നെതര്‍ലണ്ട് (ഹോളണ്ട്) സ്വാതന്ത്ര്യസമരത്തെപ്പറ്റി ജവഹര്‍ലാല്‍ നെഹ്റു

സ്പെയിനിന്റെ ചവുട്ടടിപ്പാടില്‍ നിന്നും മോചനത്തിനുവേണ്ടി പോരാടിയ നെതര്‍ലണ്ടിനെപ്പറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിയും പ്രശസ്ത എഴുത്തുകാരനുമായ ജവഹര്‍ലാല്‍ നെഹറു 'Glympsus of World Histrory' എന്ന പുസ്തകത്തില്‍ ഇങ്ങിനെ പറയുന്നു:

"നെതര്‍ലണ്ടിന്റെ വലിയൊരു ഭാഗം സമുദ്രവിതാനത്തില്‍ നിന്ന് വളരെ താഴ്ന്ന നിലയിലാണ് സ്ഥിതിചെയ്യുന്നത്. കനത്ത അണക്കെട്ടുകളും ഭിത്തികളുമാണ് അതിനെ ഉത്തരസമുദ്രത്തില്‍ നിന്നും രക്ഷിക്കുന്നത്. എന്നും കടലിനോട് മല്ലിട്ട് ജീവിയ്ക്കേണ്ട ഒരു രാജ്യം കരുത്തരായ സമുദ്രചാരികളെ സൃഷ്ടിക്കുകയെന്നത് കേവലം സ്വാഭാവികമാണ്. സമുദ്രവ്യാപാരികളെ സൃഷ്ടിക്കുകയെന്നത് കേവലം സ്വാഭാവികമാണ്. സമുദ്രചാരികളെ വ്യാപാരികളാക്കിത്തീര്‍ത്തതും സാധാരണമത്രെ. അങ്ങനെ നെതര്‍ലണ്ടുകാര്‍ കച്ചവടക്കാരായിത്തീര്‍ന്നു. അവര്‍ രോമത്തുണികളും മറ്റ് സാധനങ്ങളും നിര്‍മ്മിച്ചു. കിഴക്കന്‍ രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജനങ്ങളും അവരുടെ കൈയില്‍ വന്നുചേര്‍ന്നു. സമ്പന്നവും ജനനിബിഡങ്ങളുമായ നഗരങ്ങള്‍ ഉയര്‍ന്നു ബ്രൂഗ്സ്, ഘെന്‍ട്, വിശേഷിച്ചും ആന്‍ട്വര്‍പ്പ്. പൗരസ്ത്യദേശങ്ങളുമായിട്ടുള്ള വാണിജ്യം വര്‍ധിച്ചതോടൊപ്പം ഈ നഗരങ്ങള്‍ കൂടുതല്‍ ഐശ്വര്യം പ്രാപിക്കാന്‍ തുടങ്ങി. അങ്ങിനെ ആന്‍ട്വര്‍പ്പ് പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ വാണിജ്യതലസ്ഥാനമായിത്തീര്‍ന്നു. അയ്യായിരത്തോളം വ്യാപാരികള്‍ അവിടത്തെ വിനിമയശാലയില്‍ ദിവസേന എത്തിച്ചേര്‍ന്നിരുന്നു. അവിടത്തെ തുറമുഖത്ത് 2500 കപ്പലുകള്‍ ഒന്നിച്ചു കാണാമായിരുന്നു. അഞ്ഞൂറോളം കപ്പലുകള്‍ ദിവസേന തുറമുഖത്തു വന്നും പോയുമിരുന്നു. ഈ വ്യാപാരിവര്‍ഗമാണ് നഗരത്തെ നിയന്ത്രിച്ചിരുന്നത് ".

മതനവീകരണത്തിന്റെ നൂതനാശയങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട് പ്രൊട്ടസ്റ്റാന്റ് വിശ്വാസം പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെ സ്പെയിനിലെ ഭരണാധികാരികള്‍ നെതര്‍ലണ്ട് ജനതയെ അടിച്ചമര്‍ത്തിയതും, അനേകം ആളുകളെ കൊന്നതും വിവരിക്കുന്ന നെഹ്റു, ഒടുവില്‍ നെതര്‍ലണ്ട് ജനതയ്ക്ക് നേതൃത്വം കൊടുക്കാന്‍ മഹാനും ബുദ്ധിമാനുമായ ഒരു നേതാവ് അവര്‍ക്കിടയില്‍ ഉണ്ടായി എന്നും 'ഓറഞ്ചിലെ പ്രിന്‍സ് വില്യം' എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് എന്നും രേഖപ്പെടുത്തി ഇങ്ങനെ തുടരുന്നു:

"സര്‍വ്വസ്വവും നശിച്ചാലും സ്പെയിനിന്റെ നുകം ചുമക്കുകയില്ലെന്ന് ദൃഢനിശ്ചയത്തോടുകൂടി ഹോളണ്ടുകാര്‍ അണക്കെട്ടുകള്‍ വെട്ടിമുറിച്ചു സ്പാനിഷ് ഭടന്മാരെ മുക്കിക്കൊല്ലാന്‍ വേണ്ടി അവര്‍ ഉത്തരസമുദ്രത്തെ രാജ്യത്തിനകത്തേയ്ക്ക തുറന്നുവിട്ടു. നീണ്ടുപോകുന്തോറും യുദ്ധം അധികമധികം ഉഗ്രവും കഠോരവുമായിത്തീര്‍ന്നു. പറഞ്ഞൊടുക്കാത്ത ക്രൂരതകള്‍ ഇരുഭാഗത്തും നടന്നു. ധീരതയോടെ ചെറുത്ത് നിന്നിട്ടും അവസാനം സ്പാനിഷ് ഭടന്മാരുടെ കൊള്ളയ്ക്കും കൊലയ്ക്കും ഇരയാകേണ്ടിവന്ന ഹോളണ്ടുകാര്‍ ഹാര്‍ലം സമുദ്രഭിത്തികള്‍ വെട്ടിത്തുറന്നതുകൊണ്ടുമാത്രം ഒരുവിധം രക്ഷപ്പെട്ടു. അനേകം ആളുകള്‍ പട്ടിണി കൊണ്ടും പകര്‍ച്ചവ്യാധികൊണ്ടും ചത്തുവീണിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്ന ലെയ്ഡണ്‍ ഉപരോധം ഇവയില്‍ മുന്നിട്ടുനില്‍ക്കുന്നു. ലെയിഡനിലെ വൃക്ഷങ്ങളില്‍ ഒരൊറ്റ പച്ചിലപോലും ബാക്കിയാകാതെ ആളുകള്‍ അവ മുഴുവന്‍ ഇരയാക്കി കഴിഞ്ഞിരുന്നു. കപ്പലുകളില്‍ എച്ചിലിനുവേണ്ടി സ്ത്രീകളും പുരുഷന്മാരും പട്ടികളോട് മല്ലിട്ടു. എന്നിട്ടും അവര്‍ വൈരിയെ ചെറുത്തുനിന്നു. എലികളേയും പട്ടികളേയും കൊന്നുതിന്നാല്‍ പോലും തങ്ങള്‍ കീഴടങ്ങില്ലെന്ന് സ്പെയിന്‍ ഭരണാധികാരികളെ അവര്‍ അറിയിച്ചു...".

എത്ര ശ്രമിച്ചിട്ടും നെതര്‍ലണ്ടിനെ കീഴടക്കാന്‍ കഴിയാത്ത സ്പെയിനിന് രാജ്യത്തിന്റെ ഒരു ഭാഗമായ 'ബല്‍ജിയം' കൈയടക്കി തൃപ്തിപ്പെടേണ്ടിവന്നു എന്ന് നെഹ്റു പറയുന്നു. ഹോളണ്ട് (നെതര്‍ലണ്ട്) ജനത അവരുടെ നേതാവായ വില്യമിനെ സിംഹാസനത്തിലിരുത്തി. ഹോളണ്ട് (നെതര്‍ലണ്ട്) റിപ്പബ്ലിക്കായതിനെപ്പറ്റിയും അവിടത്തെ മഹാനായ നേതാവിനെ ചതിച്ചുകൊന്നതിനെപ്പറ്റിയും നെഹറു പറഞ്ഞു:

"ഹോളണ്ടിലെ സമരം വളരെ കൊല്ലങ്ങളോളം നീണ്ടുനിന്നു. 1609-ല്‍ മാത്രമാണ് ഹോളണ്ട് സ്വാതന്ത്രമായത്. എന്നാല്‍ യഥാര്‍ഥസമരം നടന്നത് 1567-നും 1584-നും ഇടയ്ക്കാണ്. സ്പെയിനിലെ രണ്ടാം ഫിലിപ്പ്, ഓറഞ്ചിലെ വില്യമിനെ നേരിട്ട് പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഒരു ഘാതകനെ കൊണ്ടു കൊല്ലിച്ചു. കൊല്ലുന്നവന് തക്കതായ സമ്മാനം കൊടുക്കാമെന്ന് അയാള്‍ പരസ്യപ്പെടുത്തിയിരിക്കുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു അന്നത്തെ യൂറോപ്പിലെ സദാചാരം. വില്യമിനെ വധിക്കാനുള്ള പല ശ്രമങ്ങളും പരാജയപ്പെടുകയാണുണ്ടായത്. ഒടുവില്‍ ആറാമത്തെ വധോദ്യമം ഫലിക്കുകയും ചെയ്തു. 1584-ല്‍ ആണ് അത്. അങ്ങനെ ആ മഹാന്‍ , ഫാദര്‍ വില്യം ഹോളണ്ടിലെങ്ങും അങ്ങനെയാണ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത് മരണമടഞ്ഞു. എങ്കിലും അദ്ദേഹം തന്റെ കൃത്യം നിര്‍വ്വഹിച്ചുകഴിഞ്ഞിരുന്നു. നിരവധി ത്യാഗങ്ങളിലൂടെയും ദുരിതങ്ങളിലൂടേയും ഡച്ച് റിപ്പബ്ലിക് രൂപമെടുത്തുകഴിഞ്ഞു. ...അങ്ങനെ സുശക്തവും സ്വാശ്രയക്ഷമവുമായ ഹോളണ്ട് പ്രബലമായൊരു നാവികശക്തിയായി വളര്‍ന്ന് പൗരസ്ത്യദേശങ്ങളിലേക്ക് വ്യാപിച്ചു.'

(അവലംബം: വിശ്വചരിത്രാവലോകം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരണം)