കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • നാദിര്‍ഷ ഇന്ത്യ ആക്രമിച്ച് കോഹിനൂര്‍ രത്നവും, മയൂരസിംഹാസനവും ആനകളേയും കുതിരകളേയും അപഹരിക്കുന്നു
 • മുഗള്‍സാമ്രാജ്യം തകര്‍ന്നു ഡക്കാനില്‍ നൈസാമും, കര്‍ണാടിക്കില്‍ നവാബും, ബംഗാള്‍ ഔധ് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
 •  

   

   

   

   

   

   

   


  1739
  മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും
  യൂറോപ്യന്‍ ശക്തികളും

  ഇന്ത്യയെ ഞെട്ടിപ്പിക്കുന്ന വര്‍ഷമാണ് 1739. പേഴ്സ്യന്‍ രാജാവ് നാദിര്‍ഷാ ആ വര്‍ഷമാണ് ഇന്ത്യയെ ആക്രമിക്കാനെത്തിയത്. കൂട്ടക്കൊലയും കൊള്ളയും ആയി നാദിര്‍ഷയുടെ താണ്ഡവനൃത്തം തുടര്‍ന്നു. മുഗള്‍ ചക്രവര്‍ത്തിമാര്‍ സമാഹരിച്ചിരുന്ന പണവും, പണ്ടവും, കലാവസ്തുക്കളും നാദിര്‍ഷാ കൊള്ളയടിച്ചു. ഇതില്‍ പ്രസിദ്ധമായ കോഹിനൂര്‍ രത്നവും ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച മയൂര സിംഹാസനവും ഉള്‍പ്പെടുന്നു. പണമായി തന്നെ പതിനഞ്ച് കോടി രൂപയും, അത്രത്തോളം വിലവരുന്ന രത്നങ്ങളും സ്വര്‍ണാഭരണങ്ങളും 300 ആനകളും 10,000 കുതിരകളും അത്രത്തോളം ഒട്ടകങ്ങളും അയാള്‍ കടത്തിക്കൊണ്ടുപോയി. സിന്ധു നദിക്കപ്പുറത്തുള്ള പ്രവിശ്യകള്‍ അയാള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. നാദിര്‍ഷായുടെ ആക്രമണത്തിനു എത്രയോ മുമ്പുതന്നെ മുഗള്‍ സാമ്രാജ്യം തകര്‍ന്നുകഴിഞ്ഞിരുന്നു. ഇതുകാരണം ദില്ലിയില്‍ മുഗള്‍ചക്രവര്‍ത്തി ഉണ്ടായിരുന്നുവെങ്കിലും നാദിര്‍ഷായുടെ ആക്രമണത്തെ തടയാനുള്ള ശക്തി അദ്ദേഹത്തിനില്ലായിരുന്നു. 1707ല്‍ ഔറംഗസേബ് ചക്രവര്‍ത്തി മരിച്ചതോടെ മുഗള്‍ സാമ്രാജ്യത്തില്‍ കലഹങ്ങളും തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. ഈ സമയം മുഗള്‍ സാമ്രാജ്യത്തിന്റെ പ്രവിശ്യ വൈസ്റോയിമാരും, ചക്രവര്‍ത്തിയോട് കൂറ് പുലര്‍ത്തിയിരുന്ന മറ്റ് ഭരണാധികാരികളും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പുതിയ രാജ്യങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. ഇതില്‍ ദക്ഷിണപഥം ( ഡക്കാണ്‍ ), ഔധ്, ബംഗാളിലെ ഗവര്‍ണര്‍മാര്‍ ആയിരുന്നു പ്രധാനികള്‍ .
  തെക്കേ ഇന്ത്യയിലെ വൈസ്റോയി ആയിരുന്ന നിസ്സാം - ഉല്‍ - മുക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ഹൈദ്രാബാദ് കേന്ദ്രീകരിച്ച് ഭരണം തുടങ്ങുകയും ചെയ്തു. 'നൈസാം' എന്ന പേരിലാണ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അറിയപ്പെട്ടത്. എന്നാല്‍ ഈ തക്കം നോക്കി അദ്ദേഹത്തിന്റെ പ്രാദേശിക നേതാക്കളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇതുപ്രകാരം കര്‍ണാടക, മദ്രാസ് പ്രദേശങ്ങള്‍ ആര്‍ക്കാട് കേന്ദ്രമാക്കി ഭരിച്ചിരുന്ന കര്‍ണാടിക് നവാബും സ്വതന്ത്രരാജ്യമായി. ഇതേത്തുടര്‍ന്നുള്ള അവകാശവാദങ്ങളും തര്‍ക്കങ്ങളും ഫ്രഞ്ചുകാരേയും ഇംഗ്ലീഷുകാരേയും ഒരുപോലെ അസ്വസ്ഥരാക്കി. കാരണം ഈ രണ്ട് യൂറോപ്യന്‍ ശക്തികള്‍ക്കായിരുന്നു കര്‍ണാടിക് പ്രദേശങ്ങളില്‍ കൂടുതല്‍ വ്യാപാരകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നത്. ഡക്കാണ്‍ പോലെ തന്നെ ബംഗാള്‍ , ഔധ് പ്രവിശ്യകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സ്വതന്ത്രരാജ്യങ്ങളായി. ഈ രാജ്യങ്ങളിലെല്ലാം മുഗള്‍ചക്രവര്‍ത്തിക്ക് കാര്യമായ അധികാരമോ സ്വാധീനമോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പേര്‍സ്യന്‍ രാജാവ് നാദിര്‍ഷായുടെ ആക്രമണത്തെ സംഘടിതമായി എതിര്‍ത്തു തോല്പിക്കാന്‍ മുഗള്‍ ചക്രവര്‍ത്തിയ്ക്ക് കഴിയാതെ പോയത്.

  ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരുമെല്ലാം ഇന്ത്യയിലെ സംഭവവികാസങ്ങള്‍ ഉദ്വോഗത്തോടെ നോക്കിനില്‍ക്കുകയാണ്. തങ്ങള്‍ പടുത്തുയര്‍ത്തിയ വ്യാപാരകേന്ദ്രങ്ങള്‍ നഷ്ടപ്പെടുമോ എന്നാണ് അവരുടെ ഭയം. ഇതിനിടയില്‍ ആണ് രജപുത്രന്മാരും, സിഖുകളും, ജാട്ടുകളും, മഹാരാഷ്ട്രക്കാരുടേയും ഉയര്‍ച്ച. മേവാര്‍ ( ഉദയപ്പൂര്‍ ), മാര്‍വാര്‍ ( ജോധ്പൂര്‍ ), അംബര്‍ ( ജയ് പൂര്‍ ) എന്നീ പ്രമുഖ രജപുത്ര രാജ്യങ്ങള്‍ മുഗള്‍ സാമ്രാജ്യത്തിന്റെ പിടിയില്‍ നിന്നും മാറി പുതിയ സഖ്യങ്ങള്‍ രൂപീകരിക്കാന്‍ ശ്രമിച്ചു. നാദിര്‍ഷായുടെ ആക്രമണം പഞ്ചാബില്‍ സൃഷ്ടിച്ച പ്രശ്നങ്ങളില്‍ നിന്നും കരുത്താര്‍ജ്ജിച്ച സിഖ് ശക്തി വീണ്ടും ഉണര്‍ന്നെണീറ്റു. ചിതറിക്കിടന്ന ജാട്ടു സംഘങ്ങള്‍ ഒന്നാകാന്‍ തുടങ്ങിയത് മറ്റൊരു സംഭവമായിരുന്നു. ഔറംഗസേബിന്റെ മരണത്തോടെ മഹാരാഷ്ട്രര്‍ (മറാഠി) വീണ്ടും ശക്തി പ്രാപിച്ചു. 'ഹിന്ദ് സാമ്രാജ്യം' സ്വപ്നം കണ്ട് അവര്‍ നടത്തിയ മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത് ശിവജിയുടെ പ്രധാനമന്ത്രിമാരായി പ്രവര്‍ത്തിച്ചിരുന്ന പേഷ്വാമാരായിരുന്നു. ഇതില്‍ ആദ്യത്തെ പേഷ്വയായ ബാലാജി വിശ്വനാഥ് (1713-20) അവിസ്മരണീയനാണ്. ആകെപ്പാടെ നോക്കിയാല്‍ ഇന്ത്യ ഒരു യുദ്ധക്കളമാകാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ നാദിര്‍ഷായുടെ ആക്രമണത്തിനുശേഷവും പ്രകടമായി. നവീനരീതിയിലുള്ള ആയുധങ്ങള്‍ കൈവശമുള്ള യൂറോപ്പ്യന്‍ ശക്തികള്‍ ഇത് മനസ്സിലാക്കി തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ തുടങ്ങി. ഇതിന്റെ പ്രതിഫലനമായിരുന്നു പിന്നീടുണ്ടായ കര്‍ണാടിക് യുദ്ധങ്ങള്‍ . അത് ഇനിവരാന്‍ പോകുന്നതേയുള്ളൂ.
  ആര്‍ക്കും തടുക്കാന്‍ കഴിയാതെ, ശക്തിയും തന്ത്രങ്ങളും ചതിപ്രയോഗവുമായി അയല്‍രാജ്യങ്ങളെ ഓരോന്നായി പിടിച്ചെടുത്ത് മുന്നേറുകയാണ് തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ. ഈ സമയത്ത് തെക്കന്‍ തിരുവിതാംകൂര്‍ (വേണാട്) പ്രദേശങ്ങള്‍ കര്‍ണാടിക് നവാബിന്റെ ആക്രമണത്തിന് വിധേയമായി. പതിനേഴാം നൂറ്റാണ്ടുമുഴുവനും ഈ പ്രദേശങ്ങളില്‍ മധുരയിലെ നായക് ഭരണാധികാരികള്‍ ആക്രമിച്ചിട്ടുള്ളതാണ്. മധുരയിലെ അവസാന ഭരണാധികാരിയായ റാണി മീനാക്ഷി അമ്മാളും, തിരുമല നായ്ക്കരും തമ്മിലുള്ള അധികാരവടംവലിയാണ് കര്‍ണാടിക് നവാബിന് ഇവിടെ ഇടപെടാന്‍ കളം ഒരുക്കിയത്. മീനാക്ഷി അമ്മാള്‍ ആര്‍ക്കാട് നവാബിന്റെ സഹായം അഭ്യര്‍ഥിച്ചു. നവാബ് തന്റെ മരുമകനും ദിവാനുമായിരുന്ന ചണ്ടാസാഹേബിനെ മധുരയിലേക്ക് അയച്ചു. റാണി മീനാക്ഷി അമ്മാളിന്റെ പ്രീതി ആദ്യം സമ്പാദിച്ച ചണ്ടാ സാഹേബ്, റാണിയുടെ സഹോദരനുമായി ചേര്‍ന്ന് അവരെ ചതിയ്ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഇതില്‍ മനംനൊന്ത റാണി ആത്മഹത്യ ചെയ്തു. 1735ല്‍ അവിടത്തെ അധികാരം ചണ്ടാ സാഹിബ് പിടിച്ചെടുത്തു. ഇതിനുശേഷമാണ് അദ്ദേഹം തിരുവിതാംകൂര്‍ (വേണാട്) പ്രദേശം ആക്രമിക്കാന്‍ തുടങ്ങിയത്.

   

 • അയല്‍രാജ്യങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചെടുക്കുന്നു
 • ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫ് മാര്‍ത്താണ്ഡവര്‍മ്മയെ കാണുന്നു
 • ഹോളണ്ട് ആക്രമിക്കുമെന്ന് മാര്‍ത്താണ്ഡവര്‍മ്മ.
 •  

   

   

   

   

   

   

   


  1739
  മാര്‍ത്താണ്ഡവര്‍മ്മയെ കാണാന്‍
  ഡച്ച് ഗവര്‍ണര്‍ എത്തുന്നു

  മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ (വേണാട്) അധികാരം ഏറ്റിട്ട് ഇപ്പോള്‍ പത്തുവര്‍ഷമായി. 1729ല്‍ അധികാരം ഏറ്റതുമുതല്‍ മാര്‍ത്താണ്ഡവര്‍മ്മ നേരിട്ട പ്രശ്നങ്ങള്‍ ഏറെയാണ്.രാജകുടുംബത്തിലെ ബന്ധുക്കള്‍ (തമ്പിമാര്‍) പത്മനാഭസ്വാമി ക്ഷേത്രത്തിലെ യോഗക്കാര്‍ , പ്രഭുക്കന്മാരായ പിള്ളമാര്‍, മാടമ്പിമാര്‍ തുടങ്ങിയവര്‍ അഴിച്ചുവിട്ട ആഭ്യന്തരകലഹവും ലഹളയും ഒതുക്കാനായിരുന്നു ഭരണത്തിന്റെ ആദ്യഘട്ടം അദ്ദേഹം വിനിയോഗിച്ചത്. 1730 അവസാനത്തോടുകൂടി മാര്‍ത്താണ്ഡവര്‍മ്മ ശത്രുക്കളെ മുഴുവന്‍ നിഗ്രഹിച്ചു. ബന്ധുക്കളേയും സ്വന്തക്കാരേയും കൊല്ലുന്നതിലും മാര്‍ത്താണ്ഡവര്‍മ്മ ഒരു ദാക്ഷണ്യവും കാട്ടിയില്ല.

  കല്‍ക്കുളം കൊട്ടാരമാണ് അദ്ദേഹത്തിന്റെ ഭരണസിരാകേന്ദ്രം. എങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിയുന്നതിനും അവിടെ പുതിയ പൂജകള്‍ തുടങ്ങുന്നതിനും കേന്ദ്രീകരിച്ചു. അക്കാലത്ത് മതത്തിന്റെ പേരില്‍ യൂറോപ്പ്യന്‍ രാജാക്കന്മാര്‍ നടത്തുന്ന തന്ത്രങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മ മനസ്സിലാക്കിയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യുദ്ധത്തില്‍ മുന്നേറുകയും ഭക്തിയിലൂടെ ജനഹൃദയം നേടുകയും ചെയ്യുന്ന ഒരു പ്രത്യേക രീതി സ്വീകരിക്കുന്നതിന്റെ മുന്നോടിയായിരുന്നു ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ പുനരുദ്ധാരണവും മറ്റ് നടപടികളും.

  ആറ്റിങ്ങല്‍ , ദേശിംഗനാട് (കൊല്ലം), ഇളയേടത്ത് സ്വരൂപം (കൊട്ടാരക്കര), പേരകത്താവഴി (നെടുമങ്ങാട്) തുടങ്ങിയ രാജ്യങ്ങളെ പിടിച്ചെടുത്ത് തന്റെ രാജ്യമായ തിരുവിതാംകൂര്‍ (വേണാട്)നോട് ചേര്‍ക്കുക എന്നതായിരുന്നു മാര്‍ത്താണ്ഡവര്‍മ്മയുടെ ആദ്യലക്ഷ്യം. ഒരിക്കല്‍ തിരുവിതാംകൂര്‍ (വേണാട്) ഉള്‍പ്പെടെ ഈ രാജ്യങ്ങളെല്ലാം ' തൃപ്പാപ്പൂര് ‍' സ്വരൂപത്തിന്റെ ഭാഗമായിരുന്നു. പിന്നീടാണ് ശാഖകളായി പിരിഞ്ഞത്. ഇപ്പോഴും പരസ്പരം ബന്ധമുള്ളവരാണ് ഈ രാജ്യങ്ങള്‍ ഭരിക്കുന്നത്. ഈ രാജ്യങ്ങളില്‍ പലതും ഡച്ചുകാരുമായി കുരുമുളക് കച്ചവട ബന്ധമുള്ളവരാണ്. ഇവിടങ്ങളില്‍ നിന്നും വന്‍തോതില്‍ കുരുമുളക് ഡച്ചുകാര്‍ക്ക് ലഭിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മാര്‍ത്താണ്ഡവര്‍മ്മയുടെ മുന്നേറ്റം ഡച്ചുകാരെ അലോസരപ്പെടുത്തുന്നുണ്ട്. തിരുവിതാംകൂ (വേണാട്)റിലെ ആഭ്യന്തര കലഹങ്ങള്‍ കുരുമുളക് ഉള്‍പ്പെടെയുള്ള വ്യാപാരത്തെ വന്‍തോതില്‍ ബാധിച്ചു. കലഹങ്ങള്‍ അവസാനിച്ചശേഷവും യൂറോപ്പ്യന്മാരുമായി കച്ചവടബന്ധം ശക്തിപ്പെടുത്താന്‍ മാര്‍ത്താണ്ഡവര്‍മ്മ നടപടി തുടങ്ങിയെങ്കിലും ഡച്ചുകാര്‍ക്ക് കുരുമുളക് നല്കിയില്ല. ഇംഗ്ലീഷുകാരെയാണ് മാര്‍ത്താണ്ഡവര്‍മ്മ വിശ്വാസത്തിലെടുത്തത്. അവര്‍ അദ്ദേഹത്തിന് വിലപിടിപ്പുള്ള സമ്മാനങ്ങളും നല്കിക്കൊണ്ടിരുന്നു.

  മധുരയിലുണ്ടായ ആഭ്യന്തരകലഹം കാരണം അവിടെ നിന്നും വന്‍തോതില്‍ തൊഴിലാളികള്‍ പ്രത്യേകിച്ച് നെയ്ത്തുകാര്‍ കോട്ടാറിലേയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. ഇത് കോട്ടാറിനെ വലിയ വ്യാപാരകേന്ദ്രമാക്കാന്‍ വഴിതെളിച്ചു. ഡച്ചുകാര്‍ക്ക് കുളച്ചലിനു സമീപത്തുള്ള തേങ്ങാപ്പട്ടണത്ത് ഒരു വ്യാപാരകേന്ദ്രമുണ്ടായിരുന്നു. ഇത് സംരക്ഷിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സഹായം അവര്‍ക്ക് കിട്ടി.

  ആറ്റിങ്ങല്‍ രാജ്യത്തെ റാണിമാരുടെ സ്വതന്ത്രാധികാരം നിയന്ത്രിച്ചും, കായംകുളത്തുനിന്നും ഒരാളെ ദത്ത് എടുത്തതിന്റെ പേരില്‍ ദേശിംഗനാടി (കൊല്ലം)നെ ആക്രമിച്ചും, കായംകുളത്തിനു നേരെ പടയോട്ടം നടത്തിയും ഇളയിടത്ത് സ്വരൂപം (കൊട്ടാരക്കര), പേരകത്താവഴി (നെടുമങ്ങാട്) എന്നിവ പിടിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചും മുന്നേറ്റം നടത്തുന്ന മാര്‍ത്താണ്ഡവര്‍മ്മ കൊച്ചി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അങ്കലാപ്പ് സൃഷ്ടിച്ചു. അവര്‍ ഡച്ചുകാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും തണുപ്പന്‍ മറുപടിയാണ് ലഭിച്ചത്. അതിനുള്ള കാരണം യുദ്ധം, കോട്ടനിര്‍മ്മാണം എന്നിവയ്ക്ക് അധികപണം ചെലവാക്കാന്‍ പാടില്ലെന്ന ബറ്റേവിയന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ്. നെതര്‍ലണ്ടിന്‍െറ കിഴക്കന്‍ തലസ്ഥാനമായ ഇന്തോനേഷ്യയിലാണ് ബറ്റേവിയന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി ഉള്‍പ്പെടെയുള്ള ഡച്ച് ഏഷ്യന്‍ പ്രദേശങ്ങള്‍ ഇവരുടെ കീഴിലാണ്. ബറ്റേവിയന്‍ സര്‍ക്കാരിലെ അഭിപ്രായഭിന്നതയും അവിടെ നടക്കുന്ന ആഭ്യന്തരപ്രശ്നങ്ങളും ഡച്ചുകാരുടെ ഈ തണുത്ത തീരുമാനത്തിന് കാരണമായി പറയാവുന്നതാണ്.

  ഔറംഗസേബിന്റെ മരണത്തെ തുടര്‍ന്ന് മുഗള്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും പുതിയതായി ഉടലെടുത്ത രാജ്യങ്ങളുടെ സ്ഥിതിയും കൃത്യമായി ഇന്ത്യയിലെ യൂറോപ്യന്‍ ശക്തികള്‍ മനസ്സിലാക്കുന്നുണ്ട്. പുതിയ രാജ്യങ്ങളോട് കൂറും പ്രഖ്യാപിച്ച് കച്ചവടബന്ധം ഉറപ്പിക്കാന്‍ അവര്‍ ബദ്ധശ്രദ്ധരാണ്. ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരുമാണ് ഇതിന് മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യയില്‍ ആദ്യം എത്തിയ പോര്‍ട്ടുഗീസുകാര്‍ ഇപ്പോള്‍ ഗോവ, ഡ്യു, ഡാമന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒതുങ്ങിക്കഴിയുന്നു. ഡച്ചുകാര്‍ക്ക് കൊച്ചി കൂടാതെ ബംഗാള്‍ , ബീഹാര്‍ , ഒറീസാ, മസൂലിപ്പട്ടണം, സൂററ്റ്, നാഗപ്പട്ടണം എന്നിവിടങ്ങളിലാണ് വ്യാപാരകേന്ദ്രങ്ങളുള്ളത്. ഇംഗ്ലീഷുകാരും, ഫ്രഞ്ചുകാരും കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഡച്ചുകാര്‍ നിസംഗരാണ്. അതിനിടയിലാണ് കേരളത്തിലെ അവരുടെ മേധാവിത്വത്തിനെതിരെ മാര്‍ത്താണ്ഡവര്‍മ്മ മുന്നേറുന്നത്.

  1738 അവസാനത്തില്‍ മലബാറിലെ സ്ഥിതിഗതികള്‍ പരിശോധിച്ച, സിലോണിലെ ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫ് (Van Imhoff) ഞെട്ടിപ്പോയി. മലബാറിലെ ഡച്ച് മേധാവിത്വം തകര്‍ന്നുകൊണ്ടിരിക്കുന്നതായും ഡച്ച് കമ്പനിയായ വി.ഒ.സി.യുമായി രാജ്യങ്ങള്‍ കച്ചവടബന്ധം പുതുക്കാന്‍ ഭയപ്പെടുന്നതായും അദ്ദേഹം മനസ്സിലാക്കി. ഡച്ചുകാരുമായി നല്ല സൗഹൃദബന്ധമുള്ള വടക്കന്‍കൂര്‍ പോലും കുരുമുളക് നല്കുന്നില്ല. പേരകത്താവഴി (നെടുമങ്ങാട്) കരുനാഗപ്പള്ളിയിലേയും കുരുമുളക് ഡച്ചുകാര്‍ക്ക് നല്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ വിലക്ക് കല്പിച്ചിരിക്കുന്നു. ഡച്ച് കമ്പനിയെ ശക്തിപ്പെടുത്താനും രാജാക്കന്മാരുമായി സംഭാഷണം നടത്താനും വാന്‍ ഇംഹോഫ് തീരുമാനിച്ചു. അനുനയത്തില്‍ കരാര്‍ ഒപ്പിടുവിപ്പിക്കുക, അല്ലെങ്കില്‍ ആ രാജ്യത്തിനുനേരെ സൈനികനടപടി സ്വീകരിക്കുക ഇതായിരുന്നു ഇംഹോഫിന്റെ പദ്ധതി. ഇതിനുവേണ്ടി മുന്നൂറ് പട്ടാളക്കാരുമായി, സന്നാഹങ്ങളോടെ ഇംഹോഫ് കൊച്ചിയിലെത്തി. കൊച്ചിയിലെ കമാണ്ടര്‍ സ്റ്റിന്‍ വാന്‍ ഗുള്ളനോസ് (Stein Van Gollennesse) അദ്ദേഹത്തെ സ്വാഗതം ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയുടെ ശക്തിയും പടയോട്ടവും സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തി. കൊച്ചിരാജാവുമായി ഇംഹോഫ് ചര്‍ച്ച നടത്തി. മാര്‍ത്താണ്ഡവര്‍മ്മയെ കണ്ട് നേരിട്ട് സംസാരിക്കണമെന്ന് വാന്‍ ഇംഹോഫിന് തോന്നി. കടല്‍വഴി, ഡച്ച് വ്യാപാരകേന്ദ്രമായ തേങ്ങാപ്പട്ടണത്ത് എത്തിയശേഷം കരവഴി സഞ്ചരിച്ച് മാര്‍ത്താണ്ഡവര്‍മ്മയെ കാണാനായിരുന്നു ഇംഹോഫ് തീരുമാനിച്ചത്. തേങ്ങാപ്പട്ടണത്ത് പോകുന്ന വഴിയില്‍ കായംകുളത്തെ ഡച്ച് കോട്ടയും അദ്ദേഹം സന്ദര്‍ശിച്ചു. കായംകുളത്തിനും തേങ്ങാപ്പട്ടണത്തിനും ഇടയ്ക്ക് അദ്ദേഹം തിരുവിതാംകൂറിന്റെ ധാരാളം കപ്പലുകളെ കണ്ടു. അതില്‍ നിന്നും ലഭിച്ച സന്ദേശപ്രകാരം മാര്‍ത്താണ്ഡവര്‍മ്മ, മതപരമായ ചടങ്ങുകള്‍ക്കുശേഷം തിരിച്ച് തേങ്ങാപ്പട്ടണത്ത് എത്തുമ്പോള്‍ സന്ദര്‍ശനത്തിന് സൗകര്യം ലഭിക്കുമെന്നായിരുന്നു.

  ഡച്ച് ഗവര്‍ണറേയും, പട്ടാളത്തേയും കാണാന്‍ തേങ്ങാപ്പട്ടണത്ത് വന്‍ ജനക്കൂട്ടം. ഡച്ചുകാരുടെ അവിടുത്തെ ഫാക്ടറി നല്ല നിലയിലല്ലായിരുന്നു. തേങ്ങാപ്പട്ടണം നല്ല തുണി നിര്‍മാണകേന്ദ്രമായിരുന്നു. ഇരുന്നൂറോളം തറികള്‍ (Looms) ഇവിടെ ഉണ്ടായിരുന്നു. രാജകീയപ്രൗഢി നിറഞ്ഞ അന്തരീക്ഷത്തിലാണ് മാര്‍ത്താണ്ഡവര്‍മ്മയെ ഡച്ച് ഗവര്‍ണര്‍ സ്വീകരിച്ചത്. ചുറ്റും അംഗരക്ഷകരും, ഗായകരും കച്ചവടപ്രതിനിധികളും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സ്വാഗതം അരുളിയപ്പോള്‍ വാദ്യഘോഷങ്ങള്‍ ഉയര്‍ന്നുകൊണ്ടിരുന്നു.

  സമ്മാനങ്ങള്‍ പരസ്പരം കൈമാറിയ ശേഷം വാന്‍ ഇംഹോഫ് കാര്യത്തിലേയ്ക്ക് കടന്നു. പക്ഷെ ഡച്ചുകാര്‍ ഉദ്ദേശിച്ച വിധത്തിലുള്ള ഉറപ്പുകളൊന്നും മാര്‍ത്താണ്ഡവര്‍മ്മയില്‍ നിന്നും ലഭിച്ചില്ല. മുമ്പ് പല ചരിത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുള്ളത് അവരുടെ സംഭാഷണം അലസിപ്പിരിഞ്ഞു എന്നാണ്. ഇളയിടത്ത് റാണി (കൊട്ടാരക്കര)യുടെ അധികാരം തിരിച്ചുനല്കണമെന്നും ഡച്ചുകാരുടെ സഖ്യകക്ഷികളെ ആക്രമിക്കരുതെന്നുമുള്ള നര്‍ദ്ദേശം മാര്‍ത്താണ്ഡവര്‍മ്മയെ ക്ഷുഭിതനാക്കി എന്നും മേലില്‍ ആക്രമണം തുടര്‍ന്നാല്‍ ഡച്ചുകാര്‍ തിരുവിതാംകൂറു (വേണാട്) മായി യുദ്ധത്തിന് തയ്യാറാകുമെന്നും വാന്‍ ഇംഹോഫ് അറിയിച്ചപ്പോള്‍ , താന്‍ ഹോളണ്ട് ആക്രമിയ്ക്കാന്‍ ആലോചിക്കുന്നതായി മാര്‍ത്താണ്ഡവര്‍മ്മ തിരിച്ചടിച്ചതായും ആണ് ഒരുവിഭാഗം ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ആധുനിക ഗവേഷകര്‍ പറയുന്നത് വ്യാപാരബന്ധം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൊല്ലത്ത് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞാണ് അവര്‍ പിരിഞ്ഞതെന്നാണ്. ഏതായാലും ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫിന്റെ സന്ദര്‍ശനത്തിനുശേഷവും മാര്‍ത്താണ്ഡവര്‍മ്മയുമായിട്ടുള്ള ബന്ധം നല്ല നിലയില്‍ അല്ല തുടര്‍ന്നത്. ഡച്ചുകാരും തിരുവിതാംകൂറും തമ്മില്‍ ഏതുനിമിഷവും യുദ്ധം ഉണ്ടാകുമെന്ന സ്ഥിതിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങി. ഡച്ചുകാരെ സഹായിക്കുന്ന സഖ്യരാജ്യങ്ങള്‍ ആഗ്രഹിക്കുന്നതും അതായിരുന്നു.