കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • പോര്‍ട്ടുഗീസുകാരെ ഓടിക്കാന്‍ ഡച്ച് കപ്പല്‍വ്യൂഹത്തെ കാത്തിരിക്കുന്ന സാമൂതിരിയുടെ കണക്കുകൂട്ടല്‍ തെറ്റുന്നു.
 • മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരത്തില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പ്രതിനിധികള്‍ എത്തുന്നു.
 • 1609
  ഡച്ച് കപ്പല്‍വ്യൂഹത്തെ കാത്ത് സാമൂതിരി

  നിലനില്പിനുവേണ്ടി പോര്‍ട്ടുഗീസുകാര്‍ കേരളത്തില്‍ പാടുപെടുകയാണ്. ഇനി അധികകാലം കേരളമണ്ണില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. രാജാക്കന്മാരുടെ എതിര്‍പ്പ് മാത്രമല്ല, ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും വരവും അവരില്‍ ഭയം ജനിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷുകാര്‍ ഇതുവരെയും കേരളത്തില്‍ എത്തിയിട്ടില്ലെങ്കിലും കച്ചവടസ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. 1600 ഡിസംബര്‍ 31ന് ജന്മംകൊണ്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയായി ക്യാപ്റ്റന്‍ ഹോക്കിന്‍സ് 1609ല്‍ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന്റെ കൊട്ടാരത്തിലെത്തി. പണ്ടികശാല സ്ഥാപിക്കാന്‍ അനുവാദത്തിന് അപേക്ഷ നല്കി. സൂരറ്റില്‍ അവര്‍ക്കു സ്ഥാനം നല്കാമെന്നു ചക്രവര്‍ത്തി പറയുകയും ചെയ്തു. എന്നാല്‍ പോര്‍ട്ടുഗീസുകാരുടെ എതിര്‍പ്പു കാരണം ജഹാംഗീര്‍ ചക്രവര്‍ത്തി അതില്‍ നിന്നു പിന്തിരിഞ്ഞു. പക്ഷേ ഇംഗ്ലീഷുകാരാകട്ടെ തങ്ങളുടെ ശ്രമം വീണ്ടും തുടര്‍ന്നുകൊണ്ടേയിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യന്‍ തീരത്തു കപ്പലുകള്‍ നിരന്തരം വന്നുകൊണ്ടിരുന്നു. വേണ്ടിവന്നാല്‍ പോര്‍ട്ടുഗീസുകാരോട് ഏറ്റുമുട്ടാനുള്ള സംവിധാനങ്ങളോടെയാണ് ഇവരുടെ വരവ്.

  ഡച്ച് നാവികനായ അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്‍ സാമൂതിരി രാജാവുമായി കരാറില്‍ ഒപ്പിട്ടശേഷം നെതര്‍ലന്‍ഡില്‍ നിന്നും പല കപ്പലുകളും കോഴിക്കോട്ടും കേരള തീരത്തും എത്തിക്കൊണ്ടിരുന്നു. 1608 ഒക്ടോബറില്‍ അഡ്മിറല്‍ വെര്‍ഹോഫിന്റെ നേതൃത്വത്തിലുള്ള ഡച്ച് സംഘമാണ് ഇതില്‍ പ്രധാനം. ചുവന്ന മനോഹരമായ തുണിത്തരങ്ങള്‍ , പവിഴം, ആറ് വലിയ മുഖക്കണ്ണാടികള്‍ ‍, പോര്‍ട്ടുഗീസുകാരില്‍ നിന്നും പിടിച്ചെടുത്ത ചെറിയ രണ്ടു തോക്കുകള്‍ , വെള്ളിപ്പിടിയിട്ട പടവാള്‍ ‍, സ്പെയിന്‍ നിര്‍മ്മിത പായ്കള്‍ എന്നിങ്ങനെ സാമൂതിരിക്കുള്ള സമ്മാനവുമായിട്ടായിരുന്നു ഡച്ച് അഡ്മിറല്‍ കരയ്ക്കിറങ്ങിയത്. അദ്ദേഹം കേരളക്കരയില്‍ കാലുകുത്തുമ്പോള്‍ സാമൂതിരിയോടുള്ള ബഹുമാന സൂചകമായി കപ്പലില്‍ നിന്നും വെടിശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു. ആയിരം പട്ടാളക്കാരുടെ അകമ്പടിയോടെയാണ് അഡ്മിറല്‍ ‍, സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയത്. സാമൂതിരിക്കുള്ള സമ്മാനങ്ങള്‍ പെട്ടിയിലാക്കി ഡച്ചുകാര്‍ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. ഇതുകൂടാതെ സാമൂതിരിക്കു നല്‍കാന്‍ കൊണ്ടുവന്ന രണ്ടു ലോഹനിര്‍മ്മിത തോക്കുകള്‍ ആനകളാണ് കൊട്ടാരത്തിലേക്കു വഹിച്ചുകൊണ്ടുവന്നത്. അഡ്മിറലിന് രാജോചിത സ്വീകരണം നല്കിയ സാമൂതിരി അദ്ദേഹവുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു. പോര്‍ട്ടുഗീസുകാരെ കേരളത്തില്‍ നിന്നല്ല ഇന്ത്യയില്‍ നിന്നുതന്നെ കെട്ടുകെട്ടിക്കാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയാണ് സാമൂതിരിയുടെ ചര്‍ച്ച. ഗോവ പിടിച്ചെടുക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇതിനിടയില്‍ സംഭാഷണവിഷയമായി. അതിനു ബിജാപ്പൂര്‍ രാജാവിന്റെ സഹായങ്ങളും ഉണ്ടാകുമെന്നു സാമൂതിരി ഉറപ്പു നല്‍കി. ഡച്ചുകാര്‍ കൊണ്ടുവന്ന സാമഗ്രികള്‍ വില്‍ക്കുന്നതിനും ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.*

  അഡ്മിറല്‍ വെര്‍ഹോഫിന്റെ സന്ദര്‍ശനവും ഒപ്പിട്ട കരാറും വലിയ പ്രതീക്ഷകളാണ് സാമൂതിരിയുടെ മനസ്സില്‍ സൃഷ്ടിച്ചത്. വന്‍ കപ്പല്‍വ്യൂഹം കേരളതീരത്ത് എത്തുമെന്നും പോര്‍ട്ടുഗീസുകാരെ ഓടിക്കുമെന്നും അദ്ദേഹം സ്വപ്നം കണ്ടു. പക്ഷേ, സാമൂതിരിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്.

  പോര്‍ട്ടുഗീസുകാരെ തോല്‍പ്പിക്കാന്‍ ഡച്ച് കപ്പല്‍വ്യൂഹം എത്തിയില്ല. പക്ഷേ സാമൂതിരി പ്രതീക്ഷ കൈവിട്ടില്ല. അദ്ദേഹം പ്രതീക്ഷയോടെ വീണ്ടും കാത്തിരിപ്പു തുടര്‍ന്നു.  * ഉറവിടം : ഡോ.ടി.ഐ.പുന്നന്‍ - ലന്തക്കാര്‍ കേരളത്തില്‍ - എന്‍.ബി.എസ്, കോട്ടയം 1964