കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • ഡച്ചുകാരും, ഇംഗ്ലീഷുകാരും തമ്മില്‍ യൂറോപ്പില്‍ യുദ്ധം
 • ക്രോംവെല്‍ അന്തരിച്ചു;
 • ഇംഗ്ലണ്ടില്‍ വീണ്ടും രാജഭരണം
 • ബോംബേ ഇംഗ്ലീഷുകാര്‍ക്ക്
 • കൊച്ചിയില്‍ ഡച്ചുകാര്‍ സ്ഥാനഭ്രഷ്ടനാക്കിയ വീരകേരള വര്‍മ്മ സ്ഥാനം തിരിച്ചുകിട്ടാന്‍ കൊളംബിയയിലെത്തി ഡച്ചുകാരോട് സഹായം അഭ്യര്‍ഥിക്കുന്നു
 • ഡച്ചുകാര്‍ കേരളം പിടിയ്ക്കാന്‍ രംഗത്ത്.
 • 1654
  ഇനി അന്തിമയുദ്ധം;
  ഡച്ച് കപ്പല്‍പ്പട മലബാറിലേക്ക്

  ഡച്ചുകാര്‍ കൊല്ലം പിടിക്കാന്‍ യുദ്ധം നടത്തുമ്പോള്‍ ഇംഗ്ലണ്ടിലും ഇന്ത്യയിലും ഭരണമാറ്റം നടക്കുകയായിരുന്നു. ഇന്ത്യയില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ മരണത്തെ തുടര്‍ന്ന് 1658ല്‍ ഔറംഗസേബ് അധികാരത്തില്‍ വന്നു. യൂറോപ്യന്‍ ശക്തികള്‍ക്ക് ഇന്ത്യയില്‍ കച്ചവടം വ്യാപകമാക്കാന്‍ പറ്റിയ കൂടുതല്‍ അവസരം അതോടെ കൈവന്നു. ഈ വര്‍ഷമാണ് ഇംഗ്ലണ്ടിലെ ക്രോംവെല്ലിന്റെ മരണവും. ചാള്‍സ് രാജാവിന്റെ ശിരച്ഛേദത്തിനുശേഷം ഇംഗ്ലണ്ടില്‍ ഒലിവര്‍ ക്രോംവെല്ലിന്റെ റിപ്പബ്ലിക്ക് അഥവാ 'കോമണ്‍വെല്‍ത്ത്' ഭരണമായിരുന്നു. രാജാവില്ലാത്ത ഈ കാലം പാര്‍ലമെന്റിന്റെ പരമാധികാരത്തിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണം സൈനിക സ്വേച്ഛാധിപത്യത്തിലേക്കാണ് അവസാനമെത്തിയത്.

  ക്രോംവെല്ലിന്റെ ഭരണകാലത്ത് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ നാവികനിയമം (Navigation Act) ഡച്ചുകാരെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ഇറക്കുമതി ചെയ്യുന്ന ചരക്കുകളെല്ലാം ഒന്നുകില്‍ ഇംഗ്ലീഷ് കപ്പലുകളിലോ അല്ലെങ്കില്‍ ചരക്കുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലെ കപ്പലുകളിലോ ആയിരിക്കണം ഇംഗ്ലണ്ടില്‍ എത്തിക്കുന്നതെന്നുള്ള നിബന്ധന കൊണ്ടുവന്നത് ഡച്ചുകാരെ വിഷമത്തിലാക്കി. നാവികരംഗത്ത് ഡച്ചുകാരും ഇംഗ്ലീഷുകാരും ഈ സമയത്ത് തുല്യശക്തികളായിരുന്നു. ഇംഗ്ലണ്ടിന്റെ നടപടികള്‍ക്കെതിരെ ഡച്ചുകാര്‍ പ്രതിഷേധം തുടങ്ങി. അത് യുദ്ധമായി മാറി. കടലില്‍ ഇരുരാജ്യങ്ങളുടെയും കപ്പലുകള്‍ ഏറ്റുമുട്ടി. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തങ്ങളുടെ വ്യാപാരത്തെ ഈ സ്ഥിതിവിശേഷം ദോഷകരമായി ബാധിക്കുമെന്നു കണ്ട ഡച്ചുകാര്‍ 1654ല്‍ സമാധാന സന്ധിപ്രകാരം യുദ്ധം അവസാനിപ്പിച്ചു. ക്രോംവെല്‍ മരിച്ചതോടെ ഇംഗ്ലണ്ടില്‍ രാജവാഴ്ചയുടെ പുനഃസ്ഥാപനത്തെ പറ്റി ആലോചന തുടങ്ങി. മുമ്പ്, ശിരച്ഛേദം നടത്തി വധിച്ച ചാള്‍സ് ഒന്നാമന്റെ മകന്‍ ചാള്‍സ് രണ്ടാമന്‍ ഭയത്തോടെ ഫ്രാന്‍സില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി രാജാവാക്കാനാണ് ആലോചന നടക്കുന്നത്.

  ഈ സമയത്ത് ഡച്ചുകാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കും ഇന്ത്യ ഉള്‍പ്പെടെയുള്ള കിഴക്കന്‍ ദേശങ്ങളിലെ വ്യാപാരങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ട് യൂറോപ്പില്‍ മറ്റൊരു വന്‍ശക്തി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു. അത് ഫ്രഞ്ചുകാരാണ്. സ്വേച്ഛാധികാരത്തിന്റെ മകുടോദാഹരണമായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്ന ലൂയി പതിനാലാമന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മന്ത്രിമാരില്‍ പ്രമുഖനായ കോള്‍ബെര്‍ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയതോടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും അവര്‍ കച്ചവടകേന്ദ്രങ്ങള്‍ ആരംഭിച്ചു. അതോടൊപ്പം ഫ്രഞ്ചുകാര്‍ കേരളത്തിന്റെ തുറമുഖങ്ങള്‍ സന്ദര്‍ശിച്ച് ഇവിടുത്തെ കച്ചവടസാധ്യതകളെപ്പറ്റി പഠനം ആരംഭിച്ചു. ഫ്രഞ്ചുകാരുടെ ഈ നീക്കത്തെ ഡച്ചുകാര്‍ നിരുത്സാഹപ്പെടുത്തി. അവരുടെ എതിര്‍പ്പു കാരണമാണ് കന്യാകുമാരിയില്‍ ഒരു പണ്ടികശാല സ്ഥാപിക്കാനുള്ള അവരുടെ ലക്ഷ്യം നടക്കാതെ പോയത്.

  ഇംഗ്ലണ്ടില്‍ വീണ്ടും രാജഭരണം പുനഃസ്ഥാപിച്ചു. വിദേശത്തുനിന്നും ക്ഷണിച്ചുകൊണ്ടുവന്ന ചാള്‍സ് രണ്ടാമന്‍ 1660ല്‍ രാജാവായി അഭിഷിക്തനായി. ഇന്ത്യയിലെ ഡച്ചുകാര്‍ക്കെതിരെ എല്ലാ സഹായങ്ങളും ചാള്‍സ് രണ്ടാമന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് വാഗ്ദാനം ചെയ്തു. പോര്‍ട്ടുഗീസ് രാജകുമാരി കാതറിനെയാണ് ചാള്‍സ് രണ്ടാമന്‍ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലൂടെ പോര്‍ട്ടുഗീസുകാരുടെ കൈവശമുണ്ടായിരുന്ന 'ബോംബെ' സ്ത്രീധനമായി അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. ഈ പ്രദേശം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രാജാവില്‍ നിന്നും പാട്ടത്തിനു വാങ്ങി. ക്രമേണ കമ്പനിയുടെ ശക്തികേന്ദ്രമായി 'ബോംബെ' വളരാന്‍ തുടങ്ങി.

  ഈ സംഭവങ്ങള്‍ നടക്കുന്നതിനു മുന്‍പുതന്നെ ഡച്ചുകാര്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലായിരുന്നു. പോര്‍ട്ടുഗീസുകാര്‍ക്ക് ശക്തിക്ഷയം ഉണ്ടായി എങ്കിലും ഇംഗ്ലീഷുകാരുടെയും ഫ്രഞ്ചുകാരുടെയും സഹായത്തോടെ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്ന അവരുടെ തന്ത്രം പരാജയപ്പെടുത്താന്‍ തന്നെ ഡച്ചുകാര്‍ തീരുമാനിച്ചു.

  ഡച്ചുകാരുടെ കിഴക്കന്‍ തലസ്ഥാനമായ ബറ്റേവിയയില്‍ പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ യുദ്ധം നടത്തുന്നതിനും അവരുടെ കൈവശമുള്ള കേരളത്തിലെ കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍ , കണ്ണൂര്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതിനുമുള്ള പദ്ധതികള്‍ തയ്യാറായി.
  പോര്‍ട്ടുഗീസുകാര്‍ ഭരണം നിയന്ത്രിച്ചിരുന്ന കേരളത്തിലെ കൊച്ചി രാജവംശത്തിലെ മൂത്തതായ് വഴിയിലെ വീര കേരളവര്‍മ്മ എന്ന തമ്പുരാനെ സ്ഥാനഭ്രഷ്ടനാക്കി ഇളയ തമ്പുരാനെ സിംഹാസനാരോഹണം ചെയ്യിച്ചത് അവിടുത്തെ രാജകുടുംബങ്ങള്‍ക്കിടയില്‍ അമര്‍ഷം സൃഷ്ടിച്ചിരുന്നു. വീരകേരള വര്‍മ്മ തന്റെ സ്ഥാനം തിരികെ ലഭിക്കാന്‍ കൊളമ്പിയയിലെത്തി രഹസ്യമായി സഹായം അഭ്യര്‍ഥിച്ചത് പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ പടനയിക്കാന്‍ ഡച്ചുകാര്‍ക്ക് അവസരമൊരുക്കി.

  പോര്‍ട്ടുഗീസുകാരില്‍ നിന്നും കൊച്ചിയെ മോചിപ്പിക്കാന്‍ ഗവര്‍ണര്‍ വാന്‍ഡര്‍ മെയ്ഡനെ നിയമിക്കാന്‍ സിലോണ്‍ കൗണ്‍സില്‍ തീരുമാനിച്ചു. പടക്കപ്പലുകളും മറ്റ് സന്നാഹങ്ങളുമായി വാന്‍ഡര്‍ മെയ്ഡന്‍ കേരളത്തിലേക്ക് തിരിച്ചു. ഇനി കടുത്ത പോരാട്ടമാണ്. ഇന്ത്യയില്‍ ആദ്യമായി എത്തിയ യൂറോപ്യന്‍ ശക്തിക്കു നേരെ നാവികശക്തിയില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു യൂറോപ്യന്‍ ശക്തിയായ ഡച്ചുകാരുടെ പോരാട്ടമാണ് കേരളചരിത്രത്തെ ഇനി കുറേക്കാലത്തേക്ക് ചലനാത്മകമാക്കാന്‍ പോകുന്നത്.