തൃശൂര്‍

തിരു ശിവപുരം എന്ന വാക്കില്‍ നിന്നും "തൃശിവപേരൂരും', അതില്‍നിന്ന് "തൃശൂരും' ഉണ്ടായതായി പറയുന്നു. പ്രസിദ്ധ ശിവക്ഷേത്രമായ വടക്കുംനാഥന്റെചുറ്റുമാണ് തൃശൂര്‍ പട്ടണം.

ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും സംഗമഭൂമിയാണ് തൃശൂര്‍ ജില്ല. സാംസ്കാരിക തലസ്ഥാനം എന്നാണ് തൃശൂരിനെ അറിയപ്പെടുന്നത്. ശക്തന്‍ തമ്പുരാന്‍ ഏര്‍പ്പെടുത്തിയ തൃശൂര്‍പുരം ഇന്ന് വിശ്വവിഖ്യാതമാണ്. പൂരങ്ങളുടെ നാട് എന്നാണ് തൃശൂരിനെ പുറംലോകത്ത് അറിയപ്പെടുന്നത്. ഐതിഹ്യകഥകളും ചരിത്രവും തുടികൊട്ടി നില്‍ക്കുന്ന കൊടുങ്ങല്ലൂര്‍ കേരളത്തില്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുള്ള ചരിത്രഭൂമിയാണ്. പ്രാചീന തുറമുഖമായ മുസിരിസ് ആണ് ഇപ്പോഴത്തെ കൊടുങ്ങല്ലൂര്‍. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് റോം ഉള്‍പ്പെടെയുള്ള വിദേശങ്ങളുമായി കച്ചവടബന്ധം ഉണ്ടായിരുന്ന കൊടുങ്ങല്ലൂരില്‍ അഗസ്റ്റസ് ദേവാലയം ഉണ്ടായിരുന്നതായി പറയുന്നു. ക്രിസ്തുമതവും ഇസ്ലാംമതവും ഇതുവഴിയാണ് കേരളത്തിലെത്തിയത്. ഇവിടം വഴിയെത്തിയ ക്രിസ്തുശിഷ്യന്മാരില്‍ ഒരാളായ സെന്റ്തോമസും, കേരളത്തില്‍ പല പള്ളികളും സ്ഥാപിച്ചതായി വിശ്വസിക്കുന്നു. ഇസ്ലാം മതത്തിന്റെസ്ഥിതിയും ഇതുതന്നെ. ഇസ്ലാം മതം പ്രചരിക്കാന്‍ മാലിക് ഇബ്ന്‍ദിനാരും കുടുംബവും കൊടുങ്ങല്ലൂരിലെത്തിയെന്നും അവിടെ ആദ്യത്തെ പള്ളി സ്ഥാപിച്ചു എന്നുമുള്ള വിശ്വാസം ഇന്നും ശക്തമാണ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ ചേരമാന്‍ മസ്ജിദ് കൊടുങ്ങല്ലൂരിലാണ്. മതപീഡനത്തില്‍ നിന്നും രക്ഷപ്പെടാന്‍ എ.ഡി. 68ല്‍ ജൂതന്മാരും കേരളത്തിലെത്തിയതും ഇതുവഴിയാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശക്തികളുടെ പടയോട്ടങ്ങള്‍ക്കും അവരുടെ ദ്രോഹങ്ങള്‍ക്ക് സാക്ഷിയായ തൃശൂരിന് ചരിത്രത്തിന്റെനൂറുനൂറ് കഥകള്‍ പറയാനുണ്ട്.

കേരളത്തിന്റെ'സാംസ്കാരിക തലസ്ഥാനം' എന്നറിയപ്പെടുന്ന തൃശൂരിലെ കേരളകലാമണ്ഡലം, കേരളസാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, സ്കൂള്‍ ഓഫ് ഡ്രാമ എന്നിവയുടെ ആസ്ഥാനമാണ്. പീച്ചിയിലാണ് ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്.

ഗുരുവായൂര്‍ ക്ഷേത്രം, തൃപ്പയാര്‍ ശ്രീരാമക്ഷേത്രം, ഭരതക്ഷേത്രമായ കൂടല്‍മാണിക്യം, കൊടുങ്ങല്ലൂര്‍ ഭദ്രകാളിക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, തിരുവല്ലാമലയിലെ രാമലക്ഷ്മണക്ഷേത്രം, ക്രിസ്ത്യന്‍ പള്ളികളായ കുന്നംകുളം സിംഹാസന ചര്‍ച്ച്, പാലയൂര്‍ ചര്‍ച്ച്, പറവട്ടി സെന്റ്ജോസഫ് ചര്‍ച്ച്, വലപ്പാട് സെന്റ്സെബാസ്റ്റ്യന്‍ റോമന്‍ ചര്‍ച്ച്, കൊടുങ്ങല്ലൂരില്‍ സെന്റ്തോമസ് സ്ഥാപിച്ച പള്ളി, സെന്റ്ജോണ്‍സ് ചര്‍ച്ച്, സെന്റ്സെബാസ്റ്റ്യന്‍ ചര്‍ച്ച് തഴ്ക്കാട്, സെന്റ്മേരീസ് ചര്‍ച്ച്, കൊരട്ടി എന്നിവ പ്രധാനമാണ്. കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദും ചാവക്കാട്ടെ മണത്തല പള്ളിയും മുസ്ലിം ആരാധനാലയങ്ങളാണ്. ആതിരപ്പള്ളി, വാഴച്ചല്‍ വെള്ളച്ചാട്ടങ്ങള്‍ തൃശൂരിലാണ്.

Vadakkumnathan
Temple, Thrissur
തൃശൂര്‍പുരം തൃശൂര്‍പുരം Guruvayoor
Sree Krishna temple
in 1730
       

 

ഒറ്റനോട്ടത്തില്‍

കേരളത്തിന്‍റെ സാംസ്കാരികഭൂമി തൃശ്ശൂര്‍
വിസ്തീര്‍ണത്തില്‍ : 5ാം സ്ഥാനം
ജില്ലാരൂപീകരണം : 1949 ജൂലൈ 1
വിസ്തീര്‍ണം : 3032 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 14 (ഒല്ലൂര്‍, ഗുരുവായൂര്‍, ചാലക്കുടി,
നാട്ടിക (എസ്.സി.), കുന്നംകുളം, ഇരിങ്ങാലക്കുട,
വടക്കാഞ്ചേരി, മണലൂര്‍, കൊടുങ്ങല്ലൂര്‍,
ചേലക്കര (എസ്.സി.), പുതുക്കാട്, കയ്പമംഗലം,
തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍)
റവന്യൂ ഡിവിഷനുകള്‍ : 1
താലൂക്കുകള്‍ : 6 (തൃശ്ശൂര്‍, മുകുന്ദപുരം, ചാവക്കാട്,
കൊടുങ്ങല്ലൂര്‍, തലപ്പിള്ളി, ചാലക്കുടി)
വില്ലേജുകള്‍ : 255
കോര്‍പ്പറേഷന്‍ : 1 (തൃശ്ശൂര്‍)
നഗരസഭകള്‍ : 7 (കുന്നംകുളം, ചാവക്കാട്, ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍,
ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 16
ഗ്രാമപഞ്ചായത്തുകള്‍ : 86
ജനസംഖ്യ (2011) : 3121200
പുരുഷന്മാര്‍ : 1480763
സ്ത്രീകള്‍ : 1640437
ജനസാന്ദ്രത : 1029/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം : 1108/1000
സാക്ഷരത : 95.08 %
പ്രധാന നദികള്‍ : കച്ചേരി, കരുവന്നൂര്‍, ചാലക്കുടി