കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • ഹൈദരാലി മലബാര്‍ ആക്രമണം തുടങ്ങി; സാമൂതിരി ആത്മഹത്യ ചെയ്തു
 • ഹോളണ്ടും മൈസൂറും ഉടമ്പടി ഉണ്ടാക്കുന്നതിനെപ്പറ്റി ഹൈദരാലിയുടെ നിര്‍ദേശം
 • ഒന്നാം മൈസൂര്‍ യുദ്ധം
 • അമേരിക്കയില്‍ പ്രശ്നങ്ങള്‍ ഉരുണ്ടുകൂടുന്നു.
 • 1766
  മൈസൂര്‍പട ഉത്തരകേരളത്തെ
  വിറപ്പിക്കുന്നു; മധ്യസ്ഥരായി ഡച്ചുകാര്‍

  1763-ല്‍ ബദനൂര്‍ പിടിച്ചെടുത്ത ശേഷം മൈസൂറിലെ ഹൈദരാലി മലബാര്‍ വെട്ടിപ്പിടിക്കാനുള്ള പടനീക്കങ്ങള്‍ക്ക് ഒരുക്കം തുടങ്ങി. നേരത്തെ ബദന്നൂര്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുകൊടുക്കണമെന്ന് നീലേശ്വരം രാജാവിനോട് ഹൈദര്‍ ആവശ്യപ്പെട്ടു. മുമ്പ് സാമൂതിരി പാലക്കാട് ആക്രമിച്ചതും, ദണ്ടിഗലിലെ ഫൗജിദാര്‍ ആയിരുന്ന തന്റെ സേവനം പാലക്കാട് രാജാവ് ആവശ്യപ്പെട്ടതും ഹൈദര്‍ മറന്നിട്ടില്ല. അന്ന് സാമൂതിരി യുദ്ധത്തിനുള്ള നഷ്ടപരിഹാരം കൊടുക്കാമെന്ന് ഏറ്റിരുന്നുവെങ്കിലും അത് നല്കിയില്ല. ഇതിനു പകരംവീട്ടാന്‍ കൂടിയാണ് ഹൈദരുടെ വരവ്. തിരുവിതാംകൂറിനോട് ഹൈദര്‍ക്ക് അടങ്ങാത്ത പക ഉണ്ടായിരുന്നു. ഉത്തരകേരളത്തിലെ രാജാക്കന്മാരുടെ വഴക്കും വക്കാണവും ഹൈദര്‍ക്ക് അവിടെ ഇടപെടാന്‍ കളം ഒരുക്കി. കണ്ണൂരിലെ ആലിരാജ, തന്റെ മതത്തിന് അവമതി ഉണ്ടാക്കുന്നതായി കോലത്തിരി രാജാവ് തലശ്ശേരിയിലെ ഇംഗ്ലീഷുകാരോട് നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു. കോലത്തിരിയെ ചൊടിപ്പിച്ചത് ആലിരാജ, തന്റെ പള്ളികളിലൊന്നില്‍ സ്വര്‍ണതാഴികക്കുടം സ്ഥാപിച്ചതാണ്. ഈ തര്‍ക്കം പിന്നീട് രൂക്ഷമായി. ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും രണ്ട് രാജാക്കന്മാരും തമ്മിലുള്ള പക തുടര്‍ന്നു. ആലിരാജാവാണ് ഹൈദരാലിയെ മലബാറിലേയ്ക്ക് ക്ഷണിച്ചത്. മലബാര്‍ ആക്രമണത്തിന് മുന്നോടിയായി ഒരു ദൂതനെ തലശ്ശേരിയ്ക്ക് അയച്ചു. അത് ഇംഗ്ലീഷുകാര്‍ക്ക് സന്ദേശം നല്കാനായിരുന്നു. താന്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന മലബാര്‍ ആക്രമണത്തില്‍ നിഷ്പക്ഷത പാലിക്കണമെന്നതായിരുന്നു ഹൈദരുടെ സന്ദേശം. ഇംഗ്ലീഷുകാരുടെ പ്രതിഷേധം ഹൈദര്‍ വകവച്ചില്ല. എന്നിരുന്നാലും ഹൈദരെ ശക്തിയായി എതിര്‍ക്കാന്‍ ഇംഗ്ലീഷുകാര്‍ തയ്യാറായില്ല. മൈസൂര്‍ ശക്തി മനസ്സിലാക്കിയ അവര്‍ വ്യാപാരതാല്പര്യം മുന്‍നിര്‍ത്തി പുതിയ തന്ത്രമാണ് ആവിഷ്കരിച്ചത്. ഇതിനിടയില്‍ ബോംബെ കമ്പനി അസ്ഥാനത്തുനിന്നും ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് തലശ്ശേരിയിലെ രണ്ട് ഇംഗ്ലീഷ് ഉദ്യോഗസ്ഥന്മാര്‍ ഹൈദരാലിയുടെ പാളയത്തില്‍ച്ചെന്ന് സംഭാഷണം നടത്തി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്താ കന്പനിയുമായി ബന്ധമുള്ള രാജാക്കന്മാരെ ആക്രമിക്കരുതെന്നായിരുന്നു അവരുടെ നിവേദനം. മലബാറില്‍ ഇംഗ്ലീഷുകാര്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഹൈദര്‍ അവര്‍ക്ക് ഉറപ്പുകൊടുത്തു.

  നാലായിരം കുതിരപ്പട്ടാളം ഉള്‍പ്പെടെ പന്തീരായിരം പടയാളികളോടെയായിരുന്നു ഹൈദര്‍ ഉത്തരകേരള ആക്രമണത്തിന് പുറപ്പെട്ടത്. കടല്‍വഴിയുള്ള ശത്രുക്കളെ തടയാന്‍ സുശക്തമായ മുന്‍കരുതലുകള്‍ എടുത്തിരുന്നു. മടായിലും, വളപട്ടണത്തും ആക്രമണങ്ങള്‍ നടത്തിയശേഷം മൈസൂര്‍ സൈന്യം കോലത്തിരിയുടെ ചിറയ്ക്കല്‍ കൊട്ടാരം വളഞ്ഞു. രാജകുടുംബാംഗങ്ങള്‍ തിരുവങ്ങാട് ക്ഷേത്രത്തില്‍ അഭയംപ്രാപിച്ചു. കോട്ടയം പിടിച്ചെടുത്തശേഷം കടത്തനാട് എത്തിയപ്പോള്‍ കടുത്ത എതിര്‍പ്പ് ഹൈദര്‍ക്ക് നേരിടേണ്ടിവന്നു. കുറുമ്പനാട് വഴി കോഴിക്കോട്ടേയ്ക്കായിരുന്നു അടുത്ത ലക്ഷ്യം. ഭയചകിതനായ സാമൂതിരിയോട് ഒരുകോടി സ്വര്‍ണമോഹര്‍ ഹൈദര്‍ ആവശ്യപ്പെട്ടു. മൈസൂര്‍ സൈന്യം കോഴിക്കോട് എത്തുന്നതിനുമുമ്പ് സാമൂതിരി ആത്മഹത്യ ചെയ്തു. അങ്ങനെ കോഴിക്കോട് വരെയുള്ള പ്രദേശങ്ങള്‍ ഹൈദരാലിയുടെ കൊടിക്കീഴിലായി. ഇംഗ്ലീഷുകാരോട് ആയിരുന്നു ഹൈദരാലിയ്ക്ക് പക. കണ്ണൂരില്‍വച്ച് ഡച്ച് കമാണ്ടറോട് ഈ കാര്യം ഹൈദര്‍ വെളിപ്പെടുത്തിയതായി പറയുന്നു. ബംഗാളും കോറാമണ്ടല്‍ തീരവും കൈയ്യടക്കിയ ഇംഗ്ലീഷുകാര്‍ മലബാര്‍ വിഴുങ്ങിതീര്‍ക്കാന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ഡച്ചുകാര്‍ തന്റെ കൂടെ നില്ക്കണമെന്നും ആണ് അഭ്യര്‍ത്ഥന നടത്തിയത്. കോഴിക്കോട് എത്തിയപ്പോള്‍ ഡച്ചു ഉദ്യോഗസ്ഥന്മാര്‍ ഹൈദരാലിയ്ക്ക് സഹകരണം വാഗ്ദാനം ചെയ്തു. ഹോളണ്ടും മൈസൂറും ഒരു ഉടമ്പടി ഉണ്ടാക്കുന്ന കാര്യവും ചര്‍ച്ചയ്ക്ക് വിഷയമായി. കൊച്ചിയേയും തിരുവിതാംകൂറിനേയും ആക്രമിക്കാതിരിക്കാന്‍ ഡച്ചുകാര്‍ ഹൈദരാലിയോട് അഭ്യര്‍ത്ഥിച്ചു. കൊച്ചിയെ ശല്യപ്പെടുത്തില്ലെന്ന് പറഞ്ഞുവെങ്കിലും തിരുവിതാംകൂറിനെ സംബന്ധിച്ച് ഹൈദര്‍ കടുംപിടിത്തക്കാരനായി കണ്ടു. കൊച്ചി നാലുലക്ഷം രൂപയും 8 ആനകളേയും തിരുവിതാംകൂര്‍ 15 ലക്ഷം രൂപയും, 20 ആനയും നല്കണമെന്ന് ഡച്ചുകാര്‍ വഴി ഹൈദര്‍ സന്ദേശം അയച്ചു. കൊച്ചിരാജാവ് അത് സമ്മതിച്ചു. എന്നാല്‍ തിരുവിതാംകൂര്‍ രാജാവ് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ ഹൈദരാലിയുടെ ആവശ്യം നിരാകരിച്ചു. തിരുവിതാംകൂറിന് ഇംഗ്ലീഷുകാരുടെ പിന്തുണയും വന്‍ ആയുധശേഖരം ഉള്ള പട്ടാളവും ഉണ്ടെന്ന കാര്യം ഡച്ചുകാര്‍ക്ക് നന്നായി അറിയാമായിരുന്നു. ഒരു മധ്യസ്ഥന്റെ നിലപാടില്‍ നിന്നുകൊണ്ട് കേരളത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കാനായിരുന്നു ഡച്ചുകാരുടെ ശ്രമം. ഹൈദരാലി പിടിച്ചെടുത്ത രാജ്യങ്ങളെ സംബന്ധിച്ചുള്ള മേല്‍നടപടിയെപ്പറ്റി ഡച്ചുകാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തിരുവിതാംകൂര്‍ പ്രതിരോധനിരകള്‍ തീര്‍ക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലെ ഡച്ച് കോട്ട വരെ അത് വ്യാപിച്ചു. തങ്ങളുടെ പ്രദേശത്ത് കോട്ട കെട്ടരുതെന്നും, അത് ഹൈദരാലിയെ പ്രകോപിപ്പിക്കാനേ സഹായിക്കൂ എന്നും ഡച്ചുകാര്‍ തിരുവിതാകൂറിനോട് അഭ്യര്‍ത്ഥിച്ചു. മഴക്കാലം അടുത്തതിനാല്‍ മൂവായിരം പടയാളികളെ കോഴിക്കോട് നിര്‍ത്തിയിട്ട് ഹൈദര്‍ കോയമ്പത്തൂരിലേക്ക് പോയി. മലബാര്‍ പ്രദേശങ്ങള്‍ കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്താന്‍ മൈസൂരിലെ സമര്‍ത്ഥനായ റവന്യൂ ഉദ്യോഗസ്ഥനായ മദ്ദണ്ണ എന്ന ബ്രാഹ്മണനെ നേരത്തെ നിയമിച്ചിരുന്നു. ഹൈദര്‍ പോയശേഷം, കോട്ടയം, കടത്തനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കലാപം ഉയര്‍ന്നു. എന്നാല്‍ തിരിച്ചെത്തിയ ഹൈദര്‍ നിഷ്ക്കരുണം കലാപങ്ങളെ അടിച്ചമര്‍ത്തി.

  ഇതിനിടയില്‍ ഇംഗ്ലീഷുകാര്‍ , മറാഠികളേയും, ഹൈദ്രാബാദിലെ നൈസാമിനേയും ഉള്‍പ്പെടുത്തി ഹൈദര്‍ക്ക് എതിരെ ത്രികക്ഷിസഖ്യം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ഏതുനിമിഷവും മൈസൂറിനു നേരെ കലാപം ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ഹൈദര്‍ തിരിച്ചുപോയി. ഇംഗ്ലീഷുകാരും, മറാഠികളും നൈസ്സാം ഒന്നിച്ചാക്രമിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയ ഹൈദര്‍ മറാഠികള്‍ക്ക് പണം കൊടുത്തും നൈസാമിനെ തന്ത്രത്തിലൂടേയും സഖ്യത്തില്‍നിന്ന് പിന്‍മാറ്റി. ഇതുകാരണം ഇംഗ്ലീഷുകാര്‍ക്ക് ഒറ്റയ്ക്ക് ഹൈദരാലിയെ നേരിടേണ്ടി വന്നു. അങ്ങനെ ഒന്നാം ഇംഗ്ലീഷ് - മൈസൂര്‍ യുദ്ധം 1767ല്‍ ആരംഭിച്ചു. ആദ്യവിജയം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. ഇതിന്റെ പ്രതിഫലനം മലബാറില്‍ ഉണ്ടായി. കോട്ടയം ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മൈസൂര്‍ സൈന്യവുമായി ഏറ്റുമുട്ടി. എന്നാല്‍ ഗവര്‍ണര്‍ മദ്ദണ്ണ തന്ത്രത്തിലൂടെ അതെല്ലാം തരണംചെയ്തു. രാജാക്കന്മാരില്‍ നിന്നും പ്രഭുക്കന്മാരില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി പലേടത്തുനിന്നും മൈസൂര്‍ സൈന്യം പിന്‍മാറി. പുതിയ സാമൂതിരി വര്‍ഷം തോറും കപ്പം മൈസൂറിനും കൊടുക്കാമെന്ന് സമ്മതിച്ചു. പിന്നീട് ചില വ്യവസ്ഥകളിന്മേല്‍ 1768ല്‍ മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്മാറി.

  ഒന്നാം ഇംഗ്ലീഷ് -മൈസൂര്‍ യുദ്ധത്തിന്റെ കാറ്റ് മാറിവീശാന്‍ തുടങ്ങി. ഹൈദരാലിയുടെ സൈന്യം ഇംഗ്ലീഷുകാരുടെ മദ്രാസിലെ ആസ്ഥാനം വളഞ്ഞു. സന്ധി മാത്രമേ ഇംഗ്ലീഷുകാര്‍ക്ക് മാര്‍ഗമുണ്ടായിരുന്നുള്ളൂ. സന്ധിപ്രകാരം പിടിച്ചെടുത്ത സ്ഥലങ്ങള്‍ പരസ്പരം വിട്ടുകൊടുത്തു. എന്നാല്‍ ഹൈദരാലി സൂത്രത്തില്‍ ഇംഗ്ലീഷുകാരില്‍ നിന്നും കരാര്‍ വഴി ഒരു ഉറപ്പ് നേടിയെടുത്തു. മൈസൂറിനെ ആരെങ്കിലും ആക്രമിച്ചാല്‍ ഇംഗ്ലീഷുകാര്‍ ഹൈദരാലിയെ സഹായിക്കുമെന്നായിരുന്നു ആ വ്യവസ്ഥ. 1769ല്‍ ആണ് യുദ്ധം അവസാനിച്ചത്. പക്ഷെ രണ്ടുകക്ഷികളിലും പ്രതികാരാഗ്നി എരിയുകയായിരുന്നു. 1771ല്‍ മറാഠികള്‍ മൈസൂര്‍ ആക്രമിച്ചു. എന്നാല്‍ കരാറിന് വിരുദ്ധമായി മൈസൂറിനെ സഹായിക്കാന്‍ ഇംഗ്ലീഷുകാര്‍ എത്തിയില്ല. അവരുടെ വിശ്വാസവഞ്ചനയില്‍ ക്ഷുഭിതനായ ഹൈദര്‍ അവരോട് പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുകയായിരുന്നു. ഹൈദരാലിയെ തളയ്ക്കാന്‍ ഇംഗ്ലീഷുകാര്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ അകലെ അമേരിക്കയില്‍ അവര്‍ക്ക് എതിരെയുള്ള കലാപം ഉരുണ്ടുകൂടുകയായിരുന്നു. അതിവേഗം അത് യുദ്ധമായി മാറാന്‍ ഇടയുണ്ട്. അത്രയ്ക്ക് കാര്യങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നു.