കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • ഡച്ചുകാരും പോര്‍ട്ടുഗീസുകാരും തമ്മില്‍ കേരളത്തില്‍ യുദ്ധം തുടങ്ങി
 • ബറ്റേവിയയില്‍ നിന്നും കൂടുതല്‍ സൈന്യം കേരളത്തിലേയ്ക്ക്.
 •  

   

   

  1659
  മലബാറില്‍ ഡച്ചുകാരുടെ
  ആദ്യവിജയവും പരാജയവും

  ഡച്ചുകാരുടെ കിഴക്കന്‍ തലസ്ഥാനമായ ഇന്തോനേഷ്യയിലെ ബറ്റേവിയയില്‍ പ്രത്യേക പ്രാര്‍ഥനയും ഉപവാസവും നടത്തിയശേഷമായിരുന്നു മലബാര്‍ പിടിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കമിട്ടത്. മലബാര്‍ ഡച്ചുകാരുടെ സ്വപ്നഭൂമിയാണ്.
  പോര്‍ട്ടുഗീസുകാരുടെ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്നതിനാല്‍ മലബാര്‍ ഏതുവിധേനയും കൈക്കലാക്കുക, വേണ്ടിവന്നാല്‍ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുക, പടിപടിയായി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഒഴിവാക്കുക തുടങ്ങിയവയായിരുന്നു ഡച്ചുകാരുടെ ലക്ഷ്യങ്ങള്‍ . 1653ല്‍ ഡച്ചുകാര്‍ കൊളംബിയയിലെ പോര്‍ട്ടുഗീസ് താവളം പിടിച്ചെടുത്തതോടെയാണ് മലബാര്‍ പിടിച്ചെടുക്കാനുള്ള അവരുടെ ആത്മധൈര്യം വര്‍ധിച്ചത്. പോര്‍ട്ടുഗീസുകാര്‍ക്ക് കഴിയുന്നത്ര നാശനഷ്ടമുണ്ടാക്കാന്‍ ഇന്ത്യയിലേക്കും സിലോണിലേക്കും സൈന്യത്തെ അയയ്ക്കാന്‍ നെതര്‍ലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ കപ്പല്‍ പടയുടെ നായകനും കൗണ്‍സിലറുമായി റിക്ലോഫ് വാന്‍ ഗൂണ്‍സ് നിയമിതനായി. അദ്ദേഹം 1657 സെപ്റ്റംബര്‍ ആറിന് ബറ്റേവിയയില്‍ നിന്നും പടിഞ്ഞോറോട്ട് പടനയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം ജാഫ്ന പിടിച്ചെടുത്തു. അതോടെ സിലോണില്‍ നിന്നും പോര്‍ട്ടുഗീസുകാര്‍ പൂര്‍ണമായി പുറന്തള്ളപ്പെട്ടു. തൂത്തുക്കുടി , മാന്നാര്‍ , നാഗപ്പട്ടണം എന്നിവ പിടിച്ചടക്കി ഡച്ചുകാര്‍ മുന്നേറി. പോര്‍ട്ടുഗീസുകാരുടെ ശക്തികേന്ദ്രമായ ഗോവയെ ഡച്ചുകാര്‍ നേരത്തെ തന്നെ ഉപരോധിച്ചിരുന്നു. ഇതുകാരണം പോര്‍ട്ടുഗീസുകാര്‍ക്ക് കാര്യമായ പ്രത്യാക്രമണത്തിന് കഴിഞ്ഞില്ല.

  മലബാര്‍ ലക്ഷ്യമാക്കി നീങ്ങിയ ഡച്ചുസൈന്യത്തിന്റെ ആദ്യലക്ഷ്യം കൊല്ലത്ത് പോര്‍ട്ടുഗീസുകാരുടെ കൈവശം ഉണ്ടായിരുന്ന തങ്കശ്ശേരി കോട്ട പിടിച്ചെടുക്കുകയായിരുന്നു. കൊച്ചിയും ഡിയുവും പോര്‍ട്ടുഗീസുകാരുടെ പ്രധാന കോട്ടകളായിരുന്നതിനാല്‍ അവിടെ ശക്തമായ സംരക്ഷണം ഉണ്ടാവുമെന്നും അതുകൊണ്ട് ദേശിംഗനാട് റാണി ഭരിച്ചിരുന്ന കൊല്ലം പിടിച്ചെടുത്ത് പോര്‍ട്ടുഗീസുകാര്‍ക്ക് ഭയം സൃഷ്ടിക്കുകയാണ് ഉചിതമെന്നും ഡച്ചുകാര്‍ കണക്കുകൂട്ടി. കൊല്ലത്തുനിന്നും കായംകുളത്തേക്കും തിരുവിതാംകൂറിലേക്കും വ്യാപാരം വികസിപ്പിക്കാനായിരുന്നു ഡച്ചുകാരുടെ തീരുമാനം. മാത്രവുമല്ല, ഈ ഭാഗങ്ങളിലെ രാജാക്കന്മാര്‍ അവരോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടയിലാണ് കൊച്ചി പിടിക്കാനായി പോര്‍ട്ടുഗീസുകാര്‍ക്കെതിരെ തന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പുറക്കാട് രാജാവ് ഡച്ചുകാരെ സമീപിച്ചത്. ഇതെല്ലാം ഡച്ചുകാരുടെ കൊല്ലം ആക്രമണത്തിന് ശക്തിയും പ്രേരണയുമായി. ഇതിനിടയില്‍ രഹസ്യവിവരം ലഭിച്ച പോര്‍ട്ടുഗീസുകാര്‍ അവിടെ നിന്നും മൊസാമ്പിക്കില്‍ നിന്നും പടക്കപ്പലുകള്‍ ഗോവയിലേക്ക് അയച്ചിരുന്നു.

  വാന്‍ഗൂണ്‍സിന്റെ നേതൃത്വത്തില്‍ തിരിച്ച കപ്പല്‍പ്പട കന്യാകുമാരി വഴി കൊല്ലം തീരത്ത് നങ്കൂരമിട്ടു. അതില്‍ നിന്നും ഇറങ്ങിയ പടയാളികളാണ് കൊല്ലംകോട്ട പിടിച്ചെടുത്തത്. പിന്നീട് കൊല്ലം നഗരവും പോര്‍ട്ടുഗീസുകാരുടെ തോട്ടങ്ങളും റാണി ഡച്ചുകാര്‍ക്ക് വിട്ടുകൊടുത്തു. കൊല്ലത്തെ സുഗന്ധദ്രവ്യങ്ങളുടെ കച്ചവട കുത്തകയും ഡച്ചുകാര്‍ക്ക് കൈവന്നു. അങ്ങനെ ഒരു യൂറോപ്യന്‍ ശക്തി കൈയ്യടക്കി വച്ചിരുന്ന മലബാറിലെ തന്ത്രപ്രധാനമായ ഒരു പ്രദേശം ചരിത്രത്തിലാദ്യമായി മറ്റൊരു യൂറോപ്യന്‍ ശക്തി പിടിച്ചെടുത്തു.

  പക്ഷേ, ഡച്ചുകാരുടെ ഈ വിജയം താല്‍ക്കാലികമായിരുന്നു. പോര്‍ട്ടുഗീസുകാരും കൊല്ലത്തെ നായര്‍ പ്രധാനികളും അവര്‍ക്കെതിരെ നീങ്ങാന്‍ അവസരം കാത്തിരുന്നു. വാന്‍ഗൂണ്‍സ് ബറ്റേവിയയിലേക്കു മടങ്ങിയ ഉടന്‍ ഡച്ചുകാര്‍ക്കുനേരെ കൊല്ലത്ത് കടുത്ത ആക്രമണമുണ്ടായി. ധാരാളം ഡച്ചുകാര്‍ ഈ അപ്രതീക്ഷിത ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് സിലോണിലെ ഡച്ച് ഗവര്‍ണര്‍ വാന്‍ഡര്‍ മെയ്ഡന്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം ശേഷിച്ച ഡച്ച് സൈന്യത്തെ പിന്‍വലിക്കാന്‍ 1659 ഏപ്രില്‍ 14ന് ഉത്തരവു നല്കി. അങ്ങനെ കൈവന്ന കൊല്ലത്തിന്റെ അധികാരവും മേല്‍ക്കോയ്മയും ക്ഷണനേരം കൊണ്ടുതന്നെ ഡച്ചുകാര്‍ക്ക് നഷ്ടമായി. പക്ഷേ, കൂടുതല്‍ സന്നാഹങ്ങളോടെ കൊല്ലം ആക്രമിച്ചു തിരിച്ചുപിടിക്കാന്‍ ഡച്ചുകാര്‍ ബറ്റേവിയയില്‍ ഒരുക്കങ്ങള്‍ തുടങ്ങി.