കേരളചരിത്രത്തിലൂടെ ഡച്ച് സമൂഹം

 • മൈസൂര്‍ പട കേരളത്തില്‍ മുന്നേറുന്നു
 • ഡച്ച് കോട്ട ഒഴിയണമെന്ന് മൈസൂറിന്റെ ആജ്ഞ
 • അമേരിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ബന്ധം തകര്‍ന്നു
 • അമേരിക്കയില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി.
 •  

   

   

   

   

   

   

   

  1773
  മൈസൂര്‍ സൈന്യം മലബാറില്‍ ‍;
  അമേരിക്കയില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി

  യൂറോപ്പിലെ വലിയ ശക്തി ഇപ്പോള്‍ ബ്രിട്ടണ്‍ അഥവാ ഇംഗ്ലീഷുകാര്‍ തന്നെയാണ്. അവിടെ അടിയ്ക്കടി ഉണ്ടാകുന്ന യുദ്ധങ്ങളിലെല്ലാം വിജയം കൊയ്യുന്നത് അവര്‍ ആണ്. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന കോളനികളാണ് അവരുടെ ശക്തിയും സമ്പത്തും. ആ കോളനികളില്‍ പ്രധാനപ്പെട്ടതാണ് അമേരിക്ക. ഒരിക്കല്‍ ഇംഗ്ലണ്ടില്‍ ജെയിംസ് ഒന്നാമന്‍ രാജാവിന്റെ സേച്ഛാധിപത്യവും മതനയവും സഹിക്കാതെ മാതൃരാജ്യത്തുനിന്നും കപ്പല്‍കയറി അറ്റ്ലാന്‍റിക് മഹാസമുദ്രം താണ്ടി പുതിയ ഭൂഖണ്ഡത്തിലെത്തി താമസം ഉറപ്പിച്ച ( പില്‍ഗ്രിം ഫാദേഴ്സ് - ആദിതീര്‍ഥാടകര്‍ )വരുടെ പിന്‍ഗാമികളാണ് സമ്പന്നമായ അമേരിക്കന്‍ നാടുകള്‍ . അവിടെ ഡച്ചുകാരും, ഫ്രഞ്ചുകാരും, സ്പെയിന്‍കാരുമെല്ലാം കോളനികള്‍ സ്ഥാപിച്ചു. എന്നാല്‍ ഇംഗ്ലീഷു കോളനികളായിരുന്നു കൂടുതല്‍ . ഡച്ചുകാര്‍ അവിടെ 'ന്യൂ ആംസ്റ്റര്‍ഡാം'എന്ന പേരില്‍ ഒരു മഹാനഗരം സ്ഥാപിച്ചു. അതാണ് ഇപ്പോഴത്തെ ന്യൂയോര്‍ക്ക്. ഇംഗ്ലീഷ് കോളനികള്‍ തങ്ങളുടെ മാതൃരാജ്യമായ ബ്രിട്ടനോട് കൂറുപുലര്‍ത്തി. അവിടത്തെ രാജാവിനെ തങ്ങളുടെ രാജാവായി കരുതുകയും അവിടത്തെ പാര്‍ലമെന്‍റ് പാസാക്കുന്ന നിയമങ്ങളെ അനുസരണയോടെ അനുസരിക്കുകയും ചെയ്തുവന്നു. ബ്രിട്ടീഷ് പാര്‍ലമെന്‍റ് പാസാക്കുന്ന നിയമങ്ങള്‍ അനുസരിക്കുന്നതുപോലെ തന്നെ അവിടത്തെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന നികുതികളും അവര്‍ സന്മനസ്സോടെ നല്കിക്കൊണ്ടിരുന്നു. എന്നാല്‍ ബ്രിട്ടണ്‍ നടത്തുന്ന യുദ്ധങ്ങള്‍ക്ക് വേണ്ടി അടിയ്ക്കടി നികുതി കൂട്ടിക്കൊണ്ടിരുന്നത് അമേരിക്കന്‍ കോളനിവാസികള്‍ക്ക് അസഹനീയമായി തീര്‍ന്നു. ഇന്ത്യയിലും ഉത്തരകേരളത്തില്‍ പോലും പ്രതിഫലനം ഉണ്ടാക്കിയ സപ്തവത്സരയുദ്ധം യൂറോപ്പില്‍ ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ ആണ് നടന്നത്. ഈ യുദ്ധത്തോടെ ഫ്രാന്‍സിന് അമേരിക്കയിലെ കാനഡ നഷ്ടപ്പെട്ടു. അത് ബ്രിട്ടന് ലഭിച്ചു. എന്നാല്‍ സപ്തവത്സരത്തെ തുടര്‍ന്ന് ബ്രിട്ടനിലെ സാമ്പത്തിക സ്ഥിതി മെച്ചമാക്കാന്‍ നികുതിവഴി വന്‍തുക അമേരിക്കന്‍ കോളനികളില്‍ നിന്നും പിരിച്ചെടുക്കാന്‍ തീരുമാനിച്ചത് പ്രശ്നങ്ങള്‍ ഉണ്ടാക്കി. കോളനികളും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം അനുദിനം രൂക്ഷമായിക്കൊണ്ടിരുന്നു. ഇത് അവസാനം എത്തിയത് രൂക്ഷമായ സമരത്തിലായിരുന്നു. 1773ല്‍ ബ്രിട്ടണ്‍ കൊണ്ടുവന്ന തേയില നിയമം അമേരിക്കയില്‍ വന്‍ പ്രതിഷേധം ഉണ്ടാക്കി. ഡ്യൂട്ടി കൂടാതെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അമേരിക്കന്‍ തുറമുഖം വഴി തേയില കൊണ്ടുപോകാനും വില്‍ക്കാനും ഈ നിയമം വഴി അധികാരം ലഭിച്ചു. ഇതോടെ അമേരിക്കയിലെ തേയില വ്യാപാരം തകരുമെന്ന് മനസ്സിലാക്കിയ ജനം രോഷാകുലരായി. 1773 ഡിസംബറില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോസ്റ്റണ്‍ തുറമുഖത്ത് എത്തിയ കപ്പലില്‍ ചുവപ്പ് ഇന്ത്യാക്കാരുടെ വേഷത്തില്‍ കയറിയ അമേരിക്കക്കാര്‍ , തേയില മുഴുവന്‍ എടുത്ത് കടലിലെറിഞ്ഞു. ഇതിനെ ചരിത്രത്തില്‍ ബോസ്റ്റണ്‍ ടീ പാര്‍ട്ടി എന്നറിയപ്പെടുന്നു. ബ്രിട്ടനും അമേരിക്കയും തമ്മില്‍ ആരംഭിച്ച യുദ്ധത്തിന്റെ ആരംഭം കുറിച്ചത് ഇവിടെ നിന്നാണ്.

  ബ്രിട്ടനെതിരെ അമേരിക്കയില്‍ കലാപക്കൊടി ഉയര്‍ത്തിയ 1773ല്‍ തന്നെയാണ് ഹൈദരാലി വീണ്ടും മലബാര്‍ ആക്രമണം നടത്തിയത്. ശ്രീനിവാസറാവു, സര്‍ദാര്‍ഖാന്‍ എന്നിവര്‍ നേതൃത്വം നല്കിയ മൈസൂര്‍ സൈന്യം കുടക് പിടിച്ചെടുത്തശേഷം വയനാട് വഴി 1773 ഡിസംബറില്‍ മലബാറിലെത്തി. മുമ്പത്തെപ്പോലെ കേരള രാജാക്കന്മാരും പ്രഭുക്കന്മാരും മൈസൂര്‍ സൈന്യത്തോട് എതിര്‍ത്തുനിന്നില്ല. ഒരിക്കല്‍ കൂടി മലബാര്‍ മൈസൂറിന്റെ കീഴിലായി. അവിടെ ശ്രീനിവാസറാവു ഗവര്‍ണറായും, സര്‍ദാര്‍ഖാന്‍ സൈന്യാധിപനായും നിയമിക്കപ്പെട്ടു. ഹൈദരാലിയുടെ ശ്രദ്ധ ഇപ്പോഴും കൊച്ചിയിലും തിരുവിതാംകൂറിലുമായിരുന്നു. കൊച്ചിയിലെ ഡച്ചുകാരോട് തിരുവിതാംകൂറിലേയ്ക്ക് കടക്കാന്‍ ഹൈദരാലി വഴി ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് ബറ്റേവിയയുടെ അനുവാദം ഇതിനാവശ്യമാണെന്ന മറുപടി ഹൈദരാലിയെ തൃപ്തിപ്പെടുത്തിയില്ല. 1776ല്‍ കൊച്ചിയുടെ വടക്കന്‍ ഭാഗം മൈസൂര്‍ സേന ആക്രമിച്ചു. നാലുലക്ഷം രൂപയും, നാല് ആനകളും 1,20,000 രൂപ വര്‍ഷം തോറും കപ്പവുമായി നല്കാമെന്ന് കൊച്ചി സമ്മതിച്ചു. മൈസൂര്‍ സൈന്യം തെക്കോട്ട് കടക്കുന്നതിന് തിരുവിതാംകൂര്‍ പ്രതിരോധം തീര്‍ത്തു. ഈ സമയത്ത് മൈസൂര്‍ സൈന്യാധിപന്‍ സര്‍ദാര്‍ഖാന്‍ ഡച്ചുകാരോട് ചേറ്റുവായ് പ്രദേശം ആവശ്യപ്പെട്ടു. മുമ്പ് കോഴിക്കോട് സാമൂതിരിയുടെ കൈവശമായിരുന്ന ചേറ്റുവാ പിന്നീടാണ് ഡച്ചുകാര്‍ പിടിച്ചെടുത്തത്. ഡച്ചുകാരുമായി സൗഹൃദം തുടരുമെന്നും അതേസമയം തിരുവിതാംകൂര്‍ ആക്രമിക്കാന്‍ സൈന്യത്തിനു കടന്നുപോകാനുള്ള സൗകര്യം ഡച്ച് പ്രദേശത്തുകൂടി ഏര്‍പ്പെടുത്തണമെന്നും മൈസൂര്‍ സൈനികമേധാവി ഡച്ചുകാരോട് വീണ്ടും അഭ്യര്‍ഥിച്ചു. ഇതിനെ എതിര്‍ത്താല്‍ ഹൈദരാലിക്ക് എതിരായ നടപടിയായി കണക്കാക്കുമെന്നുകൂടി സൈന്യാധിപന്‍ അറിയിച്ചതോടെ ഡച്ചുകാര്‍ വിഷമവൃത്തത്തിലായി.

  ഇതിനിടയില്‍ മൈസൂര്‍ സൈന്യം ചേറ്റുവാ വളഞ്ഞു. ഇതോടെ ഡച്ചുകാര്‍ കോട്ട കൈ ഒഴിയാന്‍ തീരുമാനിച്ചു. ഭക്ഷ്യസാധനങ്ങളും പടക്കോപ്പുകളും കുറെ പട്ടാളക്കാരുമായി ഒരു കപ്പലില്‍ കോട്ടയിലുള്ളവര്‍ രക്ഷപ്പെട്ടു. കരയ്ക്കിറങ്ങിയ ഇവരെ മൈസൂര്‍ സേന ആക്രമിച്ചു. പിന്നീട് ചേറ്റുവയും, അയിരൂരും (പാപ്പൊനെട്ടി) ഉള്‍പ്പെടെയുള്ള കൊച്ചി ദ്വീപുകളും ഡച്ച് കോട്ട ഒഴികെ കൊടുങ്ങല്ലൂര്‍ രാജാവിന്റെ പ്രദേശങ്ങളും മൈസൂര്‍ സൈന്യം പിടിച്ചെടുത്തു. അതോടെ ഈ പ്രദേശങ്ങളിലെ ഡച്ച് നിയന്ത്രണം നഷ്ടപ്പെട്ടു. പക്ഷെ മൈസൂര്‍ സൈന്യത്തിന്റെ തിരുവിതാംകൂറിലേക്കുള്ള മുന്നേറ്റത്തിന് നെടുങ്കോട്ട വിഘാതമായി. അവിടത്തെ സമര്‍ഥനായ ദിവാന്‍ കേശവപിള്ള ( പില്‍ക്കാലത്ത് രാജാകേശവദാസന്‍ )യുടെ നേതൃത്വത്തിലാണ് ഈ കോട്ട നിര്‍മ്മിച്ചത്. മൈസൂര്‍ ആക്രമണത്തെ തടയാന്‍ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ നേതൃത്വത്തില്‍ ശക്തമായ നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാരിലാണ് കാര്‍ത്തികതിരുനാളിന്റെ പ്രതീക്ഷ. ഇംഗ്ലീഷുകാരുമായി അദ്ദേഹം ഇടയ്ക്കിടയ്ക്ക് ബന്ധപ്പെടുന്നുണ്ട്. തിരുവിതാംകൂറിനു നേരെയുള്ള ആക്രമണം തല്‍ക്കാലം ഹൈദര്‍ ആലി ഉപേക്ഷിച്ചുവെന്ന വാര്‍ത്ത രാജാവിന് ആശ്വാസമായി. പക്ഷെ പ്രതിരോധ നടപടികളില്‍ അദ്ദേഹം കുറവ് വരുത്തിയില്ല.