കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • താജ്മഹലും റെഡ്ഫോര്‍ട്ടും
 • രാഷ്ട്രം എന്നാല്‍ ഞാനാണ് ഫ്രാന്‍സിലെ ലൂയി പതിനാലാമന്‍
 • ഇംഗ്ലണ്ടില്‍ ചാള്‍സ് ഒന്നാമന്‍ രാജാവിനെ വധിച്ചു അവിടെ ഒളിവര്‍ ക്രോംവെല്ലിന്റെ റിപ്പബ്ലിക് ഭരണം.
 • കൂനന്‍ കുരിശ് കലാപം

  കേരളത്തിലെ ക്രൈസ്തവരെ ലത്തിന്‍ സഭയുടെ കീഴില്‍ കൊണ്ടുവരാനുള്ള പോര്‍ട്ടുഗീസുകാരുടെ ശ്രമം സുറിയാനി ക്രിസ്ത്യാനികള്‍ ആദ്യമേ എതിര്‍ത്തിരുന്നു. ഈ പ്രശ്നം പല പ്രാവശ്യവും അഭിപ്രായ ഭിന്നതയ്ക്കും വഴക്കിനും വഴിതെളിച്ചു. എന്നാല്‍ റോമിലെ പോപ്പിന്റെ ആധിപത്യത്തിനുവേണ്ടി സഭയെ മാറ്റാനുള്ള നീക്കത്തില്‍നിന്ന് പോര്‍ട്ടുഗീസുകാര്‍ പിന്തിരിഞ്ഞില്ല. സെന്‍റ് തോമസ് ക്രിസ്ത്യാനികള്‍ സുറിയാനി ഭാഷയാണ് എക്കാലവും പ്രാര്‍ഥനയ്ക്ക് ഉപയോഗിച്ചിരുന്നത്. സുറിയാനി ഭാഷയ്ക്കുപകരം റോമന്‍ കത്തോലിക്ക മതത്തിന്റെ ലത്തിന്‍ പ്രാര്‍ഥന പോര്‍ട്ടുഗീസുകാര്‍ പള്ളികളില്‍ നിര്‍ബന്ധിച്ച് ഏര്‍പ്പെടുത്തി. അതോടെ പ്രശ്നം രൂക്ഷമായി. സുറിയാനി ക്രിസ്ത്യാനികളുടെ അഭ്യര്‍ഥന അനുസരിച്ച് ബാബിലോണിയയിലെ യാക്കോബായ പാത്രിയാര്‍ക്ക് കേരളത്തിലേക്ക് അയച്ച സുറിയാനി ബിഷപ്പിനെ പോര്‍ട്ടുഗീസുകാര്‍ തടഞ്ഞതോടെ രംഗം വഷളായി. ഇതിനിടയില്‍ സുറിയാനി ബിഷപ്പിനെ വധിച്ചുവെന്ന വാര്‍ത്ത പരന്നു. പ്രക്ഷുബ്ധരായ സുറിയാനി ക്രിസ്ത്യാനികള്‍ 1653ല്‍ മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുമ്പില്‍ തടിച്ചുകൂടി. അവര്‍ കുരിശില്‍ വലിയ വടം കെട്ടി അതില്‍ പിടിച്ച് ലത്തീന്‍ ആര്‍ച്ച് ബിഷപ്പന്മാരെ അനുസരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തു. ഇതാണ് കൂനന്‍ കുരിശിലെ പ്രതിജ്ഞ എന്നും 'കൂനന്‍ കുരിശു കലാപം' എന്നുമെല്ലാം ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഈ സംഭവത്തിനു ശേഷമാണ് ക്രിസ്ത്യാനികളില്‍ 'റോമ സുറിയാനി'കളെന്നും, 'യാക്കോബായ സുറിയാനികളെ'ന്നും രണ്ടുവിഭാഗങ്ങളുണ്ടായത്. കേരളത്തിലെ ക്രിസ്ത്യാനികളെ മുഴുവന്‍ റോമിന്റെ ആധിപത്യത്തില്‍ കൊണ്ടുവരാനുള്ള പോര്‍ട്ടുഗീസുകാരുടെ ശ്രമം അങ്ങനെ പരാജയപ്പെട്ടു. പോര്‍ട്ടുഗീസുകാരുടെ ഈ മതനയം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ജനങ്ങള്‍ക്ക് അവരോടുള്ള വെറുപ്പിനും വിദ്വേഷത്തിനും കാരണമായി.  1649
  ഇംഗ്ലണ്ടില്‍ ആഭ്യന്തരയുദ്ധം;
  ഇന്ത്യയില്‍ ഷാജഹാന്‍ ചക്രവര്‍ത്തി

  ഇംഗ്ലീഷുകാരും ഡച്ചുകാരും മലബാറിലും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലും കുരുമുളകു വ്യാപാരത്തിന് മത്സരം തുടരുന്നു.

  ബ്രിട്ടനിലെ രാജാവ് ചാള്‍സ് ഒന്നാമന്‍ ആഭ്യന്തരയുദ്ധം നേരിടുകയാണ്.

  പാര്‍ലമെന്റും രാജാവും തമ്മിലുള്ള ഈ യുദ്ധം അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണി ഉയര്‍ത്തുന്നു.

  ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പ്രതിയോഗികളെ ജയിച്ചു മുന്നേറുന്നു. സ്വന്തം സഹോദരനായ ഷഹരിയാറിനെ അന്ധനാക്കി വധിക്കാന്‍ തക്ക ക്രൂരനായിരുന്നു അദ്ദേഹം. പക്ഷേ, സൗന്ദര്യബോധത്തിന്റെയും കലയുടെയും കേളീരംഗം കൂടിയായിരുന്നു ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മനസ്. ഇതിനു തെളിവാണ് യമുനാതീരത്ത് അദ്ദേഹം നിര്‍മ്മിച്ച വിശ്വോത്തര താജ്മഹല്‍ .  ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്കുവേണ്ടിയാണ് ഈ മനോഹരമായ മന്ദിരം പണിതത്.ദില്ലിയിലെ റെഡ്ഫോര്‍ട്ട് (ചുവപ്പുകോട്ട) ഉള്‍പ്പെടെ മനോഞ്ജമായ പല രമ്യഹര്‍മ്മങ്ങളും പള്ളികളും ഇതിനകം ഷാജഹാന്‍ നിര്‍മ്മിച്ചിട്ടുണ്ട്.

  ഫ്രാന്‍സില്‍ ലൂയി പതിനാലാമന്‍ ഭരണം തുടങ്ങി. 'രാഷ്ട്രം എന്നാല്‍ ഞാനാണ്' എന്നു വിശ്വസിച്ചിരുന്ന ലൂയി, മുന്‍ഗാമികളില്‍ നിന്നോ ഇംഗ്ലണ്ടിലെ സംഭവങ്ങളില്‍ നിന്നോ പാഠം പഠിക്കാന്‍ തയ്യാറായിരുന്നില്ല. വ്യക്തി സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയും പാര്‍ലമെന്‍റിനെ അവഗണിച്ചും അദ്ദേഹം ഭരണം തുടരുന്നു.

  1645 മുതല്‍ കണ്ണൂര്‍ , കായംകുളം, പുറക്കാട്, കൊല്ലം എന്നിവിടങ്ങളില്‍ നിന്നും ഡച്ചുകാര്‍ കുരുമുളക് ശേഖരിച്ചു തുടങ്ങിയെങ്കിലും അവര്‍ പ്രതീക്ഷിച്ച വിധത്തില്‍ വ്യാപാരം ശക്തിപ്പെട്ടില്ല. പിന്നീടവര്‍ കായംകുളത്ത് ഒരു സ്ഥിരം കച്ചവട ഉദ്യോഗസ്ഥനെ നിയമിച്ചു. സൈനികത്താവളം ആയിരുന്നില്ലെങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ നേരിടാന്‍ ഇവിടെ ഡച്ചുകാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കുരുമുളക് കച്ചവടം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്യൂസ് വാന്‍ഡര്‍ ബ്രൂക്ക് എന്ന ഡച്ച് ഉദ്യോഗസ്ഥന്‍ വേണാട് (തിരുവിതാംകൂര്‍), കൊല്ലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ രാജാക്കന്മാരുമായി സംഭാഷണം നടത്തി. എന്നാല്‍ അതുകൊണ്ട് പറയത്തക്ക പ്രയോജനം ഡച്ചുകാര്‍ക്ക് ലഭിച്ചില്ല. പക്ഷേ, വാന്‍ഡര്‍ ബ്രൂക്കിന്റെ ശ്രമം തുടരാന്‍ കമ്പനി തീരുമാനിച്ചു.

  ഡച്ചുകാര്‍ മലബാറില്‍ കുരുമുളകു വ്യാപാരം വ്യാപകമാക്കുന്നതു മനസ്സിലാക്കിയ പോര്‍ട്ടുഗീസുകാര്‍ അത് നിരുത്സാഹപ്പെടുത്താന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചു. അതിലൊന്ന് കുരുമുളകിന്റെ വില കൂട്ടുക എന്നതായിരുന്നു. പക്ഷേ ഇത്തരം തന്ത്രങ്ങളൊന്നും ഡച്ചുകാര്‍ വകവച്ചില്ല. ഇതിനിടയില്‍ പോര്‍ട്ടുഗീസുകാരുടെ മതനയം ക്രിസ്ത്യന്‍ മതക്കാരില്‍ ഒരു വിഭാഗം പേരെ അസംതൃപ്തരാക്കി കൊണ്ടിരിക്കുകയാണ്. കേരളക്കരയിലെ എല്ലാ ക്രൈസ്തവ സഭകളെയും ലത്തീന്‍ സഭക്കാരാക്കാനുള്ള നീക്കമാണ് ഇതിനു കാരണം. ക്രിസ്ത്യന്‍ സമുദായത്തില്‍ പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ ഉണ്ടായ ഈ ഭിന്നിപ്പ് ഡച്ചുകാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കും ഗുണകരമാകുന്നു. അതിനിടയിലാണ് കൂനന്‍ കുരിശ് കലാപം ഉണ്ടായത്.

  ഇതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത ഇംഗ്ലണ്ടില്‍ നിന്നും മലബാറിലെത്തിയത്. ഇംഗ്ലണ്ടില്‍ പാര്‍ലമെന്‍റിനെ അനുകൂലിക്കുന്ന ഒളിവര്‍ ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള വിഭാഗം അധികാരം പിടിച്ചെടുത്തിരിക്കുന്നു. തടവുകാരനായി മാറിയ ചാള്‍സ് ഒന്നാമനെ കോടതി വിധിപ്രകാരം ശിരച്ഛേദം നടത്തി കൊലപ്പെടുത്തി (1649). ഇനി, ഇംഗ്ലണ്ടില്‍ കുറേ വര്‍ഷത്തേക്ക് ക്രോംവെല്ലിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ ഭരണമാണ്. ഇംഗ്ലണ്ടിലെ സംഭവങ്ങള്‍ മലബാറിലെ ഇംഗ്ലീഷുകാരെ നിരാശപ്പെടുത്തിയെങ്കിലും അവര്‍ ആത്മധ്യൈര്യം കൈവിട്ടില്ല. അതേസമയം, ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരില്‍ നിന്നും സിലോണ്‍ പിടിച്ചെടുക്കാനും ഗോവയെ ഉപരോധിക്കാനും കാത്തിരിക്കുകയാണിപ്പോള്‍ .