വയനാട്

വയല്‍നാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയില്‍ നിന്നാണ് "വയനാട്' എന്ന പേര് വന്നതെന്നാണ് പറയുന്നത്. വയലുകളും കാടും നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തിലാണ് വയല്‍നാട്, വനനാട് എന്ന പേര് ഉണ്ടായതെന്നും ഒരുവിഭാഗം പേര്‍ക്ക് അഭിപ്രായം ഉണ്ട്. എന്നാല്‍ വേയ് അഥവാ മുള ധാരാളം ഉള്ളതിനിടാന്‍ "വേയനാട്'ല്‍ നിന്നും പേര് ഉണ്ടായതെന്നും അതല്ല മൈസൂറിനേയും മലബാറിനേയും യോജിപ്പിക്കുന്ന പ്രദേശം എന്ന നിലയില്‍ "വഴിനാട്' ആണ് പിന്നീട് വയനാട് ആയതെന്നും വാദങ്ങള്‍ ഉയരുന്നു. വയനാടിന്റെ ഗതകാലചരിത്രം പരിശോധിച്ചാല്‍ ഇതിലെല്ലാം അല്പസ്വല്പം കാര്യങ്ങള്‍ ഉണ്ടെന്ന് കാണാം.

സഹ്യാദ്രിയില്‍ ഒറ്റപ്പെട്ട ഭൂഖണ്ഡത്തെപ്പോലെ, മാനംമുട്ടി നില്‍ക്കുന്ന മാമലകളും തോളുരുമി കടന്നുപോകുന്ന കുന്നുകളും കോടമഞ്ഞും കാട്ടുമൃഗങ്ങളും തേയില തോട്ടങ്ങളും സുഗന്ധവ്യഞ്ജനങ്ങളും നിറഞ്ഞ വയനാട് കേരളത്തിന്റെ മനോഹരമായ ജില്ലയാണ്. മാനത്തേയ്ക്ക് കയറാനുള്ള ഏണിപ്പടികള്‍ പോലെയുള്ള ഇവിടത്തെ ചുരങ്ങള്‍ സഞ്ചാരികള്‍ക്ക് കൗതുകം നല്‍കുന്ന കാഴ്ചയാണ്. വയനാട് യൂറോപ്പിലായിരുന്നുവെങ്കില്‍ അതൊരു മനോഹരമായ ഉല്ലാസകേന്ദ്രമാകുമായിരുന്നുവെന്ന് ഒരിക്കല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടം സന്ദര്‍ശിച്ച മദ്രാസ് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടത് ശരിയാണ്. ഇന്നും അതിമനോഹരമാണ് വയനാട്. കേരളത്തിലെ ഗോത്രസംസ്കാരത്തിന്റെയും ചരിത്രത്തിന്‍റേയും സംഗമഭൂമിയാണ് വയനാട്. വിവിധ ജാതിയില്‍പ്പെട്ട ആദിവാസികള്‍ വൈവിധ്യമാര്‍ന്ന അവരുടെ കലയും സംസ്കാരവും ആചാരങ്ങളും വച്ചുപുലര്‍ത്തുന്നത് വയനാട്ടിലെങ്ങും കാണാന്‍ കഴിയും. കോടമഞ്ഞും മലമ്പനിയും നിറഞ്ഞ വയനാട് ഒരുകാലത്ത് പുറംലോകത്തിന് ഭയമായിരുന്നു. എന്നാല്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യം ആദ്യം മനസ്സിലാക്കിയത് കേരളവര്‍മ്മ പഴശ്ശിരാജയായിരുന്നു. കോട്ടയം ഭരണത്തിന്റെ കീഴിലായിരുന്നു അന്ന് വയനാട്. മൈസൂര്‍ ആക്രമണകാലത്ത് ടിപ്പുസുല്‍ത്താനെതിരെ ഇംഗ്ലീഷുകാരെ സഹായിക്കാന്‍ പഴശ്ശിരാജ തയ്യാറായതു തന്നെ ഭാവിയില്‍ വയനാട് തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ടിപ്പുസുല്‍ത്താന്റെ മരണത്തിനു ശേഷം വയനാട് കൈക്കലാക്കാനും അതിനെ രണ്ടായി ഭാഗിക്കാനും ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായപ്പോള്‍ പഴശ്ശിരാജ അവരോട് അന്തിമസമരത്തിന് തയ്യാറായി. "വയനാട് എന്റെയോ നിങ്ങളുടെയോ' എന്ന ചോദ്യവുമായി രംഗത്തിറങ്ങിയ പഴശ്ശി തന്റെ ഒളിത്താവള കേന്ദ്രമാക്കിയത് വയനാടന്‍ കാടുകളാണ്. "ഇംഗ്ലീഷുകാര്‍ എത്ര വലിയ ശക്തിയായാലും ഞാന്‍ അവരെ എതിര്‍ക്കും' എന്ന പ്രഖ്യാപനവുമായി അന്ത്യംവരെ അദ്ദേഹം പോരാടി വീരചരമം പ്രാപിച്ചു.

മാനന്തവാടിയില്‍ ആണ് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം അടക്കം ചെയ്തിട്ടുള്ളത്. പഴശ്ശിയെപ്പോലെ തന്നെ അദ്ദേഹത്തിന്റെ സൈന്യാധിപന്മാരായ ഇടച്ചനക്കുങ്കന്‍റേയും തലയ്ക്കല്‍ ചന്തുവിന്‍റേയും എല്ലാം സ്മരണ വയനാടന്‍ മണ്ണില്‍ നിറഞ്ഞുനില്‍ക്കുന്നു. തേയില, കാപ്പി, ഏലം, ഇഞ്ചി എന്നിവയുടെ വന്‍ കൃഷിസ്ഥലമാണ് വയനാട്. ഇവിടത്തെ "ജീരകശാല', "ഗന്ധകശാല' തുടങ്ങിയ നെല്ലുകള്‍ ഇന്നും പ്രിയങ്കരമാണ്. വയനാടിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം തുടികൊട്ടുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചില പ്രധാന കെട്ടിടങ്ങളും പള്ളികളും വയനാട്ടില്‍ കാണാം.

കുടിയേറ്റക്കാരുടെ സംഗമഭൂമിയാണ് വയനാട്. ആധുനിക വയനാടിന്റെ തുടക്കത്തിനു കാരണം കുടിയേറ്റമാണ്. ഇന്ത്യയിലെ ഏറ്റവും പ്രാചീനാവശിഷ്ടമായ എടയ്ക്കല്‍ ഗുഹാചിത്രങ്ങള്‍, മാനന്തവാടിക്കു സമീപത്തുള്ള വള്ളൂര്‍ക്കാവ് ക്ഷേത്രം, പുല്പള്ളിയിലെ സീതാദേവി ക്ഷേത്രം, കബനിനദിയിലെ ചെറുദ്വീപായ "കുറുവ', ഒരുകാലത്ത് ഏറ്റവും മഴ പെയ്യുന്നതില്‍ രണ്ടാം സ്ഥാനം ഉണ്ടായിരുന്ന ലക്കിടി, അതിനടുത്തുള്ള പൂക്കോട് തടാകം, തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി, അവിടേക്ക് പോകുന്ന വഴിയിലുള്ള ത്രിശ്ശിലേരി ക്ഷേത്രം, അമ്പലവയലിലെ ഹെറിറ്റേജ് മ്യൂസിയം, സുല്‍ത്താന്‍ ബത്തേരിയിലെ ആന പരിശീലന കേന്ദ്രം, കല്പറ്റയിലെ പുളിയാര്‍മലയുടെ സമീപത്തുള്ള ജൈനക്ഷേത്രവും ഗാന്ധി മ്യൂസിയവും, പുത്തനങ്ങാടിയിലെ ജൈനക്ഷേത്രം, എടവകയിലെ പള്ളിക്കല്‍ പള്ളി, മേപ്പാടിയിലെ സെന്‍റ് ജോസഫ്സ് ഷറൈന്‍, പള്ളിക്കുന്നിലെ ലൂര്‍ദ് മാതാ ദേവാലയം തുടങ്ങിയവയെല്ലാം വയനാട്ടിലാണ്.

ഒറ്റനോട്ടത്തില്‍

ഇംഗ്ലീഷുകാരെ വട്ടംചുറ്റിച്ച പഴശ്ശിരാജയുടെ കര്‍മഭൂമി വയനാട്
വിസ്തീര്‍ണത്തില്‍ : 12ാം സ്ഥാനം
ജില്ലാരൂപീകരണം : 1980 നവംബര്‍ 1
ജില്ലാആസ്ഥാനം : കല്‍പ്പറ്റ
വിസ്തീര്‍ണം : 2131 ച.കി.മീ.
നിയമസഭാമണ്ഡലങ്ങള്‍ : 3 (കല്‍പ്പറ്റ, മാനന്തവാടി (എസ്.ടി.), സുല്‍ത്താന്‍ ബത്തേരി (എസ്.ടി.)
റവന്യൂ ഡിവിഷനുകള്‍ : 1
താലൂക്കുകള്‍ : 3 (സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി)
വില്ലേജുകള്‍ : 49
നഗരസഭകള്‍ : 3 (കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി)
ബ്ലോക്ക് പഞ്ചായത്തുകള്‍ : 4
ഗ്രാമപഞ്ചായത്തുകള്‍ : 23
ജനസംഖ്യ (2011) : 817420
പുരുഷന്മാര്‍ : 401684
സ്ത്രീകള്‍ : 415736
ജനസാന്ദ്രത : 384/ച.കി.മീ.
സ്ത്രീപുരുഷ അനുപാതം : 1035/1000
സാക്ഷരത : 89.03%

പ്രധാന നദികള്‍

: കബനി (കിഴക്കോട്ട് ഒഴുകുന്നു), പനമരം, മാനന്തവാടി, ബാവലി പുഴ)

   
പഴശ്ശികുടീരം പഴശ്ശിരാജ
വയനാട്ടിലെ ഗണപതിവട്ടം ക്ഷേത്രം വയനാട്ടിലെ വള്ളിയൂര്‍ക്കാവ് ക്ഷേത്രം
കല്ല്യാണനാഥ് പള്ളി പഴശ്ശിരാജ ക്ഷേത്രം