കേരള വാര്‍ത്താ പത്രിക

Select old Issue :

ഡച്ച് ചരിത്രഭൂമിയിലൂടെ
ഒരു അംബാസിഡറുടെ അന്വേഷണയാത്ര

അന്ന് കേരളം ചെറുതും വലുതുമായ അനേകം നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുകയായിരുന്നു. ആ രാജ്യങ്ങള്‍ പരസ്പരം യുദ്ധംചെയ്തുകൊണ്ടിരുന്നു. തെക്ക് വേണാടും അതുകഴിഞ്ഞ് പെരുമ്പടപ്പ് എന്ന കൊച്ചിയും അതിനപ്പുറത്ത് സമ്പന്നമായ കോഴിക്കോട് തുറമുഖം ഉള്‍പ്പെട്ട സാമൂതിരിരാജ്യവും, വടക്കേ അറ്റം കോലത്തുനാടും ആയിരുന്നു ഇതില്‍ വലിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളെല്ലാം കീഴടക്കി "കേരള ചക്രവര്‍ത്തി" ആകാന്‍ സാമൂതിരി കാത്തിരിക്കുമ്പോഴാണ് 1498ല്‍ യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗം പോര്‍ട്ടുഗീസ് കപ്പിത്താന്‍ വാസ്കോഡിഗാമ കോഴിക്കോട്ട് എത്തിയത്. അത് ലോകചരിത്രത്തിലെ പുതിയ അധ്യായമായി.

ഗാമ തുറന്നിട്ട കടല്‍പ്പാതയിലൂടെ പിന്നീട് ഡച്ചുകാരും ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഡെന്മാര്‍ക്കുകാരും കേരളത്തിലെത്തി. ഇതില്‍ ഡെന്‍മാര്‍ക്കുകാരാണ് ആദ്യം വിടപറഞ്ഞത്. പോര്‍ട്ടുഗീസുകാരുടെ മേധാവിത്വത്തെ തകര്‍ത്തത് ഡച്ചുകാരായിരുന്നു. 1592ല്‍ സ്ഥാപിച്ച ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സംഘം 1604ല്‍ അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് എത്തി സാമൂതിരിയുമായി കരാര്‍ ഉണ്ടാക്കി. ഇതോടെ ഡച്ച് ശക്തി കേരളത്തില്‍ കാലൂന്നി. 1663ല്‍ പോര്‍ട്ടുഗീസുകാരെ ഓടിച്ച് ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുത്തു. ഫ്രഞ്ചുകാര്‍ മയ്യഴി പിടിച്ചെടുത്ത് "മാഹി"യാക്കി അതിലൊതുങ്ങി. ഇംഗ്ലീഷുകാര്‍ തന്ത്രങ്ങളുമായി കാത്തിരുന്നു. ഡച്ചുകാരുടെ ശക്തിയെ തകര്‍ത്തത് വേണാട്ടില്‍ അധികാരത്തില്‍ വന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ (1729-1758) ആയിരുന്നു. 1741ല്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചകാരെ തോല്പിക്കാന്‍ മാര്‍ത്താണ്ഡവര്‍മയ്ക്കു കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്പില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് നടത്തിയ ആക്രമണങ്ങളാണ് കേരളത്തിലെ ഡച്ചുകാര്‍ക്ക് വിനയായത്. നെപ്പോളിയന്‍ നെതര്‍ലണ്ട് പിടിച്ചെടുത്തു. അവിടത്തെ ഭരണാധികാരി ഇംഗ്ലണ്ടിലേക്ക് അഭയംപ്രാപിച്ചു. ഈ തക്കംനോക്കി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി 1795ല്‍ കേരളത്തിലെ ഡച്ച് പ്രദേശങ്ങള്‍ കൈക്കലാക്കി. ഡച്ചുകാര്‍ വിടപറഞ്ഞുവെങ്കിലും അവരുടെ സംഭാവനകള്‍ ഇന്നും കേരളത്തില്‍ പ്രകടമാണ്.

ഡച്ചുകാര്‍ കേരളം വിട്ടിട്ട് ഇപ്പോള്‍ (2017) 222 വര്‍ഷം കഴിഞ്ഞു. അന്ന് അവര്‍ വിട്ടുപോയ തുണ്ടുതുണ്ടു രാജ്യങ്ങളല്ല ഇന്നത്തെ കേരളം. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തില്‍ അധികാരമുള്ള രാജാക്കന്മാരും രാജകുടുംബങ്ങളും ഇന്നില്ല. ഡച്ചുകാര്‍ കരാറുകള്‍ ഒപ്പിടാന്‍ ഓടിനടന്ന രാജകൊട്ടാരങ്ങളില്‍ ചിലത് മാത്രം അവശേഷിക്കുന്നു. അവര്‍ കെട്ടിയ കൊട്ടാരങ്ങളും കോട്ടകളും പള്ളികളും ചരിത്രകഥ പറയുന്നു. ഡച്ചുകാരുടെ പട്ടാളം പടയോട്ടം നടത്തിയ വഴിത്താരകളിലൂടെ ചരിത്രം അന്വേഷിച്ച് ഒരു മലയാളി മേയ് 30ന് യാത്ര ചെയ്തു. അദ്ദേഹം മറ്റാരുമല്ല. നിയുക്ത നെതര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയാണ്. പ്രഗല്‍ഭ നയതന്ത്രജ്ഞനും മാധ്യമപ്രവര്‍ത്തകനും ബഹുഭാഷാപണ്ഡിതനുമായ വേണു രാജാമണി, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞതോടെയാണ് നെതര്‍ലണ്ടിലെ അംബാസിഡര്‍ ആയി നിയമിതനായത്. ചാര്‍ജ് എടുക്കുന്നതിന്റെ മുന്നോടിയായി അദ്ദേഹം തിരുവനന്തപുരത്തേയും കൊച്ചിയിലേയും ചരിത്രപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ആദ്യത്തെ യാത്ര ചരിത്രം ഉറങ്ങുന്ന പത്മനാഭപുരം കൊട്ടാരത്തിലേക്കായിരുന്നു. സൂപ്രണ്ട് അജിത്തും സംഘവും അദ്ദേഹത്തെ സ്വീകരിച്ചു.

തിരുവനന്തപുരത്തുനിന്നും 55 കിലോമീറ്റര്‍ തെക്ക് കന്യാകുമാരി ജില്ലയിലെ തക്കല നിന്നും രണ്ട് കിലോമീറ്റര്‍ മാറിയാണ് ചരിത്രവും കേരളസംസ്കാരവും തുടികൊട്ടുന്ന പത്മനാഭപുരം കൊട്ടാരം. ഈ കൊട്ടാരത്തിന്റെ പഴയ പേര് കല്‍ക്കുളം കൊട്ടാരം എന്നായിരുന്നു. ഡച്ചുകാര്‍ കൊച്ചി കീഴടക്കിയശേഷം തെക്കന്‍ രാജാക്കന്മാരുമായി കരാര്‍ ഒപ്പിടാന്‍ ഡച്ച് ക്യാപ്റ്റന്‍ ന്യൂഹാഫ് പഴയ കല്‍ക്കുളം കൊട്ടാരം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം എത്തിയ തായ്കൊട്ടാരം ഇപ്പോഴും ഉണ്ട്. എന്നാല്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ് ഇന്നത്തെ നിലയില്‍ കൊട്ടാരം പുതുക്കിപ്പണിതതും കല്‍ക്കുളം കൊട്ടാരത്തെ "ശ്രീപദ്മനാഭപുരം കൊട്ടാരം" എന്ന് പുനര്‍നാമകരണം ചെയ്തതും. മാര്‍ത്താണ്ഡവര്‍മയാണ് കൊട്ടാരത്തിലെ മനോഹരമായ ഉപ്പിരിക്ക മാളിക പണിതതും. ഈ പടുകൂറ്റന്‍ മാളികയ്ക്ക് നാലുനിലകളുണ്ട്. ശില്പവൈദഗ്ധ്യം തുളുമ്പുന്ന ഇത്തരത്തിലൊരു കൊട്ടാരം തെക്കേ ഇന്ത്യയിലില്ല. ഒന്നാമത്തെ നിലയിലാണ് ഖജനാവ്. രണ്ടാമത്തെ സമചതുരത്തില്‍ ഇഷ്ടിക കൊണ്ട് നിര്‍മിച്ച വിശാലമായ മുറിയാണ്. ഇവിടെ 64 ജാതി ഔഷധച്ചെടികള്‍ കൊണ്ട് ഡച്ചുകാര്‍ നിര്‍മിച്ച് സമ്മാനിച്ച കട്ടില്‍ ഉണ്ട്. മൂന്നാമത്തെ നില ശില്പങ്ങളാല്‍ മനോഹരമായ മുറിയാണ്. ഇവിടെ വിശേഷദിവസങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ വ്രതാനുഷ്ഠാനങ്ങളോടെ കഴിയുമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ചുവര്‍ചിത്രങ്ങള്‍ നിറഞ്ഞ നാലാമത്തെ നിലയില്‍ ശ്രീപദ്മനാഭന്റെ പള്ളിയറയായിട്ടാണ് സങ്കല്‍പിച്ചിട്ടുള്ളത്. ഇവിടെ ഒരു കെടാവിളക്കും പട്ടുവിരച്ച പീഠവും ഉണ്ട്. ഈ പീഠത്തിലാണ് മഹാരാജാവിന്റെ പള്ളിവാള്‍ സൂക്ഷിച്ചിട്ടുള്ളത്. ഈ പള്ളിവാള്‍ ആണ് നവരാത്രിവിഗ്രഹഘോഷയാത്രയ്ക്ക് അകമ്പടിയായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

വേണുരാജാമണി എല്ലാം കൗതുകത്തോടെ കണ്ടു. അദ്ദേഹത്തെ കൂടുതല്‍ ആകര്‍ഷിച്ചത് ഡച്ചുകാര്‍ നിര്‍മിച്ചുകൊടുത്ത മരുന്നുകട്ടിലാണ്. കൊട്ടാരമുമ്പിലുള്ള പൂമുഖത്തെപ്പറ്റി ഗൈഡ് വിവരിച്ചപ്പോള്‍ വേണു രാജാമണി അത്ഭുതം കൂറി. ഈ പുമുഖത്തിലിരുന്നാണ് ഡച്ച് കമാന്‍ഡറും മാര്‍ത്താണ്ഡവര്‍മയും സംഭാഷണം നടത്തിയത്. ആ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് കുളച്ചല്‍യുദ്ധം ഉണ്ടായത്.

കൊട്ടാരം കണ്ടുകഴിഞ്ഞശേഷം വേണു രാജാമണി എത്തിയത് അല്പം അകലെയുള്ള ഉദയഗിരി കോട്ടയിലാണ്. ഇവിടെയാണ് തിരുവിതാംകൂര്‍ പട്ടാളത്തെ ആധുനികവല്‍ക്കരിച്ച ഡച്ചുകാരനായ ഡിലനോയി (Estachius Benedictus Delonny) യും കുടുംബവും അന്ത്യവിശ്രമംകൊള്ളുന്ന ഉദയഗിരി കോട്ട. ഡിലനോയി കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടികൂടിയെന്നും അതിനുശേഷം മാര്‍ത്താണ്ഡവര്‍മയുടെ വിശ്വസ്തനായി മാറിയ അദ്ദേഹത്തെ വലിയ കപ്പിത്താനാക്കി (സൈനികമേധാവി) യെന്നുമാണ് മുമ്പ് ചരിത്രകാരന്മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കുളച്ചല്‍ യുദ്ധത്തിനുമുമ്പുതന്നെ അദ്ദേഹം കൂറുമാറി മാര്‍ത്താണ്ഡവര്‍മയോടു ചേര്‍ന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്. ഇതിനുകാരണം ഡച്ച് പട്ടാളത്തിലെ കാത്തലിക് പ്രൊട്ടസ്റ്റന്റ് തമ്മിലുള്ള വൈരം ആയിരുന്നുപോല്‍. ഡിലനോയി കാത്തലിക് (കത്തോലിക്ക) വിഭാഗക്കാരനായിരുന്നു. ഏതായാലും തിരുവിതാംകൂറിന്റെ പട്ടാളനവീകരണം നടന്നത് ഡിലനോയി വഴിയാണ്. അഞ്ചുതെങ്ങിലെ ഇംഗ്ലീഷ് ക്യാപ്റ്റന്റെ മകള്‍ മാര്‍ഗരെറ്റിനെയാണ് ഡിലനോയി വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് മാര്‍ഗരറ്റിന്റെ പിതാവ് എതിരായിരുന്നു. പിന്നീട് മാര്‍ത്താണ്ഡവര്‍മ ഇടപെട്ടായിരുന്നു വിവാഹം. ഡിലനോയിയുടെ മകനും പിന്നീട് തിരുവിതാംകൂര്‍ പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചു. മകന്റെ മരണത്തോടെ ഡിലനോയി തളര്‍ന്നു. ആ കുടുംബത്തെയാണ് ഉദയഗിരി കോട്ടയില്‍ സംസ്കരിച്ചിട്ടുള്ളത്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ കാലത്താണ് ഡിലനോയി കുടുംബത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഇവിടെ പള്ളി പണിയാന്‍ അനുമതി നല്‍കിയത്. നിയുക്ത അംബാസിഡര്‍ വേണു രാജാമണി ഡിലനോയിയുടെ സ്മരണയ്ക്കുമുന്നില്‍ നിശ്ശബ്്ദനായിനിന്ന് ആദരാഞ്ജലികളര്‍പ്പിച്ചു. അടുത്ത ദിവസം അദ്ദേഹം കൊച്ചിയിലെ ഡച്ചുകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. (ഡിലനോയിയുടെ കൂടുതല്‍ വിവരങ്ങള്‍ www.dutchinkerala.com മലയാളത്തിലുണ്ട്)

പത്മനാഭപുരം കൊട്ടാരം
കൊട്ടാരത്തിന്റെ മുകള്‍ഭാഗം
വേണുരാജാമണി കൊട്ടരത്തിലെ ശില്പചാതുരം ആസ്വദിക്കുന്നു
ഒറ്റപ്ലാവിന്‍തടിയില്‍ തീര്‍ത്ത തൂണിനുമുമ്പില്‍ വേണുരാജാമണി
ഡച്ചുകാര്‍ നിര്‍മിച്ചുകൊടുത്ത മരുന്നുകട്ടിലിനു മുന്നില്‍ വേണു രാജാമണി
കൊട്ടാരത്തിലെ ഭരണമുറി
ഉപ്പിരിക്ക മാളികയ്ക്കുമുന്നില്‍ വേണു രാജാമണി
ഉപ്പിരിക്ക മാളികയിലെ കെടാവിളക്കിനു മുന്നില്‍ വേണു രാജാമണി. സൂപ്രണ്ട് സി.എസ്. അജിത്തും ഗൈഡ് ഗീതയും സമീപം
മാര്‍ത്താണ്ഡവര്‍മ ശ്രീപദ്മനാഭന് സമര്‍പ്പിച്ചിട്ടുള്ള മുറിയില്‍ വേണു രാജാമണി
ഉദയഗിരി കോട്ടയിലെ ഡിലനോയി സ്മാരകഫലകം
ഡിലനോയിയുടെ ശവകുടീരത്തിനു മുന്നില്‍ വേണു രാജാമണി

ഫോട്ടോ : ഉമാമഹേശ്വരി

ഇന്ത്യനെതര്‍ലണ്ട് ബന്ധം ശക്തമാക്കും
ഇന്ത്യയും നെതര്‍ലണ്ടും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് നെതര്‍ലണ്ടിലെ നിയുക്ത സ്ഥാനപതി വേണു രാജാമണി പ്രസ്താവിച്ചു. കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച പ്രഥമ എന്‍.വി. കൃഷ്ണവാര്യര്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടൂറിസം, വാണിജ്യം, ജലാശയസംരക്ഷണം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പല മേഖലകളിലും നെതര്‍ലണ്ടിന് ഇന്ത്യയെ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാജാമണി അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി ഏറ്റവും കൂടുതല്‍ സാമ്പത്തികബന്ധമുള്ള രാജ്യമാണ് നെതര്‍ലണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍പോലും പഴക്കംചെന്ന നെതര്‍ലണ്ട് കമ്പനികളുണ്ടെന്ന് രാജാമണി പറഞ്ഞു. നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ള ഡച്ച് രേഖകള്‍ കൊണ്ടുവരുന്ന കാര്യത്തെപ്പറ്റി താന്‍ ചാര്‍ജ് എടുത്തശേഷം എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അന്വേഷിക്കാമെന്ന് രാജാമണി ഉത്തരം നല്‍കി.

സമ്മേളനം ഉദ്ഘാടനം ചെയ്ത ടൂറിസംസഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരത്തെ പാര്‍വതിപുത്തനാര്‍ പോലുള്ള പദ്ധതികളെ പുനര്‍ജീവിപ്പിക്കാന്‍ നെതര്‍ലണ്ടിന്റെ സഹായം അഭ്യര്‍ഥിച്ചു. ടൂറിസം രംഗത്ത് കേരളത്തിനും നെതര്‍ലണ്ടിനും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കെ.ടി.ഡി.സി. ചെയര്‍മാനും മുന്‍ സ്പീക്കറും മന്ത്രിയുമായ എം. വിജയകുമാര്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഡച്ച് ഇന്‍ കേരള എഡിറ്റര്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, എയര്‍ട്രാവല്‍ മേധാവി നജീബ്, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാസെക്രട്ടറി സി. റഹിം തുടങ്ങിയവര്‍ സംസാരിച്ചു.

കൊച്ചിയിലെ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതിന്റെ മുന്നോടിയായി മുഖ്യമന്ത്രി മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രോയില്‍ കന്നിയാത്ര നടത്തി പരിശോധന നടത്തി. പാലാരിവട്ടം മെട്രോ സ്റ്റേഷനില്‍നിന്നാണ് യാത്ര തുടങ്ങിയത്. 11.15ന് മെട്രോ പാലാരിവട്ടത്തുനിന്നും ആലുവായിലേക്ക് പുറപ്പെട്ടു. കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും മുഖ്യമന്ത്രിയെ അനുഗമിച്ചു. തിരുവനന്തപുരം സ്വദേശിനി ജെ.എച്ച്. അഞ്ജു ആയിരുന്നു സാരഥി. ട്രെയിനിലെ സൗകര്യങ്ങളെല്ലാം മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. കൊച്ചി മെട്രോ യാത്രയ്ക്ക് പൂര്‍ണസജ്ജമാണെന്ന് പിന്നീട് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രി പിണറായി യാത്ര ചെയ്യുന്നു

ഒന്നാംക്ലാസ്സിലേക്ക് 3,04,947 കുട്ടികള്‍ അക്ഷരലോകത്ത്
അറിവിന്റെ അക്ഷരലോകത്ത് 3,04,947 പിഞ്ചുകുഞ്ഞുങ്ങള്‍ പുതിയതായി ഒന്നാംക്ലാസ്സില്‍ എത്തിയതോടെയാണ് കേരളത്തിലെ ഇത്തവണത്തെ വിദ്യാലയങ്ങളിലെ പുതുവര്‍ഷം മേയ് ഒന്നിന് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 3,06,310 ആയിരുന്നു. ഒന്നുമുതല്‍ പത്തുവരെ 34 ലക്ഷം കുട്ടികളാണ് സ്കൂളുകളില്‍ എത്തിയത്. ഇത്തവണത്തെ പ്രദര്‍ശനഉദ്ഘാടനം കേരളമാകെ ഉത്സവപ്രതീതി സൃഷ്ടിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണപ്രതിപക്ഷ എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളും പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. തിരുവനന്തപുരത്ത് ഊരൂട്ടമ്പലം സ്കൂളിലായിരുന്നു പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. കഥ പറഞ്ഞും കുട്ടികളെ കളിപ്പിച്ചും വിദ്യാഭ്യാസമന്ത്രി പ്രൊഫ. രവീന്ദ്രനാഥ് ജനങ്ങളുെട ശ്രദ്ധ പിടിച്ചുപറ്റി. 107 വര്‍ഷം മുമ്പ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്ന കാലത്ത് അധഃസ്ഥിത നേതാവ് അയ്യന്‍കാളി, പഞ്ചമി എന്ന കുട്ടിയെ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ എത്തിയതിന്റെയും അതേ തുടര്‍ന്ന് സവര്‍ണര്‍ ലഹള ഉണ്ടാക്കിയതിന്റെയും ചരിത്രം ഉറങ്ങുന്ന സ്കൂളാണ് ഊരൂട്ടമ്പലം. ആ പഞ്ചമിയുടെ പിന്‍ഗാമിയ്ക്ക് പ്രവേശനം നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. എന്തുകൊണ്ടും പല പുതുമകളും നിറഞ്ഞുനിന്നതായിരുന്നു ഇത്തവണത്തെ പ്രവേശനോത്സവം.

ഇനി ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകളിലും മദ്യം കിട്ടും
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഫൈവ് സ്റ്റാറില്‍ മാത്രമല്ല ത്രീസ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ അനുവദിക്കും. ഇതെല്ലാം നിയമവിധേയമായിരിക്കും. ഹോട്ടലുകളില്‍ മദ്യപാനത്തിനുള്ള സമയപരിധി കുറച്ചിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ളുവിതരണം ചെയ്യാന്‍ നടപടി ഉണ്ടാകും. ബിവറേജ് ഔട്ട്ലെറ്റുകള്‍ ദേശീയപാതയുടെ 500 മീറ്റര്‍ പുറത്തേക്കുള്ള സ്ഥലങ്ങളില്‍ മാറ്റിസ്ഥാപിക്കും. മദ്യവര്‍ജനനടപടികള്‍ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ മുതല്‍ സാധാരണക്കാര്‍വരെ മരം നട്ടു
ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം ഉത്സവപ്രതീതി സൃഷ്ടിച്ച് ഒരു കോടി വൃക്ഷത്തൈകള്‍ നട്ടു. ഗവര്‍ണര്‍മാര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സിനിമാതാരങ്ങള്‍, സാമൂഹ്യസാംസ്കാരിക നായകന്മാര്‍, സാധാരണക്കാര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും വൃക്ഷത്തൈ നടുന്നതില്‍ പങ്കെടുത്തു. ഒരു കോടി വൃക്ഷത്തൈ നടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ പി. സദാശിവം നിര്‍വഹിച്ചു. പരിസ്ഥിതിസൗഹൃദവികസനമാണ് രാജ്യത്തിനാവശ്യമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. രാജഭവനിലും പിന്നീട് ഗവര്‍ണര്‍ പിന്നീട് വൃക്ഷത്തൈകള്‍ നട്ടു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ വൃക്ഷത്തൈകള്‍ സിനിമാതാരം മോഹന്‍ലാല്‍ നട്ടു. പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസുകളിലുമെല്ലാം വൃക്ഷത്തൈകള്‍ നട്ടു. ഇതുകൂടാതെ ഒരു മരം എങ്കിലും വീട്ടില്‍ നടണമെന്ന ആഹ്വാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. തൈകള്‍ വാങ്ങാന്‍ വില്‍പന കേന്ദ്രങ്ങളില്‍ ആളുകള്‍ വന്‍തിരക്കായിരുന്നു. നട്ട തൈകള്‍ അതിജീവിച്ചാല്‍ കേരളം ഹരിതാഭമാകുമെന്ന കാര്യത്തില്‍ സംശയം ഇല്ല.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ സമാപിച്ചു
പിണറായിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ സമാപനം കോഴിക്കോട്ട് നടന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മൈതാനത്ത് നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി.തോമസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറാശ്ശേരി, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി. മമ്മദ് കോയ, പി.ടി.എ റഹിം, എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ഇ.കെ.വിജയന്‍ എന്നിവര്‍ പങ്കെടുത്തു. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെയും മീനാക്ഷി ഗുരുക്കളെയും യോഗത്തില്‍ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു.

സിവില്‍ സര്‍വീസ്: കണ്ണൂരിലെ അതുലിന് 13-ാം റാങ്ക്
2016ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, കേന്ദ്ര സര്‍വീസ് തുടങ്ങിയ വിഭാഗങ്ങളിലേക്ക് ആകെ 1099 പേര്‍ യോഗ്യത നേടി. കര്‍ണാടക സ്വദേശിയായ കെ. ആര്‍. നന്ദിനിക്കാണ് ഒന്നാംറാങ്ക്.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍നിന്ന് അമ്പതിലധികംപേര്‍ വിജയം നേടി. 13-ാം റാങ്ക് കണ്ണൂര്‍ പരിയാരം സ്വദേശി അതുല്‍ ജനാര്‍ദന്‍ നേടി. 15ാം റാങ്ക് എറണാകുളം സ്വദേശി സിബി സിദ്ധാര്‍ഥും 28-ാംറാങ്ക്, കോഴിക്കോട് സ്വദേശി ബി.എ. ഹംന മറിയവും 49-ാംറാങ്ക്, കോട്ടയം സ്വദേശി ദിലീഷ് ശശിയും കരസ്ഥമാക്കി. തിരുവനന്തപുരം ഞെക്കാട് സ്വദേശി അഞ്ജു അരുണ്‍കുമാറിന് 90-ാംറാങ്കുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയില്‍ പഠിച്ച 51 പേര്‍ വിജയിച്ചു. തെരേസ ജോസഫ് (തിരുവനന്തപുരം ശ്രീകാര്യം), പി.ആര്‍. ദിപിന്‍ (കളമശേരി), കെ.എസ്. അന്‍ജു (പാലക്കാട്), ആല്‍ബര്‍ട്ട് ജോണ്‍ (തളിപ്പറമ്പ് കരിമ്പ), കെ. റസീം (കോഴിക്കോട്), കാത്തി തെരേസ മാത്യു, വി.കെ. ഗോകുല്‍ (കൊല്ലം മയ്യനാട്), സുനൈന (പാലക്കാട്), അര്‍ജുന്‍ പാണ്ഡ്യന്‍ (ഇടുക്കി ഏലപ്പാറ), രോജിത് ജോണ്‍ (തൃപ്പുണിത്തുറ), എം. വിഷ്ണുപ്രസാദ് (കോഴിക്കോട് മണക്കാവ്), എസ്. ശ്യാംനാഥ് (തിരുവനന്തപുരം മുട്ടട), നഹാസ് അലി (വളവന്നൂര്‍), വി.എസ്. ശ്രീലക്ഷ്മി (തൃശൂര്‍), ചാന്ദിനി ചന്ദ്രന്‍ (അങ്കമാലി), അങ്കിത് ചന്ദ്രന്‍ (അഞ്ചല്‍), എസ്. അഖില്‍, സ്റ്റീഫന്‍ സൈമണ്‍ തോബിയാസ്, എസ്. പ്രേംകൃഷ്ണന്‍ (തിരുവനന്തപുരം), എം ശ്രീരാഗ്, ഫെബിന്‍ ഫിലിപ്പ്, എച്ച്. ഹരിപ്രസാദ്, ആതിര എസ്, ഐശ്വര്യ സ്വാതി എസ്. കുമാര്‍, പി.ആര്‍. വൈശാഖ്, ഐജാസ് അസലം, ശ്യാമ സജി, പി. വിനോദ് തുടങ്ങിയവരും വിവിധ റാങ്കുകള്‍ നേടി.

രാജസ്ഥാനില്‍നിന്നുള്ള അന്‍മോള്‍ ഷേര്‍സിങ് ബേദി രണ്ടാം റാങ്കും ആര്‍ ഗോപാലകൃഷ്ണ മൂന്നാംറാങ്കും നേടി. കഴിഞ്ഞവര്‍ഷം ആഗസ്തില്‍ നടന്ന പ്രിലിമിനറി പരീക്ഷ 4.59 ലക്ഷംപേരാണ് എഴുതിയത്. ഇതില്‍നിന്ന് 15452 പേരെ മെയിന്‍ പരീക്ഷയ്ക്ക് തെരഞ്ഞെടുത്തു. 2691 പേരാണ് അഭിമുഖത്തിന് യോഗ്യത നേടിയത്.

കെ. ഓമനക്കുട്ടിക്കും രാമചന്ദ്ര ഉണ്ണിത്താനും കേന്ദ്രസംഗീതനാടകഅക്കാദമി അവാര്‍ഡ്
കര്‍ണാടകസംഗീതജ്ഞ ഡോ. ഓമനക്കുട്ടിക്കും കഥകളി കലാകാരന്‍ രാമചന്ദ്രന്‍ ഉണ്ണിത്താനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ചൈനീസ് അംബാസിഡര്‍ കേരളം സന്ദര്‍ശിച്ചു
ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹു കേരളം സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തി. ഭവനനിര്‍മാണം, കൃഷി, ഗതാഗതം എന്നീ മേഖലകളില്‍ കേരളത്തിന് സാങ്കേതികസഹായം നല്‍കാനുള്ള ധാരണ ചര്‍ച്ചയിലുണ്ടായി. ഡീസല്‍ ഉപയോഗിച്ചോടുന്ന ബസ്സുകള്‍ ഇലക്ട്രിക് ആക്കാനുള്ള പദ്ധതിക്ക് ചൈന സാങ്കേതികസഹായം നല്‍കും.

മദ്യശാലകള്‍ക്ക് ഇനിമേല്‍ പഞ്ചായത്ത് അനുവാദം വേണ്ട
മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി കൂടിവേണമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു.

നിളയെ രക്ഷിക്കാന്‍ ഹരിതതീര്‍ഥാടനം
നിളയുടെ പ്രതാപം വീണ്ടെടുക്കാന്‍ ഹരിതീര്‍ഥാടനപദ്ധതി വരുന്നു. ഭാരതപ്പുഴയിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാന്‍ ലക്ഷ്യമിട്ട് തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലാണ് പദ്ധതിക്കു തുടക്കംകുറിക്കുന്നത്. ഉദ്യോഗസ്ഥരുടെ യോഗം ഇതിനു വിളിച്ചുചേര്‍ത്തിട്ടുണ്ട്. പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ നിളയിലേക്ക് എത്താതെ ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇ.പി.എഫിന് ആധാര്‍ നിര്‍ബന്ധം
ഇ.പി.എഫിന് ആധാര്‍ നിര്‍ബന്ധമാണെന്ന് കമ്മീഷണര്‍ വി.പി. ജോഷി പത്രസമ്മേളനത്തില്‍ അറിയിച്ചു.

ലോട്ടറി ടിക്കറ്റുകളില്‍ സെക്യൂരിറ്റി ത്രെഡ് വരുന്നു
വ്യാജലോട്ടറി തടയുന്നതിന്റെ ഭാഗമായി ലോട്ടറി ടിക്കറ്റുകളില്‍ സെക്യൂരിറ്റി ത്രെഡും വാട്ടര്‍ മാര്‍ക്കും വരുന്നു.

അച്ചുദേവിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം
അരുണാചല്‍ അതിര്‍ത്തിയില്‍ സുഖോയ് 30 വിമാനം തകര്‍ന്ന് വീരമൃത്യു വരിച്ച യുവസൈനികന് കേരളം വീരോചിതമായ ആദരാഞ്ജലികള്‍ അരപ്പിച്ചു. പ്രത്യേക വിമാനത്തില്‍ ആദ്യം തിരുവനന്തപുരത്ത് കൊണ്ടുവന്ന മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ധാരാളം പേര്‍ എത്തിയിരുന്നു. പിന്നീട് പ്രത്യേക വിമാനത്തില്‍ മൃതദേഹം കോഴിക്കോട്ട് കൊണ്ടുപോയി. അവിടെ പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം മേലെതാന്നിക്കോട്ടെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ പൂര്‍ണ ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

കോഴിക്കോട് സൈബര്‍ പാര്‍ക്ക് സമുച്ചയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
മലബാര്‍ മേഖലയിലെ ആദ്യ സര്‍ക്കാര്‍ ഐ.ടി. പാര്‍ക്കായ കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ ആദ്യ കെട്ടിടസമുച്ചയമായ "സഹ്യ" മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 29ന് ഉദ്ഘാടനം ചെയ്തു. 2500 പേര്‍ക്ക് നേരിട്ടും അതിലിരട്ടി പരോക്ഷമായും ജോലി ലഭിക്കുന്ന സ്ഥാപനമാണിത്. കണ്ണൂരിലും കാസര്‍കോട്ടും ഇതേപോലെ ഉടന്‍ സൈബര്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബി.എസ്.എന്‍.എല്‍ 4ജി ഈ വര്‍ഷമെത്തും
കേരളത്തില്‍ ഈ വര്‍ഷം തന്നെ ബി.എസ്.എന്‍.എല്‍ 4ജി ലഭ്യമാകുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി പത്രസമ്മേളനത്തില്‍ പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം 2,200 സ്ഥലങ്ങളില്‍ 4 ജി ലഭ്യമാകും. ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് തുടക്കത്തില്‍ 4ജി ലഭിക്കുക. ഒരു വര്‍ഷത്തിനകം കേരളത്തിലെ എല്ലാ ജില്ലകളെയും 4ജി പരിധിയിലെത്തിക്കും.

നിലവിലെ ത്രീജി ടവറുകള്‍ 4ജിയിലേക്ക് മാറ്റും. കേരളസര്‍ക്കിളില്‍ 71 ശതമാനം നെറ്റ്വര്‍ക്കും ത്രീജിയാണ്. 1,100 സ്ഥലങ്ങളില്‍ ത്രീജിയും 300 സ്ഥലങ്ങളില്‍ 2ജിയും പുതുതായി ഏര്‍പ്പെടുത്തും. ലക്ഷദ്വീപില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 12 സ്ഥലങ്ങളില്‍ ത്രീജിയും പത്തിടത്ത് 2ജിയും എത്തിച്ചു. ജിയോ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ ബി.എസ്.എന്‍.എല്ലിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാലയളവില്‍ 700 കോടി രൂപയുടെ ലാഭമാണ് സര്‍ക്കിള്‍ നേടിയത്. ദേശീയ തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്. മുന്‍വര്‍ഷത്തെ 2,955 കോടിരൂപയില്‍നിന്ന് 3,104 കോടിരൂപയിലേക്ക് വരുമാനവും വര്‍ദ്ധിച്ചു.

മൊബൈല്‍ കണക്ഷനില്‍ 10 ശതമാനവും ബ്രോഡ്ബാന്‍ഡില്‍ അഞ്ച് ശതമാനവും എഫ്.ടി.ടി. എച്ചില്‍ 43 ശതമാനവും വര്‍ദ്ധനയുണ്ടായി. നിലവില്‍ 19,98,232 ലാന്‍ഡ്ലൈന്‍ കണക്ഷനുകളും 6,81,013 ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 74,75,336 മൊബൈല്‍ കണക്ഷനുകളാണ് ബി.എസ്.എന്‍.എല്ലിന് കേരളത്തിലുള്ളത്.

കൊച്ചിയില്‍ ഇനി ജലമെട്രോ
കൊച്ചിയിലെ മെട്രോ തീവണ്ടി പൂവണിഞ്ഞതിനെ തുടര്‍ന്ന് ജല മെട്രോയ്ക്കും ഒരുക്കമായി. ഇതിനുവേണ്ടി എയ്കോം കണ്‍സോര്‍ഷ്യത്തെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഇതോടെ ജലമെട്രോയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

ഓര്‍മ്മശക്തിയില്‍ മലയാളിവനിതയ്ക്ക് ലോക റെക്കോഡ്
ഓര്‍മശക്തിയില്‍ കടയ്ക്കല്‍ സ്വദേശിനി പാറവിള പുത്തന്‍വീട്ടില്‍ അനിത് സൂര്യയുടെ ഭാര്യ ശാന്തി സത്യന്‍ (28) ലോക റെക്കോഡില്‍ ഇടംതേടി.

ഡേ കെയര്‍ സെന്ററുകളിലും സിസി ടിവി
ഡേ കെയര്‍ സെന്ററുകളില്‍ സിസി ടിവി ക്യാമറ നിര്‍ബന്ധമാക്കി.

കുതിരാന്‍ തുരങ്കത്തിലൂടെ ഗതാഗതം ആഗസ്റ്റില്‍
മണ്ണുത്തി തൃശ്ശൂര്‍ ദേശീയപാതയില്‍ കുതിരാനില്‍, നിര്‍മിക്കുന്ന തുരങ്കപാതയില്‍ ആഗസ്റ്റ് അവസാനത്തോടെ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഗാരന്‍ടി എന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് തുരങ്കത്തിന്റെ മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നത്. നിര്‍മാണ സമയത്ത് ഘടിപ്പിച്ച ഇരുമ്പുപാളികള്‍ക്ക് മുകളിലൂടെയാണ് കോണ്‍ക്രീറ്റിങ്, മറ്റു പ്രദേശങ്ങളില്‍ സിമന്റ് കൊണ്ടുള്ള പ്ലാസ്റ്ററിങ് നടത്തും. ആദ്യതുരങ്കത്തിന്റെ പ്രധാന ജോലി പൂര്‍ത്തിയായി. തുരങ്കത്തിന്റെ ഇരുവശങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഏഴ് മീറ്റര്‍ ഉയരമുണ്ടായിരുന്നത് പത്തുമീറ്ററാക്കി. രണ്ടാമത്തെ തുരങ്കത്തിന്റെ ഉയരവും പത്ത് മീറ്ററാക്കുന്ന പ്രവൃത്തി 250 മീറ്റര്‍ പിന്നിട്ടു. ഇരുതുരങ്കവും ബന്ധിപ്പിക്കാന്‍ നിര്‍മിച്ച രണ്ട് ഇടത്തുരങ്കങ്ങളുടെയും പണി പൂര്‍ത്തിയായി. അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനാണ് ഇവ. തുരങ്കത്തില്‍ അഴുക്ക്ചാല്‍ നിര്‍മാണം നടക്കുന്നു. കോണ്‍ക്രീറ്റ് പണി കഴിഞ്ഞാല്‍ മുകളില്‍ മൂന്ന് വരിയിലായി വിളക്കുകള്‍ സ്ഥാപിക്കും. 962 മീറ്റര്‍ ദൂരമുള്ള തുരങ്ക നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വടക്കഞ്ചേരിയില്‍നിന്ന് മണ്ണുത്തിയിലേക്കുള്ള ദൂരം മൂന്ന് കിലോമീറ്ററോളം കുറയും.

മിശ്രഭോജനത്തിന് 100 വയസ്സ്
പാടില്ലാത്ത ഒരുപാട് ദുരാചാരങ്ങള്‍ നാട്ടില്‍ നിലനില്‍ക്കുമ്പോള്‍ സഹോദരന്‍ അയ്യപ്പനെയും അദ്ദേഹം നടത്തിയ മിശ്രഭോജനത്തെയും കുറിച്ചുള്ള സ്മരണകള്‍ക്ക് പ്രസക്തി ഏറെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മിശ്രഭോജനത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്കാരികവകുപ്പ് ചെറായിയിലെ തുണ്ടിടപ്പറമ്പില്‍ സംഘടിപ്പിച്ച മിശ്രഭോജന സ്മൃതിസംഗമവും എറണാകുളത്ത് ശ്രീനാരായണ സഹോദരസംഘം സംഘടിപ്പിച്ച മിശ്രഭോജന ശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുഷിച്ചുനാറിയ ജാതിവ്യവസ്ഥയ്ക്കെതിരെയാണ് മിശ്രഭോജനത്തിലുടെ സഹോദരന്‍ വിപ്ലവം നയിച്ചത്. അതിന്റെ 100-ാം വര്‍ഷം ആചരിക്കുമ്പോള്‍ അഭിമാനത്തിന്റെ വികാരമാണ് ഓരോരുത്തരിലും ഉണ്ടാകേണ്ടത്. എന്നാല്‍ ആലോചിച്ചാല്‍ അപമാനം തോന്നുന്ന സ്ഥിതിയാണ്. 100 വര്‍ഷം മുമ്പ് ജാതീയ ദുരാചാരങ്ങള്‍ക്കെതിരെ പൊരുതാന്‍ അയ്യപ്പനെ നിര്‍ബന്ധിതനാക്കിയ സാഹചര്യം മറ്റൊരുതരത്തില്‍ ഇന്നും നിലനില്‍ക്കുന്നു. സാമൂഹ്യാവസ്ഥയിലെ ഈ ജീര്‍ണതകള്‍ അപമാനകരമാണ്. നവോത്ഥാനമൂല്യങ്ങള്‍ തകര്‍ത്ത നൂറ്റാണ്ട് പുറകോട്ടുള്ള സമൂഹം സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്. ഗുരുവിന്റെ പിന്തുടര്‍ച്ചക്കാരായി നില്‍ക്കേണ്ടവര്‍ ഇത്തരം ശക്തികള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു.

ജോര്‍ജ് കുര്യന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍
ബി.ജെ.പി. നേതാവ് ജോര്‍ജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ് ചെയര്‍മാനായി നിയമിച്ചു.

വിഴിഞ്ഞം കരാര്‍: ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ അന്വേഷിക്കും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖകരാറിനെപ്പറ്റി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായരെ അനേ്വഷണക്കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചു. സി.എ.ജി റിപ്പോര്‍ട്ടിലാണ് ഗുരുതരമായി ആരോപണങ്ങള്‍ ഉള്ളത്. ആറുമാസമാണ് കമ്മിഷന്‍ കാലാവധി. അതുവരെ ഇപ്പോള്‍ നടക്കുന്ന പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പദ്ധതിയും അന്വേഷണവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.