കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • കുടുംബപ്രശ്നങ്ങളില്‍ മുഗള്‍ചക്രവര്‍ത്തി ഷാജഹാന്‍
 • ആഭ്യന്തരലഹള നേരിടുന്ന ഇംഗ്ലണ്ടിലെ രാജാവ് ചാള്‍സ് ഒന്നാമന്‍
 • മദ്രാസില്‍ ഇംഗ്ലീഷുകാര്‍ കോട്ടകെട്ടുന്നു
 • ഇരവിക്കുട്ടിപ്പിള്ളയുടെ അന്ത്യം
 • വിഴിഞ്ഞത്ത് ഇംഗ്ലീഷ് ഫാക്ടറി.
 • 1647
  കുരുമുളകിനുവേണ്ടി
  ഡച്ചുകാരും ഇംഗ്ലീഷുകാരും

  യൂറോപ്യന്‍ ശക്തികളായ ഡച്ചുകാരും ഇംഗ്ലീഷുകാരും ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപാരകേന്ദ്രങ്ങള്‍ വിപുലീകരിക്കാന്‍ ഓടി നടക്കുമ്പോള്‍ ഇന്ത്യയിലും, ഇംഗ്ലണ്ടിലും ഭരണമാറ്റങ്ങള്‍ ഉണ്ടായി. 1625ല്‍ ഇംഗ്ലണ്ടിലെ രാജാവ് ജെയിംസ് ഒന്നാമനും, 1627ല്‍ ഇന്ത്യയിലെ പ്രതാപശാലിയായ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറും അന്തരിച്ചു. ഇതേത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇംഗ്ലണ്ടിലെ ചാള്‍സ് ഒന്നാമനും അവിടത്തെ പാര്‍ലമെന്‍റും തമ്മിലുള്ള ശീതസമരം രൂക്ഷമായിരുന്നു. ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ നേരിടുന്നത് കുടുംബപ്രശ്നങ്ങളാണ്. പുതിയ സാഹചര്യം കച്ചവടകേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാന്‍ ഡച്ചുകാര്‍ക്കും, ഇംഗ്ലീഷുകാര്‍ക്കും സഹായകരമായി. ഈ സമയം പോര്‍ട്ടുഗീസ് ശക്തി ഇന്ത്യയില്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ഇന്ത്യയിലെ ഭരണകേന്ദ്രമായ ഗോവയിലാണ് ഡച്ചുകാരുടെ കണ്ണ്.

  ഇംഗ്ലീഷുകാര്‍ 1636ല്‍ കൊച്ചിയില്‍ നിന്നും കുരുമുളക് ഇംഗ്ലണ്ടിലേക്കു കയറ്റുമതി ചെയ്തത് ഡച്ചുകാര്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ചു. 1630 മുതല്‍ മൂന്ന് ദശാബ്ദക്കാലം ചോളമണ്ഡലത്തില്‍ ഡച്ചുകാരുടെ വളര്‍ച്ചയുടെ കാലമായിരുന്നു.

  ഇതിനിടയിലാണ് ഡച്ചുകാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫ്രാന്‍സിസ് ഡേ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി 'മദ്രാസ് ' എന്ന സ്ഥലം വിലയ്ക്കുവാങ്ങി പണ്ടികശാല സ്ഥാപിച്ചത്. അതിനുചുറ്റും അവര്‍ വലിയ കോട്ടകള്‍ കെട്ടി. അതിന് ഫോര്‍ട്ട് സെന്‍റ് ജോര്‍ജ് എന്ന് പിന്നീട് നാമകരണം ചെയ്തു. ഇന്ത്യയിലെ ഇംഗ്ലീഷുകാരുടെ ഭാഗ്യപടിവാതിലായി ഈ കോട്ട മാറുന്നു.

  പോര്‍ട്ടുഗീസുകാരെ അമര്‍ച്ച ചെയ്ത് മലബാറിലെ കുരുമുളകു കുത്തകയുടെ ആധിപത്യം കരസ്ഥ മാക്കുകയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യം. 1645ല്‍ പോര്‍ട്ടുഗീസ് സ്പെയിനിന്റെ ഭാഗമായിരുന്നു. അതോടെയാണ് പോര്‍ച്ചുഗലിന്റെ ശക്തിക്ഷയം തുടങ്ങിയത്. എന്നാല്‍, ഇതിനിടയിലാണ് സ്പാനിഷ് ആധിപത്യത്തില്‍ നിന്നും പോര്‍ട്ടുഗീസ് മോചനം പ്രാപിച്ച വാര്‍ത്ത ഇന്ത്യയിലെത്തിയത്. അത് ഡച്ചുകാരെ നിരാശപ്പെടുത്തിയെങ്കിലും ഗോവ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുമായി അവര്‍ മുന്നോട്ടുപോയി. 1639ല്‍ ഡച്ചുകാര്‍ ഗോവ നോട്ടമിട്ടു തുടങ്ങിയതാണെങ്കിലും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ അവരുടെ ശ്രദ്ധാകേന്ദ്രം സിലോണ്‍ ആയി. അവിടെ നിന്നും പോര്‍ട്ടുഗീസുകാരെ തുരത്തിയാല്‍ അവരുടെ ഇന്ത്യന്‍ വ്യാപാരത്തെ തകര്‍ക്കാന്‍ കഴിയുമെന്ന് ഡച്ചുകാര്‍ കണക്കുകൂട്ടി. ഈ സമയത്ത്, കേരളത്തിന്റെ തെക്കേ അറ്റത്തുള്ള വേണാട്ടിലെ സംഭവവികാസങ്ങള്‍ ഡച്ചുകാരില്‍ ആശങ്കയുണര്‍ത്തി.വിജയനഗര സാമ്രാജ്യത്തിന്റെ അസ്തമയത്തോടെ ശക്തരായിത്തീര്‍ന്ന മധുരയിലെ തിരുമലനായിക്കന്റെ വേണാട് ആക്രമണവും മധുരപ്പടയെ തടുക്കാന്‍ ഇറങ്ങിത്തിരിച്ച ഇരവിക്കുട്ടിപ്പിള്ളയുടെ അന്ത്യവും ഈ കാലഘട്ടത്തിലായിരുന്നു (1634). നായ്ക്കന്റെ ആക്രമണം കാരണം നാഞ്ചിനാട് പ്രദേശങ്ങള്‍ അനാഥമായി. ഒരു വ്യാപാരശാല (ഫാക്ടറി) സ്ഥാപിക്കാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വേണാട് രാജാവ് രവിവര്‍മ്മയെ സമീപിച്ചത് ഈ സമയത്താണ്. 1644ല്‍ വിഴിഞ്ഞത്ത് സ്ഥാപിച്ച ഈ ഇംഗ്ലീഷ് വ്യാപാരശാല ഡച്ചുകാരുടെ ഉറക്കം കെടുത്തി.