന്നു. മൈസൂറിലെ ടിപ്പുസുല്‍ത്താന്‍ മലബാര്‍ ആക്രമിച്ചപ്പോള്‍ അവിടെ നിന്നും ധാരാളം രാജാക്കന്മാരും, പ്രഭുക്കന്മാരും തിരുവിതാംകൂറില്‍ അഭയംതേടി. അവര്‍ കൊണ്ടുവന്ന് സംഭാവന ചെയ്ത സാധനങ്ങള്‍ അന്നത്തെ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ (ധര്‍മരാജാവ്) ശ്രീപദ്മനാഭന് കാണിക്കയായി നല്‍കിയതായിരിക്കാം. ഇതുകൂടാതെ ടിപ്പു തിരുവിതാംകൂര്‍ ആക്രമിക്കാന്‍ ആലുവാ വരെ എത്തിയതാണ്. അപ്പോള്‍ ധര്‍മ്മരാജാവിന്റെ നിര്‍ദ്ദേശം ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്റെ സ്വത്തുപോലും കല്ലറയിലേക്ക് മാറ്റിയതായിരിക്കും. ടിപ്പുവിനെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തോല്പിച്ചതോടെ തിരുവിതാംകൂര്‍ ഭീഷണിയില്‍ നിന്നും ഒഴിവായി. പദ്മനാഭന്റെ കല്ലറയില്‍ സൂക്ഷിച്ച സമ്പത്ത് പിന്നീട് ധര്‍മ്മരാജാവ് എടുത്തുകാണില്ല. ഇതൊക്കെ ആയിരിക്കാം നിധിശേഖരത്തിന്റെ വഴികള്‍.

അഡ്വ. റ്റി.പി.സുന്ദ൪രാജ൯ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ ചില പ്രശ്നങ്ങളെത്തുടര്‍ന്ന് അഡ്വ. റ്റി.പി.സുന്ദ൪രാജ൯ ഹൈകോടതിയില്‍ കേസു്കൊടുത്തു. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതി വിധി ഉണ്ടായി. ഇത് ചോദ്യംചെയ്ത് രാജകുടുംബാംഗം കൊടുത്ത കേസില്‍ സുപ്രീംക്കോടതി, വിധി സ്റ്റേ ചെയ്യുകയും, ക്ഷേത്രത്തിലെ കല്ലറകള്‍ തുറന്ന് സ്വത്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ഏഴംഗകമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. അവരുടെ നേതൃത്വത്തിലാണ് അഞ്ച് കല്ലറകള്‍ തുറന്നത്. ഇനി ഒരറകൂടി തുറക്കാനുണ്ട്.

ശ്രീപദ്മനാഭസ്വാമിക്ഷേത്രവും രാജകൊട്ടാരവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ സംബന്ധിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആത്മബന്ധം സ്വാതന്ത്ര്യത്തിനുശേഷവും തുടര്‍ന്നു. രാജ്യം നഷ്ടപ്പെട്ട് സാധാരണ പൗരനായിട്ടുപോലും ശ്രീപദ്മനാഭദാസനായി തന്നെ അവസാനത്തെ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ജീവിച്ചു. അദ്ദേഹത്തിന്റെ എളിയ ജീവിതവും ആരോടുമുള്ള സൗമ്യമനോഭാവവും, വിവാദങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലും ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചു. രാജ്യവും അധികാരവും നഷ്ടപ്പെട്ടുവെങ്കിലും പൊന്നുതമ്പുരാന്‍ ആയി അനന്തപുരിയിലെ ജനങ്ങള്‍ അദ്ദേഹത്തെ കണ്ടു. രാവിലേയും വൈകുന്നേരവുമുള്ള ക്ഷേത്രദര്‍ശനവും, ആണ്ടില്‍ രണ്ടുപ്രാവശ്യം നടക്കുന്ന ആറാട്ടിലുള്ള എഴുന്നള്ളത്തും അദ്ദേഹം ആരോഗ്യം അവഗണിച്ച് അവസാന നിമിഷം വരെ തുടര്‍ന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിന്റെ അടുത്തദിവസമായിരുന്നു ഒരു പ്രാവശ്യത്തെ ആറാട്ട്. ചടങ്ങുകള്‍ മാത്രമാക്കി, കറുത്ത പുളിയിലകര നേരിയത് ധരിച്ചാണ് മഹാരാജാവ് അന്ന് ശ്രീപദ്മാഭസ്വാമിക്ക് അകമ്പടി സേവിച്ചത്. ഇന്ദിരാഗാന്ധിയുടെ ചിതാഭസ്മം തലസ്ഥാനത്ത് കൊണ്ടുവന്നപ്പോള്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ മഹാരാജാവും എത്തിയിരുന്നു. 1991 ജൂലായ് 19ന് അര്‍ധരാത്രിക്കുശേഷമാണ് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ് ലോകത്തോട് വിടപറഞ്ഞത്. 78 വയസായിരുന്നു പ്രായം. അടുത്ത ദിവസം ഔദ്യോഗിക ബഹുമതികളോടെയാണ് കവടിയാര്‍ കൊട്ടാരവളപ്പില്‍ അദ്ദേഹത്തെ സംസ്കരിച്ചത്. അതിനുശേഷം രാജകുടുംബത്തിലെ കാരണവരായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭദാസനായി. നിലവറകളിലെ കണക്കെടുപ്പ് തുടരുന്നു അതിനിടയില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (91) 2013 ഡിസംബര്‍ 16ന് അന്തരിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ യുവരാജ് അഥവാ ഇളയരാജസ്ഥാനം നല്‍കിയിരുന്ന ഇന്ത്യന്‍ രാജകുടുംബങ്ങളില്‍ കാരണവരായിരുന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ.

മൂലം തിരുനാള്‍ രാമവര്‍മ്മ

അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് അനന്തിരവന്‍ മൂലം തിരുനാള്‍ രാമവര്‍മ്മ ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ ട്രസ്റ്റിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ മുറജപവും ലക്ഷദ്വീപവും എല്ലാം നടന്നത്. ഇതിനിടയിലാണ് ക്ഷേത്രത്തിലെ ഭരണത്തെപ്പറ്റിയും സ്വര്‍ണം ചോരുന്നു എന്ന ആക്ഷേപത്തേയുംപറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തെ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. അദ്ദേഹം ക്ഷേത്രത്തിന്റെ നടത്തിപ്പ്, ഭരണം, അഴിമതി, സ്വര്‍ണം കടത്ത് എന്നിവ സംബന്ധിച്ച് ഗുരുതരമായ ആക്ഷേപങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് നല്‍കി. ക്ഷേത്രഭരണം രാജകുടുംബത്തില്‍ നിന്നും വേര്‍പെടുത്തണമെന്ന് അമിക്കസ് ക്യൂറി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ക്ഷേത്രഭരണത്തിന് ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ക്ഷേത്രത്തിലെ നമ്പി, തന്ത്രി, ജില്ലാജഡ്ജി തീരുമാനിക്കുന്ന വ്യക്തി, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വ്യക്തി എന്നിവരാണ് ഭരണസമിതിയിലുള്ളത്. തിരുവനന്തപുരം മുന്‍കളക്ടര്‍ കെ.എന്‍. സതീഷിനെ പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. അതേസമയം ക്ഷേത്രാചാരങ്ങളും ചടങ്ങുകളും നടത്തേണ്ട ട്രസ്റ്റി രാജകുടുംബത്തിലെ മൂലം തിരുനാള്‍ രാമവര്‍മ്മ തന്നെയായിരിക്കും. ക്ഷേത്രകാര്യങ്ങള്‍ ഭരണസമിതി അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തെ സംബന്ധിച്ച കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ മുന്‍ സി.എ.ജി. വിനോദ് റോയിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജസ്റ്റിസ് ആര്‍.എം. ലോധയും, ജസ്റ്റിസ് എ.കെ. പട്നായിക്കും ഏപ്രില്‍ 2014 ഏപ്രില്‍ 24ന് നടത്തിയ ഇടക്കാലവിധി ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ചരിത്രത്തില്‍ പുതിയ വഴിത്തിരിവാണ്. ആചാരങ്ങള്‍ പതിവുതെറ്റാതെ ഇന്നും തുടരുന്നു.

ഹിരണ്യഗര്‍ഭവും ഡച്ചുകാരുടെ സ്വര്‍ണവും

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നടത്തിയ രണ്ടു ചടങ്ങുകളാണ് തുലാപുരുഷദാനവും ഹിരണ്യഗര്‍ഭവും. മഹാരാജാവിനെ ത്രാസിന്റെ ഒരു ഭാഗത്ത് ഇരുത്തിയശേഷം മറുത്രാസില്‍ അത്രയും സ്വര്‍ണം വയ്ക്കുകയും, അതിനുശേഷം ആ സ്വര്‍ണം കൊണ്ട് വിവിധ നാണയങ്ങള്‍ ഉണ്ടാക്കി ബ്രാഹ്മണര്‍ക്ക് നല്‍കുന്ന ചടങ്ങാണ് തുലാപുരുഷദാനം.

ഉദ്ദേശം പത്തടി പൊക്കവും എട്ടടി ചുറ്റളവും, താമരപ്പൂവിന്റെ ആകൃതിയിലുള്ളതുമായ സ്വര്‍ണപാത്രം നിര്‍മ്മിച്ച് അതില്‍ നെയ്യ്, പാല്‍, ശുദ്ധജലം എന്നിവ അടങ്ങിയ പഞ്ചഗവ്യം നിറയ്ക്കുന്നു. ബ്രാഹ്മണരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടത്തിയ ശേഷം മഹാരാജാവ് ദേഹം ശുദ്ധിയാക്കിയ ശേഷം ഈ പാത്രത്തിലേക്ക് ഇറങ്ങി മുങ്ങുന്നു. അപ്പോള്‍ വൈദികന്‍ പാത്രത്തില്‍ സ്വര്‍ണ അടപ്പ് കൊണ്ടുമൂടുന്നു. പുറത്തുള്ള വൈദികര്‍ മന്ത്രോച്ചാരണവും ചടങ്ങുകളും നടത്തുന്നതിനിടയില്‍ മഹാരാജാവ് അഞ്ചുപ്രാവശ്യം പാത്രത്തില്‍ മുങ്ങുന്നു. പിന്നീട് മഹാരാജാവ്, പുറത്തു വരുന്നു. ഇതാണ് "ഹിരണ്യഗര്‍ഭം" എന്ന ചടങ്ങ്. പുറത്തുവന്ന മഹാരാജാവിനെ പ്രധാന വൈദികര്‍ " കുലശേഖര പെരുമാള്‍ " എന്ന് ഉദ്ധരിച്ചുകൊണ്ട് ശിരസ്സില്‍ പൊന്‍കിരീടം വയ്ക്കുന്നു. ഇതോടെയാണ് മഹാരാജാവ് " പൊന്നുതമ്പുരാന്‍ " ആകുന്നത്. ഇതിന് ഉപയോഗിച്ച സ്വര്‍ണപാത്രം മുറിച്ച് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യുന്നു. ഇതിനുവേണ്ടി ഡച്ചുകാരില്‍ നിന്നും സ്വര്‍ണം ആവശ്യപ്പെട്ടതായി രേഖ ഉണ്ട്.

top