കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • ഇംഗ്ലീഷ്-ഫ്രഞ്ച് ശക്തികളുമായി ചങ്ങാത്തവുമായി മാര്‍ത്താണ്ഡവര്‍മ്മ
 • കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വിജയവും ഡച്ചുശക്തിയുടെ ശക്തിക്ഷയവും.
 •  

   

   

   

   

   

   

   

   

   

  1741
  കുളച്ചല്‍ യുദ്ധം ചരിത്രത്തിലെ വഴിത്തിരിവ്

  ദക്ഷിണ കേരളത്തില്‍ ഡച്ചുകാരും മാര്‍ത്താണ്ഡവര്‍മ്മയും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടയില്‍ ഉത്തരകേരളത്തില്‍ പല സംഭവങ്ങളും നടന്നു. അവിടെ ഇംഗ്ലീഷുകാരും, ഫ്രഞ്ചുകാരും അതിവേഗം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. 1739 ഫെബ്രുവരിയില്‍ ' ഹാരിങ്ടണ്‍ ' എന്ന ഇംഗ്ലീഷ് കപ്പല്‍ ഇന്ത്യയിലെത്തിയത് ഇംഗ്ലീഷുകാര്‍ക്ക് പ്രധാന ഉത്തരവുകളുമായിട്ടാണ്. ഇന്ത്യയിലെ സങ്കേതങ്ങളെല്ലാം പുനഃസംഘടിപ്പിച്ചുകൊണ്ടുള്ള ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉത്തരവും അതിലുണ്ടായിരുന്നു. സ്റ്റീഫന്‍ ലോ ബോംബേ ആസ്ഥാനത്തെ പ്രസിഡന്‍റും ഗവര്‍ണറുമായി. തലശ്ശേരി ഫാക്ടറി മേധാവിയായി അഞ്ചുതെങ്ങിലെ വില്യം വേക്കിനെ സ്ഥലംമാറ്റി നിയമിച്ചു. കോലത്തിരി രാജകുടുംബത്തിലെ "ഒക്കു' എന്നുപേരുള്ള രാജകുമാരനെ ഇംഗ്ലീഷുകാര്‍ തടവിലാക്കിയത് അവിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. മാഹിയിലെ ഡച്ചുകാരും ഇംഗ്ലീഷുകാരും തമ്മിലുള്ള വഴക്ക് മറ്റൊരു സംഭവമായിരുന്നു. മാഹിയ്ക്കടുത്തുള്ള ഒരു കുന്ന് ഇംഗ്ലീഷുകാര്‍ പിടിച്ചെടുത്തതോടെ അവിടെ പ്രശ്നങ്ങള്‍ രൂക്ഷമായി. പക്ഷേ ഇങ്ങനെ ഉത്തരകേരളത്തില്‍ കൊമ്പ് കോര്‍ക്കുന്ന രണ്ട് യൂറോപ്യന്‍ ശക്തികളും ദക്ഷിണ കേരളത്തില്‍ ഡച്ചുകാര്‍ക്ക് എതിരെ നീങ്ങുന്ന മാര്‍ത്താണ്ഡവര്‍മ്മയുടെ സുഹൃത്തുക്കളാണ്. അവരില്‍ നിന്നാണ് അദ്ദേഹം യുദ്ധസാമഗ്രികള്‍ ശേഖരിക്കുന്നത്. ( ഉറവിടം : വില്യം ലോഗന്റെ മലബാര്‍ മാന്വല്‍ ‍)

  മാര്‍ത്താണ്ഡവര്‍മ്മ വടക്കോട്ടുള്ള ആക്രമണങ്ങള്‍ നടത്താന്‍ തയ്യാറെടുക്കുമ്പോഴാണ് ആര്‍ക്കാട് നവാബിന്റെ ബന്ധുക്കളായ ചന്ദ്രാസാഹിബും, ബഡാസാഹിബും, 1740ല്‍ നാഗര്‍കോവില്‍ , ശുചീന്ദ്രം, കോട്ടാര്‍ എന്നീ സ്ഥലങ്ങള്‍ ആക്രമിച്ചത്. ഇതിനെ നേരിടാന്‍ മാര്‍ത്താണ്ഡവര്‍മ്മ തന്റെ വിശ്വസ്തനായ ദളവ രാമയ്യനെ നിയോഗിച്ചു. അദ്ദേഹം വന്‍തുക നല്കിയാണ് നവാബിന്റെ ആള്‍ക്കാരെ പിന്തിരിപ്പിച്ചത്.

  മാര്‍ത്താണ്ഡവര്‍മ്മ, ഡച്ച് ഗവര്‍ണര്‍ വാന്‍ ഇംഹോഫിനോട് പറഞ്ഞിരിക്കുന്നതുപോലെ ദേശിംഗനാട്ടില്‍ നിന്നും കൂടിക്കാഴ്ച നടന്നില്ല. ഡച്ചുകാര്‍ക്ക് കുരുമുളക് നല്കുന്നതിന് അദ്ദേഹം വിമുഖത പ്രകടിപ്പിച്ചു. ഡച്ചുകാര്‍ നല്കുന്ന വില കുറവാണെന്നും, അവരുടെ വാങ്ങല്‍ ഇടപാടുകള്‍ ശരിയല്ലെന്നുമുള്ള ചിന്താഗതിയായിരുന്നു മാര്‍ത്താണ്ഡവര്‍മയുടേത്. പേരകതാവഴി (നെടുമങ്ങാട്), ദേശിംഗനാട് (കൊല്ലം) എന്നിവിടങ്ങളില്‍ നിന്നും കുരുമുളക് ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ഡച്ചുകാരും, അത് പറ്റില്ലെന്ന് മാര്‍ത്താണ്ഡവര്‍മ്മയും ഉറച്ചുനിന്നു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എതിരെ സൈനികനടപടിയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന സ്ഥിതിയിലേക്ക് ഡച്ചുകാരെത്തി. നെടുമങ്ങാട്, കരുനാഗപ്പള്ളി എന്നിവ ആക്രമിക്കുകയും, കൊച്ചി, ദേശിംഗനാട്, വടക്കന്‍കൂര്‍ രാജാക്കന്മാര്‍ക്ക് പിന്തുണ കൊടുക്കുകയുമാണ് ഡച്ചുകാരുടെ പദ്ധതി. ഇതിന്‍െറ ഭാഗമായി ഡച്ചുകാര്‍ എളയേടത്തു (കൊട്ടാരക്കര) റാണിയെ വീണ്ടും അധികാരത്തില്‍ വാഴിച്ചു. ഇതിനു സമ്മാനമായി റാണി 'അയിരൂര്‍ ' എന്ന സ്ഥലം ഡച്ചുകാര്‍ക്ക് നല്കി. അവര്‍ അവിടെ ചെറിയ കോട്ട കെട്ടി. എന്നാല്‍ തിരുവിതാംകൂര്‍ (വേണാട്) സേന എത്തി അവിടം പ്രതിരോധിച്ചു. അതോടെ എളയിടത്തുറാണി കൊച്ചിയിലേക്ക് അഭയം പ്രാപിച്ചു. പിന്നീട് ഡച്ചുകാര്‍ റാണിക്ക് പെന്‍ഷന്‍ അനുവദിച്ചു. അവര്‍ അവസാനം ആത്മഹത്യ ചെയ്തതായി ചില ചരിത്രകാരന്മാര്‍ പറയുന്നു.

  ഡച്ചുകാരും മാര്‍ത്താണ്ഡവര്‍മ്മയും തമ്മിലുള്ള ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടര്‍ന്നു. ഇതിനിടയില്‍ ബറ്റേവിയയില്‍ നിന്നും കൂടുതല്‍ സൈനികസഹായം പ്രതീക്ഷിച്ചിരിക്കുകയാണ് ഡച്ചുകാര്‍ . മാര്‍ത്താണ്ഡവര്‍മ്മയോടുള്ള യുദ്ധത്തിന് കൊച്ചിരാജ്യവും കച്ചവടബന്ധമുള്ള മറ്റ് രാജ്യങ്ങളും സമ്മര്‍ദ്ദം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനിടയില്‍ മാര്‍ത്താണ്ഡവര്‍മ്മയും വെറുതെയിരുന്നില്ല. അയല്‍രാജ്യങ്ങള്‍ മാത്രമല്ല, കൊച്ചിയും കടന്ന് സാമൂതിരിയുടെ കോഴിക്കോടും കോലത്തുനാടുമെല്ലാം ആക്രമിച്ച് കീഴ്പ്പെടുത്തി വിശാല കേരളമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വിവിധ നികുതികളിലൂടെ ധനസ്ഥിതി മെച്ചപ്പെടുത്തിയും ഡച്ച് പട്ടാളത്തില്‍ നിന്നും കൂറുമാറി വന്നവര്‍ക്ക് അവിടെ ലഭിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ ശമ്പളം നല്കി തന്റെ സര്‍വീസിലെടുത്തും അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ബന്ധം മെച്ചപ്പെടുത്തി കൂടുതല്‍ ആയുധങ്ങള്‍ ശേഖരിച്ചും, ഫ്രഞ്ചുകാരുമായി സഖ്യം ഉണ്ടാക്കിയും മാര്‍ത്താണ്ഡവര്‍മ്മയും ഒരുക്കങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

  1740 ല്‍ ഫ്രഞ്ചുകാരുമായി മാര്‍ത്താണ്ഡവര്‍മ്മ പുതിയ സൗഹൃദ ഉടമ്പടി ഉണ്ടാക്കി. അതോടെ കുളച്ചല്‍ പ്രദേശത്ത് സ്വാധീനം ഉറപ്പിക്കാനും കുരുമുളക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തിരുവിതാംകൂറില്‍ നിന്ന് വാങ്ങാനും ഫ്രഞ്ചുകാര്‍ക്ക് കഴിഞ്ഞു. ഫ്രഞ്ചുകാരുടെ സുഹൃത്തുക്കളായ കര്‍ണാടിക് നമ്പാവിന്റെ കീഴിലുള്ള ചന്ദാസാഹിബിന്റെയും ബഡാസാഹിബിന്റെയും തിരുവിതാംകൂര്‍ ആക്രമണം അതുവഴി ഒഴിവാക്കാനും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു. ഇതിനിടയില്‍ തിരുവിതാംകൂറിന്റെ പലഭാഗങ്ങളിലും ഡച്ചുകാര്‍ ആക്രമണം നടത്തുകയായിരുന്നു. തിരുവിതാംകൂറിന്റെ പ്രധാന തുണിവ്യവസായ കേന്ദ്രമായ കുളച്ചല്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളായിരുന്നു ഡച്ചുകാരുടെ കണ്ണ്. അവിടെ നിന്നാണ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചുങ്കംവഴി വന്‍ ആദായം ലഭിക്കുന്നത്. ഇത് തടഞ്ഞാല്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് യുദ്ധം നടത്താനുള്ള ശക്തി ക്ഷയിക്കുമെന്നാണ് ഡച്ചുകാരുടെ കണക്കുകൂട്ടല്‍ . ഇത് മുന്‍നിര്‍ത്തി കടലില്‍ ചില ഉപരോധങ്ങള്‍ അവര്‍ ഏര്‍പ്പെടുത്തി. നവംബര്‍ അവസാനത്തോടെ ഡച്ച് കപ്പലുകള്‍ കുളച്ചല്‍ കടലില്‍ ആക്രമണം തുടങ്ങി. തീരവാസികള്‍ പേടിച്ച് ഓടാന്‍ തുടങ്ങി. കടലോരത്ത് ഡച്ചുകപ്പലുകള്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ , മാര്‍ത്താണ്ഡവര്‍മ്മയുടെ രണ്ടായിരത്തോളം പടയാളികള്‍ ആയുധങ്ങളുമായി എത്തി അവരെ തടഞ്ഞു. മഴക്കാലം ആംഭിച്ചതിനാല്‍ ഡച്ചുകാര്‍ ആക്രമണം നിര്‍ത്തിയെങ്കിലും കന്യാകുമാരിയ്ക്കും കൊല്ലത്തിനും ഇടയ്ക്കുള്ള കടലോരം അവരുടെ പ്രതിരോധത്തിലായിരുന്നു. ഇത് ഇംഗ്ലീഷുകാരുടെ വ്യാപാരത്തെ സാരമായി ബാധിച്ചു. ഇതിനിടയില്‍ ഇംഗ്ലീഷുകാരില്‍ നിന്നും വെടിക്കോപ്പുകളും ആയുധങ്ങളും ശേഖരിച്ച് മാര്‍ത്താണ്ഡവര്‍മ്മ യുദ്ധത്തിന് തയ്യാറായി. തന്റെ ഉടവാള്‍ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പൂജ ചെയ്ത് മടക്കിവാങ്ങിയശേഷമായിരുന്നു പുറപ്പാട് തയ്യാറെടുപ്പ് നടത്തിയത്. കുളച്ചല്‍ കോട്ടയ്ക്കുനേരെ തിരുവിതാംകൂറിന്റെ ആക്രമണം ഉണ്ടായി എങ്കിലും ഡച്ചുകാര്‍ അത് പ്രതിരോധിച്ചു. കനത്ത മഴ ഇരുഭാഗത്തിനും ഭീഷണിയായി. ഡച്ചുകാര്‍ക്ക് പ്രതികൂല കാലാവസ്ഥയില്‍ കന്യാകുമാരിയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും പ്രതീക്ഷിച്ച സഹായം കിട്ടിയില്ല. ഡച്ച് കമാന്‍ഡര്‍ റജിടെല്‍ (Rijtel)ന് മുറിവേറ്റതും പ്രതികൂല കാലാവസ്ഥയും എല്ലാംകൂടി സാഹചര്യം ഡച്ചുകാര്‍ക്ക് എതിരായിരുന്നു. വിവരം അറിഞ്ഞ് എത്തിയ മാര്‍ത്താണ്ഡവര്‍മ്മയുടെ മുമ്പില്‍ 31 ലന്തപ്പടയാളികള്‍ കീഴടങ്ങി. നെടുങ്കോട്ട പിടിയ്ക്കാന്‍ ഡച്ചുകാര്‍ വീണ്ടും ശ്രമം നടത്തിയെങ്കിലും തിരുവിതാംകൂര്‍ പടയാളികള്‍ പ്രതിരോധിച്ചു. ഇതിനിടയില്‍ ആണ് തിരുവിതാംകൂര്‍ സൈന്യം എയ്തുവിട്ട തീബോംബ് കൊണ്ടു ഡച്ച് വെടിമരുന്ന് ശാലയ്ക്ക് തീപിടിച്ചതും പരിഭ്രാന്തരായ സൈനികര്‍ ചിതറി ഓടിയതും. ഇതോടെ ഡച്ചുകാര്‍ കീഴടങ്ങുന്ന സ്ഥിതിയിലായി. 1741 ആഗസ്ത് 12ന് ആയിരുന്നു കീഴടങ്ങല്‍ നടന്നത്. കേരളത്തിലെ ഡച്ച് ശക്തിയുടെ ക്ഷയത്തിന്റെ തുടക്കവും സാഹസികനായ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രതാപത്തിലേയ്ക്കുള്ള ഉയര്‍ച്ചയും ഇവിടെ നിന്നാണ് ആരംഭിച്ചത്. ഒരു ഇന്ത്യന്‍ നാട്ടുരാജാവ് ആദ്യമായി യൂറോപ്യന്‍ ശക്തിയെ തോല്പിച്ചു എന്ന ഖ്യാതിയും ചരിത്രകാരന്മാര്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ചാര്‍ത്തുന്നതും കുളച്ചല്‍ യുദ്ധത്തിലാണ്. പ്രതികൂല കാലാവസ്ഥയും, തിരുവിതാംകൂര്‍ രാജാവിന്റെ തന്ത്രങ്ങളും, അദ്ദേഹത്തിന്റെ സൈനികശക്തി സംബന്ധിച്ച തെറ്റായ കണക്കുകൂട്ടലുകളുമാണ് ഡച്ചുകാരുടെ തോല്‍വിക്കു കാരണം. എങ്കിലും ഡച്ചുകാര്‍ വീണ്ടും യുദ്ധം തുടര്‍ന്നു.