കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • കര്‍ണാടിക് പ്രദേശങ്ങള്‍ക്കുവേണ്ടി ഫ്രഞ്ചുകാരും, ഇംഗ്ലീഷുകാരും യുദ്ധം
 • ഫ്രഞ്ചുകാര്‍ ഉത്തരകേരളത്തില്‍ പിടിമുറുക്കുന്നു
 • മാര്‍ത്താണ്ഡവര്‍മ്മ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിക്കുന്നു.
 •  

   

   

   

   

   

   

   

  1750
  പുതിയ തന്ത്രങ്ങളുമായി മാര്‍ത്താണ്ഡവര്‍മ്മ;
  കര്‍ണാടിക് പ്രദേശത്ത് ഘോരയുദ്ധം

  യൂറോപ്പില്‍ രണ്ടുചേരികളായി നടക്കുന്ന അസ്ട്രിയന്‍ പിന്തുടര്‍ച്ചവകാശ യുദ്ധത്തിന്റെ അലകള്‍ തെക്കേ ഇന്ത്യയിലെ കര്‍ണാടിക് പ്രദേശങ്ങളില്‍ കൂടുതല്‍ പ്രതിഫലിക്കാന്‍ തുടങ്ങി. അവിടെ വ്യാപാരം നടത്തുന്ന ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും പരസ്പരം വാളോങ്ങി നില്‍ക്കുകയായിരുന്നു. ഡ്യൂപ്ലേയുടെ വരവോടുകൂടി ഇവിടത്തെ ഫ്രഞ്ചുകാര്‍ക്ക് ശക്തികൂടി. കര്‍ണാടിക് പ്രദേശങ്ങളില്‍ ഉണ്ടായ അവകാശതര്‍ക്കങ്ങളും ആഭ്യന്തര യുദ്ധങ്ങളും മുതലാക്കി ഫ്രഞ്ച് മേധാവിത്വം ഉറപ്പിക്കാനായിരുന്നു ഡ്യൂപ്ലേയുടെ ശ്രമം. ഫ്രഞ്ചുമിത്രമായ ചന്ദാസാഹിബ് ഇപ്പോഴും മറാഠികളുടെ തടവറയിലാണ്. ഇംഗ്ലീഷുകാര്‍ക്ക് മദ്രാസിലും, ഫ്രഞ്ചുകാര്‍ക്ക് പോണ്ടിച്ചേരിയിലുമായിരുന്നു കര്‍ണാടിക് പ്രദേശത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങള്‍ . ഇവിടെ നിന്നും ഇംഗ്ലീഷുകാര്‍ തലശ്ശേരി കേന്ദ്രീകരിച്ചും, ഫ്രഞ്ചുകാര്‍ മാഹി കേന്ദ്രീകരിച്ചും വ്യാപാരം നടത്തുന്നു. കൊച്ചിയുടെ നിയന്ത്രണം ഡച്ചുകാര്‍ക്കാണ്. തിരുവിതാംകൂറില്‍ അഞ്ചുതെങ്ങിലാണ് ഇംഗ്ലീഷുകാരുടെ പ്രധാന കേന്ദ്രം. ഇതുവഴി മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ആയുധങ്ങളും മറ്റ് സഹായങ്ങളും ലഭിക്കുന്നത് ഡച്ചുകാരെ അലോസരപ്പെടുത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. തെക്കന്‍ കേരളത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ മാത്രമല്ല, വടക്കന്‍ കേരളത്തില്‍ കോലത്തിരിയും, സാമൂതിരിയും ഇംഗ്ലീഷുകാരോടും ഫ്രഞ്ചുകാരോടും കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതും ഡച്ചുകാരെ വിഷമിപ്പിക്കുന്നു. ഇതിനിടയില്‍ കുളച്ചലിലെ തോല്‍വിയും, പുതിയ കരാറും പല രാജാക്കന്മാര്‍ക്കും അവരോടുള്ള വിശ്വാസത്തിന് മങ്ങല്‍ ഏല്പിച്ചിട്ടുണ്ട്.

  ബറ്റേവിയയില്‍ നിന്നും കൂടുതല്‍ സൈനികരെ വരുത്തി ശക്തമായ യുദ്ധം തുടങ്ങിയാലേ നഷ്ടപ്പെട്ട പ്രതാപവും വിശ്വാസവും വീണ്ടെടുക്കാന്‍ കഴിയൂ എന്ന് കൊച്ചിയിലെ വി.ഒ.സി. ഉദ്യോഗസ്ഥന്മാര്‍ക്ക് അറിയാം. പക്ഷെ ഇന്തോനേഷ്യയില്‍ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് സൈന്യവും പണവും കൂടുതല്‍ ആവശ്യം വന്നതിനാലാണെന്ന് തോന്നുന്നു, കൊച്ചിയിലെ ആവശ്യം ബറ്റേവിയന്‍ സര്‍ക്കാര്‍ കാര്യമായി പരിഗണിച്ചില്ല.

  ഇതിനിടയില്‍ കര്‍ണാടിക് പ്രദേശങ്ങളിലെ രാഷ്ട്രീയം വീണ്ടും കലങ്ങിമറിഞ്ഞു. ഡക്കാണിലെ നൈസാമിന്റെ സൈന്യം തൃശ്ശിനാപ്പള്ളിയില്‍ എത്തി മറാഠികളെ ഓടിച്ചു (1744). അന്‍വറുദ്ദിന്‍ പുതിയ കര്‍ണാടിക് നവാബ് ആയി. പക്ഷെ ശക്തരായ ഇംഗ്ലീഷുകാരുടേയും ഫ്രഞ്ചുകാരുടെയും മത്സരങ്ങളില്‍ ഒരു കാഴ്ചക്കാരനെപ്പോലെ നോക്കിനില്‍ക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. ഫ്രഞ്ചുകാരുടെ വളര്‍ച്ച തടയാന്‍ ഇംഗ്ലീഷുകാര്‍ നടത്തുന്ന നടപടികളില്‍ ഗവര്‍ണര്‍ ഡ്യൂപ്ലേ ക്ഷുഭിതനായി. ഫ്രഞ്ചുകപ്പലുകളെ ആക്രമിക്കുന്ന ഇംഗ്ലീഷുകാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ഡ്യൂപ്ലേ നവാബ് അന്‍വറുദ്ദിനോട് ആവശ്യപ്പെട്ടു. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇംഗ്ലീഷുകാര്‍ ചെവിക്കൊണ്ടില്ല. ഈ തര്‍ക്കം അവസാനം എത്തിയത് ഫ്രഞ്ചുകാരുടെ മദ്രാസ് ഉപരോധത്തിലായിരുന്നു. ഈ സമയത്ത് ഇംഗ്ലീഷുകാരെ സഹായിക്കാന്‍ നവാബ് രംഗത്ത് എത്തി. മദ്രാസ് ഉപരോധം പിന്‍വലിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം ഡ്യൂപ്ലേ നിരാകരിച്ചു. ഇതോടെ യുദ്ധമായി. ഇതാണ് ഒന്നാം കര്‍ണാടിക് യുദ്ധം (1746-1748) ഫ്രഞ്ചുകാര്‍ നവാബിന്റെ സേനയെ പരാജയപ്പെടുത്തി. ഇതോടെ കര്‍ണാടിക് പ്രദേശങ്ങളിലെ വന്‍ശക്തിയായി ഫ്രഞ്ചുകാര്‍ മാറി. പിന്നീട് അസ്ട്രിയന്‍ യുദ്ധം യൂറോപ്പില്‍ 1748ല്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് മദ്രാസ്, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഫ്രഞ്ചുകാര്‍ വിട്ടുകൊടുത്തത്. ഇതോടെ ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ വേരറുക്കുന്നതിനുള്ള തന്ത്രങ്ങള്‍ ഇംഗ്ലീഷുകാര്‍ ആവിഷ്കരിച്ചുതുടങ്ങി. കര്‍ണാടിക് പ്രദേശങ്ങള്‍ ഇംഗ്ലീഷുകാരുടേയും, ഫ്രഞ്ചുകാരുടേയും പടനിലമായി വീണ്ടും മാറാന്‍ പോകുന്നു. അവസാനം 1749ല്‍ അത് രണ്ടാം കര്‍ണാടിക് യുദ്ധമായി മാറി. 1754 വരെ നീണ്ടുനിന്ന ഈ യുദ്ധത്തിലാണ് ഇന്ത്യയിലെ ചരിത്രത്തിന്റെ ഗതിവിഗതി മാറ്റിമറിച്ച സംഭവങ്ങള്‍ നടന്നത്.

  1743ലെ ഡച്ചുകാരുമായി ഉണ്ടാക്കിയ കരാറിനെത്തുടര്‍ന്ന് മാര്‍ത്താണ്ഡവര്‍മ്മ ഏതാനും വര്‍ഷം വലിയ അക്രമങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. എങ്കിലും പുതിയ കരാറിലെ വ്യവസ്ഥകള്‍ ഉപയോഗിച്ച് അയല്‍രാജ്യങ്ങളെ ഓരോന്നായി പിടിച്ചെടുത്ത് "വിശാലകേരളം" സൃഷ്ടിക്കണമെന്ന മോഹം അദ്ദേഹത്തിന്റെ മനസ്സില്‍ ഓളംവെട്ടിക്കൊണ്ടിരുന്നതായി അന്നത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു 1746 മുതല്‍ അദ്ദേഹം നടത്തിയ ആക്രമണങ്ങള്‍ . ആറ്റിങ്ങല്‍ , എളയടത്ത് സ്വരൂപം (കൊട്ടാരക്കര), കായംകുളം, പുറക്കാട്, തെക്കുംകൂര്‍ , വടക്കുംകൂര്‍ , മീനച്ചല്‍ എന്നീ രാജ്യങ്ങള്‍ ആക്രമിച്ച് തിരുവിതാംകൂറിനോട് ചേര്‍ത്തു. ആയുധശക്തി പോലെ ചതിയും അക്രമവും മാര്‍ത്താണ്ഡവര്‍മ്മയുടെ കൂര്‍മ്മബുദ്ധിയുമെല്ലാം ഈ യുദ്ധത്തില്‍ പ്രകടമായിരുന്നു. ഡച്ചുകരാറിന് ശേഷം മാര്‍ത്താണ്ഡവര്‍മ്മ കൊച്ചിരാജാവിന് മനോഹരമായ ഒരു സമ്മാനം അയച്ചുകൊടുത്തു. അതൊരു തന്ത്രമായിരുന്നു.

  1745ല്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ സൈന്യം പുറക്കാടും കരുനാഗപ്പള്ളിയും വഴി കായംകുളം ആക്രമിച്ചു. വേഷപ്രച്ഛന്നനായി സ്ഥലംവിട്ട കായംകുളം രാജാവ് തെക്കുംകൂര്‍ വഴി കൊച്ചിയിലെത്തി ഡച്ചുകാരോട് സഹായം അഭ്യര്‍ഥിച്ചു. പക്ഷെ ബറ്റേവിയയില്‍ നിന്നും പച്ചക്കൊടി കാട്ടാത്തതിനാല്‍ അവര്‍ സഹായത്തിന് മുതിര്‍ന്നില്ല. കായംകുളം പിടിച്ചെടുത്തശേഷം ചെമ്പകശ്ശേരി (പുറക്കാട് അഥവാ അമ്പലപ്പുഴ) ആക്രമിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മ മുതിര്‍ന്നത് ആ രാജ്യം കായംകുളത്തെ സഹായിച്ചു എന്ന പേരിലാണ്. ഡിലനോയിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പിടിച്ചെടുത്തശേഷം തിരുവിതാംകൂര്‍ സൈന്യം വടക്കുംകൂറും, തെക്കുംകൂറും ആക്രമിച്ചു. ആക്രമിക്കുന്ന രാജ്യങ്ങളില്‍ പലതിലും അവകാശതര്‍ക്കം ഉണ്ടായതും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതും അവിടങ്ങളില്‍ അധികാരം ഉറപ്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് സഹായകമായി. 1749ല്‍ കര്‍ണാടിക് പ്രദേശങ്ങളില്‍ രണ്ടാം കര്‍ണാടിക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മാര്‍ത്താണ്ഡവര്‍മ്മ സശ്രദ്ധം വീക്ഷിച്ചു. ഫ്രഞ്ചുകാരാണോ, ഇംഗ്ലീഷുകാരാണോ ഇന്ത്യയില്‍ വന്‍ശക്തിയാകാന്‍ പോകുന്നതെന്ന് അദ്ദേഹം ശ്രദ്ധിച്ചുകൊണ്ടിരുന്നു. 1750 ജനുവരിയില്‍ താന്‍ പിടിച്ചെടുത്ത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള " തിരുവിതാംകൂര്‍ " തന്റെ കുലദൈവമായ ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിച്ചുകൊണ്ടുള്ള 'തൃപ്പടിദാനം' എന്ന ചടങ്ങ് മാര്‍ത്താണ്ഡവര്‍മ്മ നടത്തി. ഉദ്യോഗസ്ഥന്മാരോടും രാജകുടുംബാംഗങ്ങളോടുമൊത്ത് ക്ഷേത്രത്തിലെത്തി തന്റെ ഉടവാള്‍ പത്മനാഭന് സമര്‍പ്പിച്ച ചടങ്ങായിരുന്നു 'തൃപ്പടിദാനം'താനും തന്റെ പിന്‍ഗാമികളായ രാജാക്കന്മാരും ' ശ്രീപത്മനാഭദാസന്‍ ' എന്നപേരില്‍ അറിയപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തനിക്ക് രാജ്യം ഇല്ലെന്നും, ശ്രീപത്മനാഭസ്വാമിയുടെ വകയായ തിരുവിതാംകൂര്‍ രാജ്യത്തെ ഒരു 'ട്രസ്റ്റി' എന്ന നിലയില്‍ ഭരണം നടത്തുകയായിരിക്കും താനും തന്റെ പിന്‍ഗാമികളും ചെയ്യുന്നതെന്ന പ്രഖ്യാപനം വഴി ജനശ്രദ്ധ പിടിച്ചുപറ്റാന്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കഴിഞ്ഞു. ഭരണത്തിന്റെ ആസ്ഥാനമായ കല്‍ക്കുളം കൊട്ടാരം ശ്രീപത്മനാഭപുരം കൊട്ടാരം ആയി. യൂറോപ്യന്‍ രാജ്യങ്ങള്‍ മതത്തിന്റെ പേരില്‍ നടത്തുന്ന തന്ത്രങ്ങള്‍ മനസ്സിലാക്കുകയും, മതത്തെപ്പോലെ ജനങ്ങളെ ഇളക്കിമറിക്കാന്‍ ശക്തമായ ആയുധം മറ്റൊന്നും ഇല്ലെന്ന് അറിയുകയും ചെയ്തതായിരിക്കാം മാര്‍ത്താണ്ഡവര്‍മ്മ 'തൃപ്പടിദാനം' ചടങ്ങിന് മുതിര്‍ന്നത്. അതിനുമുമ്പുതന്നെ തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പുതുക്കിപ്പണിയാനും, ഗണ്ഡികാനദിതടത്തില്‍ നിന്നും 12,000 സാളഗ്രാമങ്ങള്‍ കൊണ്ടുവന്ന് അവിടെ വലിയ വിഗ്രഹം നിര്‍മ്മിക്കാനും മാര്‍ത്താണ്ഡവര്‍മ്മ നടപടി സ്വീകരിച്ചിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ ഇതെല്ലാം ചെയ്യുമ്പോള്‍ രണ്ടാം കര്‍ണാടിക് യുദ്ധം കൊടുമ്പിരിക്കൊള്ളുകയായിരുന്നു.