മലപ്പുറം

മലയും കുന്നും ഉള്ളതുകൊണ്ടാണ് ഈ ജില്ലയ്ക്ക് ആ പേര് ലഭിക്കാന്‍ കാരണമെന്ന് പറയുന്നു.

കോഴിക്കോട് ജില്ലയുടെ ഏറനാട്, തിരൂര്‍ താലൂക്കുകളിലേയും പാലക്കാട്ടെ പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളുടേയും ഭാഗങ്ങള്‍ ചേര്‍ത്താണ് മലപ്പുറം ജില്ലാ രൂപീകരിച്ചത്. ബ്രിട്ടീഷുകാരെ വിറപ്പിച്ച ഏറനാടന്‍ കലാപങ്ങള്‍ ഇന്ന് ചരിത്രകാരന്മാര്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. മലബാര്‍ കലാപം എന്നും ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നു. മലബാര്‍ കലാപം കാര്‍ഷിക കലാപം ആണെന്നും, അതല്ല മതഭ്രാന്ത് നിറഞ്ഞ കലാപം ആണെന്നും തര്‍ക്കം തുടരുന്നു. എന്നാല്‍ ജന്മിത്വത്തിനും ഇംഗ്ലീഷുകാര്‍ക്കും എതിരായ വികാരം ഈ കലാപത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഈ കലാപം ശമിപ്പിക്കാന്‍ മലബാറിലേക്ക് തിരിച്ച ഗാന്ധിജിയെ വാള്‍ട്ടയറില്‍ വച്ച് ബ്രിട്ടീഷ് പോലീസ് തടഞ്ഞു. ഇതുകാരണം അദ്ദേഹത്തിന് കലാപപ്രദേശങ്ങളില്‍ എത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഈ സന്ദര്‍ശനത്തിലാണ് അദ്ദേഹം "അര്‍ധനഗ്നനായ ഫക്കീര്‍' ആയി മാറിയത്. പിന്നീട് ലോകം, മുട്ടോളം വസ്ത്രം ധരിച്ചും തല മുണ്ഡനം ചെയ്ത് വടി ഊന്നി നടക്കുന്ന ഗാന്ധിജിയെയാണ് കണ്ടത്. മലബാര്‍ കലാപത്തിലെ വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്ന തിരൂരിലെ സ്മാരകം, കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനി, ലോകത്ത് ഏറ്റവും വലിയ തേക്കുമരങ്ങളുള്ള നിലമ്പൂരും അവിടത്തെ തേക്ക് മ്യൂസിയവും, പ്രസിദ്ധ ആയുര്‍വേദ ചികിത്സാകേന്ദ്രമായ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല, മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മസ്ഥല്‍മായ തുഞ്ചന്‍ പറമ്പ്, പൂന്താനത്തിന്റെ ഇല്ലമായ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍, മാപ്പിള കവിയായ മൊയ്തീന്‍ കുട്ടി വൈദ്യരുടേയും ചാക്കീരി മൊയ്തീന്റേയും കര്‍മ്മഭൂമി, മാമാങ്കം നടന്നിരുന്ന തിരുനാവായ് തുടങ്ങിയവയെല്ലാം മലപ്പുറത്താണ്.

തൃക്കാവൂര്‍ ക്ഷേത്രം, കേരളാധീശ്വരം ക്ഷേത്രം, കുന്നത്തുകാവ് ക്ഷേത്രം, തിരുമാന്ധാക്കുന്ന് ഭഗവതിക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, തിരൂരിലെ ശിവക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ പ്രധാനക്ഷേത്രങ്ങളും, മലപ്പുറം നേര്‍ച്ച, കൊണ്ടോട്ടി നേര്‍ച്ച, നിലമ്പൂര്‍ പാട്ടുത്സവം, തിരുവാന്ധകുന്നുപുരം, മമ്പ്രം നേര്‍ച്ച തുടങ്ങിയവ ജില്ലയിലെ വലിയ ഉത്സവങ്ങളാണ്. ഇംഗ്ലീഷുകാര്‍ക്ക് എതിരേ വയനാട്ടില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് മലപ്പുറം ജില്ലയുടെ ഭാഗങ്ങളില്‍ നിന്നാണ്. പഴശ്ശിയുടെ സഹായിയായി മാറിയ അത്തന്‍ കുരുക്കളുടേയും ചെമ്പന്‍ പോക്കറുടേയും എല്ലാം ചരിത്രത്തിന് മറക്കാന്‍ കഴിയില്ല.

നിലമ്പൂര്‍ കോവിലകം തുഞ്ചന്‍ പറമ്പ് തിരൂരങ്ങാടിപള്ളി തിരൂരങ്ങാടിയിലെ ലഹളയുടെ സ്മാരകം

ഒറ്റനോട്ടത്തില്‍

തുഞ്ചന്‍റെ കര്‍മഭൂമി മലപ്പുറം
വിസ്തൃതിയില്‍ : 3ാം സ്ഥാനം
ജില്ലാരൂപീകരണം : 1969 ജൂണ്‍ 16
വിസ്തീര്‍ണം : 3550 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള് : 16 (മഞ്ചേരി, കൊണ്ടോട്ടി, തിരൂരങ്ങാടി, മലപ്പുറം, പെരിന്തല്‍മണ്ണ, താനൂര്‍, പൊന്നാനി, മങ്കട, തിരൂര്‍, വണ്ടൂര്‍ (എസ്.സി.). നിലന്പൂര്‍, ഏറനാട്, വള്ളിക്കുന്ന്, വേങ്ങര, കോട്ടയ്ക്കല്‍, തവന്നൂര്‍)
റവന്യൂ ഡിവിഷനുകള്‍ : 2
താലൂക്കുകള്‍ : 7 (നിലന്പൂര്‍, ഏറനാട്, തിരൂരങ്ങാടി, തിരൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, കൊണ്ടോട്ടി)
വില്ലേജുകള്‍ : 135
നഗരസഭകള്‍ : 7 (മഞ്ചേരി, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, പൊന്നാനി, നിലന്പൂര്‍, കോട്ടയ്ക്കല്‍)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 15
ഗ്രാമപഞ്ചായത്തുകള്‍ : 94
ജനസംഖ്യ (2011) : 4112920
പുരുഷന്മാര്‍ : 1960328
സ്ത്രീകള്‍ : 2152592
ജനസാന്ദ്രത : 1159 / ച.കി.മീ.
സ്ത്രീപുരുഷ അനുപാതം : 1098/1000
സാക്ഷരത : 93.57%
പ്രധാന നദികള്‍ : ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴ, തിരൂര്‍പ്പുഴ