സ്വാതന്ത്ര്യസമരവും മലബാറും

ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പല പാര്‍ട്ടികളും ഒന്നിച്ചു. ആകെയുള്ള 30 അസംബ്ലി സീറ്റുകളില്‍ നാലു സീറ്റുകളും ഏഴ് ലോകക്സഭാസീറ്റുകളില്‍ പാലക്കാട് സംവരണസീറ്റു (വെള്ള ഈച്ചരന്‍) മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാജാജി മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ച് കെ.പി.കുട്ടിക്കൃഷ്ണന്‍ നായര്‍ മന്ത്രിയായി. കെ.പി.സി.സി തിരഞ്ഞെടുപ്പില്‍ കെ.പി. മാധവന്‍ നായരെ പരാജയപ്പെടുത്തി എം.വി. കുട്ടിമാളുഅമ്മ പ്രസിഡന്‍റായി. ആവഡി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് മാതൃകയിലുള്ള സാമൂഹ്യക്രമം സ്വീകരിച്ചതോടെ കെ.എ. ദാമോദരമേനോന്‍, നെട്ടൂര്‍ പി. ദാമോദരന്‍, ആര്‍. രാഘവമേനോന്‍, കിനാത്തി നാരായണന്‍, ടി. കൃഷ്ണന്‍, മേലേത്ത് നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കേളപ്പന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയത്തിലേക്ക് നീങ്ങി. 1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍ വന്നതോടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പുതിയ രൂപത്തിലായി.
ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പല പാര്‍ട്ടികളും ഒന്നിച്ചു. ആകെയുള്ള 30 അസംബ്ലി സീറ്റുകളില്‍ നാലു സീറ്റുകളും ഏഴ് ലോകക്സഭാസീറ്റുകളില്‍ പാലക്കാട് സംവരണസീറ്റു (വെള്ള ഈച്ചരന്‍) മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാജാജി മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ച് കെ.പി.കുട്ടിക്കൃഷ്ണന്‍ നായര്‍ മന്ത്രിയായി. കെ.പി.സി.സി തിരഞ്ഞെടുപ്പില്‍ കെ.പി. മാധവന്‍ നായരെ പരാജയപ്പെടുത്തി എം.വി. കുട്ടിമാളുഅമ്മ പ്രസിഡന്‍റായി. ആവഡി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് മാതൃകയിലുള്ള സാമൂഹ്യക്രമം സ്വീകരിച്ചതോടെ കെ.എ. ദാമോദരമേനോന്‍, നെട്ടൂര്‍ പി. ദാമോദരന്‍, ആര്‍. രാഘവമേനോന്‍, കിനാത്തി നാരായണന്‍, ടി. കൃഷ്ണന്‍, മേലേത്ത് നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കേളപ്പന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയത്തിലേക്ക് നീങ്ങി.
 1885

ഡിസംബര്‍ 28ന് ബോംബെയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍ പങ്കെടുത്ത 72 പ്രതിനിധികളില്‍ തിരുവനന്തപുരത്തുനിന്നുള്ള ഒരു കേശവപിള്ളയും ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം ആരാണെന്ന് ഇന്നും അറിയില്ല.


 1987

1987 - 1897 അമരാവതിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലയാളിയായ സര്‍ സി. ശങ്കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.


 1898

ഡോ. അയ്യത്താന്‍ ഗോപാലന്‍ കോഴിക്കോട്ടു സ്ഥാപിച്ച ബ്രഹ്മസമാജം ദേശീയതയുടെ ആക്കംകൂട്ടി.


 1903

സേലം വിജയരാഘവാചാരിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് രാഷ്ട്രീയ സമ്മേളനം


 1910

ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ ആദ്യ ശാഖ കോഴിക്കോട്ട് സ്ഥാപിച്ചു. സി. കുഞ്ഞിരാമമേനോന്‍ ആയിരുന്നു അതിന്റെ സെക്രട്ടറി


 1915

കെ.പി. കേശവമേനോന്‍ ഇംഗ്ലണ്ടില്‍നിന്നും കോഴിക്കോട്ട് എത്തി വക്കീലായി പ്രാക്ടീസ് ആരംഭിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി കോണ്‍ഗ്രസ് പ്രവര്‍ത്തനം സജീവമായി. അദ്ദേഹം സെക്രട്ടറിയും കെ.പി. രാമന്‍ മേനോന്‍ പ്രസിഡന്‍റുമായി കോണ്‍ഗ്രസ് കമ്മിറ്റി രൂപംകൊണ്ടു. മഞ്ചേരി രാമയ്യര്‍ പ്രസിഡന്‍റായി ഹോംറൂള്‍ ശാഖയും കോഴിക്കോട്ട് ഉണ്ടായി. കോണ്‍ഗ്രസ്സില്‍ കൂടുതല്‍ വക്കീലന്മാരും മറ്റുള്ളവരും ആകര്‍ഷിക്കാന്‍ തുടങ്ങി. കെ. മാധവന്‍നായര്‍, അച്യുതന്‍ വക്കീല്‍ തുടങ്ങിയവര്‍ ഇതില്‍പെടുന്നു.


 1916

മെയ് 4,5 - പാലക്കാട്ട് ഒന്നാംമലബാര്‍ ജില്ലാ രാഷ്ട്രീയ സമ്മേളനം ആനിബസന്‍റിന്റെ അധ്യക്ഷതയില്‍ കൂടി. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു. ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ് പൂര്‍ണസ്വാതന്ത്ര്യപ്രമേയം അംഗീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.


 1917

കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് രണ്ടാം ജില്ലാസമ്മേളനം നടത്താനുള്ള അനുവാദം കളക്ടര്‍ നിഷേധിച്ചു. സമ്മേളനം ചാലപ്പുറത്ത് കെ.പി. രാമന്‍മേനോന്റെ വീടിനു മുമ്പിലാക്കി. സി.പി. രാമസ്വാമി അയ്യര്‍ സമ്മേളന അധ്യക്ഷന്‍. ആനിബസന്‍റും സന്നിഹിതരായിരുന്നു.


 1917

ഒന്നാംലോകമഹായുദ്ധത്തിന് സഹായംനല്‍കാന്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ കളക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ ബഹിഷ്കരണം.


 1918

മൂന്നാം രാഷ്ട്രീയ സമ്മേളനം തലശ്ശേരിയില്‍


 1919

രാഷ്ട്രീയസമ്മേളനം വടകരയില്‍


 1920

രാഷ്ട്രീയസമ്മേളനം മഞ്ചേരിയില്‍


 1920

ആഗസ്റ്റ് 18 - ഗാന്ധിജി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഖിലാഫത്ത് പ്രചരണാര്‍ഥം കോഴിക്കോട് എത്തി.


 1920

നാഗ്പൂരില്‍ ചേര്‍ന്ന ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് സമ്മേളന നിര്‍ദേശപ്രകാരം മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ ഉള്‍പ്പെടുത്തി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം പുതിയ കമ്മിറ്റി നിലവില്‍വന്നു. സെക്രട്ടറിയായി കെ. മാധവന്‍നായരെയും ജോയിന്‍റ് സെക്രട്ടറിയായി യു. ഗോപാലമേനോനെയും തിരഞ്ഞെടുത്തു.


 1921

ഫെബ്രുവരി 15 - കോഴിക്കോട്ട് ഖിലാഫത്ത് പ്രരണം കൂടാന്‍ കെ.പി.സി.സി. തീരുമാനിച്ചു. ഇതിന് ദേശീയ നേതാവായ യാക്കൂബ് ഹസ്സന്‍ കോഴിക്കോട്ട് എത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചു. യാക്കൂബ് ഹസ്സനെയും കെ. മാധവന്‍നായരെയും ഗോപാലമേനോനെയും പൊന്‍മാടത്ത് മൊയ്തീന്‍ കോയയെയും പോലീസ് അറസ്റ്റ് ചെയ്തു. അവരെ കോടതി ആറുമാസത്തേക്ക് ശിക്ഷിച്ചു.


 1921

കെ.പി.സി.സിയുടെ ഒന്നാം സമ്മേളനം ഒറ്റപ്പാലത്ത്. മലയാളക്കരയുടെ എല്ലാ ഭാഗത്തുനിന്നും പ്രതിനിധികള്‍ പങ്കെടുത്തു. സമ്മേളന അധ്യക്ഷന്‍ "ഇന്‍ഡിപ്പെന്‍ഡന്‍റ്" പത്രാധിപര്‍ ജോര്‍ജ് ജോസഫും ഖിലാഫത്ത് സമ്മേളന അധ്യക്ഷന്‍ സെയ്യദ് മുത്താസാഹിബും ആയിരുന്നു. പോലീസ് പ്രകോപനം സൃഷ്ടിച്ചു. സ്വാഗതസംഘം സെക്രട്ടറി പി. രാമുണ്ണിമേനോനെ മര്‍ദിച്ചു. പോലീസ് കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദിച്ചു. പോലീസ് മര്‍ദനത്തെപ്പറ്റി അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. കെ. മാധവന്‍നായര്‍ ജയിലിലായതിനെ തുടര്‍ന്ന് കെ.പി. കേശവമേനോനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.


 1921

(ആഗസ്റ്റ് മുതല്‍ 1922 ജനുവരി വരെ) മലബാര്‍ ലഹള. (ഏഴുമാസം നീണ്ടുനിന്ന ലഹളയില്‍ 2399 പേര്‍ കൊല്ലപ്പെട്ടു. 1652 പേര്‍ക്ക് പരിക്ക്. 45303 പേര്‍ തടവുകാര്‍ ഇത് ഔദ്യോഗികകണക്ക്. യാഥാര്‍ഥ്യം ഇതില്‍ കൂടുതലാണ്). ഈ ലഹളയില്‍ പ്രധാനമാണ് 1921 നവംബര്‍ 10ാം തീയതി തീവണ്ടിയില്‍ അടച്ചുമൂടിയ ഗുഡ്സ് വാഗണില്‍ തിരൂരില്‍നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ തടവുകാരില്‍ 60 പേര്‍ ശ്വാസംമുട്ടി മരിച്ച സംഭവം.


 1923

മാര്‍ച്ച് 18 - കോണ്‍ഗ്രസ് വാര്‍ത്തകള്‍ നല്‍കാന്‍ "മാതൃഭൂമി" പ്രസിദ്ധീകരിച്ചുതുടങ്ങി. മെയ് : കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് സമ്മേളനം. സരോജിനി നായിഡു അധ്യക്ഷത വഹിച്ചു. ആലി സഹോദരന്മാരുടെ അമ്മ ബീയുമ്മയും രാജഗോപാലാചാരി, ദേവദാസ് ഗാന്ധി എന്നിവരും സംബന്ധിച്ചു. മലബാര്‍ ലഹളയെക്കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. ജന്മികുടിയാന്‍ ബന്ധം, കേരളത്തില്‍ നിലനില്‍ക്കുന്ന അയിത്തം എന്നിവയെപ്പറ്റി ചര്‍ച്ച നടന്നു.


 1924

ഏപ്രില്‍ 1 - വക്കം സത്യാഗ്രഹം


 1924

ഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന കെ.പി.സി.സി. യോഗം സംഘടനയ്ക്ക് പ്രസിഡന്‍റ് വേണമെന്ന് തീരുമാനിച്ചു.


 1925

മാര്‍ച്ച് 8 - ഗാന്ധിജി കേരളത്തില്‍. വൈക്കം സത്യാഗ്രഹികളെ സന്ദര്‍ശിച്ചു. ജൂലൈ 20ന് ചേര്‍ന്ന കെ.പി.സി.സി.യോഗം കെ.മാധവന്‍നായരെ സംഘടനയുടെ ഒന്നാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുത്തു.


 1927

ഏപ്രിലില്‍ കോഴിക്കോട് ചേര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ "ബോംബെ ക്രോണിക്കിള്‍" പത്രാധിപര്‍ ഹോര്‍ണിമാന്‍ അധ്യക്ഷത വഹിച്ചു.


 1927

ഒക്ടോബര്‍ 9 - ഗാന്ധിജിയുടെ മൂന്നാം കേരള സന്ദര്‍ശനം


 1928

സൈമണ്‍ കമ്മീഷനെതിരെ മലബാറിനെങ്ങും ശക്തമായ പ്രതിഷേധം. കോഴിക്കോട് ടൗണ്‍ഹിളില്‍ കമ്മീഷനെതിരെ പ്രതിഷേധയോഗം. വി.വി. ഗിരിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയിലെ റെയില്‍വേ തൊഴിലാളികളുടെ പണിമുടക്ക് മലബാറിലും പ്രകടമായി.


 1928

മെയ് 25 - പയ്യന്നൂരില്‍ ചേര്‍ന്ന രാഷ്ട്രീയ സമ്മേളനത്തില്‍ ജവഹര്‍ലാല്‍ നെഹ്രു അധ്യക്ഷത വഹിച്ചു. "പൂര്‍ണസ്വരാജ്" ആണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കാനുള്ള പ്രമേയം പാസ്സാക്കി.


 1930

മാര്‍ച്ച് 12 - ഉപ്പുനിയമം ലംഘിക്കാന്‍ ഗാന്ധിജിയും അനുയായികളും ദണ്ഡിയാത്ര ആരംഭിച്ചു. 70 അനുയായികളില്‍ സി. കൃഷ്ണന്‍നായര്‍, ചാപ്പന്‍നായര്‍, ടൈറ്റസ്, ശങ്കരന്‍ എഴുത്തച്ഛന്‍, രാഘവ പൊതുവാള്‍ എന്നീ മലയാളികളും.


 1930

ഏപ്രില്‍ 6 - ഗാന്ധിജി ഉപ്പുനിയമം ലംഘിച്ച ദിവസം തന്നെ "മാതൃഭൂമി" ദിനപത്രമായി. കേരളത്തിലെ ഉപ്പുസത്യാഗ്രഹം പയ്യന്നൂരില്‍ നടത്താന്‍ കെ.പി.സി.സി. തീരുമാനിച്ചു.


 1930

ഏപ്രില്‍ 13 - പയ്യന്നൂര്‍ ഉപ്പുസത്യാഗ്രഹത്തിന് കേളപ്പന്റെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോടുനിന്നും യാത്ര തിരിച്ചു. മലബാറിലെങ്ങും ഉപ്പുസത്യാഗ്രഹത്തിന്റെ അലയടികള്‍.


 1930

ഏപ്രില്‍ 19 - പാലക്കാട് ഒലവക്കോട് ശബരി ആശ്രമത്തില്‍നിന്നും മറ്റൊരു സംഘം പയ്യന്നൂരിലേക്ക്


 1930

ഏപ്രില്‍ 23 - കേളപ്പന്‍ പയ്യന്നൂരില്‍ ഉപ്പുനിയമം ലംഘിച്ചു. പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹം മലബാറിന്റെ പലഭാഗത്തും അരങ്ങേറി. മെയ്യാരത്ത് ശങ്കരന്റെ നേതൃത്വത്തില്‍ ഉപ്പുകുറുക്കി. എല്ലാ മുസ്ലീങ്ങളും ഉപ്പാസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ മുഹമ്മദ് അബ്ദുറഹിമാന്റെ ആഹ്വാനം


 1930

മേയ് 5 - ഗാന്ധിജിയുടെ അറസ്റ്റിനെ തുടര്‍ന്ന് മലബാര്‍ പ്രതിഷേധ കടലിലായി. പണിമുടക്ക്, വിദേശവസ്ത്ര ബഹിഷ്കരണം, ഹര്‍ത്താല്‍ തുടങ്ങിയവ ശക്തമായി.മേയ് 12 - കോഴിക്കോട്ട് കടപ്പുറത്ത് നടന്ന ഉപ്പുകുറുക്കലിനെതിരെ പോലീസ് മര്‍ദ്ദനം. കേളപ്പന്‍, മുഹമ്മദ് അബ്ദു റഹ്മാന്‍, കെ. മാധവന്‍നായര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍. കേളപ്പനുപകരം മൊയ്തുമൗലവിയെ സത്യാഗ്രഹകമ്മിറ്റി നേതാവായി തിരഞ്ഞെടുത്തു.


 1930

മേയ് 16 - പൊന്നറ ശ്രീധറും സംഘവും തിരുവിതാംകൂറില്‍നിന്നും ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ മലബാറിലേക്ക് യാത്ര തിരിച്ചു. ഡിസംബര്‍ - കെ.പി.സി.സിയെ നിരോധിച്ചു. മാതൃഭൂമിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.പി.സി.സി. ഓഫീസ് പൂട്ടി സീല്‍ ചെയ്തു. അറസ്റ്റ് ചെയ്യുന്ന നേതാക്കള്‍ അടുത്ത നേതാവിനെ നിയമിക്കുന്ന "ഡിക്ടേറ്റര്‍" (സര്‍വാധിപതി) സമ്പ്രദായം നിലവില്‍വന്നു. ഹസ്സന്‍കോയ, ടി. രാഘവക്കുറുപ്പ്, സാമുവല്‍ അറോണ്‍, എല്‍.എസ്. പ്രഭു, കാര്‍ത്തിയാണിയമ്മ, കുഞ്ഞുലക്ഷ്മിഅമ്മ, മാര്‍ഗരറ്റ് പാവമണി എന്നിവര്‍ ഡിക്ടേറ്റര്‍ ആയി അറസ്റ്റ് വരിച്ചു.


 1931

മാര്‍ച്ച് 5 - ഗാന്ധിഇര്‍വിന്‍ സന്ധിയെ തുടര്‍ന്ന് ഉപ്പുസമരം അവസാനിച്ചു. നേതാക്കള്‍ ജയില്‍മോചിതരായി.


 1931

മാര്‍ച്ച് 15 - കെ.പി.സി.സി. യോഗം കേളപ്പനെ പ്രസിഡന്‍റായും കെ. മാധവന്‍നായരെ സെക്രട്ടറിയുമായി തിരഞ്ഞെടുത്തു.


 1931

മാര്‍ച്ച് 23 - ഭഗത്സിങ്, രാജ്ഗുരു, സുഖദേവ് എന്നിവരെ തൂക്കിക്കൊന്നതിനെതിരെ മലബാറില്‍ പ്രതിഷേധം.


 1931

മേയ് 3 - വടകരയില്‍ ചേര്‍ന്ന രാഷ്ട്രീയ സമ്മേളനം നാട്ടുരാജ്യങ്ങളില്‍ ഉത്തരവാദിത്തഭരണം അനുവദിക്കണമെന്നും സമസ്തഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കണമെന്നും തീരുമാനിച്ചു.


 1931

ആഗസ്റ്റ് 21 - കെ.പി.സി.സി. യോഗം ഹരിജനങ്ങള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രം തുറന്നുകൊടുക്കാന്‍ സത്യാഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. പ്രചാരണത്തിന് കേളപ്പന്‍, മൊയ്യാരത്ത് ശങ്കരന്‍, എ.കെ.ജി എന്നിവരെ ചുമതലപ്പെടുത്തി.


 1931

ആഗസ്ത് 22 - തലശ്ശേരിയില്‍ ദേശീയ മുസ്ലീങ്ങളുടെ സമ്മേളനം അബ്ദുള്‍ റഹ്മാന്‍, മൊയ്തു മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു.


 1931

സെപ്തംബര്‍ 12 - വട്ടമേശസമ്മേനത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജി ലണ്ടനിലെത്തി.


 1931

നവംബര്‍ 1 - ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചു. എ.കെ.ജി. വോളണ്ടിയര്‍ ക്യാപ്റ്റന്‍.


 1931

ഡിസംബര്‍ 26 - എ.കെ.ജിയെ ഗുണ്ടകള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് വ്യാപകപ്രതിഷേധം. ക്ഷേത്രം ഒരു മാസം പൂട്ടിയിട്ടു. സമരം തുടര്‍ന്നു.


 1932

ജനുവരി 4 - വട്ടമേശസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. വ്യാപകമായ പ്രതിഷേധം. കോണ്‍ഗ്രസിനെ നിരോധിച്ചു. മാതൃഭൂമി ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.പി.സി.സി ഓഫീസ് പൂട്ടി മുദ്രവച്ചു. മലബാറില്‍ കോണ്‍ഗ്രസിന്റെ രഹസ്യപ്രവര്‍ത്തനം. സര്‍വാധിപതികളെ ഓരോന്നായി അറസ്റ്റു ചെയ്തു. സമരം ശക്തമായി. ജനുവരി 17- ഏലംകുളത്ത് മനയ്ക്കല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് (ഇ.എം.എസ്) കോണ്‍ഗ്രസ് സര്‍വാധിപതിയായി അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ കോടതി നൂറുരൂപ പിഴയും മൂന്നുവര്‍ഷം കഠിനതടവിനും വിധിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്ത്രീകള്‍ അറസ്റ്റ് വരിക്കാന്‍ തുടങ്ങി. എ.വി. കുട്ടിമാളുഅമ്മ രണ്ടു വയസ്സുപ്രായമുള്ള കുഞ്ഞുമായി ജയിലിലേക്ക്. കമലപ്രഭുവിനോട് മജിസ്ട്രേറ്റ് മംഗല്യസൂത്രം (കെട്ടുതാലി) അഴിച്ചുമാറ്റിച്ച സംഭവം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍പോലും പിന്നീട് ചര്‍ച്ചയായി.


 1932

സെപ്റ്റംബര്‍ 20 - ഗാന്ധിജി യര്‍വാദ ജയിലില്‍ നിരാഹാരം തുടങ്ങി.


 1932

സെപ്റ്റംബര്‍ 21 - കേളപ്പന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്നില്‍ നിരാഹാരം തുടങ്ങി. നാടെങ്ങും പ്രതിഷേധം


 1932

സെപ്റ്റംബര്‍ 26 - പുനാ കരാറിനെ തുടര്‍ന്ന് ഗാന്ധിജി നിരാഹാം അവസാനിപ്പിച്ചു.


 1932

ഒക്ടോബര്‍ 2 - ഗാന്ധിജിയുടെ ഉപദേശത്തെ തുടര്‍ന്ന് കേളപ്പന്‍ നിരാഹാരസത്യാഗ്രഹം അവസാനിപ്പിച്ചു.


 1932

ഡിസംബര്‍ 3 - ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ ക്ഷേത്രപ്രവേശനം സംബന്ധിച്ച് സവര്‍ണരില്‍ നിന്നും ഹിതപരിശോധനാഫലം ക്ഷേത്രം സമസ്തഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കണമെന്നായിരുന്നു. കേളപ്പനും മാധവന്‍നായരും കൂടി അത് ജയിലിലെത്തി ഗാന്ധിജിക്ക് സമര്‍പ്പിച്ചു.


 1933

സെപ്റ്റംബര്‍ 29 - കെ. മാധവന്‍നായരുടെ മരണം മലബാറിനെ ശോകമൂകമാക്കി.


 1934

ജനുവരി - ഗാന്ധിജി കേരളത്തില്‍ (നാലാം സന്ദര്‍ശനം). ഈ സന്ദര്‍ശനത്തിലാണ് മാതൃഭൂമിയിലും കോഴിക്കോട് ടൗണ്‍ഹാളിലും മാധവന്‍നായരുടെ ചിത്രം ഗാന്ധി അനാച്ഛാദനം ചെയ്തത്. ഒക്ടോബര്‍ - ഗാന്ധി കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചത് മലബാറിലെ ജനലക്ഷങ്ങളെ വേദനിപ്പിച്ചു.


 1934

ഏപ്രില്‍ - ഇന്ത്യയില്‍ രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇന്ത്യാ ഗവണ്‍മെന്‍റ് നിരോധിച്ചു.


 1934

മെയ് - അഖിലേന്ത്യ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായി. കമ്യൂണിസ്റ്റ് ആഭിമുഖ്യമുള്ള കോണ്‍ഗ്രസ്സുകാര്‍ അതില്‍ ആകൃഷ്ടരായി. മലബാറില്‍ ഇ.എം.എസ്, പി. കൃഷ്ണപിള്ള തുടങ്ങിയ ചെറുപ്പക്കാര്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു. അങ്ങനെ കോണ്‍ഗ്രസ്സില്‍ ഇടതുവലതുവിഭാഗം രൂപംകൊണ്ടു.


 1934

ഒക്ടോബര്‍ - കെ.പി.സി.സി. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവിഭാഗത്തിന് വിജയം. ഇ.എം.എസ്. നമ്പൂതിരിപ്പാടും സി.കെ. ഗോവിന്ദന്‍നായരും സെക്രട്ടറിമാരായി. പി. കൃഷ്ണപിള്ള കെ.പി.സി.സി.പ്രവര്‍ത്തക സമിതിയില്‍. ഇടതുപക്ഷ വിഭാഗത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കോങ്ങാട്ടില്‍ രാമന്‍മേനോന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. എ.കെ.ജി. താത്ക്കാലികപ്രസിഡന്‍റായി.


 1935

മെയ് - കെ.പി.സി.സി. യിലെ ഇടത് വലത് സംഘര്‍ഷം രൂക്ഷം. അബ്ദുള്‍ റഹ്മാന്‍ സാഹിബും സംഘവും ഇടതുപക്ഷത്തോട് സഹകരിച്ചു. മെയ് 28ന് കോഴിക്കോട് നടന്ന സംസ്ഥാന രാഷ്ട്രീയസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ടി. പ്രകാശത്തിന്റെ മധ്യസ്ഥതയില്‍ രണ്ട് വിഭാഗത്തെയും ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ചു. ഇതനുസരിച്ച് ഇ.എം.എസ്. സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഇതോടെ കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ പ്രസിഡന്‍റും കോഴിപ്പുറത്ത് മാധവമേനോന്‍ സെക്രട്ടറിയുമായി. ഒത്തുതീര്‍പ്പിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല.


 1935

ഡിസംബര്‍ - ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് "ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്" എന്ന ഗ്രന്ഥം മൊയ്യാരത്ത് ശങ്കരനും "കോണ്‍ഗ്രസ്സും കേരളവും" എന്ന പുസ്തകം ബാരിസ്റ്റര്‍ ജി.കെ.പിള്ളയും രചിച്ചു.


 1936

ഇന്ത്യാആക്ട് പ്രകാരം മദ്രാസ് നിയമസഭയിലേക്ക് മലബാറില്‍നിന്ന് സ്ഥാനാര്‍ഥികളായ കോങ്ങാട്ടില്‍ രാമന്‍മേനോന്‍, മുഹമ്മദ് അബ്ദുല്‍ റഹിമാന്‍, ആര്‍. രാഘവമേനോന്‍, എം.പി. ദാമോദരന്‍, പി. അച്യുതന്‍, പോത്തേരി മാധവന്‍, സി.കെ. ഗോവിന്ദന്‍നായര്‍, അമ്പലക്കാട്ടു കരുണാകരമേനോന്‍, ഇ. കണ്ണന്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവരെ തിരഞ്ഞെടുത്തു. അസംബ്ലി തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന ഡിസ്ട്രിക്ട് ബോര്‍ഡിലും നാലു മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയം. കെ. കേളപ്പന്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായി.


 1937

ജൂലൈ - മദ്രാസില്‍ രാജാജിയുടെ മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ച് കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ നിയമജയില്‍ മന്ത്രിയായി.


 1938

ഫെബ്രുവരി 23 - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഹരിപുര സമ്മേളനതീരുമാനപ്രകാരം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപംകൊണ്ടു. അതിനെതിരെ ദിവാന്‍ സര്‍. സി.പി. രാമസ്വാമിഅയ്യരുടെ അടിച്ചമര്‍ത്തലില്‍ മലബാറിലും പ്രതിഷേധം.


 1938

സെപ്റ്റംബര്‍ 9 - കെ.പി.സി.സി.യുടെ നിര്‍ദേശപ്രകാരം തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെതിരെ സര്‍. സി.പി.നടത്തുന്ന മര്‍ദനങ്ങളില്‍ പ്രതിഷേധിക്കാന്‍ എ.കെ.ജി യുടെ നേതൃത്വത്തില്‍ മലബാര്‍ജാഥ നടത്താന്‍ കോഴിക്കോട് കടപ്പുറത്ത് പൊതുയോഗം.


 1938

സപ്തംബര്‍ 19 - എ.കെ.ജി.യെ ആലുവയില്‍വച്ച് അറസ്റ്റ് ചെയ്തു.


 1939

ജനുവരി 3 - മന്ത്രി കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ അന്തരിച്ചു. ഈ ഒഴിവിലേക്ക് പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ഇ.എം.എസ്. വിജയിച്ചു. പിണറായിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗത്തിന്റെ യോഗം കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. വളരെ വേഗത്തില്‍ തൊഴിലാളികളെയും കര്‍ഷകരെയും അണിനിരത്തി അവര്‍ ശാഖകള്‍ രൂപീകരിക്കാന്‍ തുടങ്ങി.


 1939

ഒക്ടോബര്‍ - രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മന്ത്രിമാര്‍ എല്ലാം രാജിവച്ചു.


 1940

സെപ്റ്റംബര്‍ 6 - എ.ഐ.സി.സി. സമ്മേളനം ഗാന്ധിജിയുടെ നേതൃത്വത്തില്‍ വ്യക്തിസത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മലബാറിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള കെ.പി.സി.സി. സപ്തംബര്‍ 15 "മര്‍ദന ദിന"മായി ആചരിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഫലമായി മലബാറിന്റെ പലഭാഗത്തും സംഘര്‍ഷവും വെടിവെപ്പും ഉണ്ടായി. (കൂടുതല്‍ അറിയാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന ഭാഗം നോക്കുക)


 1940

ഒക്ടോബര്‍ - മലബാറിലെ ഇടതുപക്ഷ കെ.പി.സി.സി. പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റി രൂപീകരിക്കുന്നു. മലബാറില്‍ വ്യക്തഗത സത്യാഗ്രഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍.


 1942

ആഗസ്റ്റ് 8 - ബോംബെയിലെ ഗോവാലിയാ ടാങ്ക് മൈതാനത്ത് ചേര്‍ന്ന എ.ഐ.സി.സി.യോഗം "ക്വിറ്റ് ഇന്ത്യ" പ്രമേയം (ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക) പ്രമേയം പാസാക്കി. ഗാന്ധിജി, നെഹ്റു അടക്കം നേതാക്കള്‍ അറസ്റ്റില്‍. ക്വിറ്റ് ഇന്ത്യ പ്രമേയത്തിന്റെ പ്രതിഫലനം മലബാറിലും.


 1942

സെപ്റ്റംബര്‍ 23 - മലബാര്‍ തീരത്തുള്ള താനൂരില്‍ പ്രത്യക്ഷപ്പെട്ട ബര്‍മയിലെ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാഹസികരായ യുവാക്കളുടെ കപ്പലുകള്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ക്വിറ്റ് ഇന്ത്യ സമരത്തെ സഹായിക്കാനാണ് അവര്‍ എത്തിയത്. അനന്തന്‍ നായര്‍, മുഹമ്മദ് ഗനി, വക്കം അബ്ദുല്‍ ഖാദര്‍, ഈപ്പന്‍, ജോര്‍ജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മലബാറിലെങ്ങും പ്രതിഷേധം. നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പത്രങ്ങളുടെ മുഖപ്രസംഗങ്ങളും സമരവാര്‍ത്തകളും നിരോധിച്ചു. സമരവാര്‍ത്തകള്‍ നല്‍കാന്‍ "സ്വതന്ത്രഭാരതം" എന്ന വാരിക രഹസ്യമായി പ്രസിദ്ധീകരിച്ചു. ക്ഷുഭിതരായ യുവാക്കള്‍ അക്രമപ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. ചേമഞ്ചേരി രജിസ്റ്റര്‍ കച്ചേരി നശിപ്പിച്ചു. കൊയിലാണ്ടിബാലുശ്ശേരി റോഡിലെ ഉള്ള്യേരി പാലം പൊളിച്ചു. നടുവണ്ണൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കത്തിച്ചു. ചോമ്പാലിലെ ഉപ്പുഡിപ്പോ തീയിട്ടു. കോട്ടയം താലൂക്കിലെ പാലങ്ങള്‍ ഡൈനാമിറ്റ് വച്ച് തകര്‍ത്തു. ബോംബ് നിര്‍മിക്കുകയും കീഴരിയൂര്‍ എന്ന സ്ഥലത്തുവച്ച് ഗൂഢാലോചന നടത്തുകയും ചെയ്തു എന്ന് ആരോപിച്ച് 32 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.


 1945

സഖ്യകക്ഷികളുടെ വിജയത്തെ തുടര്‍ന്ന് ലോകമഹായുദ്ധം അവസാനിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പുറത്തുവന്നു. കെ.പി.സി.സിയുടെ നിരോധനം നീക്കി. കെ. മാധവമേനോന്‍ പ്രസിഡന്‍റും സി.കെ. ഗോവിന്ദന്‍നായര്‍ സെക്രട്ടറിയുമായി കെ.പി.സി.സി. പുനഃസംഘടിപ്പിച്ചു. മദ്രാസ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ മിക്കവരും വിജയിച്ചു. ടി. പ്രകാശത്തിന്റെ മന്ത്രിസഭയില്‍ മലബാറില്‍ നിന്നും ആര്‍. രാഘവമേനോനും പിന്നീട് കെ. മാധവമേനോനും മന്ത്രിയായി. ഭരണഘടന നിര്‍മാണ സഭയിലേക്ക് കെ. മാധവമേനോന്‍, അമ്പലക്കാട്ടു കരുണാകരന്‍ മേനോന്‍, ഇ. മൊയ്തുമൗലവി, വി. കുഞ്ഞിരാമന്‍, ദാക്ഷായണി വേലായുധന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഡിസ്ട്രിക്ട് ബോര്‍ഡിലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ചു.


 1948

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്ക് ധാരാളം കോണ്‍ഗ്രസ് നേതാക്കളും അനുയായികളും മാറി. ഇതില്‍ പ്രധാനനേതാക്കള്‍ പി.എം. കുഞ്ഞുരാമന്‍ നമ്പ്യാരും ഡോ. കെ.ബി. മേനോനും പെടുന്നു. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് വടംവലി ശക്തമായി. സി.കെ. ഗോവിന്ദന്‍ നായരും കെ. കേളപ്പനുമായിരുന്നു ഇരുചേരികളിലും. പിന്നീട് നടന്ന സംഘടനാതിരഞ്ഞെടുപ്പില്‍ കേളപ്പനെ പ്രസിഡന്‍റായും എം. നാരായണക്കുറുപ്പും കെ.എ. ദാമോദരമേനോന്‍ സെക്രട്ടറിയുമായി. ആചാര്യ കൃപലാനി കോണ്‍ഗ്രസ് വിട്ട് "കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി" രൂപീകരിച്ചപ്പോള്‍ കേളപ്പന്‍ അതില്‍ ചേര്‍ന്നു. മലബാറിലെ പല കോണ്‍ഗ്രസ് ഘടകങ്ങളും കേളപ്പന്റെ പിന്നില്‍ അണിനിരന്നു.


 1952

ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പല പാര്‍ട്ടികളും ഒന്നിച്ചു. ആകെയുള്ള 30 അസംബ്ലി സീറ്റുകളില്‍ നാലു സീറ്റുകളും ഏഴ് ലോകക്സഭാസീറ്റുകളില്‍ പാലക്കാട് സംവരണസീറ്റു (വെള്ള ഈച്ചരന്‍) മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. രാജാജി മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ച് കെ.പി.കുട്ടിക്കൃഷ്ണന്‍ നായര്‍ മന്ത്രിയായി. കെ.പി.സി.സി തിരഞ്ഞെടുപ്പില്‍ കെ.പി. മാധവന്‍ നായരെ പരാജയപ്പെടുത്തി എം.വി. കുട്ടിമാളുഅമ്മ പ്രസിഡന്‍റായി.
ആവഡി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് മാതൃകയിലുള്ള സാമൂഹ്യക്രമം സ്വീകരിച്ചതോടെ കെ.എ. ദാമോദരമേനോന്‍, നെട്ടൂര്‍ പി. ദാമോദരന്‍, ആര്‍. രാഘവമേനോന്‍, കിനാത്തി നാരായണന്‍, ടി. കൃഷ്ണന്‍, മേലേത്ത് നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി. കേളപ്പന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് സര്‍വോദയത്തിലേക്ക് നീങ്ങി.


 1956

നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍ വന്നതോടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം പുതിയ രൂപത്തിലായി.



top