കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • മുഗള്‍സാമ്രാജ്യം ആടി ഉലയുന്നു
 • കര്‍ണാടക ( ബദനൂര്‍ ) ഉത്തരകേരളം ആക്രമിക്കുന്നു
 • ഡച്ചുകാര്‍ക്ക് എതിരെ വീണ്ടും കോലത്തിരി
 • ഇംഗ്ലീഷുകാര്‍ പിടിമുറുക്കുന്നു.
 •  

   

   

   

   

   

   

   

   

   

  1733
  ഉത്തരകേരളത്തില്‍ കര്‍ണാടക ആക്രമണം;
  ദക്ഷിണ കേരളത്തില്‍
  മാര്‍ത്താണ്ഡവര്‍മ്മയുടെ തയ്യാറെടുപ്പ്

  ഇന്ത്യയില്‍ മുഗള്‍ സാമ്രാജ്യത്തില്‍ അന്തഛിദ്രം തുടങ്ങുന്ന കാലം. മഹത്തായ ആ സാമ്രാജ്യം ആടി ഉലയാന്‍ തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇന്ത്യയെ വെട്ടിപ്പിടിക്കാന്‍ കാത്തിരിക്കുകയാണ് അയല്‍രാജ്യങ്ങളും കച്ചവടത്തിന് എത്തിയ യൂറോപ്യന്‍ ശക്തികളും.

  കേരളം മുഴുവന്‍ തങ്ങളുടെ കൊടിക്കീഴിലാക്കാന്‍ സ്വപ്നം കാണുന്ന ഡച്ചുകാര്‍ , സാമൂതിരി ഡച്ചുകാര്‍ക്ക് എതിരെ വീണ്ടും രഹസ്യനീക്കം തുടങ്ങി. തെക്കന്‍ കേരളത്തില്‍ ( വേണാട്ടില്‍ ) എല്ലാവരുടേയും പേടിസ്വപ്നമായി മാറിക്കൊണ്ടിരുന്ന മാര്‍ത്താണ്ഡവര്‍മ്മ. വടക്കന്‍ കേരളത്തില്‍ കൂടെ കൂടെ പൊട്ടിപ്പുറപ്പെടുന്ന, കോലത്തിരി ( ചിറയ്ക്കല്‍ )യും അറയ്ക്കലും തമ്മിലുള്ള സംഘര്‍ഷം. അവിടെ തലശ്ശേരിയിലും തൊട്ടടുത്ത മാഹിയിലും ഡച്ചുകാരും, ഫ്രഞ്ചുകാരും കണ്ണുരുട്ടി നില്‍ക്കുന്നു. ഇതിനിടയില്‍ കോലത്തുനാട്ടിനെ കണ്ണുവച്ച് പടനീക്കുന്ന കര്‍ണ്ണാടക ( ബദനൂര്‍ ‍) ശക്തി. കൊച്ചിയുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. അവിടെ രാജകുടുംബങ്ങളുടെ വഴക്കും വക്കാണവും ഡച്ചുകാരുടെ സ്വൈരം കെടുത്തുന്നു.

  ഡച്ചുകാര്‍ക്ക് എതിരെ കേരളരാജാക്കന്മാരുടെ സഖ്യം ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ് സാമൂതിരി. അതിന്റെ മുന്നോടിയായി അദ്ദേഹം തെക്കന്‍ നാട്ടില്‍ നിന്നും ഒരു രാജകുമാരിയെ ദത്ത് എടുക്കാന്‍ ആലോചിച്ചു. ഇതിനുശേഷം പല രാജ്യങ്ങളിലേയ്ക്കും ദൂതന്മാരെ അയച്ചു. പറവൂര്‍ ‍, തെക്കന്‍കൂര്‍ ‍, വടക്കന്‍കൂര്‍ , കായംകുളം എന്നീ രാജ്യങ്ങളിലെ മന്ത്രിമാര്‍ ഡച്ചുകാര്‍ക്ക് എതിരെ പൊന്നാനിയില്‍ ഒത്തുകൂടി ആലോചന നടത്തിയതായും പറയുന്നു. ഈ സമയത്ത് ഡച്ച് ശക്തി കൂടുതല്‍ വ്യാപിപ്പിക്കാന്‍ സിലോണിലെ ഡച്ച് ഗവര്‍ണ്ണര്‍ വാന്‍ ഇംഹോഫ് പദ്ധതി തയ്യാറാക്കി. ഇംഗ്ലീഷുകാര്‍ കേരളത്തില്‍ വേരുറയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കിയുള്ള പ്രവര്‍ത്തനം ആയിരുന്നു അദ്ദേഹത്തിന്റേത് . വടക്കന്‍ കേരളത്തില്‍ ഫ്രഞ്ചുകാരും ഡച്ചുകാരും തമ്മില്‍ ഇടയ്ക്കിടയ്ക്ക് ഉരസല്‍ നടത്തുന്നത് ഡച്ചുകാര്‍ക്ക് ആശ്വാസം നല്കി. എന്നാല്‍ എല്ലാ യൂറോപ്യന്‍ ശക്തികളേയും മലബാറിലെ രാജാക്കന്മാരേയും ഞെട്ടിപ്പിച്ചുകൊണ്ട് ബദനൂര്‍ (കര്‍ണാടകം) രാജാവ് കോലത്തുനാട് ആക്രമിച്ചു. വിജയനഗര സാമ്രാജ്യം, തളിക്കോട്ട യുദ്ധത്തില്‍ (1564) തകര്‍ന്നതോടെ ഉദിച്ചുയര്‍ന്ന അവരുടെ സാമന്ത പ്രഭുക്കന്മാരാണ് ഇടക്കരി, കോളാഡി അല്ലെങ്കില്‍ ബദനൂര്‍ രാജാക്കന്മാര്‍. അവരുടെ പരമ്പരയിലെ ഒന്‍പതാമത്തെ ശക്തനായ രാജാവ് ശിവപ്പനായക്കിന്റെ (1649 - 1671) കാലത്ത് കാനറ മുതല്‍ കാസര്‍കോട് വരെ പിടിച്ചടക്കി. കോലത്തിരിയുടെ നാട്ടിലെ അന്തഛിദ്രം മനസ്സിലാക്കിയാണ് രാജപരമ്പരയിലെ പതിമൂന്നാമനായ സോമശേഖരനായ്ക്ക൯ അവിടെ ആക്രമിക്കാന്‍ തുടങ്ങിയത്.

  കര്‍ണാടക ( ബദനൂര്‍ ) ആക്രമണം ഉണ്ടായതോടെ ആലിരാജാവും കോലത്തിരിയും തമ്മില്‍ സന്ധി ഉണ്ടാക്കി. സാമൂതിരിയും ഇംഗ്ലീഷുകാരും കോലത്തിരിയെ സഹായിക്കാനെത്തി. ഡച്ചുകാരും കോലത്തിരിയെ സഹായിച്ചു. പക്ഷെ ഇതൊക്കെ ആണെങ്കിലും കോലത്തിരി അവസാനം ബദനൂര്‍ (കര്‍ണാടക) രാജാവിന്റെ സാമന്തനായിത്തീരുന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. വളപട്ടണം കടന്ന് കണ്ണൂര്‍ പട്ടണം ആക്രമിയ്ക്കാന്‍ ബദന്നൂര്‍ തയ്യാറായപ്പോള്‍ ഡച്ചുകാരും ഇംഗ്ലീഷുകാരും ഒരു ഒത്തുതീര്‍പ്പിന് രംഗത്തെത്തി. പിന്നീട് ഉണ്ടാക്കിയ കരാര്‍ വഴി ബദനൂര്‍ (കര്‍ണാടക) ആക്രമണം നിര്‍ത്തി. ഇതില്‍ സംപ്രീതനായ കോലത്തിരി വര്‍ഷം ആയിരം കണ്ടി മുളക് ഡച്ചുകാര്‍ക്ക് നല്കാമെന്ന് സമ്മതിച്ചു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ കര്‍ണാടക വീണ്ടും മലബാര്‍ ആക്രമിച്ചു. ഡച്ചുകാര്‍ യുദ്ധം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടും ഫലിച്ചില്ല. ഇംഗ്ലീഷുകാരുടെ മധ്യസ്ഥതയില്‍ പിന്നീട് യുദ്ധം അവസാനിച്ചു. ഫലം കര്‍ണാടക പിടിച്ചെടുത്ത സ്ഥലങ്ങള്‍ അവര്‍ക്കായി.

  സാമൂതിരി ആകെ അസ്വസ്ഥനാണ്. അദ്ദേഹത്തിന്റെ പദ്ധതികള്‍ ഓരോന്നായി തകരുന്നു എന്ന് ബോധ്യം ഉണ്ടായിരിക്കുന്നു. ഇതിനിടയില്‍ കൊച്ചിയിലെ ഡച്ചുകോട്ടയില്‍ ഒരു വാര്‍ത്ത എത്തി. കായംകുളം ആക്രമിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ ഒരുക്കങ്ങള്‍ നടത്തുന്നുവെന്നതാണ് അത്.