കൊല്ലം

കൊല്ലത്തിന്റെ പേരുണ്ടായതിനെപ്പറ്റിയുള്ള വാദങ്ങള്‍ പലതാണ്. പ്രധാനവാദങ്ങള്‍ ഇവയാണ്. കൊല്ലവര്‍ഷാരംഭത്തില്‍ നിന്നാണ് കൊല്ലം ഉണ്ടായത്. "കുളം' കൊല്ലമായി. ഉയര്‍ന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ "കോലില്‍' നിന്നും കൊല്ലം ഉണ്ടായി. ചൈനീസ് ഭാഷയിലെ വിപണി എന്നര്‍ത്ഥം വരുന്ന "ക്വയിലോണ്‍'ല്‍ നിന്നും കൊല്ലം ഉണ്ടായി. കൊല്ലവര്‍ഷാരംഭത്തിന് സാക്ഷിയായ നഗരമാണ് കൊല്ലം.

"കൊല്ലം കണ്ടവന് ഇല്ലംവേണ്ട; കൊച്ചി കണ്ടവന് അച്ചി (ഭാര്യ) വേണ്ട...' എന്ന പാട്ട് ഇന്നും പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നിരിക്കണം ഒരുകാലത്തെ കൊല്ലം. ഒരുകാലത്ത് അറബികള്‍, പേര്‍ഷ്യന്‍സ്, ഗ്രീക്കുകാര്‍, ചീനക്കാര്‍, റോംകാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കച്ചവടക്കാര്‍ ഇവിടെ വ്യാപാരത്തിന് എത്തിയിട്ടുള്ളതായി പറയുന്നു. കൊല്ലത്തുള്ള ചിന്നക്കട. മുമ്പ് ചീനക്കടയായിരുന്നുവെന്നും അഭിപ്രായം ഉണ്ട്. ചിനച്ചട്ടി, ചിനഭരണി തുടങ്ങിയ പല സാധനങ്ങളും ചൈനക്കാര്‍ ഇവിടെ കൊണ്ടുവന്ന വിറ്റിട്ടുള്ളതില്‍ ചിലതാണ്. വിശ്വസഞ്ചാരിയായ മാര്‍ക്കോപോള ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ചൈനയിലെ ഭരണാധികാരി കുബ്ളഖാന്റ പ്രതിനിധിയായിട്ടാണ് മാര്‍ക്കോപോള ഇവിടെയെത്തിയത്. എ.ഡി. 52ല്‍ ക്രിസ്തുശിഷ്യനായ സെന്‍റ് തോമസ് കേരളത്തില്‍ എത്തിയതായും അദ്ദേഹം സ്ഥാപിച്ച പള്ളികളില്‍ ഒന്ന് ഇവിടെയാണെന്നും വിശ്വസിക്കുന്നു. ഒരുകാലത്ത് വേണാടിന്റെ തലസ്ഥാനമായിരുന്നു കൊല്ലം. പിന്നീട് ദേശിങ്ങനാട് രാജ്യത്തിന്റെ ആസ്ഥാനമായി. വേണാടിന്റെ സ്വരൂപങ്ങളില്‍ ഒന്നായ ഇളയടത്ത് സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. കുരുമുളക് ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വലിയ കലവറയായിരുന്നു കൊല്ലം. അതുകൊണ്ടുതന്നെ പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ പോര്‍ട്ടുഗീസുകാരുടേയും പിന്നീട് ഡച്ചുകാരുടേയും ഇംഗ്ലീഷുകാരുടേയും ശ്രദ്ധ ഇവിടം പിടിച്ചുപറ്റി. ആദ്യം എത്തിയത് പോര്‍ട്ടുഗീസുകാരാണ്. പോര്‍ട്ടുഗീസുകാര്‍ ഇവിടെ നിര്‍മ്മിച്ച കോട്ടയുടേയും പണ്ടികശാലയുമാണ് തങ്കശ്ശേരി. അതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും ഉണ്ട്. പോര്‍ട്ടുഗീസുകാരില്‍ നിന്നും തങ്കശ്ശേരി ഡച്ചുകാരും അവരില്‍ നിന്നും ഇംഗ്ലീഷുകാരും പിടിച്ചെടുത്തു. സ്വാതന്ത്ര്യലബ്ധി വരെ ഇത് ഇംഗ്ലീഷ് ഭരണപ്രദേശമായിരുന്നു.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് ആണ് കൊല്ലം (ദേശിങ്ങനാട്), കൊട്ടാരക്കര (ഇളയടത്ത് സ്വരൂപം) തുടങ്ങിയ സ്ഥലങ്ങള്‍ ആക്രമിച്ച് കീഴ്പ്പെടുത്തിയത്. അവ പിന്നെ തിരുവിതാംകൂറിന്റെ ഭാഗമായി. കൊല്ലം നഗരത്തിന്റെ വികസനത്തിന് വേലുത്തമ്പി ദളവയുടെ സേവനം വലുതാണ്. അദ്ദേഹം പുതിയ ചന്തകള്‍ സ്ഥാപിച്ച്, മദ്രാസില്‍ നിന്നും തിരുനെല്‍വേലിയില്‍ നിന്നും കച്ചവടക്കാരെ ക്ഷണിച്ചുവരുത്തി താമസിപ്പിച്ചു. 1811 റസിഡന്‍റ് മണ്‍റോയ്ക്കുവേണ്ടി പണിയിപ്പിച്ചതാണ് ആശ്രാമം എന്ന സ്ഥലത്തെ കൊല്ലം റസിഡന്‍സി. ആതര്‍ എന്ന എന്‍ജിനീയര്‍ ആണ് ഇതിന് നേതൃത്വം കൊടുത്തത്. റസിഡന്‍റിന്റെ ആസ്ഥാനം, ദിവാന്‍ കച്ചേരി, അപ്പീല്‍കോടതി തുടങ്ങിയവയെല്ലാം ആദ്യം കൊല്ലത്തായിരുന്നു. 1803 മുതല്‍ 1830 വരെ ഇംഗ്ലീഷ് പട്ടാളം തമ്പടിച്ചിരുന്നത് കൊല്ലം കന്‍റോണ്‍മെന്‍റിലാണ്. സ്വാതി തിരുനാളിന്റെ കാലത്തോടെയാണ് ദിവാന്‍ കച്ചേരി തലസ്ഥാനത്തേക്ക് മാറ്റിയത്. തിരുവനന്തപുരത്ത് നായര്‍ ബ്രിഗേഡ് ശക്തി പ്രാപിച്ചതോടെ ഇംഗ്ലീഷ് പട്ടാളം പിരിച്ചുവിട്ടു.

ലോകത്ത് ഏറ്റവും വലിയ മുളകുകണ്ടെത്തിയ സ്ഥലം എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള പട്ടാഴി കൊല്ലത്താണ്. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ തെന്മല, ജലസേചനപദ്ധതിയായ കല്ലട, കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ട കായല്‍, വേലുത്തമ്പി ദളവ ഇംഗ്ലീഷുകാര്‍ക്കെതിരെ വിളംബരം നടത്തിയ കുണ്ടറ, വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന അഷ്ടമുടിക്കായല്‍, പ്രസിദ്ധങ്ങളായ കൊട്ടാരക്കര ഗണപതിക്ഷേത്രം, അച്ചന്‍കോവില്‍, കുളത്തുപ്പുഴ, ആര്യങ്കാട് ശാസ്താംക്ഷേത്രങ്ങള്‍, ഓച്ചിറയിലെ പരബ്രഹ്മക്ഷേത്രം, ഇംഗ്ലീഷുകാരുടെ കാലത്ത് തീര്‍ത്ത് പുനലൂരിലെ തൂക്കുപാലം, നീണ്ടകര മത്സ്യബന്ധന തുറമുഖം തുടങ്ങിയവയെല്ലാം കൊല്ലത്താണ്. തിരുവിതാംകൂര്‍ റസിഡന്‍റും ദിവാനുമായിരുന്നു കേണല്‍ മണ്‍റോയുടെ പേരില്‍ അറിയപ്പെടുന്ന മണ്‍റോ തുരുത്ത് സാമൂഹ്യപരിഷ്കര്‍ത്താവും അധ്യാത്മിക നേതാവുമായ ചട്ടമ്പിസ്വാമിയുടെ സമാധിസ്ഥലമായ പന്മന ആശ്രമം, മാതാ അമൃതാനന്ദമയി ദേവിയുടെ ആശ്രമം ആയ വള്ളിക്കാവ് തുടങ്ങിയവയും കൊല്ലത്താണ്.

തേവള്ളിയിലെ കൊട്ടാരം. പന്മന ആശ്രമം ക്വയിലോണ്‍ ബ്രിഡ്ജ് കൊല്ലം റസിഡ‍ന്‍സിയും ഗസ്റ്റ് ഹൗസും. 
കൊല്ലം റെയില്‍വേ ആശുപത്രി കൊല്ലം എന്‍ജിന്‍ഹൗസ്സ് തെന്മല ആര്‍ച്ച്ബ്രിഡ്ജ് പുനലൂരിലെ തൂക്കുപാലം

ഒറ്റനോട്ടത്തില്‍

പ്രാചീനചീനയുമായി വ്യാപാരബന്ധമുള്ള സ്ഥലം കൊല്ലം
വലിപ്പത്തില്‍ : 8ാം സ്ഥാനം
ജില്ലാആസ്ഥാനം : കൊല്ലം
ജില്ലാരൂപീകരണം : 1949 ജൂലൈ 1
വിസ്തീര്‍ണം : 2,491 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 11 (കരുനാഗപ്പള്ളി, കുന്നത്തൂര്‍ (എസ്.സി.), ചവറ,
കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം,
കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍)
താലൂക്കുകള്‍ : 6 (കരുനാഗപ്പള്ളി, കുന്നത്തൂര്‍, പത്തനാപുരം,
കൊട്ടാരക്കര, കൊല്ലം, പുനലൂര്‍)
വില്ലേജുകള്‍ : 104
കോര്‍പ്പറേഷനുകള്‍ : 1
നഗരസഭകള്‍ : 4 (പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 11
ഗ്രാമപഞ്ചായത്തുകള്‍ : 68
ജനസംഖ്യ (2011) : 2635375
പുരുഷന്മാര്‍ : 1246968
സ്ത്രീകള്‍ : 1388407
സ്ത്രീപുരുഷ അനുപാതം : 1113/1000
സാക്ഷരത : 94.09
പ്രധാന നദികള്‍ : കല്ലടയാര്‍, ഇത്തിക്കരയാറ്, അച്ചന്‍കോവില്‍,
പള്ളിക്കലാറ്
കായലുകള്‍ : അഷ്ടമുടി, പരവൂര്‍, ഇടവ, നടയറ

   
കൊല്ലം റസിഡ‍ന്‍സി ക്വയിലോണ്‍ ബ്രിഡ്ജ്
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ സി. എസ്. ഐ ചര്‍ച്ച് കൊല്ലം