കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • ഡച്ചുകാര്‍ പോര്‍ട്ടുഗീസ് താവളങ്ങള്‍ ഓരോന്നായി പിടിയ്ക്കുന്നു
 • കൊല്ലവും കൊടുങ്ങല്ലൂരും പിടിച്ചു.
 • പോര്‍ട്ടുഗീസുകാര്‍ തളരുന്നു.
 •  

   

   

   

   

   


  1661
  ഡച്ചുകാര്‍ കൊടുങ്ങല്ലൂര്‍ പിടിച്ചു;
  ഇനി ലക്ഷ്യം കൊച്ചി

  യൂറോപ്പില്‍ ഫ്രാന്‍സും, ഇംഗ്ലണ്ടും, പോര്‍ട്ടുഗീസും എല്ലാം ഇപ്പോള്‍ ഡച്ചുകാര്‍ക്ക് എതിരാണ്. ലോകം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡച്ചുശക്തിയെ എങ്ങനെയെങ്കിലും തളര്‍ത്താന്‍ അവര്‍ ആലോചന തുടരുന്നു. ഈ സമയത്ത് മലബാര്‍ ലക്ഷ്യമാക്കി ഡച്ചുപടകപ്പലുകള്‍ നീങ്ങുകയായിരുന്നു.

  സിലോണിലെ ഡച്ച് ഗവര്‍ണര്‍ വാന്‍ഡര്‍ മെയ്ഡനെയാണ് മലബാര്‍ ആക്രമണത്തിന് കമ്പനി നിയോഗിച്ചിരിക്കുന്നത്. 1661 ഫെബ്രുവരി 10ന് അദ്ദേഹം അഴിക്കോട് എത്തി. പള്ളിപ്പുറം കോട്ട (ആയക്കോട്ട) പോര്‍ട്ടുഗീസുകാരില്‍ നിന്നും ഡച്ചുകാര്‍ പിടിച്ചെടുത്തു. പോര്‍ട്ടുഗീസുകാര്‍ പള്ളിപ്പുറത്തുള്ള വലിയ കോട്ടയിലേയ്ക്ക് പിന്‍മാറി. എന്നാല്‍ പോര്‍ട്ടുഗീസുകാര്‍ക്ക് കൂടുതല്‍ സൈനികസഹായം കിട്ടിയതോടെ അവര്‍ തിരിച്ചടിച്ചു. പള്ളിപ്പുറം കോട്ട വീണ്ടും പോര്‍ട്ടുഗീസുകാര്‍ക്കായി. വാന്‍ഡര്‍ മെയ്ഡന്‍ തിരിച്ചുപോയി. കന്യാകുമാരിയില്‍ നിന്നും വടക്കോട്ട് ആക്രമിക്കാനും കൊല്ലം, കൊച്ചി, കൊടുങ്ങല്ലൂര്‍ , പള്ളിപ്പുറം എന്നീ കോട്ടകള്‍ പിടിച്ചെടുക്കാനും ഡച്ചുകാര്‍ പുതിയ പദ്ധതി തയ്യാറാക്കി വാന്‍ഗുണ്‍സിന് ആയിരുന്നു ഇതിന്റെ ചുമതല നല്കിയത്. ഡച്ചുകാരുടെ കിഴക്കന്‍ ഭാഗത്തെ എല്ലാ സൈനികശക്തികളോടും മലബാര്‍ ആക്രമണത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശം നല്കി.

  ബറ്റേവിയയിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് (Nieuhoff) മസൂലിപ്പട്ടണത്തുനിന്നും പുലിക്കോട് എത്തിയപ്പോഴാണ് മലബാറില്‍ നിന്നും ഒരു ചെറുകപ്പല്‍ ക്യാപ്റ്റന്‍ ന്യൂഹാഫിന് സന്ദേശവുമായി അവിടെ എത്തിയത്. ഹോളണ്ടില്‍ നിന്നും യുദ്ധകപ്പലുകളും ഭടന്മാരും പുറംകടലില്‍ എത്തിയിട്ടുണ്ടെന്നും എല്ലാ പരിപാടികളും റദ്ദ് ചെയ്ത് മലബാറിലേയ്ക്ക് തിരിയ്ക്കാനുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
  ബറ്റേവിയയിലേയ്ക്ക് കൊണ്ടുപോകാന്‍ വാങ്ങിയ സാധനങ്ങള്‍ താഴെ ഇറക്കിവച്ചശേഷം കപ്പല്‍ വ്യൂഹവുമായി കൊല്ലത്തേയ്ക്ക് തിരിച്ചു. വലിയ പീരങ്കികളുമായി എത്തിയ ഡച്ചുസൈന്യവും നായര്‍ ഭടന്മാരും തമ്മില്‍ ഏറ്റുമുട്ടി. ഡച്ചുകാരുടെ വെടിയേറ്റ് പലരും മരിച്ചു. കോട്ടയ്ക്കകത്തുണ്ടായിരുന്ന പോര്‍ട്ടുഗീസ് ആയുധങ്ങള്‍ ഡച്ചുകാര്‍ പിടിച്ചെടുത്തു. അതിനുശേഷം ഡച്ച് സൈന്യം കൊല്ലം പട്ടണത്തിലേയ്ക്ക് മാര്‍ച്ച് ചെയ്തു. യാത്രാമധ്യേ ചെറിയ കോട്ടകളില്‍ നിന്നും ഡച്ച് സൈന്യത്തിനുനേരെ വെടിവയ്പുണ്ടായി. പക്ഷെ ഡച്ചുസൈന്യം ധീരമായി മുന്നേറി. പോര്‍ട്ടുഗീസ് ക്യാപ്റ്റന്‍ റോഡ്റിഗ്സ് പണിയിച്ച കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തു. അവിടെ ഉണ്ടായിരുന്ന പോര്‍ട്ടുഗീസ് പതാക മാറ്റിയശേഷം ഡച്ച് സൈന്യം മുന്നേറി. പോകുന്ന വഴിയിലെല്ലാം അവര്‍ നാശനഷ്ടങ്ങളുണ്ടാക്കി ആളുകളെ ഭയപ്പെടുത്തി. പിച്ചള കൊണ്ട് മേല്‍ക്കൂര നിര്‍മ്മിച്ചിരുന്ന മാര്‍ത്താണ്ഡേശ്വരം (Matta del Reyne) എന്ന ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നില്‍ പട്ടാളക്കാര്‍ തീയിട്ടു. അതോടെ ക്ഷേത്രം തീക്കുണ്ഡമായി പൊട്ടിത്തെറിച്ചു. ആളുകള്‍ ഭയന്നോടി. ചിലര്‍ കാടുകളില്‍ അഭയം പ്രാപിച്ചു.
  ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ പ്രതിനിധികളില്‍ ചിലര്‍ സമാധാനാഭ്യര്‍ഥനയുമായി എത്തി. അങ്ങനെ ഒരിക്കല്‍ കൈവിട്ടുപോയ കൊല്ലം ഡച്ചുകാര്‍ക്ക് തിരിച്ചുകിട്ടി. ഈ വിജയം കൊച്ചിയെ ആക്രമിക്കാന്‍ അവര്‍ക്ക് ധൈര്യം നല്കി. 11 കപ്പലോടുകൂടി വാന്‍ഗുണ്‍സ് കൊടുങ്ങല്ലൂരിലേയ്ക്ക് പോയി. ഇടയ്ക്ക് കൂടുതല്‍ കപ്പലുകള്‍ എത്തി സംഘത്തോട് ചേര്‍ന്നു. ഇതില്‍ മൂന്ന് കപ്പലുകളെ കൊച്ചിയില്‍ നിര്‍ത്തി. 1662 ജനുവരിയില്‍ ഡച്ച് സംഘം അഴിക്കോട് എത്തി. അവിടെ സാമൂതിരിയും കൊടുങ്ങല്ലൂര്‍ രാജാവും ഡച്ചുകാരെ കാത്തുനിന്നിരുന്നു. പോര്‍ട്ടുഗീസുകാര്‍ ആക്രമണം തുടങ്ങിയെങ്കിലും ഡച്ചുകാര്‍ സമര്‍ഥമായി കരയ്ക്കിറങ്ങി. നേരത്തെ തന്നെ തോക്കുകളും പീരങ്കികളും അവര്‍ വള്ളത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചിരുന്നു. ഇതില്‍ രണ്ട് പിച്ചള പീരങ്കിയും ഉണ്ടായിരുന്നു. ഡച്ചുകാര്‍ വളരെ വേഗം യുദ്ധസജ്ജീകരണങ്ങള്‍ നടത്തി. കരയില്‍ നിന്നും പുഴയില്‍ നിന്നും കോട്ട ഉപരോധിക്കുകയായിരുന്നു ഡച്ചുകാരുടെ തന്ത്രം. പോര്‍ട്ടുഗീസുകാരുടെ തോക്കുകള്‍ നിരന്തരം ഗര്‍ജിച്ചുകൊണ്ടിരുന്നു. അതിലെ ഉണ്ടകള്‍ പല ഡച്ച് ഭടന്മാരേയും ജീവഹാനി വരുത്തി. ഡച്ച് പട്ടാളക്കാര്‍ പോര്‍ട്ടുഗീസുകാരാണെന്ന വ്യാജേന കോട്ടയുടെ ചില ഭാഗങ്ങളില്‍ കടന്നുകൂടി. ഇതിനുശേഷം ഘോരമായ യുദ്ധം നടന്നു. 1662 ജനുവരി 15ന് കൊടുങ്ങല്ലൂര്‍ കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തു. കൊച്ചിയിലെ മന്ത്രിസ്ഥാനമായ 'പാലിയത്തച്ചന്‍ ' പദവി അലങ്കരിച്ചതും വൈപ്പ് എന്ന ദ്വീപിന്റെ പ്രഭുവുമായ കോമിമേനോന്‍ കൊടുങ്ങല്ലൂര്‍ കോട്ടയുടെ ദുര്‍ബലവശങ്ങള്‍ ഡച്ചുകാര്‍ക്ക് രഹസ്യമായി നല്കി എന്നും, അതാണ് അവരുടെ വിജയത്തിന് വഴിതെളിച്ചതെന്നും അഭിപ്രായം ഉണ്ട്. ഒരുവര്‍ഷം മുമ്പ് പാലിയത്തച്ചന്‍ ഡച്ചുകാരെ കണ്ട് ചില രഹസ്യക്കരാറുണ്ടാക്കിയിരുന്നതായും പറയുന്നു.

  ന്യൂഹാഫ് നല്കുന്ന വിവരണം അനുസരിച്ച് കൊടുങ്ങല്ലൂര്‍ പട്ടണത്തിന്റെ മൂന്നുവശവും മണ്ണുകൊണ്ടുള്ളതും, പുഴയരികില്‍ കരിങ്കല്ലുകൊണ്ടുള്ള ഏഴ് കൊത്തളത്തോടുകൂടിയതുമായ കോട്ടകളാണ് ഉണ്ടായിരുന്നത്. കല്‍കോട്ടയുടെ ഒരറ്റത്ത് കല്ലുകൊണ്ടുതന്നെ പണിത ഗോപുരവും ഉണ്ടായിരുന്നു. ഇതുകൂടാതെ കോട്ടയ്ക്കുള്ളില്‍ കല്ലുകൊണ്ട് പണിത കെട്ടിടങ്ങളും ഒരു പോര്‍ട്ടുഗീസ് പള്ളിയും കാണാന്‍ കഴിഞ്ഞിരുന്നു. പുഴയുടെ തെക്കുഭാഗത്ത് പളളിപ്പുറം കണ്ടതും ന്യൂഹാഫ് വിവരിക്കുന്നുണ്ട്.'വൈപ്പ്' എന്ന നീണ്ട ദ്വീപിന്റെ വടക്കെ മുനമ്പില്‍ പണിയിച്ചിരിക്കുന്ന ഈ കോട്ട നദിയുടെ പ്രതിരോധത്തിനായിരുന്നു. വൈപ്പു ദ്വീപിന്റെ മറ്റേ അറ്റത്താണ് കൊച്ചി അഴിമുഖം. കൊടുങ്ങല്ലൂര്‍ കോട്ടയില്‍ നിന്നും അകലെ അല്ലാത്ത സുന്ദരമായ ചുറ്റുപാടില്‍ രാജകൊട്ടാരം സ്ഥിതിചെയ്യുന്നതായും ന്യൂഹാഫ് പറഞ്ഞിട്ടുണ്ട്.

  കൊടുങ്ങല്ലൂര്‍ കോട്ട കൈയ്യടക്കിയതോടെ ഡച്ചുകാരുടെ അടുത്ത ലക്ഷ്യം കൊച്ചിയായി. കൊച്ചി പിടിയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം അവര്‍ ആരംഭിച്ചു ഇനി ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാം.