കേരള വാര്‍ത്താ പത്രിക

Select old Issue :

വേണു രാജാമണി നെതര്‍ലണ്ട് അംബാസഡര്‍
മലയാളിയും രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായ വേണു രാജാമണിയെ നെതര്‍ലണ്ടില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയി നിയമിച്ചു. 1986ലെ ബാച്ച് ഉദ്യോഗസ്ഥനായ വേണു മുമ്പ് യു.എ.ഇ. അംബാസിഡറായും പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായും യശ്വന്ത് സിന്‍ഹ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ധനമന്ത്രാലയഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു, ഇതുകൂടാതെ ഹോങ്കോങ്ങിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലും ബെല്‍ജിയത്തിലെ ഇന്ത്യന്‍ എംബസിയിലും പ്രവര്‍ത്തിച്ചു. 2001ല്‍ വാഷിങ്ടണില്‍ പ്രസ് ആന്‍ഡ് കള്‍ച്ചറല്‍ മിനിസ്റ്ററായിരുന്നു. 2007 മുതല്‍ 2010 വരെ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായിരുന്നു. എറണാകുളം മഹാരാജാസ് കോളേജ് ചെയര്‍മാനായിരുന്ന വേണു പിന്നീട് ഡല്‍ഹി, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വൈസ് പ്രസിഡന്റായി. സരോജയാണ് ഭാര്യ, മക്കള്‍ ബസന്ത്, കാര്‍ത്തിക്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശസഹായം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് നെതര്‍ലണ്ട്. ഡച്ചുകാരും കേരളവും തമ്മിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ബന്ധത്തെ കൂടുതല്‍ ദൃഢമാക്കാന്‍ വേണുവിന്റെ പുതിയ സ്ഥാനലബ്ധി ഉപകരിക്കും. കേരളത്തിന്റെ സാമ്പത്തിക, സാംസ്കാരിക ചരിത്രരംഗത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത രാജ്യമാണ് നെതര്‍ലണ്ട് അഥവാ ഡച്ച്. ചൂഷണവും മതസ്പര്‍ധയുംകൊണ്ട് കേരളസമൂഹത്തെ അലങ്കോലപ്പെടുത്തിയ പോര്‍ട്ടുഗീസുകാരെ കൊച്ചിയില്‍നിന്നും ഓടിച്ചത് ഡച്ചുകാരാണ്. സാമ്രാജ്യം സ്ഥാപിക്കുന്നതിനെക്കാള്‍ കച്ചവടത്തില്‍ മാത്രമായിരുന്നു ഡച്ചുകാരുടെ ശ്രദ്ധ. അവര്‍ നിര്‍മിച്ച കൊച്ചിയിലെ ബോള്‍ഗാട്ടി കൊട്ടാരവും പുതുക്കിപ്പണിത ഡച്ചുകൊട്ടാരവും മലബാറിലെ സസ്യങ്ങളെപ്പറ്റി തയ്യാറാക്കിയ 'ഹോര്‍ത്തൂസ് മലബാറിക്കോസ്' എന്ന പന്ത്രണ്ട് വാല്യമുള്ള ഗ്രന്ഥവും ഡച്ചുകാരുടെ സംഭാവനകളില്‍ ചിലതാണ്. കേരളത്തില്‍ ആദ്യമായി തെങ്ങ്നെല്‍കൃഷി വികസിപ്പിച്ചതും ശുദ്ധജലവിതരണത്തിന് തുടക്കമിട്ടതും കുഷ്ഠരോഗാശുപത്രി തുടങ്ങിയതുമെല്ലാം ഡച്ചുകാരാണ്, ഈ രേഖകളെല്ലാം ഇപ്പോള്‍ നെതര്‍ലണ്ടിലാണ്. അവയെപ്പറ്റി ചരിത്രവിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് വേണുവിന്റെ സ്ഥാനലബ്ധി പ്രയോജനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകകേരളസഭ രൂപീകരിക്കും മുഖ്യമന്ത്രി
ആഗോളമലയാളികള്‍ക്കുവേണ്ടി 'ലോകകേരളസഭ' രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കേരളത്തില്‍ കൃത്യമായ രീതിയില്‍ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ഈ നടപടി.

ജനപ്രതിനിധികളും വിവിധ രാജ്യങ്ങളില്‍നിന്ന് നാമനിര്‍ദേശം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളിച്ചായിരിക്കും ലോകകേരളസഭ രൂപീകരിക്കുക. ഏകദേശം 22 ലക്ഷം മലയാളികളാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ഇതില്‍ തൊണ്ണൂറുശതമാനം ഗള്‍ഫിലാണ്. അവര്‍ക്ക് ഭരണരംഗത്തുള്ള പ്രാതിനിധ്യം കിട്ടുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കാനും ലോകകേരളസഭ ഉപകരിക്കും.

ഓരോ രാജ്യത്തുനിന്നുള്ള പ്രതിനിധികളുടെ എണ്ണം അവിടെയുള്ള പ്രവാസികളുടെ ജനസംഖ്യാടിസ്ഥാനത്തിലായിരിക്കും. ഈ വേദി വര്‍ഷത്തിലൊരിക്കലെങ്കിലും ഒത്തുകൂടി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും.
മുമ്പ് തിരുവിതാംകൂറില്‍ ഭരണരംഗത്ത് ജനഹിതം അറിയാന്‍ ശ്രീമൂലം പ്രജാസഭ ഉണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കലാണ് ഈ സഭ കൂടിയിരുന്നത്. പേഷ്ക്കാര്‍മാര്‍ നോമിനേറ്റ് ചെയ്യുന്ന വിവിധ മേഖലയിലുള്ള പ്രതിനിധികളെയാണ് ഇതില്‍ അംഗമാക്കിയിരുന്നത്. ഏകദേശം ഇതേ രൂപത്തിലായിരിക്കും ലോകകേരളസഭ എന്നാണ് അറിയുന്നത്.

എസ്.എസ്.എല്‍.സി പരീക്ഷ: 1200 സ്കൂളുകള്‍ക്ക് നൂറുമേനി
എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 1200 വിദ്യാലയങ്ങള്‍ക്ക് നൂറുമേനി വിജയം. സര്‍ക്കാര്‍ സ്്കൂളുകളില്‍ 405 ഉം എയ്ഡഡ് 424 ഉം. അണ്‍എയ്ഡഡ് 345 ഉം സ്കൂളുകള്‍ക്കാണ് നൂറുമേനി.

സര്‍ക്കാര്‍ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ പേരെ പരീക്ഷയ്ക്കിരുത്തി നൂറുമേനി വിജയിപ്പിച്ചത് കോഴിക്കോട് ചാലപ്പുറം ജി.ജി. മോഡല്‍ ജി.എച്ച്.എസ്.എസ്. ആണ്. 377 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. എയ്ഡഡ് സ്കൂളുകളില്‍ മമ്പാട് എം.ഇ.എസ് എച്ച്.എസ്.എസ്. (463), അണ്‍എയ്ഡഡ് സ്കൂളുകളില്‍ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സും (253) മുന്നിട്ടുനില്‍ക്കുന്നു.

ഹിയറിങ് എംപയേര്‍ഡ് സ്കൂളുകളില്‍ കാസര്‍കോട് നീലേശ്വരം ജ്യോതിഭവന്‍ സ്കൂള്‍ ഫോര്‍ ഹിയറിങ് എംപയേര്‍ഡ്, കണ്ണൂര്‍ കാരക്കുണ്ട് ഡോണ്‍ ബോസ്കോ സ്പീച്ച് ആന്‍ഡ് ഹിയറിങ് എച്ച്.എസ്.എസ്, കണ്ണൂര്‍ വിളയാങ്കോട് കാരുണ്യ നികേതന്‍ സ്കൂള്‍ ഫോര്‍ ഡെഫ്, ചാവറ നിവാസ് ഇരിട്ടി സ്പെഷ്യല്‍ സ്കൂള്‍ ഫോര്‍ ഡെഫ് ആന്‍ഡ് ഡംബ്, സുല്‍ത്താന്‍ബത്തേരി സെന്റ് റോസെസ് സ്കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്, കല്‍പ്പറ്റ വയനാട് ഓര്‍ഫനേജ് സ്കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് ആന്‍ഡ് ഡെഫ്, കോഴിക്കോട് റഹ്മാനിയ സ്കൂള്‍ ഫോര്‍ ഹാന്‍ഡിക്യാപ്ഡ്, കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫോര്‍ ഹാന്‍ഡിക്യാപ്ഡ്, കോഴിക്കോട് എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് എച്ച്.എസ്.എസ്, മലപ്പുറം അസീസി എച്ച്എസ്എസ് ഫോര്‍ ഡംപ്, പരപ്പനങ്ങാടി സ്കൂള്‍ ഫോര്‍ ഡഫ്, മലപ്പുറം വാഴക്കാട് കാരുണ്യഭവന്‍ സ്കൂള്‍ ഫോര്‍ ഡഫ്, മലപ്പുറം നിലമ്പൂര്‍ ബഡ്സ്് സ്കൂള്‍ ഫോര്‍ ഹിയറിങ് എംപയേര്‍ഡ്, പാലക്കാട് ശ്രവണ സംസാര ഹൈസ്കൂള്‍ വെസ്റ്റ് യാക്കര, തൃശൂര്‍ ആശാഭവന്‍ ഹൈസ്കൂള്‍ ഫോര്‍ ഡഫ് പടവരാട്, തൃശൂര്‍ അമൃത സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇംപ്രൂവ്മെന്റ് സ്കൂള്‍ അയ്യന്തോള്‍, കുന്നംകുളം ഗവ. എച്ച്.എസ്.എസ് ഫോര്‍ ഡഫ്, കുന്നംകുളം സ്നേഹാലയം സിഎസ്ഐ എച്ച് എസ് എസ് ഫോര്‍ ഡെഫ്, മാണിക്കമംഗലം സെന്റ് ക്ലയര്‍ ഓറല്‍ സ്കൂള്‍ ഫോര്‍ ഡഫ്, മൂവാറ്റുപുഴ അസീസി സ്കൂള്‍ ഫോര്‍ ഡഫ്, സി.എസ്ഐ വിഎച്ച്.എസ് ഫോര്‍ ഡഫ് തിരുവല്ല, അടൂര്‍ മണക്കാല സി എസ്ഐ എച്ച്.എസ്.എസ് ഫോര്‍ പാര്‍ഷ്യലി ഹിയറിങ്, സ്കൂള്‍ ഫോര്‍ ഡഫ് ഏനാത്ത്, ജഗതി ഗവ. വിഎച്ച്.എസ്എസ് ഫോര്‍ ഡഫ്, കോട്ടയം നീര്‍പ്പാറ എച്ച്എസ്എസ് ഫോര്‍ ഡഫ്, ഔര്‍ ലേഡി ഓഫ് കണ്‍സൊലേഷന്‍ ഡഫ് സ്കൂള്‍ മണക്കനാട് എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയത്.

ഒ.എന്‍.വി. പുരസ്കാരം സുഗതകുമാരിക്ക്
സമഗ്രസംഭാവനയ്ക്കുള്ള ഒ.എന്‍.വി. പുരസ്കാരം കവയിത്രി സുഗതകുമാരിക്ക്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണനാണ് പ്രഖ്യാപിച്ചത്. ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണന്‍, പ്രഭാവര്‍മ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്.


സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവി
സുപ്രീംകോടതി വിധിയിലൂടെ ടി.പി. സെന്‍കുമാര്‍ വീണ്ടും പോലീസ് മേധാവിയായി. 11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സെന്‍കുമാര്‍ ഡി.ജി.പി. യാകുന്നത്. ഡി.ജി.പി. ലോകനാഥ ബെഹ്റ വിജിലന്‍സ് മേധാവിയായി ചുമതലയേറ്റു. മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് അവധിയിലാണ്.


കാലവര്‍ഷം നേരത്തെയുണ്ടാകും
വെന്തുരുകുകയും ജലക്ഷാമം പരിഹരിക്കാന്‍ കൃത്രിമമഴ പെയ്യിക്കാന്‍ നടപടി തുടങ്ങുകയും ചെയ്യുന്ന കേരളത്തിന് ആശ്വാസമായി കാലവര്‍ഷം മേയ് 26ന് തുടങ്ങുമെന്ന് വിദേശകാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ അറിയിച്ചു. ഇക്കുറി രാജ്യവ്യാപകമായി നല്ല മഴ കിട്ടുമെന്നാണ് പ്രവചനമുള്ളത്.

കൊച്ചി മെട്രോയ്ക്ക് പച്ചക്കൊടി
ആലുവാ മുതല്‍ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇതിന്റെ പരിശോധന സേഫ്റ്റി കമ്മീഷണര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിലും സര്‍വീസ് നടത്താനുള്ള നടപടിയിലും കമ്മീഷണര്‍ സംതൃപ്തി രേഖപ്പെടുത്തി. ആലുവാ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ആദ്യ മെട്രോ ഓടുന്നത്, ഇതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്നാണ് അറിയുന്നത്.

കേരള ബാങ്ക് ഒന്നരവര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാമെന്നു റിപ്പോര്‍ട്ട്
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദിഷ്ട കേരള ബാങ്ക് ഒന്നരവര്‍ഷത്തിനകം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നു വിദഗ്ദ്ധസമിതി റിപ്പോര്‍ട്ട്. സേവനങ്ങള്‍ക്ക് അമിത നിരക്കു ചുമത്താതെ സാമ്പത്തിക ഉല്‍പന്നങ്ങള്‍ക്കു മാത്രം പലിശ ഈടാക്കി പ്രവര്‍ത്തിക്കണമെന്നാണു പ്രധാന നിര്‍ദേശം. നിലവിലുള്ള ജീവനക്കാരെ കുറയ്ക്കില്ലെന്നും പുനഃക്രമീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ദ്ധ സമിതി ചെയര്‍മാന്‍ ബെംഗളൂരു ഐഐഎമ്മിലെ പ്രൊഫ. എം.എസ്.ശ്രീറാം റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മന്ത്രിമാരായ ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍:

 • കേരള ബാങ്ക് പ്രാഥമിക ബാങ്കുകളുമായി മത്സരിക്കരുത്. പകരം, പ്രാഥമിക ബാങ്കുകളിലൂടെ നവീന സാമ്പത്തിക ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സാഹചര്യമൊരുക്കണം.
 • കേരള ബാങ്ക് സഹകരണ മേഖലയില്‍ നിലനിര്‍ത്തണം.
 • ചെറുകിട വാണിജ്യ വ്യവസായ ബാങ്കിങ്, കോര്‍പറേറ്റ് ബാങ്കിങ്, കണ്‍സോര്‍ഷ്യം ലെന്‍ഡിങ്ങ്, ട്രഷറി മാനേജ്മെന്റ്, വിദേശ ധനവിനിമയം, വിദേശ നിക്ഷേപം തുടങ്ങി വന്‍കിട ബാങ്കിങ് സേവനങ്ങള്‍ നിര്‍വഹിക്കണം.
 • സംസ്ഥാന സാമ്പത്തിക വികസനത്തിലും അഭിവൃദ്ധിയിലും പങ്കാളിത്തം വഹിക്കണം.
 • ബിസിനസ് താല്‍പര്യങ്ങള്‍ക്കു വിഘാതമാകാതെ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു വികസന പദ്ധതികളില്‍ പങ്കാളിയാകണം.

ജില്ലാ, സംസ്ഥാന സഹകരണ ബാങ്കുകളുടെ സംയോജനത്തിലൂടെ രൂപീകരിക്കുന്ന ബാങ്കിലേക്കു പ്രാഥമിക സംഘങ്ങളില്‍നിന്നുള്ള മൂലധനം ലയിപ്പിക്കും. ജില്ലാ ബാങ്കുകളിലെ സ്റ്റാറ്റ്യൂട്ടറി റിസര്‍വുകള്‍ അതതു ജില്ലകളിലെ പ്രാഥമിക ബാങ്കുകളുടെ ഓഹരികളായി ആനുപാതികാടിസ്ഥാനത്തില്‍ കണക്കാക്കി ലയിപ്പിക്കും. പുതിയ ബാങ്കില്‍ പ്രാഥമിക ബാങ്കുകളുടെ മൂലധനം പ്രീമിയത്തോടെ മൂല്യനിര്‍ണയം നടത്തി നല്‍കണം. കേന്ദ്രീകൃതമായി കോര്‍ ബാങ്കിങ് സോഫ്റ്റ്വെയര്‍ സംയോജിപ്പിക്കണം. ആറുഘട്ടമായാണ് ബാങ്കുകളുടെ സംയോജനം നടത്തുക. കേരള ബാങ്ക് രൂപീകരണത്തിനായി പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും അഡ്വൈസറി ബോര്‍ഡും, രൂപീകരിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണം. റിസര്‍വ് ബാങ്ക്, നബാര്‍ഡ് എന്നിവയുടെ തത്വത്തിലുള്ള അംഗീകാരം കിട്ടാന്‍ നടപടി. 1000 കോടി രൂപയുടെ ബജറ്റ് വിഹിതം ദീര്‍ഘകാല കടമായോ ഗ്രാന്റ് ആയോ അനുവദിക്കുക എന്നിവയും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനാഭിപ്രായംകൂടി പരിഗണിച്ചു നിര്‍ദേശങ്ങള്‍ പരിഷ്കരിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

ഒന്‍പത് ലക്ഷം വരെയുള്ള വിദ്യാഭ്യാസവായ്പകള്‍ തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ സഹായം
ബാങ്കുകളില്‍നിന്നും വിദ്യാഭ്യാസവായ്പ കുടിശ്ശികയില്‍ നിഷ്ക്രിയ ആസ്തിയായി മാറിയ വായ്പതുകയുടെ 60 ശതമാനം വരെ സര്‍ക്കാര്‍ അടയ്ക്കുന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് നിയമസഭയില്‍ പ്രഖ്യാപനവും നടത്തി. 2016 മാര്‍ച്ച് 31ന് മുമ്പ് നിഷ്ക്രിയ ആസ്തിയായ വായ്പയ്ക്കായിരിക്കും ഇത്തരത്തില്‍ ആനുകൂല്യം ലഭിക്കുക.

നൂറിന്റെ നിറവില്‍ വലിയ മെത്രാപ്പോലീത്ത
മാര്‍ത്തോമാസഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് ഏപ്രില്‍ 27ന് നൂറു തികഞ്ഞു. നര്‍മംകൊണ്ട് ആബാലവൃദ്ധം ജനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയ ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റത്തിന് രാഷ്ട്രീയസാമൂഹ്യസാംസ്കാരിക മണ്ഡലത്തിലെ നിരവധി ആളുകള്‍ ആശംസകളര്‍പ്പിക്കാന്‍ പത്തനംതിട്ടയില്‍ എത്തിയിരുന്നു.

ജനങ്ങളോട് ബലപ്രയോഗം വേണ്ട മുഖ്യമന്ത്രി
സ്വജന, രാഷ്ട്രീയ പക്ഷപാതവും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും മാറ്റിവച്ച്, നീതിനിര്‍വഹണത്തില്‍ ജനങ്ങളുടെ പക്ഷത്തുനില്ക്കുകയെന്ന സര്‍ക്കാരിന്റെ നയം അനുസരിച്ച് വേണം പോലീസ് പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദക്ഷിണമേഖലയിലെ എസ്.ഐമാര്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇങ്ങനെയുള്ളവര്‍ക്കേ സര്‍ക്കാര്‍ സംരക്ഷണമുണ്ടാവൂ. നീതിയും സുരക്ഷയും ഉറപ്പാക്കാന്‍ പോലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. രാഷ്ട്രീയക്കാര്‍ക്കെതിരെ കാപ്പ (ഗുണ്ടാനിയമം) ചുമത്തരുത്. യു.എ.പി.എ ചുമത്തുന്നതില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാവും. ജനങ്ങളോട് തട്ടിക്കയറരുതെന്നും ബലപ്രയോഗം പാടില്ലെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

പോലീസ് അനാവശ്യമായി പ്രകോപിതരാകരുത്. അത്യാവശ്യഘട്ടത്തില്‍ ഏറ്റവും കുറഞ്ഞ ബലപ്രയോഗമേ നടത്താവൂ. ലോക്കപ്പിലെ മൂന്നാംമുറയും അഴിമ തിയും വച്ചുപൊറുപ്പിക്കില്ല. കേസന്വേഷണത്തിലും തീരുമാനമെടുക്കുന്നതിലും ഒരു പക്ഷപാതവും വേണ്ട. വ്യക്തിപരമായ ഇഷ്ടങ്ങളോ ജാതിമത പരിഗണനയോ വേണ്ട. വിദ്യാസമ്പന്നരായ മികച്ച ഉദ്യോഗസ്ഥരുണ്ടെങ്കിലും കുറച്ചുപേരുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ സേനയുടെ യശസ്സിനെ ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിലയിരുത്തി.

പോലീസിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ സര്‍ക്കാരിന്റെ പോലീസ് നയം അടിത്തട്ടിലെത്തിക്കാനാണ് എസ്.ഐ വരെയുള്ളവരുടെ യോഗം വിളിച്ചത്. 24ന് ക ണ്ണൂരിലും 29ന് എറണാകുളത്തും 30ന് മലപ്പുറത്തുമാണ് അടുത്ത യോഗങ്ങള്‍.

സര്‍ക്കാരിന്റെ പോലീസ് നയം

 • സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന. ആഴ്ചയിലൊരു ദിവസം ഒരു പോലീസുദ്യോഗസ്ഥ എല്ലാ പഞ്ചായത്ത് ഓഫീസിലുമെത്തി പരാതികളില്‍ നടപടിയെടുക്കണം
 • വനിതകള്‍ക്ക് സ്വയരക്ഷാപരിശീലനം നല്‍കണം
 • കുറ്റവാളികളോട് കര്‍ശന സമീപനം, ജനങ്ങളോട് മാന്യമായ പെരുമാറ്റം, കുറ്റവാളികള്‍ രക്ഷപ്പെടരുത്, പാവപ്പെട്ടവരോട് ഒരു മനോഭാവം, സമ്പന്നരോട് മറ്റൊന്ന് എന്ന പ്രവണത ഉണ്ടാകരുത്.
 • മൂന്നാംമുറ സ്റ്റേഷനകത്തും പുറത്തും പാടില്ല. മൂന്നാംമുറയുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും. സ്റ്റേഷനുകളില്‍ ജനങ്ങളെ സ്വീകരിക്കാന്‍ പി.ആര്‍.ഒ. വേണം
 • പരാതിക്കാര്‍ക്ക് ആശ്വാസകരമായ നടപടിയുണ്ടാവണം. ചെറിയ പ്രദേശത്തെ വീഴ്ച പോലും സംസ്ഥാനതലത്തില്‍ പോലീസിന് ചീത്തപ്പേരുണ്ടാക്കും. ഒരു കാരണവശാലും പരാതി സ്വീകരിക്കാതിരിക്കരുത്. വസ്തുനിഷ്ഠമായ അന്വേഷണം നടത്തി നടപടിയെടുക്കണം.
 • ഗുണ്ടകളെയും പ്രകൃതിചൂഷകരെയും പിടികൂടണം. വീഴ്ച വരുത്തിയാല്‍ നടപടിയുണ്ടാവും.
 • കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതും കാണാതാകുന്നതുമായ കേസുകളില്‍ സ്പ്യെല്‍ ടീം ഉണ്ടാക്കണം. തെളിയിക്കപ്പെടാത്ത കേസുകള്‍ എസ്.പി. മാര്‍ നേരിട്ട് അന്വേഷിക്കണം.
 • സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് തടയണം
 • ജാതി, സമുദായം, കക്ഷിരാഷ്ട്രീയം തുടങ്ങിയ പക്ഷപാതം പാടില്ല
 • അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല
 • ട്രാഫിക് അപകടങ്ങള്‍ കുറയ്ക്കാന്‍ പരിശോധന നടത്തണം. പരിശോധനയില്‍ മാന്യമായ പെരുമാറ്റം ഉറപ്പാക്കണം
 • പോലീസുകാരുടെ എണ്ണക്കുറവ് പരിഹരിക്കും. ശാസ്ത്രീയമായ കേസന്വേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കും
 • കുറ്റാന്വേഷണവും ക്രമസമാധാനവും വേര്‍തിരിക്കും

വിമാനയാത്രാവിലക്കിന് സമഗ്രമായ ചട്ടംവരുന്നു
വിമാനങ്ങളില്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള സമഗ്രനയത്തിന് കേന്ദ്ര വ്യോമയാനമന്ത്രാലയം ഒരുങ്ങുന്നു. മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്കും വിമാനത്തിന്റെ പൊതുസുരക്ഷയ്ക്കും ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ യാത്രാമാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ നിയന്ത്രിക്കുന്നതിനാണ് നിര്‍ദേശങ്ങള്‍ ആവിഷ്കരിക്കുന്നത്. താക്കീതുമുതല്‍ യാത്രാനിരോധനം വരെ വിവിധ തട്ടുകളിലുള്ള നടപടിയാണ് ആലോചിക്കുന്നത്.

മന്ത്രിമാര്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കി
മന്ത്രിമാരുടെ കാറുകളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കാനും പകരം രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. ഇതുപ്രകാരം മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരുടെയും കാറുകളില്‍നിന്നും ലൈറ്റ് ഒഴിവാക്കി. നേരത്തെ ഗവര്‍ണറും കാറിന്റെ ലൈറ്റ് ഒഴിവാക്കിയിരുന്നു.


ടൂറിസം പ്രോത്സാഹനത്തിനായുള്ള സഹകരണം; ടൂറിസം വകുപ്പും സില്‍ക്ക് എയറും ധാരണാപത്രം ഒപ്പിട്ടു
സംസ്ഥാനത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതു ലക്ഷ്യമിട്ട് കേരളസര്‍ക്കാരും ടൂറിസംവകുപ്പും സില്‍ക്ക് എയറും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു. തെരഞ്ഞെടുത്ത നഗരങ്ങളില്‍ റോഡ്ഷോകളും പ്രത്യേക മാര്‍ക്കറ്റിങ് പരിപാടികളും സംഘടിപ്പിക്കുകവഴി ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ചൈന, കൊറിയ, ജപ്പാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ സുപ്രധാനവിപണികളില്‍നിന്ന് കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. ലോകവിപണിയിലെമ്പാടും കേരളത്തിന്റെ മഹിമ വിളിച്ചോതാനും അതുവഴി സംസ്ഥാനത്തേക്ക് വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമുള്ള കൂടുതല്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ടൂറിസംമന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. മികച്ച സേവനദാതാവെ ന്ന സല്‍പ്പേരും ബൃഹത്തായ സേവനശൃംഖലയും സ്വന്തമായുള്ള സില്‍ക്ക് എയറുമായുള്ള കരാര്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 11 സബ് ജയിലുകള്‍ ആരംഭിക്കും റിമാന്‍ഡ് തടവുകാരെ സെന്‍ട്രല്‍ ജയിലുകളില്‍നിന്ന് മാറ്റും
സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ ബാഹുല്യം തടയാന്‍ 11 പുതിയ സബ് ജയിലുകള്‍ ആരംഭിക്കുന്നു. ഇതിനായി ഭൂമി കണ്ടെത്താന്‍ നോഡല്‍ ഓഫീസര്‍മാരായി ജയില്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. പുതിയ ജയിലുകള്‍ വരുന്നതോടെ, സെന്‍ട്രല്‍ ജയിലുകളില്‍ റിമാന്‍ഡ് തടവുകാരെ പാര്‍പ്പിക്കുന്നതിന് പരിഹാരമാകും. പണിപൂര്‍ത്തിയായ കണ്ണൂര്‍ ജില്ലാ ജയില്‍, തൊടുപുഴ മുട്ടം ജയില്‍ എന്നിവിടങ്ങളിലേക്ക് ജീവനക്കാരെ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. കേരളത്തിലെ ജയിലുകള്‍ സമഗ്രമായി പരിഷ്കരിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ ജയിലുകള്‍ ആരംഭിക്കുന്നത്. പെരിയ, തളിപ്പറമ്പ്, നാദാപുരം, താമരശ്ശേരി, സുല്‍ത്താന്‍ ബത്തേരി, മണ്ണാര്‍ക്കാട്, എരുമപ്പെട്ടി, അടൂര്‍, കോന്നി, കരുനാഗപ്പള്ളി, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് പുതിയ ജയിലുകള്‍ തുടങ്ങുന്നത്. കോടതികള്‍ക്ക് സമീപമാകും ഈ ജയിലുകള്‍ സ്ഥാപിക്കുക. മൂന്ന് സെന്‍ട്രല്‍ ജയിലുകളടക്കം 52 ജയിലുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. രണ്ട തുറന്ന ജയില്‍, ഒരു വനിതാ തുറന്ന ജയില്‍, മൂന്ന് വനിതാജയില്‍, പത്ത് ജില്ലാ ജയില്‍, 15 സ്പെഷ്യല്‍ സബ് ജയില്‍, 17 സബ് ജയില്‍, ഒരു ബോസ്റ്റല്‍ സ്കൂള്‍ എന്നിവയാണ് മറ്റുള്ളവ. 6000 പേരെ താമസിപ്പിക്കാനേ ഈ ജയിലുകളില്‍ സൗകര്യമുള്ളൂ. എന്നാല്‍ നിലവില്‍ 7500 തടവുകാര്‍ ഈ ജയിലുകളിലുണ്ട്. ഇതില്‍ 3400 പേര്‍മാത്രമാണ് ശിക്ഷാതടവുകാര്‍. ശേഷിക്കുന്നവര്‍ റിമാന്‍ഡ് തടവുകാരാണ്. റിമാന്‍ഡ് തടവുകാരെ ജില്ലാ, സബ് ജയിലുകളിലാണ് താമസിപ്പിക്കേണ്ടത്. എന്നാല്‍ സ്ഥലമില്ലാതായതോടെ പല റിമാന്‍ഡ് തടവുകാരെയും ശിക്ഷാതടവുകാരെ മാത്രം താമസിപ്പിക്കേണ്ട സെന്‍ട്രല്‍ ജയിലുകളിലേക്ക് അയക്കുന്നു. ഇന്ന് സെന്‍ട്രല്‍ ജയിലുകളിലെ ആയിരത്തോളംപേര്‍ റിമാന്‍ഡ് തടവുകാരാണ്. റിമാന്‍ഡ് തടവുകാര്‍ വിചാരണയ്ക്കായി ഇടയ്ക്കിടെ പുറത്തുപോയി വരുമ്പോള്‍ കഞ്ചാവ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ജയിലിലേക്ക് കടത്തുന്നതായും പരാതിയുണ്ട്.

മുനീര്‍ മുസ്ലിംലീഗിന്‍െറ നിയമസഭാകക്ഷിനേതാവ്
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ നിയമസഭാകക്ഷിനേതാവായി ഡോ. എം.കെ. മുനീറിനെ തിരഞ്ഞെടുത്തു. ശനിയാഴ്ച പാണക്കാട്ടുനടന്ന പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തിലാണ് തീരുമാനം. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നേതാവ് വേണ്ടിവന്നത്. വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഉപനേതാവായും തിരഞ്ഞെടുത്തു. സംസ്ഥാനപ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. യോഗാനന്തരം നടത്തിയ പത്രസമ്മേളനത്തില്‍ തങ്ങള്‍തന്നെയാണ് പേരുകള്‍ പ്രഖ്യാപിച്ചത്.


ഫെഡറല്‍ ബാങ്ക് 2500 കോടി രൂപ മൂലധനം സമാഹരിക്കുന്നു
ഫെഡറല്‍ ബാങ്ക് 2500 കോടി രൂപയുടെ മൂലധന സമാഹരണം നടത്തും. കേരളം ആസ്ഥാനമായുള്ള ഏതെങ്കിലും ബാങ്ക് ഇത്ര വലിയ തുകയുടെ മൂലധന സമാഹരണം നടത്തുന്നത് ആദ്യം. കേരള ബാങ്കുകളില്‍ ഏറ്റവും വലുതും രണ്ടു ലക്ഷം കോടിയോളം രൂപയുടെ ബിസിനസുള്ളതുമായ ഫെഡറല്‍ ബാങ്കിന്റെ ബോര്‍ഡ് യോഗം കൈക്കൊണ്ട മൂലധന സമാഹരണ തീരുമാനത്തിന് ഇനി ഓഹരി ഉടമകളുടെ അംഗീകാരം നേടേണ്ടതുണ്ട്. സമാഹരണത്തുക നിശ്ചയിച്ചെങ്കിലും സമാഹരണ മാര്‍ഗം സംബന്ധിച്ചു ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. അര്‍ഹതയുള്ള ധനസ്ഥാപനങ്ങള്‍ക്ക് ഓഹരി അനുവദിക്കുന്നതു മുതല്‍ ഗ്ലോബല്‍ ഡിപ്പോസിറ്ററി റസീറ്റ് (ജിഡിആര്‍), അമേരിക്കന്‍ ഡിപ്പോസിറ്ററി റസീറ്റ് (എഡിആര്‍) എന്നിവ മുഖേന ധനസമാഹരണം നടത്തുന്നതുവരെ വിവിധ മാര്‍ഗങ്ങള്‍ ബാങ്കിനു മുന്നിലുണ്ട്. അവകാശ ഓഹരികള്‍, മുന്‍ഗണന ഓഹരികള്‍ എന്നിവ പുറപ്പെടുവിക്കുകയുമാകാം. ഓഹരികളുടെ പൊതുവില്‍പനയാണു മറ്റൊരു മാര്‍ഗം. ഇവയില്‍ ഏതെങ്കിലുമോ ഒന്നിലേറെ മാര്‍ഗങ്ങളോ അവലംബിച്ചു മൂലധനസമാഹരണം നടത്താനാണു ബോര്‍ഡിന്റെ തീരുമാനം.

വിഴിഞ്ഞത്ത് റഡാര്‍ സ്റ്റേഷന്‍
വിഴിഞ്ഞം അന്താരാ്രഷ്ട തുറമുഖം പ്രവര്‍ത്തിക്കുന്നതിനു മുന്നോടിയായി വിഴിഞ്ഞം അടക്കമുള്ള കേരളതീരത്ത് 10 അത്യാധുനിക റഡാറുകള്‍ സ്ഥാപിക്കുന്നു. പടിഞ്ഞാറന്‍മേഖലയില്‍ തുടര്‍ച്ചയായി കടന്നുപോകുന്ന വിവിധ രാജ്യങ്ങളിലെ കപ്പലുകളെ നിരീക്ഷിക്കാനാണ് റഡാറുകള്‍ സ്ഥാപിക്കുന്നത്. കാസര്‍കോട്, കടലൂര്‍, ബേപ്പൂര്‍, പൊന്നാനി, ആലപ്പുഴ, കൊച്ചി, അഴീക്കോട്, നീണ്ടകര, വിഴിഞ്ഞം, വൈപ്പിന്‍ തുടങ്ങിയ കടലോരമേഖലയിലാണ് സേന റഡാറുകള്‍ സ്ഥാപിക്കുന്നത്. ഗുജറാത്തില്‍ നങ്കുരമിട്ടിരിക്കുന്ന കപ്പല്‍ പുറപ്പെടുമ്പോള്‍ ഏതു ദിശയിലേക്ക് എത്ര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ വിഴിഞ്ഞത്തെ റഡാര്‍ സ്റ്റേഷനിലിരുന്നു കാണാനും നിയന്ത്രിക്കാനും കഴിയുന്ന സംവിധാനമാണ് സ്ഥാപിക്കുക. 7500 കിലോമീറ്റര്‍ ദൂരമുള്ള ഇന്ത്യന്‍ കടല്‍ത്തീരത്തിലെ ഏത് ചെറുഅനക്കവും അപ്പപ്പോള്‍ത്തന്നെ കണ്ടുപിടിക്കാനാണ് റഡാറുകള്‍ സ്ഥാപിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കായംകുളം താപനിലയം വൈദ്യുതി ബോര്‍ഡ് ഏറ്റെടുക്കണമെന്നു റഗുലേറ്ററി കമ്മീഷന്‍
നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ പക്കല്‍നിന്നു കായംകുളം താപനിലയം ഏറ്റെടുക്കുകയാണു വൈദ്യുതി ബോര്‍ഡിനു സാമ്പത്തികമായി നല്ലതെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചു. താപനിലയം ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അനുമതി നല്‍കാന്‍ തയ്യാറാണെന്നും കമ്മിഷന്‍ ബോര്‍ഡിനെ അറിയിച്ചു. പ്രവര്‍ത്തിക്കാത്ത താപനിലയത്തിനായി എല്ലാ വര്‍ഷവും കോടികള്‍ ചെലവിടുന്നതു വൈദ്യുതിബോര്‍ഡിനു നഷ്ടമാണെന്നാണു റഗുലേറ്ററി കമ്മീഷന്റെ വിലയിരുത്തല്‍. ഫിക്സഡ് ചാര്‍ജ് വര്‍ധിപ്പിച്ചു നല്‍കണമെന്ന താപനിലയത്തിന്റെ ആവശ്യം റഗുലേറ്ററി കമ്മിഷന്റെ അനുമതിക്കായി വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ചിരുന്നു. ഇതു കമ്മിഷന്‍ നിരാകരിച്ചു.

കായംകുളം നിലയത്തിന്റെ ആകെ ചെലവ് 1,250 കോടി രൂപയോളമാണ്. എല്ലാ വര്‍ഷവും ഫിക്സഡ് ചാര്‍ജ് എന്ന നിലയില്‍ ഇതുവരെ വൈദ്യുതി ബോര്‍ഡ് 950 കോടി രൂപയോളം എന്‍ടിപിസിക്കു നല്‍കിക്കഴിഞ്ഞു. വ്യൈുതി ഉല്‍പാദനമില്ലാത്ത താപനിലയത്തിന് ഈ രീതിയില്‍ പണം നല്‍കുന്നതിനു പകരം വിലയ്ക്കു വാങ്ങുന്നതാണു നല്ലതെന്നു കമ്മിഷന്‍ വ്യക്തമാക്കി. ഇതുവഴി ബോര്‍ഡിനു ലാഭകരമായി വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നാണു കമ്മിഷന്റെ കണ്ടെത്തല്‍.

ഉല്‍പാദനമില്ലെങ്കിലും താപനിലയം നിലനിര്‍ത്താനുള്ള ചെലവായി 200 കോടിയോളം രൂപ വര്‍ഷത്തില്‍ വൈദ്യുതി ബോര്‍ഡ് നല്‍കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പു നിശ്ചയിച്ചതാണ് ഈ തുക. ഇതു പരിഷ്കരിച്ചു 300 കോടിയാക്കണമെന്നു കേന്ദ്ര റഗുലേറ്ററി കമ്മിഷന്‍ എന്‍ടിപിസിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ ന്നാണു താപനിലയം വൈദ്യുതി ബോര്‍ഡിനു കത്തു നല്‍കിയത്. എന്നാല്‍, തുക വര്‍ധിപ്പിക്കാനുള്ള വാദങ്ങള്‍ വസ്തുനിഷ്ഠമല്ലെന്നു കമ്മിഷന്‍ വിലയിരുത്തി.

നാഫ്ത ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന താപനിലയത്തിലെ വൈദ്യുതിക്കു യൂണിറ്റിന് ഏഴു രൂപയോളം വില വരും. ഇതിലും കുറഞ്ഞ ചെലവില്‍ ബോര്‍ഡിനു വൈദ്യുതി ലഭിക്കുന്നുണ്ട്.

ചരമം
സ്വാമി നിര്‍മലാനന്ദഗിരി സമാധിയായി
സന്ന്യാസിശ്രേഷ്ഠനും പ്രഭാഷകനും ഭിഷഗ്വരനുമായ സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് (87) പാലക്കാട്ട് സമാധിയായി.


കോവളം ചന്ദ്രന്‍ അപകടത്തില്‍ മരിച്ചു
"കേരള ഡീലക്സ്" പത്രാധിപര്‍ കോവളം ചന്ദ്രന്‍ അപകടത്തില്‍ മരിച്ചു. ഒരു ടെമ്പോവാന്‍ തട്ടിയാണ് അപകടം ഉണ്ടായത്. അടിയന്തരാവസ്ഥയ്ക്ക് എതിരെ ആദ്യം പത്രം ഇറക്കിയ ആളാണ് കോവളം ചന്ദ്രന്‍.

അന്നത്തെ കാലം

ഗാന്ധിജിയുടെ അവസാന കേരളസന്ദര്‍ശനത്തിന്റെ 80-ാം വാര്‍ഷികം
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

ഗാന്ധിജി അവസാനമായി തിരുവിതാംകൂര്‍ സന്ദര്‍ശിച്ചതിന്റെ എണ്‍പതാം വാര്‍ഷികമാണ് 2017 ജനുവരി 12. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍ എന്നീ പ്രദേശങ്ങളായി വേര്‍തിരിഞ്ഞുകിടന്ന അന്നത്തെ കേരളത്തില്‍ ഗാന്ധിജിയുടെ അഞ്ചാമത്തേതും അവസാനത്തേതുമായ സന്ദര്‍ശനമായിരുന്നു അത്. ജനുവരി 12ന് മറ്റൊരു പ്രത്യേകത കൂടിയുണ്ട് അത് സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ്. 1892ല്‍ പാലക്കാട്, കൊച്ചി വഴി തിരുവിതാംകൂറിലെത്തുമ്പോള്‍ വിവേകാനന്ദന് "കേരളം ഭ്രാന്താലയ"മായി തോന്നി. ഇതിനുകാരണം മലയാളക്കരയില്‍ നിലനിന്ന അയിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ആയിരുന്നു. ഹിന്ദുക്കളില്‍ ഒരു വിഭാഗം ആളുകളെ അന്ന് അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്നു. ക്ഷേത്രത്തിലല്ല ക്ഷേത്രവഴികളില്‍ കൂടിയോ പ്രധാന വീഥികളില്‍ കൂടിയോ അവര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അവരെ തൊട്ടാല്‍, സവര്‍ണര്‍ക്ക് ഭ്രഷ്ട് ആകുമായിരുന്നു. ഇതുകാരണം സവര്‍ണര്‍ സഞ്ചരിക്കുന്ന വഴികളില്‍ അവര്‍ വഴിമാറിപ്പോകാന്‍ "ഹോയ്, ഹോയ്" എന്ന ശബ്ദം പുറപ്പെടുവിക്കുമായിരുന്നു. ഇവരുടെ ഇടയില്‍ ഡോക്ടര്‍ പരീക്ഷ പാസ്സായവര്‍ ഉണ്ടായിട്ടും ജാതിയുടെ പേരില്‍ ജോലി നല്‍കിയിരുന്നില്ല. അത്തരത്തിലൊരാളായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഡോ. പല്‍പ്പു. തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ജാതിയുടെ പേരില്‍ ജോലി നിഷേധിച്ചു. ഒടുവില്‍ ഇംഗ്ലീഷ് റസിഡന്റിന്റെ സഹായത്തോടെ മൈസൂരില്‍ അദ്ദേഹത്തിന് ഹെല്‍ത്ത് ഓഫീസറായി ജോലി ലഭിച്ചു. ഈ പ്രാകൃതനടപടിക്ക് എതിരെ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവുമെല്ലാം പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. 1888ല്‍ ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് സവര്‍ണരെ രോഷാകുലരാക്കി. താന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് ഗുരു സവര്‍ണര്‍ക്ക് മറുപടി നല്‍കി. അയിത്തത്തിനെതിരെയുള്ള ആദ്യത്തെ വെടിപൊട്ടിക്കലായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ. ഇതിന്റെ വാദകോലാഹലങ്ങള്‍ നിലനിന്ന സമയത്താണ് ഡോ. പല്‍പ്പുവില്‍നിന്നും കേരളത്തിലെ ജാതിപിശാചിന്റെ താണ്ഡവനൃത്തത്തെപ്പറ്റി അറിഞ്ഞ സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. അയിത്തത്തിനെതിരെ സമരങ്ങള്‍ക്ക് ശക്തിപകര്‍ന്നുകൊണ്ടാണ് പിന്നീട് ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍ നടന്നിട്ടുള്ളത്. അതിന് കേരളത്തിലാകമാനം ശക്തമായ പിന്തുണ ലഭിക്കുകയും ചെയ്തു. ഇതിന്റെ അവസാനമായിരുന്നു 1936 നവംബര്‍ 12ന് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശനവിളംബരം. ഇതുവഴി സമസ്തഹിന്ദുക്കള്‍ക്കും തിരുവിതാംകൂറിലെ എല്ലാ സര്‍ക്കാര്‍ ക്ഷേത്രങ്ങളിലും പ്രവേശിച്ച് ആരാധന നടത്താന്‍ അനുവാദം ലഭിച്ചു. ഈ ആഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് 1937 ജനുവരിയില്‍ ഗാന്ധിജി അവസാനമായി തിരുവനന്തപുരത്ത് എത്തിയത്. അതേവരെ അയിത്തം കല്പിച്ച് അകറ്റിനിര്‍ത്തിയിരുന്ന ജനവിഭാഗങ്ങളൊന്നിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ തിരുവിതാംകൂറിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം ഗാന്ധിജി സന്ദര്‍ശനം നടത്തിയത് ചരിത്രസംഭവമായിരുന്നു. ഈ സന്ദര്‍ശനത്തെപ്പറ്റി ഗാന്ധിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മുന്‍പ് കുരിശുയുദ്ധക്കാരനായിരുന്നുവെങ്കില്‍ ജനുവരിയിലെ സന്ദര്‍ശനം തീര്‍ഥാടകനായിട്ടാണെന്നാണ്. അങ്ങനെ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ പ്രധാനഭാഗം ഗാന്ധിജിക്ക് തീര്‍ഥാടനഭൂമിയായി.

എന്നാല്‍ അപ്പോഴും കൊച്ചിയിലെയും കോഴിക്കോട് സാമൂതിരിയുടെയും കീഴിലുള്ള ക്ഷേത്രങ്ങളില്‍ സമസ്തഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. അതുകൊണ്ടാണ് വൃദ്ധനായ സാമൂതിരിയും കൊച്ചി രാജാവും ബാലനായ തിരുവിതാംകൂര്‍ രാജാവിന്റെ മാതൃക സ്വീകരിക്കണമെന്ന് ഗാന്ധിജി അഭ്യര്‍ഥിച്ചത്. പക്ഷേ ഈ രണ്ടു സ്ഥലത്തും സമസ്ത ഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ പിന്നീടും വര്‍ഷങ്ങളെടുത്തു.

ഗാന്ധിജിയുടെ ആദ്യസന്ദര്‍ശനം കോഴിക്കോട് മാത്രം
1920 ആഗസ്റ്റ് 18നാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചത്. ഖിലാഫത്ത് പ്രചരണാര്‍ഥം ആയിരുന്നു ഈ സന്ദര്‍ശനം. അന്ന് ഉച്ചയ്ക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഷൗക്കത്താലിയോടൊപ്പം എത്തിയ ഗാന്ധിജിയെ കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. ഖാന്‍ ബഹദൂര്‍ മുത്തുക്കോയ തങ്ങള്‍ അദ്ദേഹത്തെ ഹാരമണിയിച്ച് താമസസ്ഥലത്തേക്ക് ആനയിച്ചു. വൈകുന്നേരം കടപ്പുറത്ത് കൂടിയ മഹാസമ്മേളനത്തില്‍ ഇരുപതിനായിരത്തില്‍പ്പരം ആളുകള്‍ പങ്കെടുത്തു. ഗാന്ധിജിയുടെ പ്രസംഗം കെ. മാധവന്‍ നായരാണ് പരിഭാഷപ്പെടുത്തിയത്. ഖിലാഫത്ത് നിധിക്കുവേണ്ടി ശേഖരിച്ച 2500 രൂപയുടെ പണക്കിഴി രാമുണ്ണിമേനോന്‍ അദ്ദേഹത്തിന് നല്‍കി. അന്ന് കോഴിക്കോട് തങ്ങിയശേഷം അടുത്ത ദിവസം അദ്ദേഹം തിരിച്ചുപോയി.

1925 മാര്‍ച്ച് 8 മുതല്‍ 19 വരെയായിരുന്നു ഗാന്ധിജിയുടെ രണ്ടാം കേരളസന്ദര്‍ശനം. വൈക്കം സത്യാഗ്രഹികളെ സന്ദര്‍ശിക്കലായിരുന്നു യാത്രയുടെ പ്രധാനലക്ഷ്യം. കൊച്ചിയിലെത്തിയ അദ്ദേഹം പിന്നീട് വൈക്കത്തും കൊല്ലത്തും ശിവഗിരി മഠത്തിലും തിരുവനന്തപുരം കന്യാകുമാരിവരെയും ആലുവാ വഴി തൃശ്ശൂരും പാലക്കാടും എത്തിയശേഷമാണ് തിരിച്ചുപോയത്. ഈ സന്ദര്‍ശനത്തിലാണ് അദ്ദേഹം ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്.

1927 ഒക്ടോബര്‍ 9 മുതല്‍ 25 വരെയായിരുന്നു മൂന്നാം സന്ദര്‍ശനം. നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്ത് എത്തിയ ഗാന്ധിജി കൊല്ലം, കൊച്ചി, തൃശ്ശൂര്‍, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, വള്ളുവനാട്, തളിപ്പറമ്പ്, കോഴിക്കോട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

1934 ജനുവരി 10 മുതല്‍ 22 വരെ നടന്ന നാലാം സന്ദര്‍ശനം പാലക്കാട് വഴിയായിരുന്നു. ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ഗുരുവായൂര്‍, കുന്നംകുളം, പട്ടാമ്പി, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, പാക്കനാര്‍പുരം, കൊയിലാണ്ടി, കോഴിക്കോട്, കല്‍പ്പറ്റ, കൂര്‍ക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, ആലുവ, എറണാകുളം, ആലപ്പുഴ, നെടുമുടി, കോട്ടയം, ചങ്ങനാശ്ശേരി പന്മന ആശ്രമം, വര്‍ക്കല, തിരുവനന്തപുരം, കന്യാകുമാരി വരെയുള്ള സ്ഥലങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തിലാണ് "മാതൃഭൂമി"യില്‍ എത്തി മാനേജിങ് ഡയരക്ടറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. മാധവന്‍ നായരുടെ ചിത്രം അനാച്ഛാദനം ചെയ്തത്.

1937ല്‍ ക്ഷേത്രപ്രവേശന ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയ ഗാന്ധിജിയുടെ അഞ്ചാം സന്ദര്‍ശനം ജനുവരി 12 മുതല്‍ 21 വരെ തിരുവിതാംകൂര്‍ പ്രദേശത്ത് മാത്രമായിരുന്നു. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയും പിന്നീട് വര്‍ക്കല വഴി കൊല്ലത്തും തട്ടാരമ്പലം, ഹരിപ്പാട്, തകഴി, ചേര്‍ത്തല, വൈക്കം, ഏറ്റുമാനൂര്‍, കുമാരനെല്ലൂര്‍, തിരുവാര്‍പ്പ്, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, ആറന്മുള, പന്തളം എന്നീ സ്ഥലങ്ങളിലൂടെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ദളിത് വിഭാഗത്തോടൊപ്പം അദ്ദേഹം സന്ദര്‍ശനം നടത്തി. ജനുവരി 21ന് കൊട്ടാരക്കര വഴിയാണ് തിരിച്ചുപോയത്.

ഈ അഞ്ച് സന്ദര്‍ശനങ്ങളിലൂടെയും ഗാന്ധിജി കേരളത്തിലെ ജനങ്ങളുടെ ഹൃദയം കവര്‍ന്നു, ശരിക്കുംപറഞ്ഞാല്‍ കേരളത്തിലെ സാമൂഹ്യസാംസ്കാരികരാഷ്ട്രീയ നേതാക്കള്‍ക്ക് മാത്രമല്ല സാധാരണ ആളുകള്‍ക്ക് പോലും അദ്ദേഹം വലിയ കാരണവരായി മാറി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍നിന്നും പി.എസ്. വാര്യര്‍ അയച്ചുകൊടുത്ത മരുന്നുമുതല്‍ പാലക്കാട് ശബരീആശ്രമത്തിലെ ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെ പരുത്തിക്കൃഷി വരെയുള്ള കാര്യങ്ങള്‍ ഇതിനിടയില്‍ ഗാന്ധിജിയുടെ പരാമര്‍ശവിഷയമായിട്ടുണ്ട്. നേതാക്കള്‍ക്ക് മാത്രമല്ല സാധാരണ ആള്‍ക്കാര്‍പോലും കത്ത് അയച്ചാല്‍ ഗാന്ധിജി മറുപടി അയയ്ക്കുമായിരുന്നു, തിരുവിതാംകൂറിലെയും മലബാറിലെയും കൊച്ചിയിലെയും നേതാക്കള്‍ക്ക് ഗാന്ധിജി അവസാനം വരെ മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യലബ്ധി അടുത്തപ്പോള്‍ തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കാന്‍ ദിവാന്‍ സി.പി. രാമസ്വാമിഅയ്യര്‍ ശ്രമിച്ചപ്പോള്‍ അതിനെ കഴിയുന്നത്ര പിന്തിരിപ്പിക്കാന്‍ ഗാന്ധിജി ശ്രമിച്ചു. എന്നാല്‍ സി.പി. അദ്ദേഹത്തിന്റെ ഉപദേശം ചെവിക്കൊണ്ടില്ല. ഐക്യകേരളം വജ്രജൂബിലി ആഘോഷിക്കുന്ന സമയത്താണ് ഗാന്ധിജിയുടെ അവസാന സന്ദര്‍ശനത്തിന്റെ 80-ാം വര്‍ഷം കടന്നുവരുന്നത്. ശരിക്കും പറഞ്ഞാല്‍ മൂന്നായിക്കിടന്ന കേരളത്തെ ഒന്നാക്കി ആദ്യം സഞ്ചരിച്ച മഹാന്‍ സ്വാമി വിവേകാനന്ദനും പിന്നീട് ഗാന്ധിജിയും ആണ്. കേരളത്തില്‍ അവരുടെ സന്ദര്‍ശനങ്ങള്‍ പരസ്പരപൂരകമാണ്.

Malayinkil Gopalakrishnan
T.C. 29/1741 (2), Vallakkadavu P.O.
Thiruvananthapuram - 695008
Ph : 9446503503
E-mail : msgktvm@gmail.com