കേരള വാര്‍ത്താ പത്രിക

Select old Issue :

പ്രശ്നങ്ങള്‍ക്കിടയില്‍ നിയമസഭ കൂടുന്നു
വജ്രകേരളത്തിന്റെ ആദ്യബജറ്റാണ് ഇനി ധനകാര്യമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായിട്ടുള്ള നിയമസഭാസമ്മേളനം ഫിബ്രവരി 23ന് ആരംഭിച്ചു. നോട്ട് പിന്‍വലിക്കല്‍, കേന്ദ്രബജറ്റ് എന്നിവയ്ക്കുശേഷം വരുന്ന കേരളബജറ്റില്‍ എന്തൊക്കെ പുതുമകള്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമാണ്. ഉത്പന്നസേവനനികുതി (ജി.എസ്.ടി.) സംവിധാനം ജൂലൈ ഒന്നുമുതല്‍ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ബില്‍ അടുത്ത മാസം രണ്ടാംവാരത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ജി.എസ്.ടി. സംവിധാനത്തിലേക്ക് നികുതി മാറുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുമെങ്കില്‍ അത് സംസ്ഥാനത്തിന് ഗുണകരമാകും. ഇതുകൂടി മുന്നില്‍ക്കണ്ടുകൊണ്ടായിരിക്കും ബജറ്റ് അവതരിപ്പിക്കുക. അതേസമയം സര്‍ക്കാരിന്റെ സാമ്പത്തികസ്ഥിതി അത്ര നല്ലതല്ലെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. സര്‍ക്കാരിന്റെ മുഴുവന്‍ റവന്യൂ വരുമാനവും കടംവാങ്ങിയ മുഴുവന്‍ തുകയും ചെലവഴിച്ചാലും ശമ്പളം, പെന്‍ഷന്‍, പലിശ, ഭരണച്ചെലവ്, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള ടീച്ചിങ് ഗ്രാന്റ് തുടങ്ങിയ നിത്യദാന ചെലവുകള്‍ക്ക്പോലും തികയാത്ത അവസ്ഥയാണ് ഇന്നുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയെ എങ്ങനെ സാമ്പത്തികവിദഗ്ധനായ ധനമന്ത്രി തോമസ് ഐസക്കിന് മറികടക്കാന്‍ കഴിയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാണ്യവിളകളുടെ വിലത്തകര്‍ച്ചയും റബ്ബര്‍ കൃഷിയുടെ തകര്‍ച്ച, ഗള്‍ഫ് പ്രതിസന്ധി, വിദേശപണത്തിന്റെ വരവ് കുറവ് തുടങ്ങിയ കാരണങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തെ അലട്ടുന്നുണ്ട്. നോട്ട് പിന്‍വലിക്കലും നോട്ട് രംഗത്തെ നിയന്ത്രണവും കാരണം വസ്തുഇടപാടുകളിലെ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വസ്തുവിന് കാര്യമായ വിലക്കുറവ് വന്നിട്ടില്ലെങ്കിലും ആധാരം എഴുത്ത് നടക്കുന്നില്ല. രൂപ നിയന്ത്രണം ബിസിനസ് രംഗത്തേയും നിര്‍മാണണരംഗത്തേയും ബാധിക്കുന്നുണ്ട്. വന്‍തോതില്‍ നിര്‍മിച്ച ഫ്ളാറ്റുകള്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതി ഇന്നുണ്ട്. അതുപോലെ അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന തൊഴിലാളികളുടെ എണ്ണവും കുറയുന്നു. കേരളത്തിന്റെ തനത്നികുതി, ഉത്പാദനകയറ്റുമതി മേഖലയിലെ വര്‍ധനവ് എന്നിവ കൊണ്ടുമാത്രമേ സംസ്ഥാനത്തിന് ഇനി രക്ഷയുള്ളൂ. ഇതിനുള്ള മാര്‍ഗങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമോ എന്നാണ് അറിയേണ്ടത്.

രാഷ്ട്രീയരംഗത്തും വിദ്യാഭ്യാസരംഗത്തും ഉണ്ടായ കോളിളക്കം ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ പ്രതിഫലനങ്ങള്‍ നിയമസഭയില്‍ ഉയരാന്‍ ഇടയുണ്ട്. സ്വാശ്രയകോളേജുകളിലെ പ്രശ്നങ്ങളാണ് കുറെ ആഴ്ചകളായി കേരളത്തില്‍ നിറഞ്ഞുനിന്നത്. പാമ്പാടി നെഹ്റു കോളേജിലെ വിദ്യാര്‍ഥി വിഷ്ണു പ്രണോയിയുടെ മരണമാണ് പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ലോ അക്കാദമി ലോ കോളേജ് പ്രശ്നവും. സ്വാശ്രയ കോളേജുകളെ നിയന്ത്രിക്കാന്‍ നിയമസഭയില്‍ പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിയുന്നു. ഇതിനിടയിലാണ് ക്രമസമാധാനപ്രശ്നത്തിന്റെ പേരില്‍ ബഹളം നടക്കുന്നത്. സി.പി.എംആര്‍.എസ്.എസ് സംഘട്ടനത്തില്‍ അല്പം കുറവ് വന്നിട്ടുണ്ട്. കണ്ണൂരില്‍ മുഖ്യമന്ത്രി തന്നെ യോഗം വിളിച്ചുകൂട്ടി ചില തീരുമാനങ്ങളെടുത്തത് ആശ്വാസകരമാണ്. കണ്ണൂരില്‍ ഇനി രക്തപ്പുഴ ഒഴുകരുതെന്ന് ബി.ജെ.പിയും സി.പി.എമ്മും തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ചെറിയ തോതില്‍ സംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് കൊച്ചിയില്‍ ഒരു സിനിമാനടിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം ചൂടുപിടിച്ചത്. ഇത് സംബന്ധിച്ച അന്വേഷണം തുടരുന്നു, ഇതിനിടയില്‍ കേരളം ഗുണ്ടകളുടെ നാടായി മാറിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം ഗുണ്ടകളെ എന്തുവില കൊടുത്തും അമര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണരംഗത്ത് ഒട്ടേറെ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നുണ്ട്. വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ ഐ.എ.എസ്സുകാരുടെ നിസ്സഹകരണമാണ് ഇതില്‍ പ്രധാനം. അതിനോടൊപ്പം സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ കെ.എ.എസ്. (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്) നടപ്പിലാക്കുന്നതിനുള്ള തീരുമാനത്തിന്റെ പേരില്‍ സമരത്തിലാണ്. എന്തുവില കൊടുത്തും കെ.എ.എസ്. നടപ്പിലാക്കുമെന്നും അത് തങ്ങളുടെ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സമരത്തില്‍നിന്നും പിന്നോട്ടുപോകില്ലെന്നും സെക്രട്ടേറിയറ്റ് ജീവനക്കാരും ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ എന്‍.ജി.ഒ. യൂണിയന്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകള്‍ കെ.എ.എസ്. നടപ്പിലാക്കണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. സി.പി.ഐയും സി.പി.എമ്മും നടക്കുന്ന വാക്പോര് തീര്‍ക്കാന്‍ രണ്ടു പാര്‍ട്ടികളും യോഗം വിളിച്ചുകൂട്ടണമെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം. എല്‍.ഡി.എഫ് യോഗം ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധ്യതയുണ്ട്. കാലാവസ്ഥയിലെ മാറ്റമാണ് കേരളത്തിലെ മറ്റൊരു പ്രശ്നം. തുലാവര്‍ഷത്തിലെ ഗണ്യമായ കുറവ് കേരളത്തിലെ ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. ചൂട് അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. നദികള്‍ വറ്റിത്തുടങ്ങി. റിസര്‍വോയറുകളില്‍ വെള്ളം കുറഞ്ഞതുകാരണം വൈദ്യുതി ഉത്പാദനവും കുറയുന്നു. ഇതിന് പുറമെയാണ് വമ്പിച്ച കൃഷിനാശം സംഭവിച്ചിട്ടുള്ളത്. ഇനിയുള്ള മാസങ്ങള്‍ കേരളത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.

മില്‍മ പാലിന് വിലകൂട്ടി
മില്‍മ പാലിന് ലിറ്ററിന് നാലുരൂപ കൂട്ടി. അരലിറ്റര്‍ തൈരിനും രണ്ടുരൂപ വര്‍ധിപ്പിച്ചു. പാലിന് കൂട്ടിയ വിലയില്‍ 3.35 രൂപ കര്‍ഷകര്‍ക്ക് കൊടുക്കാനാണ് തീരുമാനം.


റേഷന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം
സബ്സിഡി നിരക്കില്‍ റേഷന്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി.


പൊന്നമ്പലമേട്ടില്‍ ക്ഷേത്രം പണിയും
ഭക്തജനങ്ങളുടെ സഹകരണത്തോടെ പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം
സ്കൂട്ടില്‍ സഞ്ചരിക്കുന്ന പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി.


ഏനാത്ത് പട്ടാളം താത്ക്കാലിക പാലം നിര്‍മിക്കും
പത്തനംതിട്ടയിലെ ഏനാത്ത് പാലം അറ്റകുറ്റപ്പണി തുടരുന്നതിനാല്‍ യാത്രാക്ലേശം പരിഹരിക്കാന്‍ പട്ടാളം താത്ക്കാലിക ബെയ്ലി പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു.

മൂന്നാറില്‍ മൂന്നുനില കെട്ടിടമേ നിര്‍മിക്കാവൂ
മൂന്നാറിലും പരിസരപ്രദേശത്തും പരമാവധി മൂന്നുനില കെട്ടിടമേ നിര്‍മിക്കാവൂ എന്ന് ഇടുക്കി ജില്ലാപോലീസ് മേധാവി കളക്ടറോട് ശുപാര്‍ശ ചെയ്തു.

കേരളത്തില്‍ ഇസാഫ് ബാങ്ക് വരുന്നു
സ്വാതന്ത്ര്യലബ്ധിക്കുശേഷം സംസ്ഥാനത്ത് ലഭിക്കുന്ന പ്രഥമ പ്രൈവറ്റ് ഷെഡ്യൂള്‍ഡ് ബാങ്കായ ഇസാഫ് മോഗ്ര ഫിനാന്‍സ് ബാങ്ക് മാര്‍ച്ച് 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


സ്റ്റെന്റിന് കൃത്രിമക്ഷാമം തടയാന്‍ നടപടി
ഹൃദ്രോഗത്തെ ഒരുപരിധിവരെ തടയുന്ന ആന്‍ജിയോ പ്ലാസ്റ്റിക്കുള്ള സ്റ്റെന്റിന്റെ വില കുത്തനെ കുറച്ചതിനെ തുടര്‍ന്ന് അത് പൂഴ്ത്തിവയ്ക്കാന്‍ കച്ചവടക്കാര്‍ ശ്രമം തുടങ്ങി. ഈ കൃത്രിമ ക്ഷാമം തടയാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.

കഴിഞ്ഞ വര്‍ഷം കേസുകള്‍ 7 ലക്ഷം
സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് ഏഴുലക്ഷത്തിലധികം കേസുകള്‍. 2016 ജനുവരിഡിസംബര്‍ കാലയളവിലായി 7,07,541 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മുന്‍വര്‍ഷത്തേതില്‍നിന്ന് 53,533 കേസിന്റെ വര്‍ധന.

സ്ത്രീകള്‍ക്കെതിരായ വിവിധ തരത്തിലുള്ള പീഡനങ്ങളും അതിക്രമങ്ങളും കൂടിയതായാണ് കേസുകളുടെ എണ്ണം സൂചിപ്പിക്കുന്നത്. ക്രിമിനല്‍ കേസ് വിഭാഗത്തില്‍ മാനഭംഗക്കേസുകളിലാണ് കൂടുതല്‍ വര്‍ധന. അതേസമയം, സ്ത്രീകള്‍ക്ക് ഭര്‍ത്താവ് / ബന്ധുക്കളില്‍ നിന്നുള്ള പീഡനം കുറഞ്ഞു.
അബ്കാരി, നാര്‍ക്കോട്ടിക ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമുള്ള കേസുകളിലും ഗണ്യമായ വര്‍ധനയുണ്ടായി. ശൈശവവിവാഹത്തിനെതിരെ എട്ട് കേസെടുത്തു.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2384ല്‍ നിന്ന് 2899 ആയി ഉയര്‍ന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് 1678 കേസെടുത്തു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍
വര്‍ഷം സ്ത്രീധനമരണം മാനഭംഗം ലൈംഗിക അതിക്രമം ഭര്‍ത്താവ് / ബന്ധുപീഡനം ശല്യപ്പെടുത്തല്‍
2012 32 1019 498 5216 3735
2013 21 1221 404 4820 4362
2014 28 1347 257 4919 4367
2015 8 1256 267 3668 3987
2016 24 1644 332 3454 4035

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: ജയരാജ് ഇന്റലിജന്‍സ് ഐ.ജി.
സംസ്ഥാന പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മനുഷ്യാവകാശകമ്മിഷന്‍ ഐ.ജി. ഇ.ജെ. ജയരാജിനെ രഹസ്യാന്വേഷണവിഭാഗം ഐ.ജിയായി നിയമിച്ചു.
വയനാട് ജില്ലാപോലീസ് മേധാവിയായിരുന്ന ശിവവിക്രമിനെ കണ്ണൂര്‍ എസ്.പിയും രാജ്പാല്‍ മീണയെ വയനാട് എസ്.പിയുമാക്കി. വിജിലന്‍സ് ആസ്ഥാനത്തെ ഇന്റലിജന്‍സ് എസ്.പി ആയിരുന്ന എ. അക്ബറിനെ സെക്യൂരിറ്റി എസ്.പി.യായും കെ.പി. ഫിലിപ്പിനെ ഉത്തരമേഖലാ ട്രാഫിക് എസ്.പി ആയും നിയമിച്ചു.

സ്ഥലംമാറ്റം ലഭിച്ച മറ്റുദ്യോഗസ്ഥര്‍ ഇവരാണ്. പി.ബി. രാജീവ് (ഡി.സി.പി. കോഴിക്കോട് സിറ്റി), ബി. പ്രശാന്തന്‍ കാണി (ആന്റിപൈറസി സെല്‍, തിരുവനന്തപുരം), എന്‍. വിജയകുമാര്‍ (എന്‍.ആര്‍.ഐ. സെല്‍, പോലീസ് ആസ്ഥാനം), എം. ജോണ്‍സണ്‍ ജോസഫ് (വിജിലന്‍സ് കിഴക്കന്‍മേഖല, കോട്ടയം), എസ്. രാജേന്ദ്രന്‍ (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), സി.എഫ്.റോബര്‍ട്ട് (എസ്.പി., സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍), അര്‍വിന്‍ ജെ. ആന്റണി (എസ്.ഐ.എസ്.എഫ് കമാന്‍ഡന്റ്), സിറില്‍ സി. വെള്ളൂര്‍ (ആര്‍.ആര്‍.ആര്‍.എഫ് കമാന്‍ഡന്റ്), കെ.വി. സന്തോഷ് (എസ്.പി. ക്രൈംബ്രാഞ്ച്).

ബഹ്റൈനില്‍ കേരളത്തിന്റെ എന്‍ജിനീയറിങ് കോളേജ്; എല്ലാ ഗള്‍ഫ് നാടുകളിലും കേരള ക്ലിനിക്
പ്രവാസികളുടെ ചെറുതും ഇടത്തരവുമായ നിക്ഷേപങ്ങള്‍ സമാഹരിക്കാനായി പ്രവാസിനിക്ഷേപ ബോര്‍ഡിന് രൂപംനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് ബഹ്റൈനിലെ മലയാളിസംഘടനകളെല്ലാം ചേര്‍ന്നൊരുക്കിയ പൗരസ്വീകരണത്തിലായിരുന്നു ഈ പ്രഖ്യാപനം. പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ പുനരധിവാസത്തിനുമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ ഇതില്‍ പലതും യാഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ നിക്ഷേപത്തിന് പൂര്‍ണസുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് പ്രവാസിനിക്ഷേപബോര്‍ഡ്. ചെറുകിടഇടത്തരം നിക്ഷേപങ്ങളായിരിക്കും ഈ ബോര്‍ഡുവഴി സമാഹരിച്ച് വിവിധ തൊഴില്‍ സംരംഭങ്ങളിലേക്ക് നല്‍കുന്നത്. വന്‍കിട നിക്ഷേപങ്ങള്‍ സ്വീകരിക്കാനായി ഇപ്പോഴുള്ള കിഫ്ബിക്ക് പുറമെയായിരിക്കും പുതിയ നിക്ഷേപ ബോര്‍ഡ്. പ്രവാസിക്ഷേമം കാര്യക്ഷമമായി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നോര്‍ക്കയുടെ പ്രവര്‍ത്തനവും പുനഃക്രമീകരിക്കും. ഈ വര്‍ഷംതന്നെ അതിന്റെ ഗുണം പ്രവാസികള്‍ക്ക് തിരിച്ചറിയാനാവുമെന്നും പിണറായി പ്രഖ്യാപിച്ചു.

ചുരുങ്ങിയ ചെലവില്‍ ചികിത്സ നല്‍കാന്‍ എല്ലാ ഗള്‍ഫ് നാടുകളിലും കേരളാ ക്ലിനിക്കുകള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസസൗകര്യം ഉറപ്പാക്കാനായി പ്രത്യേകസ്ഥാപനങ്ങള്‍ തുറക്കാനും ആലോചനയുണ്ട്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ബഹ്റൈനില്‍ ഒരു എന്‍ജിനീയറിങ് കോളേജ് ആരംഭിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബഹ്റൈന്‍ ഭരണാധികാരികള്‍ ഇതിനോട് അനുകൂല സമീപനം സ്വീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ബഹ്റൈന്‍ വിദ്യാഭ്യാസമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള അനുമതി അവരുടെ ഭാഗത്തുനിന്ന് ലഭിച്ചതായും ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഗള്‍ഫ് നാടുകളിലെ ചെറിയ വരുമാനക്കാര്‍ക്കായി കേരള പബ്ലിക് സ്കൂളുകള്‍ തുടങ്ങുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍വര്‍ഷങ്ങളിലെ പോലെതന്നെ
മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ ഹയര്‍സെക്കന്‍ഡറി പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഈ ഉത്തരവ്.

ജി.എസ്.ടി. വരുന്നതോടെ ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാകും
ജി.എസ്.ടി. നടപ്പിലാക്കുന്നതോടെ അതിര്‍ത്തിയിലെ വാണിജ്യനികുതി ചെക്ക്പോസ്റ്റുകള്‍ ഇല്ലാതാകുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. പകരം ഊടുവഴികള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തുള്ള എല്ലാ പ്രവേശനകവാടങ്ങളിലും ക്യാമറ നിരീക്ഷണം ഉണ്ടാകും. ഏത് സംസ്ഥാനത്തുനിന്നും ചരക്ക് കൊണ്ടുവന്നാലും പുറപ്പെടുമ്പോള്‍ എസ്.ടി. നെറ്റ്വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.


നികുതിവരുമാനം കുറഞ്ഞു; സഹകരണമേഖല തളര്‍ന്നു
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്തെ നികുതിവരുമാനം കുറഞ്ഞതായും സഹകരണമേഖല തളര്‍ന്നതായും ആസൂത്രണബോര്‍ഡ് വിലയിരുത്തി. 2015 ഡിസംബറിനെ അപേക്ഷിച്ച് 2016 ഡിസംബറില്‍ 0.49 ശതമാനമാണ് നികുതി കുറഞ്ഞത്. വാണിജ്യനികുതി ഇനത്തില്‍ 1.69 ശതമാനം കുറവ് രേഖപ്പെടുത്തി. സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷനിലും 17.52 ഉം 10.6 ശതമാനവും കുറവുണ്ടായി. അതുപോലെതന്നെ സഹകരണ മേഖലയ്ക്കും തിരിച്ചടി ഉണ്ടായി. മത്സ്യഉപഭോഗത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവുവന്നു.

1817 ആണുങ്ങളെ കാണാനില്ല
അഞ്ചുവര്‍ഷത്തിനിടയില്‍ കേരളത്തില്‍ 1817 ആണുങ്ങളെ കാണാനില്ലെന്നും ഇതില്‍ 79 പേര്‍ 18 വയസ്സില്‍ കുറവുള്ളവരാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് 360 ഉം കൊല്ലത്ത് 105 ഉം പത്തനംതിട്ടയില്‍ 102 ഉം ആലപ്പുഴയില്‍ 97 ഉം ഇടുക്കിയില്‍ 55 ഉം കോട്ടയത്ത് 83 ഉം എറണാകുളത്ത് 193 ഉം തൃശ്ശൂര്‍ 188 ഉം, പാലക്കാട് 140 ഉം മലപ്പുറത്ത് 148 ഉം കോഴികേകാട് 118 ഉം, വയനാട് 18 ഉം കണ്ണൂര്‍ 130 ഉം കാസര്‍കോട് 80 ഉം പേരെയാണ് കാണാതായത്.

എല്ലാവര്‍ക്കും പാര്‍പ്പിടപദ്ധതിയുമായി മലബാര്‍ ഡവലപ്പേഴ്സ്
കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച 2022 ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയുമായി മലബാര്‍ ഡെവലപ്പേഴ്സ് രംഗത്ത്. വിവിധ പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും എല്‍പിജി പാചകശാല
സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും ഉച്ചഭക്ഷണം ഉണ്ടാക്കാന്‍ വിറകിനുപകരം പാചകവാതകം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 201718 അധ്യയനവര്‍ഷം സംസ്ഥാനത്തെ 12000 സ്കൂളുകളില്‍ എല്‍.പി.ജി. കണക്ഷന്‍ നല്‍കും.

ഒന്നരമാസത്തില്‍ ഉണങ്ങിയത് 23,944 ഹെക്ടര്‍ നെല്‍കൃഷി
വരള്‍ച്ചയുടെ രൂക്ഷതയില്‍ സംസ്ഥാനത്തെ നെല്‍പ്പാടങ്ങളില്‍ കരിഞ്ഞത് 23,944 ഹെക്ടര്‍ നെല്‍കൃഷിയാണ്. പാലക്കാട് ജില്ലയിലാണ് കൂടുതല്‍ കൃഷിനാശം. അതുകഴിഞ്ഞാല്‍ ആലപ്പുഴ ജില്ലയിലാണ് നാശം. തൃശ്ശൂര്‍, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നാശങ്ങള്‍ കൂടുതല്‍ ഉണ്ടായത്. ഇനിയും കൂടുതല്‍ കൃഷിനാശം ഉണ്ടാകാനാണ് സാധ്യത.


കേരളം അള്‍ട്രാവയലറ്റ് ഭീഷണിയില്‍
സൂര്യനില്‍ നിന്നും പതിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് സംസ്ഥാനത്ത് കൂടുന്നതായി റിപ്പോര്‍ട്ട്. അന്തരീക്ഈര്‍പ്പം കുറഞ്ഞതും തെളിഞ്ഞ ആകാശവുമാണ് ഇതിനു കാരണം. പാലക്കാട് ആണ് അള്‍ട്രാവയലറ്റ് അളവ് കൂടിയിട്ടുള്ളത്. ഇവിടെ ഇതിന്റെ അളവ് 12 കടന്നു. തിരുവനന്തപുരത്തും വയനാട്ടിലും 12 ഉം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ പത്തും, തൃശ്ശൂരും കണ്ണൂരും കാസര്‍കോടും 11ഉം ആണ് രേഖപ്പെടുത്തിയത്. ഇതിലെ വെയില്‍ കൂടുതല്‍ ഏറ്റാല്‍ പല അസുഖങ്ങള്‍ക്ക് കാരണമാകും.

തോട്ടത്തില്‍ രാധാകൃഷ്ണന്‍ ആക്ടിങ് ചീഫ് ജസ്റ്റിസ്
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി സീനിയര്‍ ജഡ്ജി, ജസ്റ്റിസ് തോട്ടിത്തില്‍ ബി. രാധാകൃഷ്ണന്‍ ചുമതലയേറ്റു.

തോട്ടണ്ടി ഇറക്കുമതി: മന്ത്രി മേഴ്സിക്കുട്ടി അമ്മയ്ക്ക് ക്ലീന്‍ചിറ്റ്
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടി അമ്മയ്ക്ക് എതിരെ നടന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് കണ്ടെത്തി.

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 11ന്
തിരുവനന്തപുരത്തെ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം മാര്‍ച്ച് 11ന് നടക്കും. ഉത്സവം മാര്‍ച്ച് മൂന്നിന് ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.


ടി.പി. സെന്‍കുമാര്‍ ഐ.എം.ജി. ഡയറക്ടര്‍
സംസ്ഥാനത്തെ മുമ്പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെ ഐ.എം.ജി. ഡയറക്ടറായി നിയമിച്ചു.

ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി വിമാനത്താവളം
ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ആരംഭിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍ വിമാനത്താവളം എവിടെയാണെന്ന് തീരുമാനിച്ചിട്ടില്ല. ചെറുവള്ളി, ളാഹ എസ്റ്റേറ്റുകള്‍ വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

എസ്.ബി.ടി. എസ്.ബി.ഐ ലയനത്തിന് അനുമതി
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെയും മറ്റ് സ്റ്റേറ്റ് ബാങ്കുകളെയും എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ബിക്കാനിയര്‍, ഹൈദരാബാദ്, മൈസൂര്‍, പട്യാല ബാങ്കുകളെയും എസ്.ബി.ടിയെയുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

ഇ. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത മാറുന്നില്ല
മുന്‍ കേന്ദ്രസംസ്ഥാന മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ ഇ. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത ഇനിയും തീര്‍ന്നിട്ടില്ല. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനിടെയാണ് പാര്‍ലമെന്റില്‍ ഇ. അഹമ്മദ് കുഴഞ്ഞുവീണത്. ജനുവരി 31ന് ആയിരുന്നു സംഭവം. ഉടന്‍തന്ന റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഹമ്മദിന് എല്ലാവിധ വിദഗ്ധചികിത്സയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ബന്ധുക്കളെ കാണാന്‍ അനുവദിക്കാത്തതാണ് പ്രശ്നമായത്. ബജറ്റ് അവതരിപ്പിക്കുന്നതിന് തടസ്സമാകുമെന്ന് കരുതിയാണ് മരണവിവരം നേരത്തെ പ്രഖ്യാപിക്കാത്തതെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ മരണം സ്ഥിരീകരിച്ചിട്ടും ബജറ്റ് അവതരണം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നു. കേരളത്തിലെ എല്ലാ എം.പിമാരും ബജറ്റ് ബഹിഷ്കരിച്ചു. മാത്രവുമല്ല, സഭയ്ക്ക് പുറത്ത് പ്രതിഷേധവും ഉയര്‍ന്നു. കേരളത്തിലെ വിവിധ വകുപ്പുകളില്‍ മന്ത്രി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലും ഇ. അഹമ്മദിന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി ഉള്‍പ്പെടെ എല്ലാവരും പ്രശംസിച്ചു.

ചരമം
സ്വാമി നിര്‍മലാനന്ദഗിരി സമാധിയായി
സന്ന്യാസിശ്രേഷ്ഠനും പ്രഭാഷകനും ഭിഷഗ്വരനുമായ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് (87) പാലക്കാട്ട് സമാധിയായി.


കോവളം ചന്ദ്രന്‍ അപകടത്തില്‍ മരിച്ചു
"കേരള ഡീലക്സ്" പത്രാധിപര്‍ കോവളം ചന്ദ്രന്‍ അപകടത്തില്‍ മരിച്ചു. ഒരു ടെമ്പോവാന്‍ തട്ടിയാണ് അപകടം ഉണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് എതിരെ ആദ്യം പത്രം ഇറക്കിയ ആളാണ് കോവളം ചന്ദ്രന്‍.

അന്നത്തെ കാലം

കേരളത്തിന് 60 വയസ്സ്
(1956-2016)

ഐക്യകേരളത്തിന് മുഖവുര
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

1498ല്‍ പോര്‍ട്ടുഗീസ് നാവികന്‍ വാസ്ഗോഡിഗാമ കോഴിക്കോട്ട് എത്തുമ്പോള്‍ കേരളം ചെറുതും വലുതുമായി അനേകം നാട്ടുരാജ്യങ്ങളായിരുന്നു. അതില്‍ തെക്ക് വേണാടും മധ്യഭാഗത്ത് കൊച്ചിയും അതിനപ്പുറത്ത് കോഴിക്കോട് സാമൂതിരി രാജ്യവും വടക്കേയറ്റം കോലത്തുനാടും ആയിരുന്നു വലിയ രാജ്യങ്ങള്‍. പോര്‍ട്ടുഗീസുകാരെ തുടര്‍ന്ന് ഡച്ചുകാരും ഡെന്മാര്‍ക്കുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും കേരളത്തിലെത്തി. ഡച്ചുകാരോട് തോറ്റ പോര്‍ട്ടുഗീസുകാര്‍ ഗോവയിലേക്ക് പിന്‍വാങ്ങി. ഡെന്മാര്‍ക്കുകാരും പിന്നീട് കേരളത്തോട് വിടപറഞ്ഞു. പിന്നീടുള്ള വലിയ ശക്തികള്‍ ഇംഗ്ലീഷുകാരും (ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി) ഫ്രഞ്ചുകാരും ഡച്ചുകാരുമായിരുന്നു. കൊച്ചിരാജാവിനെ ചൊല്‍പ്പടിക്കുനിര്‍ത്തി അവിടെ നിന്നും തെക്കും വടക്കും കച്ചവടസാമ്രാജ്യം സ്ഥാപിക്കാന്‍ യത്നിച്ചിരുന്ന ഡച്ചുശക്തിയെ 1741ല്‍ കുളച്ചലില്‍ വച്ച് വേണാട് രാജാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തോല്‍പ്പിച്ചു. പിന്നീട് മാര്‍ത്താണ്ഡവര്‍മയുടെ പടയോട്ടമായിരുന്നു. അദ്ദേഹം പടനയിച്ച് കൊച്ചിയുടെ പടിവാതില്‍ക്കല്‍വരെ എത്തി. അതോടെ വേണാട് വിശാലമായ "തിരുവിതാംകൂര്‍" ആയി. ആ രാജ്യത്തെ തന്റെ കുലദൈവമായ ശ്രീപദ്മനാഭന് മാര്‍ത്താണ്ഡവര്‍മ "തൃപ്പടിദാനം" വഴി സമര്‍പ്പിച്ചു. അതോടെ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ "ശ്രീപദ്മനാഭദാസന്‍മാര്‍" എന്നറിയപ്പെട്ടു. അതിനുമുമ്പ് വടക്കന്‍ കേരളത്തിലെത്തിയ ഫ്രഞ്ചുകാര്‍ മയ്യഴി പിടിച്ചെടുത്ത് "മാഹി"യാക്കി.

മാര്‍ത്താണ്ഡവര്‍മയ്ക്ക് ശേഷം അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തികതിരുനാള്‍ രാമവര്‍മ (1758-1788) തിരുവിതാംകൂര്‍ രാജാവായി. അദ്ദേഹത്തിന്റെ കാലത്താണ് കേരള രാജാക്കന്മാരെ ഞെട്ടിപ്പിച്ചുകൊണ്ട് മൈസൂരിലെ ഹൈദരാലിയും ടിപ്പുസുല്‍ത്താനും വടക്കന്‍ കേരളം ആക്രമിച്ചത്. ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അവിടെ നിന്നുള്ള പല രാജാക്കന്മാരും കീഴടങ്ങുകയോ പലായനം ചെയ്യുകയോ ചെയ്തു. 1756ല്‍ തുടങ്ങിയ ഈ ആക്രമണം അദ്ദേഹത്തിന്റെ മരണത്തോടെ മകന്‍ ടിപ്പു സുല്‍ത്താന്‍ ഏറ്റെടുത്തു. ടിപ്പു സുല്‍ത്താന്‍ അവസാനം തൃശ്ശൂര്‍ കടന്ന് തിരുവിതാംകൂര്‍ പിടിക്കാന്‍ പെരിയാര്‍ തീരം വരെ എത്തി. ഈ സമയത്ത് ഡച്ചുകാര്‍ ഇവിടെ ഉണ്ടായിരുന്നുവെങ്കിലും ശക്തിയില്ലായിരുന്നു. ടിപ്പുവിനെ നേരിടാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കേ കഴിയൂവെന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയും മലബാര്‍കൊച്ചി രാജാക്കന്മാരും കണക്കുകൂട്ടി അവരോട് സഹായം അഭ്യര്‍ഥിച്ചു. അവസരം കാത്തിരുന്ന ഇംഗ്ലീഷ് ഈസ്റ്റ് കമ്പനി മൈസൂരിനോട് യുദ്ധം പ്രഖ്യാപിച്ചു. ശ്രീരംഗപട്ടണം ഇംഗ്ലീഷുകാര്‍ വളഞ്ഞു. യുദ്ധത്തില്‍ ടിപ്പു തോറ്റു. ഇതേത്തുടര്‍ന്ന് 1792 ഫെബ്രുവരി 22-ാം തീയതി ഉണ്ടാക്കിയ ശ്രീരംഗപട്ടണം കരാര്‍ വഴി ടിപ്പു മലബാര്‍ പ്രദേശം മുഴുവന്‍ ഇംഗ്ലീഷുകാര്‍ക്ക് വിട്ടുകൊടുത്തു. അവിടത്തെ രാജാക്കന്മാര്‍ക്ക് സ്ഥാനമാനങ്ങളും പദവിയും കരംഒഴിവ് വസ്തുക്കളും നല്‍കി മൂലയിലിരുത്തിയ ശേഷം മലബാര്‍ പ്രദേശം ഇംഗ്ലീഷുകാര്‍ ഒറ്റജില്ലയാക്കി. അത് "ബ്രിട്ടീഷ് മലബാര്‍" എന്നറിയപ്പെട്ടു. 1793 മാര്‍ച്ചിലായിരുന്നു ബ്രിട്ടീഷ് മലബാറിന്റെ ഉദ്ഘാടനം. ആദ്യം "കമ്മീഷണര്‍" എന്ന ഉദ്യോഗസ്ഥനും പിന്നീട് കളക്ടറും മലബാര്‍ ഭരിച്ചു. തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാര്‍ ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ആണ്ടുതോറും കപ്പം കൊടുക്കാമെന്ന വ്യവസ്ഥയില്‍ കൊച്ചി 1791ല്‍ ആണ് ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചത്. ഇംഗ്ലീഷുകാര്‍ കൊച്ചിക്ക് എല്ലാ സംരക്ഷണവും വാഗ്ദാനം ചെയ്തു. തിരുവിതാംകൂറും 1795ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഇംഗ്ലീഷുകാരുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. ഈ വര്‍ഷം യൂറോപ്പില്‍ ഡച്ചുകാരെ നെപ്പോളിയന്‍ തോല്‍പ്പിച്ചു. ഡച്ച് ഭരണാധികാരി ഇംഗ്ലണ്ടിലേക്ക് അഭയം പ്രാപിച്ചു. ഇതേത്തുടര്‍ന്ന് കൊച്ചിയിലെ ഡച്ചുകോട്ട ഇംഗ്ലീഷുകാര്‍ കൈവശപ്പെടുത്തി. പിന്നീട് ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും വിടപറഞ്ഞു. 1805ല്‍ ഈ ഉടമ്പടി പുതുക്കിയതോടെ തിരുവിതാംകൂറിന് രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് തിരുവിതാംകൂറിലും കൊച്ചിയിലും മഹാരാജാക്കന്മാരുടെ മുകളില്‍ അവരുടെ ഭരണം നിയന്ത്രിക്കാന്‍ "റസിഡന്റ്" എന്ന ഉദ്യോഗസ്ഥന്‍ നിയമിക്കപ്പെട്ടു. അങ്ങനെ കേരളം മുഴുവന്‍ ഇംഗ്ലീഷുകാരുടെ കൈപ്പിടിയിലായി. സ്വാതന്ത്ര്യലബ്ധി വരെ ഇതായിരുന്നു സ്ഥിതി.

സ്വാതന്ത്ര്യസമരവും ഐക്യകേരളത്തിനുള്ള ആദ്യശ്രമവും
സ്വാതന്ത്ര്യസമരകാലത്താണ് "ഐക്യകേരളം" എന്ന ആവശ്യത്തിന് ശക്തികൂടിയത്. എന്നാല്‍ അതിനുമുമ്പു തന്നെ മൂന്നായിക്കിടക്കുന്ന മലയാളക്കര ഒന്നാകുമെന്നും, തിരുവനന്തപുരം, അതിന്റെ തലസ്ഥാനമാകുമെന്നും സ്വദേശാഭിമിനി രാമകൃഷ്ണപിള്ളയെപ്പോലുള്ളവര്‍ പ്രവചിച്ചിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആദ്യം ശക്തിപ്പെട്ടത് മലബാറിലാണ്. ആദ്യകാലത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനങ്ങളില്‍ മൂന്നുഭാഗത്തുനിന്നും പ്രതിനിധികള്‍ പങ്കെടുക്കാന്‍ തുടങ്ങി. ഇതില്‍ പ്രധാനം ഒറ്റപ്പാലത്തെ കോണ്‍ഗ്രസ് സമ്മേളനമാണ്. കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിനിധികള്‍ അതില്‍ പങ്കെടുത്തു. 1928 ഏപ്രിലില്‍ നടന്ന നാട്ടുരാജ്യപ്രജാസമ്മേളനം ഐക്യകേരളത്തിനുള്ള പ്രമേയം പാസ്സാക്കി. 1928 മേയില്‍ പയ്യന്നൂരില്‍ നടന്ന കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്. ഈ സമ്മേളനത്തിലും ഇതു സംബന്ധിച്ച് പ്രമേയം പാസ്സാക്കി. സ്വാതന്ത്ര്യസമരവും സാമൂഹ്യസാംസ്കാരിക സമ്മേളനങ്ങളും കേരളം ഒന്നാകണമെന്ന ചിന്താഗതി സൃഷ്ടിച്ചു.

അയിത്തത്തിനെതിരെയുള്ള ആദ്യസമരമായ വൈക്കം സത്യാഗ്രഹം (1924), ഗുരുവായൂര്‍ സമരം തുടങ്ങിയവയും കേരളജനതയെ മനസ്സുകൊണ്ട് ഒന്നാക്കി. 1938ല്‍ കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐക്യകേരളത്തിനുവേണ്ടി നിവേദനം പ്രവര്‍ത്തകസമിതിക്കു നല്‍കി. 1946 മേയ് 26നാണ് ഐക്യകേരളത്തിന് വേണ്ടിയുള്ള ശക്തമായ യജ്ഞം കോണ്‍ഗ്രസ് തുടങ്ങിയത്. അന്നുകൂടിയ കെ.പി.സി. പ്രവര്‍ത്തകസമിതി, കൊച്ചിയിലെ പ്രജാമണ്ഡലം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിവയുടെ പ്രവര്‍ത്തക കമ്മിറ്റിയുടെ സംയുക്ത യോഗം വിളിച്ചുകൂട്ടി ഭാവിപരിപാടികള്‍ ആലോചിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റിനെ ചുമതലപ്പെടുത്തി. ഇതേത്തുടര്‍ന്ന് സംയുക്തയോഗം ജൂണില്‍ കൊച്ചിയില്‍ കൂടിയെങ്കിലും കാര്യമായ തീരുമാനം ഉണ്ടായില്ല. 1946 സെപ്റ്റംബര്‍ ഒന്നാംതീയതി കൂടിയ കെ.പി.സി.സി. യോഗം ഐക്യകേരളം യാഥാര്‍ഥ്യമാക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച് ഒരു സംയുക്ത സമിതി രൂപീകരിച്ചു. കെ. കേളപ്പന്‍, യു. ഗോപാലമേനോന്‍ (കണ്‍വീനര്‍മാര്‍), കെ.എ. ദാമോദരമേനോന്‍, മൊയ്തു മൗലവി, കെ. മാധവമേനോന്‍, പി. കുഞ്ഞിരാമന്‍, കമലം, പി. മാധവന്‍, ഇബ്രാഹിം എന്നിവരായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ 1948 ഒക്ടോബര്‍ 26ന് കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ ചെറുതുരുത്തിയില്‍ നടന്ന യോഗം ഐക്യകേരള കോണ്‍ഗ്രസ് വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു. ഇതുപ്രകാരം 1947 ഏപ്രിലില്‍ തൃശ്ശൂരില്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐക്യകേരള സമ്മേളനത്തില്‍ കേരളത്തിന്റെ ഭാഗത്തുമുള്ള നേതാക്കളും സാംസ്കാരിക നായകന്മാരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്തു. കൊച്ചി രാജാവ് നേരിട്ട് സമ്മേളനത്തിലെത്തി ഐക്യകേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഐക്യകേരളത്തിനുവേണ്ടി നൂറംഗങ്ങളുള്ള സ്ഥിരം സമിതിയെ യോഗം തിരഞ്ഞെടുത്തു. പിന്നീട് ഇതിന്റെ ആഭിമുഖ്യത്തില്‍ ആലുവായിലും പാലക്കാട്ടും സമ്മേളനം നടന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ഫോര്‍ട്ട് കൊച്ചി, ദക്ഷിണ കര്‍ണാടക ജില്ല, ലക്ഷദ്വീപ്, അമീന്‍ ദ്വീപുകള്‍, മയ്യഴി, നീലഗിരി ജില്ല, കുടക് ഇത്രയും സ്ഥലങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഐക്യകേരള കമ്മിറ്റിയുടെ ആവശ്യം. ഇതിന്റെ പേരില്‍ അഭിപ്രായഭിന്നതകളും തര്‍ക്കങ്ങളും ഉടലെടുത്തു. ഇതിനിടയില്‍ സംസ്ഥാന പുനഃസംഘടനയെപ്പറ്റി പഠിക്കാന്‍ "ധാര്‍ കമ്മീഷന്‍" നിലവില്‍വന്നു. അവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായി പട്ടേല്‍, പട്ടാഭി സീതാരാമയ്യ എന്നിവര്‍ അടങ്ങിയ ജെ.വി.പി. കമ്മിറ്റിക്ക് രൂപംനല്‍കി. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന വിഭജനം സൂക്ഷിച്ചുവേണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഐക്യകേരളത്തിന് വേണ്ടിയുള്ള സമ്മേളനങ്ങളും ചര്‍ച്ചകളും നിവേദനം സമര്‍പ്പിക്കലും പിന്നീട് പലത് നടന്നു.

തിരുകൊച്ചി സംയോജനം
1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ സംയോജിപ്പിച്ചുകൊണ്ടുള്ള തിരുകൊച്ചി രൂപീകരണം ഐക്യകേരളത്തിനു മുന്നോടിയായിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജാക്കന്മാരുടെ സമ്മതപ്രകാരമായിരുന്നു നടപടി. തിരുവിതാംകൂര്‍ മഹാരാജാവ് പുതിയ സംസ്ഥാനത്തിന്റെ "രാജപ്രമുഖനായി". കൊച്ചി മഹാരാജാവ് സമസ്ത അവകാശങ്ങളും ജനങ്ങള്‍ക്കുവേണ്ടി ത്യജിക്കാന്‍ തയ്യാറായി സാധാരണ പൗരനായി മാറി. ഇരുസംസ്ഥാനത്തെ മന്ത്രിസഭകളും സംയോജിപ്പിച്ചു. തലസ്ഥാനം തിരുവനന്തപുരത്തായിരുന്നു. ഹൈക്കോടതി കൊച്ചിയില്‍ വേണമെന്നും തീരുമാനമായി.

തിരുകൊച്ചി സംസ്ഥാനം നിലവില്‍ വന്നശേഷവും ഐക്യകേരളത്തിനുവേണ്ടിയുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. 1949 നവംബര്‍ മാസത്തില്‍ പാലക്കാട് കെ.പി. കേശവമേനോന്റെ അധ്യക്ഷതയില്‍ കൂടിയ മൂന്നാമത്തെ ഐക്യകേരള കണ്‍വെന്‍ഷന്‍ മലബാറും കൊച്ചിയും ഗൂഡല്ലൂരും കാസര്‍കോടും തിരുകൊച്ചിയും ചേര്‍ത്ത് രാജപ്രമുഖനില്ലാത്ത കേരള സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു. 1953ല്‍ കെ.പി. കേശവമേനോന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രധാന പാര്‍ട്ടികളില്‍ നിന്നും നാല് പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രചാരണ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. പിന്നീട് ഇന്ത്യാസര്‍ക്കാര്‍ നിയമിച്ച സയ്യദ് ഫസല്‍ ആലി അധ്യക്ഷനും പണ്ഡിറ്റ് ഹൃദയനാഥ് കുല്‍സ്രൂ, സര്‍ദാര്‍ കെ.എം. പണിക്കര്‍ അംഗങ്ങളായുള്ള സംസ്ഥാന പുനഃസംഘടനാകമ്മീഷനാണ് കേരള രൂപീകരണത്തിന് റിപ്പോര്‍ട്ട് നല്‍കിയത്.

കേരളം രൂപംകൊണ്ടു
തെക്കന്‍ കാനറയിലെ കാസര്‍കോടിനെ മലബാറിനോടും മലബാറിനെ തിരുകൊച്ചിയോടും സംയോജിപ്പിച്ചും തിരുകൊച്ചിയിലെ ചെങ്കോട്ട വിഭജിച്ച് ഒരു ഭാഗവും തെക്കന്‍ താലൂക്കുകളായ തോവാള, അഗസ്തീശ്വരം, വിളവന്‍കോട്, കല്‍ക്കുളം എന്നിവ തമിഴ്നാടിനോടും ചേര്‍ത്താണ് ഐക്യകേരളം രൂപീകരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. അപ്രകാരമുള്ള ഐക്യകേരളം 1956 നവംബര്‍ ഒന്നിന് നിലവില്‍ വന്നു. രാജപ്രമുഖന്‍ സാധാരണ പൗരനായി മാറിയതോടെ നൂറ്റാണ്ടുകള്‍ നിലനിന്ന രാജഭരണത്തിന്റെ അവസാനകണ്ണിയും അറ്റു.


ഉദ്ഘാടനച്ചടങ്ങുകള്‍
1956 നവംബര്‍ ഒന്നാംതീയതിയാണ് തിരുവനന്തപുരം സെക്രട്ടേറിയറ്റില്‍ ഐക്യകേരളത്തിന്റെ ഔദ്യോഗികച്ചടങ്ങുകള്‍ നടന്നത്. തലേദിവസം ദീപാവലിയായിരുന്നതിനാല്‍ നാടെങ്ങും ആഘോഷപരിപാടികളും പടക്കംപൊട്ടിക്കലും നടന്നു. നവംബര്‍ ഒന്നിന് രാവിലെ രണ്ട് പ്രധാന കാര്യങ്ങളാണ് അനന്തപുരിയില്‍ നടന്നത്. ഒന്ന് രാജഭരണത്തിന്റെ അവസാനമായിരുന്നു. നൂറ്റാണ്ടുകള്‍ നിലനിന്ന രാജഭരണത്തിന്റെ അവസാനകണ്ണിയായ തിരുകൊച്ചി രാജപ്രമുഖന്‍ ശ്രീചിത്തിരതിരുനാളിന്റെ ഭരണം അവസാനിച്ചു. രണ്ടാമത്തേത് തലേദിവസം തന്നെ രാജപ്രമുഖന്റെ ഉപദേഷ്ടാവായ പി.എസ്. റാവുവിനെ ഐക്യകേരളത്തിന്റെ ആക്ടിങ് ഗവര്‍ണര്‍ ആയി ഇന്ത്യാ ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു. മാത്രവുമല്ല, അദ്ദേഹത്തിന് ഗവര്‍ണര്‍ എന്ന നിലയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാന്‍ തിരുകൊച്ചി ചീഫ് ജസ്റ്റീസിനെയാണ് ഇന്ത്യാസര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. രാവിലെ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ പി.എസ്.റാവു എത്തിയപ്പോള്‍ ആചാരബഹുമതികളോടെ ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. പിന്നീട് ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും പി.എസ്. പ്രതിജ്ഞ ഏറ്റുചൊല്ലി ഗവര്‍ണറാകുകയും ചെയ്തു. ഇതിനുശേഷം ആക്ടിങ് ഗവര്‍ണറുടെ മുമ്പാകെ ഹൈക്കോടതി ചീഫ് ജസ്റ്റിസും ജഡ്ജിമാരും സത്യപ്രതിജ്ഞ ചെയ്തു. അതുകഴിഞ്ഞപ്പോള്‍ ദര്‍ബാര്‍ ഹാളില്‍ നിന്നും ആക്ടിങ് ഗവര്‍ണറുടെ നേതൃത്വത്തില്‍ ഘോഷയാത്രയായി എല്ലാവരും തൊട്ടടുത്ത സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങി. അവിടെ പതിനായിരക്കണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നു. മലബാറില്‍ നിന്നുള്ള ദീപശിഖ അപ്പോള്‍ ആഘോഷത്തോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ കരഘോഷം ഉയര്‍ന്നു. പിന്നീട് ആക്ടിങ് ഗവര്‍ണര്‍ കേരളസംസ്ഥാനത്തിന്റെ ഉദ്ഘാടനപ്രസംഗം നടത്തി. മഹാകവി വള്ളത്തോള്‍ എഴുതിയ കവിത അദ്ദേഹത്തിനുപകരം മറ്റൊരാള്‍ വായിച്ചു. മദ്രാസ് ധനമന്ത്രി സി. സുബ്രഹ്മണ്യം അടക്കം ധാരാളം പ്രഗത്ഭവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.