കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • യൂറോപ്പില്‍ സപ്തവത്സരയുദ്ധം
 • ബക്സര്‍ യുദ്ധത്തിലൂടെ ഇംഗ്ലീഷുകാര്‍ ഇന്ത്യയില്‍ സാമ്രാജ്യത്തിന് തറക്കല്ലിടുന്നു
 • സാമൂതിരി തിരുവനന്തപുരം സന്ദര്‍ശിക്കുന്നു
 • ഹൈദരാലി മലബാര്‍ ആക്രമിക്കാനൊരുങ്ങുന്നു.
 •  

   

   

   

   

   

   

   

   

  1763
  ഫ്രഞ്ചുകാരുടെ സ്വപ്നം തകര്‍ത്ത്
  ഇംഗ്ലീഷുകാര്‍ മുന്നേറുന്നു

  കേരളത്തിലെ ഡച്ചുകാരുടെ സ്ഥിതി ഇപ്പോള്‍ പരുങ്ങലിലാണ്. കര്‍ണാടിക് പ്രദേശങ്ങളില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ വടക്കന്‍ കേരളത്തില്‍ പ്രതിഫലിക്കുന്നു. അവിടങ്ങളില്‍ നിന്നും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും കിട്ടാന്‍ കമ്പനിയ്ക്ക് പ്രയാസം നേരിടുന്നുണ്ട്. ഫ്രഞ്ചുകാര്‍ കോലത്തിരിയും അവിടത്തെ മറ്റ് പ്രാദേശിക ഭരണാധികാരികളുമായി കൂടുതല്‍ കച്ചവടബന്ധം സ്ഥാപിച്ചുകഴിഞ്ഞു. മാത്രവുമല്ല ഫ്രഞ്ചുകാര്‍ ഇവിടങ്ങളിലെ ഭരണാധികാരികള്‍ക്ക് രഹസ്യമായി ആയുധവും നല്കുന്നുണ്ട്. ഇതിനിടയില്‍ ഫ്രഞ്ചുകാരെ പുറത്താക്കാന്‍ നീലേശ്വരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ ഇംഗ്ലീഷുകാരെ രഹസ്യമായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആകെക്കൂടി ഡച്ചുകാരുടെ ശക്തിയ്ക്ക് ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ വലിയ പ്രസക്തി ഇല്ലാതായിരിക്കുന്നു. കൊച്ചിയുടേയും സ്ഥിതി മറിച്ചല്ല. മാവേലിക്കര കരാറോടുകൂടി കൊച്ചി ഉള്‍പ്പെടെയുള്ള ഡച്ചുകാരുടെ കൂടെ നിന്ന മറ്റ് രാജ്യങ്ങളെല്ലാം അവര്‍ക്ക് എതിരായി കഴിഞ്ഞു. അതേസമയം കൊച്ചിയുടെ ഭരണത്തില്‍ ഡച്ചുകാര്‍ക്കുള്ള സ്വാധീനം നിലനിന്നു. മാവേലിക്കര കരാര്‍ ഒപ്പിടുമ്പോള്‍ ഡച്ചുകാരുടെ കണക്കുകൂട്ടല്‍ മാര്‍ത്താണ്ഡവര്‍മ്മ, കീഴടക്കുന്ന രാജ്യങ്ങളില്‍ നിന്നെല്ലാം കുരുമുളക് കമ്പനിയ്ക്ക് കിട്ടുമെന്നും, കച്ചവടം ലക്ഷ്യമാക്കി മുന്നോട്ടുപോയാല്‍ മതിയെന്നുമായിരുന്നു. ഇതുപ്രകാരമാണ് കരാറില്‍ കുരുമുളക് മുഖ്യവിഷയമാക്കിയത്. എന്നാല്‍ അതിനുശേഷമുള്ള സംഭവങ്ങള്‍ കാണിക്കുന്നത് കരാര്‍ നടപ്പിലാക്കാന്‍ തിരുവിതാംകൂര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ്. ഇതിനിടയിലാണ് തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചത് അദ്ദേഹത്തിന്റെ അനന്തരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവായതും. മാര്‍ത്താണ്ഡവര്‍മ്മയെപ്പോലെ ധീരനും ശക്തനുമായിരുന്നു കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ എന്ന് ഡച്ച് ഉദ്യോഗസ്ഥന്മാര്‍ നിരീക്ഷിച്ച് വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹവും കൊച്ചിയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ ഡച്ചുകാരെ അലോസരപ്പെടുത്തി.

  ഇന്ത്യയിലെ ഫ്രഞ്ചുകേന്ദ്രങ്ങളെ ഇംഗ്ലീഷുകാര്‍ പിടിച്ചെടുക്കുന്നത് ഫ്രാന്‍സ് ഭരണാധികാരികളെ ക്ഷുഭിതരാക്കി. ചന്ദ്രനഗര്‍ പിടിച്ചെടുത്ത വാര്‍ത്ത എത്തിയ ഉടന്‍ ഇന്ത്യയിലെ യുദ്ധകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കൗണ്ട് - ഡി - ലാലിയുടെ നേതൃത്വത്തിലുള്ള നാവികപ്പടയെ ഫ്രഞ്ചുസര്‍ക്കാര്‍ ഇന്ത്യയിലേയ്ക്ക് അയച്ചു. അത് മൂന്നാം കര്‍ണാടിക് യുദ്ധത്തിനു വഴിതെളിച്ചു. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ച 1758ല്‍ അങ്ങനെ മൂന്നാം കര്‍ണാടിക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആദ്യവിജയം ലാലിക്ക് നേടാന്‍ കഴിഞ്ഞു. ഇംഗ്ലീഷുകാരുടെ സൈന്യം കൂടുതലും ബംഗാളിലായിരുന്നു. മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇംഗ്ലീഷുകാര്‍ക്ക് ഭീതി സൃഷ്ടിച്ചുകൊണ്ടായിരുന്നു ഫ്രഞ്ചുകാരുടെ യുദ്ധപ്രകടനം നടന്നത്. എന്നാല്‍ വളരെ വേഗം ഇംഗ്ലീഷ് സൈന്യം ബംഗാളില്‍ നിന്നെത്തി ഫ്രഞ്ച് ആസ്ഥാനങ്ങളായ പുതുശ്ശേരി (പോണ്ടിച്ചേരി)യും കേരളത്തിലെ മാഹിയും പിടിച്ചെടുത്തു. 1763ല്‍ ഫ്രഞ്ചുകാര്‍ക്ക് തോല്‍വി സമ്മാനിച്ചുകൊണ്ടായിരുന്നു മൂന്നാം കര്‍ണാടിക് യുദ്ധം അവസാനിച്ചത്. ആ വര്‍ഷം തന്നെയായിരുന്നു സപ്തവത്സരയുദ്ധവും യൂറോപ്പിലവസാനിച്ചത്. യുദ്ധകരാറിനെ തുടര്‍ന്ന് പുതുശ്ശേരിയും മാഹിയുമെല്ലാം ഫ്രഞ്ചുകാര്‍ക്ക് തിരിച്ചുകിട്ടി. പക്ഷെ ഇന്ത്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള അവരുടെ മോഹം പൊലിഞ്ഞുപോയി. സപ്തവത്സരയുദ്ധവും മൂന്നാം കര്‍ണാടിക് യുദ്ധവും നടക്കുന്നതിനിടയിലാണ് ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ് രണ്ടാമന്റെ മരണം. അവിടെ ജോര്‍ജ് മൂന്നാമന്‍ രാജാവായി. 1760ല്‍ കൊച്ചിയില്‍ രാമവര്‍മ്മ അന്തരിച്ചതിനെത്തുടര്‍ന്ന് അവിടെ വീരകേരളവര്‍മ്മ രാജാവായി. അദ്ദേഹം തിരുവിതാംകൂറുമായി സൗഹൃദം ആഗ്രഹിച്ച രാജാവായിരുന്നു. സാമൂതിരി ഇടയ്ക്കിടയ്ക്ക് കൊച്ചിയെ ആക്രമിക്കുകയും, ചില പ്രദേശങ്ങള്‍ കൈയ്യടക്കിയിരിക്കുകയുമായിരുന്നു. കൊച്ചി പ്രധാനമന്ത്രി കോമി അച്ചന്‍ സംഭാഷണത്തിന് തിരുവിതാംകൂറിലെത്തി. സാമൂതിരി പിടിച്ചെടുത്ത സ്ഥലങ്ങള്‍ വീണ്ടെടുത്തു കൊടുക്കാമെന്ന് തിരുവിതാംകൂര്‍ ഏറ്റു. 1762ല്‍ കൊച്ചി രാജാവ് വീരകേരള വര്‍മ്മ തന്നെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിനെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്ത് എത്തി. ഇതേത്തുടര്‍ന്ന് കൊച്ചിയും തിരുവിതാംകൂറും പുതിയ സന്ധി ഉണ്ടാക്കി. തിരുവിതാംകൂറിലെ പ്രഗല്‍ഭനായ ദിവാന്‍ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയും, കൊച്ചിയിലെ പ്രധാനമന്ത്രി കോമി അച്ചനും ശുചീന്ദ്രം ക്ഷേത്രത്തിലെത്തി സത്യവാചകം ചൊല്ലി സന്ധി അംഗീകരിച്ചു. പിന്നീട് അയ്യപ്പന്‍പിള്ള മാര്‍ത്താണ്ഡപ്പിള്ളയുടേയും ഡിലനോയിയുടേയും നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കൊച്ചിയിലെത്തി സാമൂതിരി പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നും സൈന്യത്തെ തുരത്തി. അവസാനം സാമൂതിരി സന്ധിയ്ക്ക് അപേക്ഷിച്ചു. കൊച്ചിയുടെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്ന് സാമൂതിരി സമ്മതിച്ചു. ഉടമ്പടി പ്രകാരം ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് ലഭിച്ചു. ഇത് തന്റെ അമ്മാവനായ മാര്‍ത്താണ്ഡവര്‍മ്മയുടെ നയം പിന്തുടര്‍ന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവ് ശ്രീപത്മനാഭന് സമര്‍പ്പിച്ചു. യൂറോപ്പിലെ സപ്തവത്സരയുദ്ധവും തെക്കേ ഇന്ത്യയിലെ കര്‍ണാടിക് യുദ്ധവും അവസാനിച്ച വര്‍ഷമായ 1763ല്‍ പ്രതാപശാലിയായ കോഴിക്കോട് സാമൂതിരി തന്നെ തിരുവിതാംകൂറിലെത്തി കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. യുദ്ധചെലവിനായി നഷ്ടപരിഹാരം നല്കാമെന്നും, കൊച്ചിയുമായി ശാശ്വതസമാധാനം സ്ഥാപിക്കാമെന്നും സാമൂതിരി സമ്മതിച്ചു. അങ്ങനെ കേരളത്തിലെ മൂന്നു പ്രബലശക്തികളായ തിരുവിതാംകൂറും, കൊച്ചിയും, സാമൂതിരിയും യൂറോപ്പ്യന്മാരുടെ വരവിനുശേഷം ഐക്യത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നു. ഇതിന്റെ പിന്നിലെ രഹസ്യം മൈസൂറിലെ ഹൈദരാലി കേരളത്തില്‍ നടത്താന്‍ പോകുന്ന ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന കാര്യത്തില്‍ സംശയം ഇല്ല.

  ബംഗാളില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്താ കമ്പനിയുടെ റോബര്‍ട്ട് ക്ലൈവ് വിജയം കൊയ്യുന്നു. പ്ലാസി യുദ്ധത്തിലൂടെ കല്‍ക്കട്ടയ്ക്കു ചുറ്റുമുള്ള 24 പര്‍ഗാനകളിലെ സെമിന്ദാരി അവകാശം ലഭിച്ചതുകൊണ്ടൊന്നും അദ്ദേഹം തൃപ്തനായില്ല. ബംഗാള്‍ മാത്രമല്ല ഇന്ത്യയെ മൊത്തത്തില്‍ വെട്ടിപ്പിടിക്കാന്‍ ആര്‍ത്തിയോടെ ചതിയും തന്ത്രങ്ങളുമായി കഴിയുന്ന ക്ലൈവിനെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവിടത്തെ ഗവര്‍ണര്‍ ആക്കി. ബംഗാള്‍ ഗവര്‍ണര്‍ ക്ലൈവിന്റെ നീക്കത്തില്‍ നവാബ് മിര്‍ജാഫര്‍ അസന്തുഷ്ടി പ്രകടിപ്പിക്കാന്‍ തുടങ്ങി. അവര്‍ തമ്മില്‍ അകന്നു. ഇതേ തുടര്‍ന്ന് മിര്‍ജാഫറെ സിംഹാസനത്തില്‍ നിന്നും വലിച്ചിറക്കാനും, അദ്ദേഹത്തിന്റെ ജാമാതാവായ മിര്‍കാസിമിനെ നവാബ് ആക്കാനും തന്ത്രപൂര്‍വ്വം ക്ലൈവ് പ്രവര്‍ത്തിച്ചു. പുതിയ നവാബ് മിര്‍കാസിം ഇംഗ്ലീഷ് കമ്പനിയ്ക്ക് ബാദ്വാന്‍ , മിഡ്നാപ്പൂര്‍ , ചിറ്റഗോങ് പ്രദേശങ്ങള്‍ പാരിതോഷികമായി നല്കി. പക്ഷെ അധികം താമസിയാതെ ഇംഗ്ലീഷുകാരും മിര്‍കാസീമും തെറ്റി. അതോടെ മിര്‍ജാഫറെ തന്നെ വീണ്ടും നവാബാക്കി. ക്ഷുഭിതനായ മിര്‍കാസിം അയോധ്യ നവാബും മുഗള്‍ചക്രവര്‍ത്തിയുമായി സഖ്യം ഉണ്ടാക്കി ഇംഗ്ലീഷുകാരുമായി യുദ്ധത്തിനിറങ്ങി. ഇംഗ്ലീഷുകാരുടെ സൈന്യവും മിര്‍കാസിമിന്റെ സംയുക്ത സൈന്യവും 1674ല്‍ ബക്സറില്‍ വച്ച് ഏറ്റുമുട്ടി. വിജയം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. പലായനം ചെയ്ത മിര്‍കാസിം പലേടത്തും അലഞ്ഞുതിരിഞ്ഞശേഷം ദില്ലിയ്ക്കടുത്തുവച്ച് അനാഥനായി മരണംവരിച്ചു. ബക്സര്‍ യുദ്ധത്തോടെ ഇന്ത്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാമെന്ന വിശ്വാസം ഇംഗ്ലീഷുകാരില്‍ പൂവണിയാന്‍ തുടങ്ങി. മുഗള്‍ചക്രവര്‍ത്തിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ ക്ലൈവ് ബംഗാള്‍ , ബീഹാര്‍ , ഒറീസ തുടങ്ങിയ സ്ഥലങ്ങളിലെ 'ദിവാനി'യായി. മുഗള്‍ചക്രവര്‍ത്തിയാണ് ഈ പദവി നല്കിയത്. ഇതുവഴി ഇവിടങ്ങളിലെ നികുതി പിരിയ്ക്കാനുള്ള അവകാശം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ലഭിച്ചു. നികുതിയുടെ ഒരുഭാഗം ചക്രവര്‍ത്തിക്ക് നല്കിയാല്‍ മതി. അങ്ങനെ കച്ചവടത്തിനെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയുടെ പ്രധാന സ്ഥലങ്ങളില്‍ നികുതി പിരിയ്ക്കാന്‍ കൂടി അവകാശം ലഭിക്കുന്ന കാഴ്ചയാണ് ചരിത്രത്തില്‍ ഉണ്ടായത്. ഇതോടെ ഇന്ത്യ മുഴുവന്‍ വിഴുങ്ങിത്തീര്‍ക്കാന്‍ അവര്‍ക്ക് മോഹം ഉണ്ടായത് സ്വാഭാവികം മാത്രം.

  ഇന്ത്യ അതിവേഗം ഇംഗ്ലീഷുകാരുടെ കൊടിക്കീഴില്‍ അമരുന്നുവെന്നും അതിനെ തടയണമെന്നും തെക്കേ ഇന്ത്യയില്‍ ആദ്യം മനസ്സിലാക്കിയ ആളാണ് മൈസൂറിലെ ഹൈദരാലി. അനഭ്യസ്തവിദ്യനും അക്ഷരശൂന്യനുമാണെങ്കിലും നിശ്ചയദാര്‍ഢ്യം, ധീരത, കുശാഗ്രബുദ്ധി എന്നിവകൊണ്ട് അനുഗ്രഹീതനായ ഹൈദരാലിയുടെ യുദ്ധസാമര്‍ഥ്യം യൂറോപ്പ്യന്‍ ശക്തികളെ അത്ഭുതപ്പെടുത്തി. മൈസൂറിലെ ഒഡയാര്‍ രാജവംശത്തിന്റെ കീഴിലുള്ള സൈന്യത്തില്‍ ' നായിക് 'പദവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈദര്‍ പിന്നീട് ദിണ്ഡുക്കലിലെ ഫൗജേദാരായി. ഫ്രഞ്ച് സഹായത്തോടെ സൈന്യത്തെ പരിഷ്കരിക്കാനും, പുതിയ പടക്കോപ്പുകള്‍ നിര്‍മ്മിക്കാനും ഹൈദര്‍ ഉത്സാഹം കാട്ടി. മൈസൂറില്‍ ഉടലെടുത്ത സ്ഥിതിവിശേഷം മുതലെടുത്ത ഹൈദര്‍ പിന്നീട് അവിടത്തെ അധികാരം തന്നെ പിടിച്ചെടുത്തു. പേരിന് സിംഹാസനത്തില്‍ രാജാവ് ഉണ്ടായിരുന്നുവെങ്കിലും, അധികാരമെല്ലാം ഹൈദരാലിയ്ക്കായിരുന്നു. തന്റെ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അവസരം കിട്ടിയ ഹൈദര്‍ അയല്‍രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുത്തു തുടങ്ങി. 1763ല്‍ ബെദന്നൂര്‍ പിടിച്ചെടുത്തതോടെ ഹൈദരാലി കേരള ആക്രമണത്തിന് തുടക്കംകുറിച്ചു. ഇനി അങ്ങോട്ട് യൂറോപ്പ്യന്‍ശക്തികളേയും, രാജാക്കന്മാരേയും ഞെട്ടിവിറപ്പിച്ചുകൊണ്ട് ഹൈദരാലിയും അതിനുശേഷം അദ്ദേഹത്തിന്റെ മകന്‍ ടിപ്പു സുല്‍ത്താനും നടത്തുന്ന ആക്രമണങ്ങളും അതിനെ തടയാനുള്ള ശ്രമങ്ങളുമാണ് കേരളചരിത്രത്തെ ചലനാത്മകമാക്കുന്നത്.