ചിങ്ങം

കന്നി

തുലാം

വൃശ്ചികം

ധനു

മകരം

കുംഭം

മീനം

മേടം

ഇടവം

മിഥുനം

കര്‍ക്കടകം

 

പ്രധാന വിശേഷദിവസങ്ങള്‍‍

വ്രതങ്ങളും ഉത്സവങ്ങളും ഹിന്ദുമതത്തില്‍ ധാരാളമാണ്. ഇഷ്ടദേവതയുടെ പ്രീതിക്കും മനഃസംയമനത്തിനും വേണ്ടിയാണ് വ്രതങ്ങള്‍ ആചരിക്കുന്നത്. പ്രധാന വ്രതങ്ങളും ഉത്സവങ്ങളും താഴെപ്പറയുന്നവയാണ്.

1. ഷഷ്ഠി സുബ്രഹ്മണ്യപ്രീതിക്കായി ഒരുപക്ഷത്തിന്റെ ആറാമത്തെ ദിവസം ആചരിക്കുന്നു.

2. ഏകാദശി വിഷ്ണുവിന്റെ പ്രീതിക്കായി നടത്തപ്പെടുന്നു.

3. പ്രദോഷം പക്ഷത്തിന്റെ പതിമൂന്നാമത്തെ ദിവസം ശിവപ്രീതിക്കായി ആചരിക്കപ്പെടുന്നു.

4. പൌര്‍ണ്ണമി പൂര്‍ണ്ണചന്ദ്രദിവസം പാര്‍വ്വതിയുടെ പ്രീതിക്കായി നടത്തപ്പെടുന്ന വ്രതം

5. അമാവാസിശ്രാദ്ധം പിതൃക്കളുടെ ഓര്‍മ്മയ്ക്ക് കറുത്ത വാവിന്‍നാള്‍ നടത്തപ്പെടുന്നു. മകരമാസത്തിലും കര്‍ക്കടകമാസത്തിലും കറുത്തവാവ് മറ്റുമാസങ്ങളെ അപേക്ഷിച്ച് പ്രധാനമാണ്.

6. ആഴ്ചവ്രതങ്ങള്‍ ഏഴുദിവസവും ഓരോ ഗ്രഹത്തോടു ബന്ധപ്പെട്ടതാകയാല്‍ അതാതു ഗ്രഹങ്ങളുടെ പ്രീതിക്ക് വ്രതം നടത്തുന്നവര്‍ ആ ദിവസം തെരഞ്ഞെടുക്കുന്നു. ചൊവ്വയും വെള്ളിയും സുബ്രഹ്മണ്യനും, ഭഗവതിക്കും പ്രത്യേകതയുള്ള ദിവസങ്ങളാണ്.

7. അഷ്ടമിരോഹിണി ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി ദിവസം ശ്രീകൃഷ്ണജയന്തിയായി ആചരിക്കുന്നു.

8. വിനായകചതുര്‍ത്ഥി ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിന്റെ നാലാം ദിവസം ഗണപതി (വിനായകന്‍)യുടെ പ്രീതിക്കായി നടത്തപ്പെടുന്നു.

9. നവരാത്രി കന്നിമാസത്തിലെ വെളുത്തപക്ഷത്തിന്റെ ആദ്യത്തെ ഒന്‍പതുദിവസങ്ങളാണ് നവരാത്രി. സരസ്വതി, കാളി, ലക്ഷ്മി എന്നീ ദേവതകളുടെ പ്രീതിക്കായിട്ടാണ് ഇതുദ്ദേശിച്ചിരിക്കുന്നത്. എട്ടാംദിവസം ദുര്‍ഗ്ഗാഷ്ടമി എന്നും ഒന്‍പതാം ദിവസം മഹാനവമി എന്നും അറിയുന്നു. മഹാനവമിക്കാണ് ഏറ്റവും പ്രാധാന്യം.

10. തൃക്കാര്‍ത്തിക വശ്ചികമാസത്തിലെ കാര്‍ത്തികനക്ഷത്രം സുബ്രഹ്മണ്യനും ഭഗവതിക്കും പ്രധാന ദിവസങ്ങളാണ്.

11. തിരുവാതിര ധനുമാസത്തിലെ വെളുത്തപക്ഷം ശിവനു പ്രധാനമാണ്. തിരുവാതിര കേരള സ്ത്രീകള്‍ ഒരു ദേശീയോത്സവമായി ആഘോഷിക്കുന്നു.

12. ശിവരാത്രി കുംഭമാസത്തിലെ കറുത്ത വാവ് ദിവസം ശിവനു പ്രധാനപ്പെട്ടതാണ്.

13. ദീപാവലി തുലാമാസത്തിലെ കറുത്തപക്ഷത്തിന്റെ അവസാനദിവസം ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചത് ഈ ദിവസമാണ്.

14. ഗൗരീവ്രതം വിനായകചതുര്‍ത്ഥി ദിവസം തന്നെയാണ് ഇതും ആചരിക്കുന്നത്.

15. വരലക്ഷ്മീവ്രതം ചിങ്ങമാസത്തിലാണ് ആചരിക്കപ്പെടുന്നത്.

16. തൈപ്പൊങ്കല്‍ തമിഴ് പ്രദേശങ്ങളിലാണ് കൂടുതല്‍ പ്രചാരം. മകരം ഒന്നാം തീയതിയാണ് നടത്തുന്നത്.

17. മാട്ടുപ്പൊങ്കല്‍ മൃഗങ്ങള്‍ മനുഷ്യനു ചെയ്തുതരുന്ന ഉപകാരങ്ങള്‍ സ്മരിക്കുന്ന ഈ ദിനം തൈപ്പൊങ്കലിന്റെ പിറ്റേദിവസമാണ്. അന്നു കന്നുകാലികളെക്കൊണ്ട് യാതൊരു ജോലിയും ചെയ്യിക്കയില്ല.

18. ആനന്ദവ്രതം മാധ്വാചാര്യന്റെ അനുയായികള്‍ ആനന്ദപത്മനാഭസ്വാമിയുടെ ബഹുമാനത്തിനായി കന്നിമാസത്തില്‍ ആചരിക്കുന്നു.

19. ശ്രീരാമനവമി മേടത്തിലെ നവമിക്ക് ആഘോഷിച്ചുവരുന്നു.

20. വിഷു തമിഴ് വര്‍ഷാരംഭദിനം. ഭൂമിദേവിയുടെ പിറന്നാള്‍ എന്നാണ് മലയാള സങ്കല്പം.

21. മകരവിളക്ക് ശബരിമല ക്ഷേത്രത്തിലേക്ക് ഈ സമയത്തു മിക്കവാറും എല്ലാ ജാതി ഹിന്ദുക്കളും വ്രതാനുഷ്ഠാനങ്ങളോടെ തീര്‍ഥയാത്ര പോകുന്നു.

22. ചതയം ചിങ്ങമാസത്തിലെ ചതയനക്ഷത്രം ശ്രീനാരായണഗുരുസ്വാമിയുടെ ജന്മദിനമാണ്.